യഹോവയ്ക്ക് ഒരു പുതിയ പാട്ടുപാടുവിൻ!

യഹോവയ്ക്ക് ഒരു പുതിയ പാട്ടുപാടുവിൻ!

ഗാനവീചികൾ മനുഷ്യമനസ്സിന്റെ മൃദുലഭാവങ്ങളെ തലോടുന്നവയാണ്; തട്ടിയുണർത്തുന്നവയാണ്. ഏതു കഠിനഹൃദയത്തെയും സ്പർശിക്കുവാൻ അവയ്ക്കു കഴിയും. ഭൗതിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഗാനങ്ങൾക്ക് ഇത്രമാത്രം കഴിയുമെങ്കിൽ ആത്മീയഗീതങ്ങൾക്ക് ഇതിലെത്രയോ അധികമായി മനുഷ്യമനസ്സുകളിൽ സന്തോഷവും സാന്ത്വനവും സമാധാനവും പകരുവാൻ കഴിയുമെന്നുള്ള വസ്തുത അനേകം ആത്മിയ സഹോദരങ്ങൾ പോലും മനസ്സിലാക്കുന്നില്ല. കാലഘട്ടത്തിന്റെയും സാംസ്കാരിക പുരോഗതിയുടെയും ചേതനയുൾക്കൊള്ളുവാൻ കഴിയാതെ, മനോഹരമാണെങ്കിലും ആവർത്തന വിരസത നിമിത്തം വികലമാക്കപ്പെടുന്ന സ്തുതിഗീതങ്ങളുമായി മുന്നോട്ടു പോകുന്നവർ “യഹോവയ്ക്ക് ഒരു പുതിയ പാട്ടുപാടുവിൻ” എന്നുള്ള ദാവീദിന്റെ ആഹ്വാനം സാരോപദേശമായി കണക്കാക്കണം. പഴയ പാട്ടുകൾ പാടേ തിരസ്കരിക്കപ്പെടണം എന്നുള്ളതുകൊണ്ടോ, പഴയ പാട്ടുകളുടെ അന്തഃസത്ത കാലഹരണപ്പെട്ടതുകൊണ്ടോ അല്ല, ദാവീദ് യഹോവയ്ക്ക് ഒരു പുതിയ പാട്ടുപാടുവാൻ ഉദ്ബോധിപ്പിക്കുന്നത്. എന്തെന്നാൽ സർവ്വശക്തനായ ദൈവത്തോടുള്ള സ്തോത്രസ്തുതിഗീതങ്ങൾ വിരചിക്കപ്പെടുന്നത് പരിശുദ്ധാത്മാവിലാണ്. അവ അനശ്വരങ്ങളാണ്. പരിശുദ്ധാത്മാവ് ഒരു പ്രത്യേക കാലഘട്ടത്തിലെ രീതികളെയോ വ്യക്തികളെയോ മാത്രമല്ല സർവ്വശക്തനായ ദൈവത്തിന്റെ സ്തോത്ര സ്തുതിഗാനങ്ങൾ പാടുവാനായി ഉപയോഗിക്കുന്നത്. അതുകൊണ്ടാണ്, സ്ഥലകാലഭേദങ്ങൾക്ക് അനുസരണമായി മനുഷ്യമനസ്സിന്റെ ഭാവഭേദങ്ങൾ ഉൾക്കൊണ്ട് യഹോവയ്ക്ക് ഒരു പുതിയ പാട്ടുപാടുവാൻ തന്റെ സങ്കീർത്തനങ്ങളിൽ ദാവീദ് ആവർത്തിച്ച് ഉദ്ബോധിപ്പിക്കുന്നത്. അവിശ്വസനീയമായ അത്യത്ഭുതങ്ങൾ യഹോവ പ്രവർത്തിച്ചിരുന്നതുകൊണ്ട് അവന് ഒരു പുതിയ പാട്ടുപാടുവാൻ ആഹ്വാനം ചെയ്യുന്ന ദാവീദ് (സങ്കീ, 98:1) അവ അത്യധികം ഹൃദയഹാരിയാക്കുവാൻ വാദ്യങ്ങൾകൊണ്ടും കിന്നരങ്ങൾകൊണ്ടും പുതിയ പാട്ടുകൾ പാടുവാൻ ആവശ്യപ്പെടുന്നു. (സങ്കീ, 33:2,3; 144:9). ഭക്തന്മാരുടെ സഭയിൽ യഹോവയ്ക്ക് പുതിയ പാട്ടുപാടുവാനും സകല ഭൂവാസികളും യഹോവയ്ക്ക് പുതിയ പാട്ടുപാടുവാനും ഉദ്ബോധിപ്പിക്കുന്ന ദാവീദ് (സങ്കീ, 16:1; 149:1), തന്റെ വായിൽ ഒരു പുതിയ പാട്ടു തന്നത് യഹോവയാണെന്നു പ്രഖ്യാപിക്കുന്നു. (സങ്കീ, 40:3). കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് പരിശുദ്ധാത്മനിറവിൽ യഹോവയ്ക്ക് പുതിയ പാട്ടുകൾ പാടുവാൻ ദൈവജനത്തിന് എന്നും കഴിയണം.

Leave a Reply

Your email address will not be published. Required fields are marked *