മുന്നിയമനം (predestination)
ദൈവശാസ്ത്രത്തിൽ വളരെയധികം വാദപ്രതിവാദങ്ങൾക്കു വിധേയമായ വിഷയങ്ങളിലൊന്നാണ് മുന്നിയമനം. രക്ഷാവിജ്ഞാനീയത്തിലെ അഞ്ചു പ്രധാന പ്രയോഗങ്ങളാണ് മുന്നിയമനം, മുൻനിർണ്ണയം, മുന്നറിവ്, തിരഞ്ഞെടുപ്പ്, വിളി, എന്നിവ. പര്യായങ്ങളെന്നപോലെ പ്രയോഗിക്കപ്പെടുന്നെങ്കിലും അവ വിഭിന്നങ്ങളാണ്.
പ്രയോഗങ്ങൾ: ‘പ്രൊഹെറിഡ്സോ’ എന്ന പദമാണ് മുന്നിയമിക്കുക എന്ന അർത്ഥത്തിൽ ഗ്രീക്കിൽ. പ്രവൃത്തി 4:28; റോമർ 8:29,30 ; 1കൊരിന്ത്യർ 2:7; എഫെസ്യർ 1:6, 12 എന്നീ ഭാഗങ്ങളിലാണ് ‘പ്രൊഹൊറിഡ്സോ’യുടെ പ്രയോഗം കാണുന്നത്. ഈ ആറു സ്ഥാനങ്ങളിലും മുന്നിയമിക്കുക എന്നു തന്നെയാണു പരിഭാഷ. പുതിയനിയമത്തിൽ പ്രസ്തുത ക്രിയയുടെ കർത്താവ് ദൈവമാണ്. ഒരു വ്യക്തിക്കുവേണ്ടി ഒരു ചുറ്റുപാടിനെ മുൻകൂട്ടി നിയമിക്കുകയോ ഒരു ചുറ്റുപാടിനായി ഒരു വ്യക്തിയെ മുൻകൂട്ടി നിയമിക്കുകയോ ചെയ്യുക എന്ന ആശയമാണ് ഈ ക്രിയയ്ക്കുള്ളത്. മുൻകൂട്ടി എന്ന അർത്ഥമാണ് ‘പ്രൊ’ എന്ന ഉപസർഗ്ഗത്തിനു സമാനമായ ആശയമാണു ‘പ്രൊ’ ചേർന്നുള്ള മറ്റു പല സംയുക്തരൂപങ്ങളിലും കാണുന്നത്. ഉദാ: മുന്നൊരുക്കുക (റോമ, 9:23; എഫെ, 2:10), മുൻനിയമിക്കുക (പ്രവൃ, 3:20; 22:14), മുമ്പുകൂട്ടി നിയമിക്കുക (പ്രവൃ, 10:41), മുൻകാണുക (ഗലാ, 3:8; എബ്രാ, 11:40), മുന്നറിയുക (റോമ, 8:29; 11:2; 1പത്രൊ, 1:20), മുന്നറിവ് (1പത്രൊ, 1:2; പ്രവൃ, 2:23) ഇവ മുന്നിയമനത്തിന്റെ ആശയം വെളിപ്പെടുത്തുന്നവയാണ്. പ്രപഞ്ചത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും ആവശ്യമായ സർവ്വവും കരുതിക്കൊണ്ടാണ് ദൈവം പ്രപഞ്ചം സൃഷ്ടിച്ചതെന്നു മുന്നിയമനം വ്യക്തമാക്കുന്നു. സൃഷ്ടിക്കു മുമ്പുതന്നെ . ദൈവം സ്വന്തനിർണ്ണയം ഉറപ്പാക്കിക്കഴിഞ്ഞു. (എഫെ, 1:4).
മുന്നിയമനവും മുന്നിർണ്ണയവും: ദൈവം മുൻനിയമിച്ചതിനെ ഉറപ്പാക്കുന്ന പ്രവൃത്തിയാണു നിർണ്ണയം. ദൈവത്തിന്റെ പദ്ധതി അഥവാ സംവിധാനം എന്താണെന്നു മുന്നിയമനം വ്യക്തമാക്കുന്നു. ദൈവം മുന്നിയമിച്ചതിന്റെ ഉറപ്പു സ്ഥിരീകരിക്കുകയാണ് ദൈവിക നിർണ്ണയം. അപ്പൊസ്തലൻ അതിനെ സ്ഥിരനിർണ്ണയം എന്നു വിളിക്കുന്നു. തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനു അനേകം സാധ്യതകളും പദ്ധതികളും ദൈവത്തിനുണ്ട്. എന്നാൽ ഒരു പ്രത്യേക ഉദ്ദേശ്യവും ഒരു പ്രത്യേകപദ്ധതിയും ദൈവം ഉറപ്പാക്കി, അതിനെ മാറ്റമില്ലാത്ത നിർണ്ണയമായി കല്പ്പിക്കുന്നു. “നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും.” (ഇയ്യോ, 22:28). ഒരു പ്രത്യേക പ്രവർത്തനപദ്ധതി ദൈവം ആജ്ഞാപിക്കുന്നതോടുകൂടി അതു അന്തിമവും ദൃഢവും ആയിത്തീരുകയും ആ നിലയിൽ മാത്രം അതു പൂർത്തിയാക്കുവാൻ ദൈവം സ്വയം ബദ്ധനാകുകയും ചെയ്യും. ദാനീയേൽ പ്രവാചകൻ ഈ സത്യം സ്പഷ്ടമാക്കുന്നു: “രാജാവോ ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവനും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂർവ്വകാര്യങ്ങളെ സംസാരിക്കുകയും, കോപം നിവൃത്തിയാകുവോളം അവനു സാധിക്കയും ചെയ്യും. നിർണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ.” (ദാനീ, 11:36). ദൈവത്തിന്റെ നിർണ്ണയം നിശ്ചയമായും നിവൃത്തിയാകും. കർത്താവായ യേശുക്രിസ്തു തന്റെ ജീവിതത്തിലും മരണത്തിലും എന്തു ചെയ്യുമെന്നു ദൈവം നിർണ്ണയിച്ചിരുന്നു, അതുപോലെ സംഭവിച്ചു. (പ്രവൃ, 4:27, 29). “നിർണ്ണയിച്ചിരിക്കുന്നതു പോലെ മനുഷ്യപുത്രൻ പോകുന്നു സത്യം, എങ്കിലും അവനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനു അയ്യോ കഷ്ടം.” (ലൂക്കൊ, 22:22). ഒരു പ്രത്യേക നിലയിലുള്ള സംഭവഗതിയെ ദൈവം മുന്നിയമിക്കുകയും അതിന്റെ നിശ്ചയവും മാറിക്കൂടായ്മയും നിർണ്ണയത്താൽ ഉറപ്പിക്കുകയും ചെയ്യുന്നു.
ദൈവിക നിർണ്ണയം: ദൈവിക നിർണ്ണയം കേവലവും നിരുപാധികവും സർവ്വസാന്തസൃഷ്ടികളിൽ നിന്നു സ്വതന്ത്രവും ദൈവഹിതത്തിന്റെ നിത്യമായ ആലോചനയിൽ നിന്നുത്ഭവിക്കുന്നതുമാണ്. ദൈവം പ്രകൃതിയുടെ ഗതിയെ നിയമിക്കുകയും ചരിത്രഗതിയെ അല്പാംശങ്ങളിൽപ്പോലും നിയന്ത്രിക്കുകയും ചെയ്യുന്നു. “ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിനു അതിരുകളും കാലങ്ങളും നിശ്ചയിച്ചു.” (പ്രവൃ, 17:26). ദൈവികനിർണ്ണയങ്ങൾ നിത്യവും മാറ്റമില്ലാത്തവയും വിശുദ്ധവും വിവേകപൂർണ്ണവും പരമവുമാണ്. ഭാവി സംഭവങ്ങളെക്കുറിച്ചുള്ള മുന്നറിവിന്റെ അടിസ്ഥാനത്തിൽ ഉളളവയാണ് ദൈവിക നിർണ്ണയങ്ങൾ.
ദൈവികനിർണ്ണയങ്ങളുടെ ക്രമം: ദൈവികനിർണ്ണയങ്ങളുടെ ക്രമത്തെക്കുറിച്ചു വിഭിന്ന ചിന്താഗതികളുണ്ട്.
പതനപൂർവ്വ നിർണ്ണയവാദം: 1. ചിലരെ രക്ഷിക്കുന്നതിനും മറ്റുള്ളവരെ നഷ്ടാവസ്ഥയിൽ ഉപേക്ഷിക്കുന്നതിനും ഉള്ള നിർണ്ണയം. 2. ഇരുകൂട്ടരെയും സൃഷ്ടിക്കുന്നതിനുളള നിർണ്ണയം. 3. ഇരുകൂട്ടരുടെയും വീഴ്ച അനുവദിക്കുന്നതിനുള്ള നിർണ്ണയം. 4. വൃതന്മാർക്കു രക്ഷ നല്കുന്നതിന് ക്രിസ്തുവിനെ അയയ്ക്കാനുള്ള നിർണ്ണയം. 5. വൃതന്മാർക്കു രക്ഷ പ്രായോഗികമാക്കുന്നതിനു പരിശുദ്ധാത്മാവിനെ അയയ്ക്കാനുളള നിർണ്ണയം. ഇവയിൽ നാലും അഞ്ചും ഒന്നായി വ്യവഹരിക്കുന്നവരുമുണ്ട്. സൃഷ്ടിക്കുവാൻ നിർണ്ണയിക്കുന്നതിനു മുമ്പ് ചിലരെ രക്ഷിക്കുവാനും ഉപേക്ഷിക്കുവാനും നിർണ്ണയിച്ചു എന്നതു തിരുവെഴുത്തുകളിലെ ഉപദേശത്തിനും ദൈവസ്നേഹത്തിനും നിരക്കുന്നതല്ല. അതിനാൽ പതനപൂർവ്വനിർണ്ണയവാദം ഒരു വിധത്തിലും അംഗീകാരയോഗ്യമല്ല.
പതനാനന്തര നിർണ്ണയവാദം: 1. മനുഷ്യരെ സൃഷ്ടിക്കുന്നതിനുളള നിർണ്ണയം. 2. വീഴ്ച അനുവദിക്കുന്നതിനുള്ള നിർണ്ണയം. 3. വിശ്വസിക്കുന്നവരെ തിരഞ്ഞെടുക്കുന്നതിനും, വിശ്വസിക്കാത്തവരെ ഉപേക്ഷിക്കുന്നതിനും ഉളള നിർണ്ണയം. 4. വൃതന്മാർക്കു വീണ്ടെടുപ്പുകാരനെ നല്കുന്നതിനുള്ള നിർണ്ണയം. 5. വൃതന്മാരിൽ വീണ്ടെടുപ്പു പ്രായോഗികമാക്കുന്നതിനു പരിശുദ്ധാത്മാവിനെ അയക്കാനുളള നിർണ്ണയം. പതനാനന്തര നിർണ്ണയവാദമനുസരിച്ചു ദൈവത്തിന്റെ വീണ്ടെടുപ്പു പരിമിതമാണ്. എന്നാൽ വീണ്ടെടുപ്പ് അപരിമിതമാണെന്നു തെളിയിക്കുന്ന അനേകം ഭാഗങ്ങൾ തിരുവെഴുത്തുകളിലുണ്ട്. രക്ഷാകരമായ ദൈവകൃപ ഉദിച്ചതു വൃതന്മാർക്കുവേണ്ടി മാത്രമല്ല, സകല മനുഷ്യർക്കും വേണ്ടിയാണ്. “സകല മനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ.” (തീത്താ, 2:11). ക്രിസ്തു എല്ലാവർക്കും വേണ്ടി മരിച്ചു. (1തിമൊ, 2:6; 4:10; എബ്രാ, 2:9; 1യോഹ, 2:2; 4:14). ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ ദൈവം ആഗ്രഹിക്കുന്നു. (2പത്രൊ, 3:9). “മരിക്കുന്നവന്റെ മരണത്തിൽ എനിക്കു ഇഷ്ടമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; ആകയാൽ നിങ്ങൾ മനന്തിരിഞ്ഞു ജീവിച്ചു . കൊൾവിൻ.” (യെഹെ, 18:32). രക്ഷയ്ക്കുള്ള ആഹ്വാനം എല്ലാവർക്കും വേണ്ടിയുള്ളതാണ്. (യോഹ, 3:15; 11:26; പ്രവൃ, 2:21; 10:43).
തന്മൂലം ദൈവികനിർണ്ണയങ്ങൾ ഈ ക്രമത്തിൽ മനസ്സിലാക്കുകയാണുചിതം: 1. മനുഷ്യനെ സൃഷ്ടിക്കുന്നതിനുള്ള നിർണ്ണയം. 2. വീഴ്ച അനുവദിക്കുന്നതിനുള്ള നിർണ്ണയം. 3. സകല മനുഷ്യർക്കും പര്യാപ്തമായ വീണ്ടെടുപ്പു ക്രിസ്തുവിൽ നല്കാനുള്ള നിർണ്ണയം. 4. വിശ്വസിക്കുന്നവരെ തിരഞ്ഞെടുക്കുന്നതിനും വിശ്വസിക്കാത്തവരെ ഉപേക്ഷിക്കുന്നതിനും ഉള്ള നിർണ്ണയം. 5. വിശ്വസിക്കുന്നവർക്കു രക്ഷ ഭദ്രമാക്കുന്നതിനു പരി ശുദ്ധാത്മാവിനെ അയയ്ക്കുന്നതിനുളള നിർണ്ണയം. ഈ ക്രമത്തിൽ തിരഞ്ഞെടുപ്പിനും അപരിമിതമായ വീണ്ടെടുപ്പിനും സാദ്ധ്യത നല്കുകയും തിരഞ്ഞെടുക്കപ്പെട്ടവർക്കു വീണ്ടെടുപ്പിന്റെ വിശേഷപ്രയോജനം അംഗീകരിക്കുകയും ചെയ്യുന്നു. (യോഹ, 17:9, 20, 24; പ്രവൃ, 13:48; റോമ, 8:29; എഫെ, 1:4; 2തിമൊ, 1:9; 1പത്രൊ, 1:1)
പ്രപഞ്ചത്തിൽ സംഭവിക്കുന്നവ എല്ലാം ദൈവിക നിർണ്ണയത്തിലും പദ്ധതിയിലും ഉൾപ്പെട്ടവയാണ്. മനുഷ്യന്റെ ദോഷ പ്രവൃത്തികൾക്കും അതിൽ സ്ഥാനമുണ്ട്. ദൈവം അവയെ പൂർവ്വവൽ ദർശിക്കുകയും അനുവദിക്കുകയും ചെയ്തു. എല്ലാം സ്വന്തമഹത്വത്തിനായി ദൈവം നിയന്ത്രിക്കുകയും മാറ്റുകയും ചെയ്യുന്നു. സൃഷ്ടിപ്പിനു മുമ്പു തന്നെ ദുഷ്ടതയുടെ സാദ്ധ്യത സർവ്വജ്ഞനായ ദൈവം അറിഞ്ഞു. ദുഷ്ടത ഉൾക്കൊണ്ട ഒരു സംവിധാനത്തിന്റെ ശില്പി ദൈവമായിരുന്നെങ്കിലും ദുഷ്ടതയ്ക്കുത്തരവാദി ദൈവമല്ല. ലുസിഫറിന്റെ മത്സരവും ആദാമിന്റെ ലംഘനവും ഒന്നും തന്മൂലം ദൈവത്തിനു അത്ഭുതകരമായിരുന്നില്ല. മനുഷ്യചരിത്രത്തിലെ മഹാദുഷ്ടതയായ ക്രിസ്തുവിന്റെ ക്രൂശീകരണം പോലും ദൈവത്തിന്റെ മുന്നറിവിനും, മുന്നിയമനത്തിനും വിധേയമായിരുന്നു. (പ്രവൃ, 2:23; 4:28).
മുന്നിർണ്ണയവും മുന്നറിവും: ഒരു സംഭവം ദൈവം നിർണ്ണയിച്ചതുകൊണ്ടുതന്നെ സംഭവിക്കുമെന്നു ദൈവം അറിയുന്നതാണ് മുന്നറിവ്. എന്തു സംഭവിക്കുമെന്നു മാത്രമല്ല തന്റെ പ്രവർത്തനപദ്ധതിയുടെ നിർവ്വഹണത്തിനു ആരെല്ലാമായിരിക്കും ഉപകരണങ്ങളെന്നും ദൈവം അറിയുന്നു. സംഭവങ്ങളെപ്പോലെ തന്നെ വ്യക്തികളും ദൈവത്തിന്റെ മുന്നറിവിലുണ്ട്. അതിനാലാണ് പൗലൊസ് അപ്പൊസ്തലൻ എഴുതുന്നത്: “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിനു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചിരിക്കുന്നു.” (റോമ, 8:29).
ക്രിസ്തുവിനെ സ്വീകരിക്കുന്നത് ആരൊക്കെയാണെന്നു ദൈവം അറിയുന്നു എന്നും ദൈവം അവരെ തിരഞ്ഞടുത്തു എന്നും ധാരണയുണ്ട്. അതു തെറ്റാണ്. അങ്ങനെയാണെങ്കിൽ ദൈവം മുന്നിയമിക്കുകയോ മുൻനിർണ്ണയിക്കുകയോ മുന്നറിയുകയോ ചെയ്തിട്ടില്ല. ദൈവം തന്റെ സർവ്വജ്ഞാനം പ്രയോജനപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ. മനുഷ്യന്റെ സ്വതന്ത്രേച്ച ദൈവത്തെ പരിമിതപ്പെടുത്തുന്നു എന്നു പറയേണ്ടിവരും. മനുഷ്യഹിതത്തിന്റെ പരിമിതികൾക്കപ്പുറത്തു ദൈവത്തിനു പ്രവർത്തിക്കുവാൻ കഴിയാതെ വരും. ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുമെന്നു താൻ അറിയുന്നവരെ മാത്രം ദൈവം തിരഞ്ഞെടുക്കുകയാണെങ്കിൽ ദൈവം പരമാധികാരിയല്ലാതായിത്തീരും. വിശ്വാസികൾ തിരഞ്ഞെടുക്കപ്പെട്ടതു ദൈവത്തിന്റെ മുന്നറിവിനൊത്തവണ്ണമാണ്. അല്ലാതെ മുന്നറിവു കാരണമായല്ല. (1പത്രൊ, 1:2)
മുന്നറിവ്
ഭാവി സംഭവങ്ങളുടെ മുഴുവൻ ഗതിയെയും സംബന്ധിച്ചുള്ള ദൈവത്തിനു മുൻകൂട്ടിയുള്ള അറിവാണ് മുന്നറിവു് (fore knowledge; ഗ്രീ: പ്രൊഗ്നോസിസ്). ദൈവത്തിന്റെ മുന്നറിവു അപരിമിതവും അന്തർജ്ഞാനപരവും, സഹജവും, പ്രത്യക്ഷവുമാണ്. ദൈവത്തിന് സ്വയത്തെക്കുറിച്ചുളള ജ്ഞാനവും തന്റെ നിത്യമായ പദ്ധതിയിലുൾപ്പെട്ട സകലത്തിന്റെയും ജ്ഞാനവും ഉണ്ട്. ദൈവിക മനസ്സിൽ എല്ലാം നിത്യമായ ‘ഇന്നു’ മാത്രം; ഭൂതം, വർത്തമാനം, ഭാവി എന്നീ കാലവരമ്പുകൾ അതിനില്ല. ഉന്നതനും, ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയുമാണ് ദൈവം. (യെശ, 57:15). ആരംഭത്തിങ്കൽ തന്നെ അവസാനവും പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിക്കാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാൻ പറയുന്നു.” (യെശ, 46:10). മനുഷ്യന്റെ അറിവാകട്ടെ സാന്തവും നിരീക്ഷണത്തിൽ നിന്നും ചിന്തയിൽ നിന്നും വ്യൂൽപ്പന്നവുമാണ്.
മനുഷ്യന്റെ സ്വാതന്ത്ര്യവും തൽഫലമായുള്ള ഉത്തരവാദിത്വവും ദൈവിക മുന്നറിവും തമ്മിലുള്ള ബന്ധം ദുർജ്ഞേയമാണ്. എല്ലാ സംഭവങ്ങളെയും ദൈവം മുന്നിയമിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. സ്വതന്ത്രേച്ഛയുള്ള മനുഷ്യൻ സ്വയം തിരഞ്ഞെടുക്കുന്നു; തന്റെ പ്രവൃത്തികൾക്കെല്ലാം അവൻ ഉത്തരവാദി ആണ്. ഈ രണ്ടു സത്യങ്ങളും തിരുവെഴുത്തുകൾ വ്യക്തമായി പഠിപ്പിക്കുന്നു. (പ്രവൃ, 4:27,28; എഫെ, 1:11; റോമ, 8:29,30; സങ്കീ, 33:11; യെശ, 14:14; ലൂക്കൊ, 22:22; ദാനീ, 4:35). അർമ്മീനിയൻ സിദ്ധാന്തപ്രകാരം മുന്നിയമനവും മുന്നറിവും ഒന്നാണ്. ദൈവം സർവ്വവും മുന്നറിയുന്നു എന്നു ചിലർ അംഗീകരിക്കുന്നു. ചിലരുടെ അഭിപ്രായത്തിൽ അറിയപ്പെടാവുന്ന കാര്യങ്ങളെല്ലാം ദൈവം മുന്നറിയുന്നു. സ്വതന്ത്രച്ഛയുള്ളവരുടെ പ്രവൃത്തി ദൈവത്തിനു അവ്യക്തമാണ്. ദൈവം എല്ലാം മുന്നറിയുന്നുവെന്നു അംഗീകരിക്കുന്നതും മനുഷ്യരുടെ പ്രവൃത്തികൾ ദൈവം മുന്നിയമിച്ചതാണെന്നു അംഗീകരിക്കുന്നതും തമ്മിൽ വ്യത്യാസമില്ല. ദൈവത്തിന്റെ മുന്നറിവു പരിമിതമാണെങ്കിൽ ഭാവിയെക്കുറിച്ചു ഭാഗികമായെങ്കിലും ദൈവം അജ്ഞനാണ്. ദൈവം അനുദിനവും അറിവു വർദ്ധിപ്പിക്കുകയാണ്. തന്മൂലം ദൈവത്തിന്റെ സംവിധാനവും നിർണ്ണയവും മാറിക്കൊണ്ടിരിക്കുന്നുവെന്നു സമ്മതിക്കേണ്ടിവരും. മാത്രവുമല്ല, ദൈവത്തിന്റെ സർവ്വജ്ഞാനത്തെ നിഷേധിക്കുന്നതിനു തുല്യമാണത്.
ചിലരെ പ്രത്യേക അനുഗ്രഹത്തിനും വിശിഷ്ടാനുകൂല്യങ്ങൾക്കുമായി വേർതിരിക്കുന്നതാണ്ഴതിരഞ്ഞെടുപ്പ്. പാപികളുടെ രക്ഷയുമായി ബന്ധപ്പെടുമ്പോൾ അതു മുന്നിയമനസിദ്ധാന്തത്തിന്റെ പ്രയുക്തിയാണ്. ദൈവത്തിന്റെ നിത്യനിർണ്ണയം മനുഷ്യവർഗ്ഗത്തെ രണ്ടായി തിരിക്കുന്നു: ഒരു വിഭാഗം നിത്യജീവനായി തിരഞ്ഞെടുക്കപ്പെടുന്നു; മറ്റു വിഭാഗം നിത്യനാശത്തിനായി പാപാവസ്ഥയിൽ ഉപേക്ഷിക്കപ്പെടുന്നു. ‘നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.’ (പ്രവൃ, 13:48). ദൈവം മുന്നറിയുകയും തിരഞ്ഞെടുക്കുകയും മുന്നിയമിക്കുകയും ചെയ്തവരെ തന്നിലേക്കു കൂട്ടിച്ചേർക്കുന്നു. മുന്നിയമനത്തിലെ ഉച്ചസ്ഥമായ പ്രവൃത്തിയാണ് വിളി. “എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിനു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:28-30). വിളിക്കുന്നതു ദൈവമാണ്. അന്ധകാരത്തിൽ നിന്നും അത്ഭുതപ്രകാശത്തിലേക്കും സ്വപുത്രനായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കും ഉള്ള ഈ വിളി പരമവിളിയും, സ്വർഗ്ഗീയവിളിയും, വിശുദ്ധവിളിയും ആണ്. (1പത്രൊ, 2:9; 1കൊരി, 1:9; ഫിലി, 3:14; എബ്രാ, 3:1; 2തിമൊ, 1:29). ദൈവത്തിന്റെ മുന്നിയമനത്തിനു അനുസരണമായി (പ്രവൃ, 13:48; 18:10) നല്കപ്പെടുന്ന മുൻകൃപയുടെ ഫലമായിട്ടാണ് ദൈവവിളിയോടു പ്രതികരിക്കുവാൻ പാപികൾക്കു കഴിയുന്നത്. (പ്രവൃ, 2:47; 11:18, 21-23; 14:27; 15:7; 16:14; 28:27).