മിദ്യാൻ (Midian)
അബ്രാഹാമിന്റെ പുത്രനായ മിദ്യാനിൽ നിന്നുത്ഭവിച്ച ഗോത്രജനതയാണ് മിദ്യാന്യർ. മിദ്യാന്യർ പാർത്ത ദേശത്തെ മിദ്യാൻ ദേശമെന്നു വിളിക്കുന്നു. (പുറ, 2:15). അറേബ്യൻ ഉപവീപിന്റെ ഉത്തരഭാഗത്തുള്ള മരുഭൂമിയിൽ പലസ്തീനു തെക്കും കിഴക്കുമായി അവർ പാർത്തു. മറ്റു അറബി ഗോത്രങ്ങളെപ്പോലെ ഇവരും പര്യടക സമൂഹമായിരുന്നു. ബൈബിളിനു പുറത്തു മിദ്യാന്യരെക്കുറിച്ചു വിശ്വാസ്യമായ രേഖകളില്ല. ബൈബിളിൽ യോസേഫ്, മോശെ, ബിലെയാം ഗിദെയോൻ എന്നിവരുടെ ചരിത്രവുമായി ബന്ധപ്പെട്ടാണ് മിദ്യാനെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. പുരാതന കാലത്തുതന്നെ മിദ്യാന്യർ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. യോസേഫിന്റെ കാലത്തു മിദ്യാന്യരും യിശ്മായേല്യരും തമ്മിൽ അടുത്തബന്ധം പുലർത്തിയിരുന്നു. മിദ്യാന്യരുടെ ഒരു സാർത്ഥവാഹക സംഘമാണ് യോസേഫിനെ വിലയ്ക്കു വാങ്ങിയത്. (ഉല്പ, 37:25, 27,28, 36). യിശ്മായേല്യ കച്ചവട സംഘത്തോടുകൂടി മിദ്യാന്യകച്ചവടക്കാർ ഉണ്ടായിരുന്നിരിക്കണം. യിശ്മായേല്യരും മിദ്യാന്യരും മിശ്രവിവാഹത്തിലേർപ്പെട്ടു കലർന്നിരിക്കാൻ സാദ്ധ്യതയുണ്ട്. ന്യായാധിപന്മാർ 8:24-ലെ യിശ്മായേല്യർ മിദ്യാന്യർ ആയിരിക്കണം. പിൽക്കാലത്ത് യിശ്മായേല്യർ കനാന്യർ എന്നപോലെ കച്ചവടക്കാരുടെ സാമാന്യ നാമമായി മാറി.
മിസ്രയീമ്യനെ കൊന്നശേഷം മോശെ മിദ്യാൻ ദേശത്തേക്ക് ഓടിപ്പോയി. അവിടെ പുരോഹിതനായ യിതോയുടെ മകളെ വിവാഹം കഴിച്ചു. (പുറ, 2:15-21; 3:1; പ്രവൃ, 7:29,30). നാല്പതുവർഷം മോശെ മിദ്യാൻ ദേശത്തു പാർത്തു; യിതോയുടെ ആടുകളെ മേച്ചു. സീനായിലെ ഹോരേബിൽ വച്ച് യഹോവ മോശെയെ വിളിച്ചു. മിദ്യാന്യർക്കു ആടുമേയ്ക്കാനുള്ള ഒരു താൽക്കാലിക താവളമായിരുന്നിരിക്കണം സീനായി. ഗ്രീക്കു വിവരണങ്ങളനുസരിച്ച് അറേബ്യൻ ഗൾഫിന്റെ അറേബ്യൻ ഭാഗത്തായിരുന്നു മിദ്യാന്യപട്ടണം. മരുഭൂമിയിൽ വഴികാട്ടിയായി കൂടെച്ചെല്ലുവാൻ മോശെ തന്റെ അളിയനായ മിദ്യാന്യൻ ഹോബാബിനെ നിർബന്ധിച്ചു. (സംഖ്യാ, 10:29-32).
ബിലെയാമിന്റെ കാലത്ത് സിപ്പോറിന്റെ മകനായ ബാലാക്ക് ആയിരുന്നു മോവാബ് ഭരിച്ചിരുന്നത്. യിസ്രായേലിനെ സംബന്ധിച്ചു് ബാലാക്ക് മിദ്യാന്യ മൂപ്പന്മാരുമായി ഗൂഢാലോചന നടത്തി. യിസ്രായേലിന്റെ പ്രയാണം തടയുകയായിരുന്നു അവരുടെ ലക്ഷ്യം. അവർ മിദ്യാനിലെയും മോവാബിലെയും മൂപ്പന്മാരെ ബിലെയാമിന്റെ അടുക്കലേക്കയച്ചു. ബിലെയാമിന്റെ പ്രവചനങ്ങളിൽ മോവാബിനെ മാത്രമേ പരാമർശിച്ചിട്ടുള്ളൂ. (സംഖ്യാ, 23,24 അ). സംഖ്യാ 25:1-ൽ മോവാബ്യ സ്ത്രീകളുമായി പരസംഗം തുടങ്ങിയെന്നാണ് കാണുന്നത്. സംഖ്യാ 25:6-15 വരെ മിദ്യാന്യ സ്ത്രീകളെക്കുറിച്ചാണ് പറയുന്നത്. തുടർന്ന് 25:16-18; 31:1-16 എന്നീ ഭാഗങ്ങളിൽ മിദ്യാന്യരോടു പകരം വീട്ടിയതായി കാണുന്നു. ബിലെയാം നശിച്ചത് മിദ്യാനരുടെ മദ്ധ്യേയാണ്. യിസ്രായേല്യരെ വിഗ്രഹാരാധനയിലേക്കാം ലൈംഗികപാപങ്ങളിലേക്കും വശീകരിച്ചതിൽ മിദ്യാന്യർക്കും പ്രധാന പങ്കുണ്ടായിരുന്നു.
ന്യായാധിപന്മാരുടെ കാലത്ത് മിദ്യാനർ വീണ്ടും പ്രത്യക്ഷപ്പെട്ടു. (ന്യായാ, 6:1-8, 21). യിസ്രായേലിനെ വരുതിയിൽ കൊണ്ടുവരത്തക്കവണ്ണം ഒരു പ്രബലജാതിയോ വീരന്മാരോ ആയിരുന്നില്ല അവർ. കൊള്ളക്കാരായിട്ടാണ് അവർ രംഗ്രപ്രവേശം ചെയ്തത്. ഏഴുവർഷം മിദ്യാന്യർ യിസ്രായേലിനെ പീഡിപ്പിച്ചു. അമാലേക്യരോടും കിഴക്കെൻ ദേശക്കാരോടും കൂട്ടുചേർന്നാണു അവർ യിസ്രായേലിനെ ഞെരുക്കിയതു. ഗിദെയോന്റെ നേതൃത്വത്തിൽ നിസ്സാരമായ ഒരു കൂട്ടം ആളുകളെക്കൊണ്ടു ദൈവം അവരെ പരാജയപ്പെടുത്തി. (ന്യായാ, 6-8 അ). മിദ്യാന്യരുടെ മേൽ ഗിദെയോൻ നേടിയ മഹാവിജയം യിസ്രായേല്യരുടെ ചരിത്രത്തിൽ ചിരസ്മരണീയമായിത്തീർന്നു. (സങ്കീ, 83:9; യെശ, 9:4; 10:26). മിദ്യാന്യർക്കു വലിയ ഒട്ടകപ്പടയുണ്ടായിരുന്നു. വൻതോതിൽ ഒട്ടകങ്ങളെ കൊള്ളയ്ക്കുപയോഗിച്ച ആദ്യജനത ഇവരാണ്. മരുഭൂമിയിലെ സഞ്ചാരത്തിനു ഒട്ടകം വളരെയേറെ സഹായമാണ്. വിളവു നശിപ്പിക്കുകയാണ് മിദ്യാന്യരുടെ പ്രധാന പ്രവൃത്തി. ഈ കാലത്തിനു ശേഷം മിദ്യാന്യർ ഒരു ഭീതികാരണമായി പറയപ്പെട്ടിട്ടില്ല. അറബികളുടെ ഇടയിലെ യെഹൂദാ എന്നാണ് മിദ്യാൻ അറിയപ്പെട്ടത്. ഏറ്റവും ഒടുവിലായി മിദ്യാൻദേശപരാമർശം കാണുന്നത് ഹബക്കുക്കു പ്രവാചകന്റെ പ്രാർത്ഥനാഗീതത്തിലാണ്. (3:7).