മോവാബ്
സർവ്വശക്തനായ ദൈവം സൊദോമിനെയും ഗൊമോരയെയും അഗ്നിയും ഗന്ധകവും വർഷിപ്പിച്ചു നശിപ്പിച്ചപ്പോൾ, അബ്രാഹാമിനെ ഓർത്ത് ലോത്തിനെയും അവന്റെ രണ്ടു പുത്രിമാരെയും രക്ഷിച്ചു. തങ്ങളുടെ പ്രതിശ്രുതവരന്മാരെയും മാതാവിനെയും നഷ്ടപ്പെട്ട ലോത്തിന്റെ രണ്ടു പുതിമാർ; “അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോടു: നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല” (ഉല്പ, 19:31) എന്നു പറഞ്ഞ് സ്വപിതാവിനെ വീഞ്ഞു കുടിപ്പിച്ചു മത്തനാക്കി അവനോടുകൂടെ ശയിച്ചു. അങ്ങനെ രണ്ടു പുത്രിമാരും പിതാവിനാൽ ഗർഭംധരിച്ച് ഓരോ പുത്രനെ പ്രസവിച്ചു. ഇപ്രകാരം ലോത്ത്, അവരുടെ പുത്രന്മാരായ മോവാബിനും അമ്മോനും അപ്പനും വല്യപ്പനുമായിത്തീർന്നു. മൂത്തവളുടെ പുത്രനായ മോവാബിന് പിൻതലമുറക്കാരായ മോവാബ്യരും ഇളയവളുടെ പുത്രനായ അമ്മാന്റെ പിൻഗാമികളായ അമ്മോന്യരും യിസ്രായേൽമക്കളുടെ നിത്യശത്രുക്കളായിരുന്നു. യിസ്രായേൽ മക്കളുടെ കനാനിലേക്കുള്ള പ്രയാണത്തിൽ മോവാബ്യരാജാവായ ബാരാക്ക് യിസായേൽമക്കളെ ശപിക്കുവാൻ ബിലെയാമിനെ കൊണ്ടുപോയി. അത് വിഫലമായപ്പോൾ ബിലെയാമിന്റെ ദുരുപദേശപ്രകാരം അവൻ മോവാബ്യകന്യകമാരെക്കാണ്ട് യിസ്രായേൽമക്കളെ വശീകരിച്ച് പാപത്തിലേക്കു വീഴ്ത്തുകയും, തന്നിമിത്തം യഹോവ യിസ്രായേൽമക്കളിൽ 24,000 പേരെ സംഹരിക്കുകയും ചെയ്തു. ഇക്കാരണത്താൽ അമ്മോന്യരെയും മോവാബ്യരെയും യഹോവയുടെ സഭയിൽ പ്രവേശിപ്പിക്കരുതെന്നും അവരുമായി യാതൊരു ബന്ധവും ഉണ്ടാകരുതെന്നും അവരുടെ സമാധാനത്തിനും ഗുണത്തിനുമായി ചിന്തിക്കരുതെന്നും യഹോവ യിസായേൽജനത്തോടു കല്പിച്ചു. (ആവ, 23:3-6). എന്നാൽ മോവാബ്യസ്ത്രീയായ രൂത്തിനെ ദൈവപുത്രന്റെ വംശാവലിയിൽ ഉൾപ്പെടുത്തിയ കാരുണ്യവാനായ ദൈവം, താൻ മനസ്സലിവും മഹാദയയുമുള്ള ദൈവംകൂടിയാണെന്ന് നമുക്കു മനസ്സിലാക്കിത്തരുന്നു.