മറിയമാർ
കർത്താവിന്റെ കാലത്ത് ‘മറിയ’ എന്നത് യെഹൂദാസ്ത്രീകളുടെ ഇടയിൽ പ്രചാരത്തിലിരുന്ന ഒരു പേരായിരുന്നു. എബ്രായഭാഷയിലെ ‘മിര്യാം’ എന്ന പേരാണ് ഗ്രീക്കുഭാഷയിൽ ‘മരിയ’ എന്നും, മലയാളഭാഷയിൽ ‘മറിയ’ എന്നും വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. മോശെയുടെയും അഹരോന്റെയും സഹോദരിയായ മിര്യാം യിസ്രായേലിലെ ആദ്യപ്രവാചികമാരുടെ ഗണത്തിൽ പെട്ടിരുന്നു. (പുറ, 15:20). ചെറുപ്രായത്തിൽ തന്റെ പിഞ്ചുസഹോദരനായ മോശെയെ രക്ഷിക്കുന്നതിനായി ഫറവോന്റെ പുത്രിയോടു സംസാരിക്കുവാൻ ധൈര്യം കാട്ടിയ മിര്യാം, യിസ്രായേൽമക്കൾ ചെങ്കടൽ കടന്നപ്പോൾ തപ്പോടും നൃത്തത്തോടും ഗാനപ്രതിഗാനമായി യഹോവയെ സ്തുതിക്കുവാൻ സ്ത്രീകൾക്കു നേതൃത്വം നൽകി. കനാനിലേക്കുള്ള പ്രയാണത്തിൽ മോശെയോടും അഹരോനോടുമൊപ്പം നേതൃനിരയിൽ പ്രശോഭിച്ച മിര്യാം, യിസ്രായേലിലെ സ്ത്രീകളുടെ അഭിമാനസ്തംഭം ആയിരുന്നതുകൊണ്ടാണ് അവർ തങ്ങളുടെ പെൺമക്കൾക്ക് മിര്യാം (മറിയ) എന്നു നാമകരണം ചെയ്തത്. യാദൃച്ഛികമായിരിക്കാമെങ്കിലും യേശുവിന് ഏറ്റവും പ്രിയപ്പെട്ട സ്ത്രീരത്നങ്ങളുടെ പേരുകൾ ഏറിയ കൂറും ‘മറിയ’ എന്നായിരുന്നു. യേശുവിൻ്റെ മാതാവായ നസറെത്തിലെ മറിയയും (ലൂക്കൊ, 1:27), മഗ്ദലക്കാരത്തി മറിയയും (മത്താ, 27:56), ലാസറിൻ്റെ സഹോദരി ബേഥാന്യയിലെ മറിയയും (ലൂക്കൊ, 8:38, യോഹ, 11:1), യാക്കോബിൻ്റെയും യോസെയുടെയും അമ്മയായ മറിയയും (മത്താ, 27:56), ക്ലെയോപ്പാവിൻ്റെ ഭാര്യയായ മറിയും (രോഹ, 19:25) ആ പട്ടികയിൽ ഉൾപ്പെടുന്നു. ആദിമ സഭയിലും രണ്ടു മറിയമാർ ഉണ്ടായിരുന്നു; മർക്കൊസിൻ്റ അമ്മ മറിയയും (പ്രവൃ, 12:12), റോമാ സഭയിലെ മറിയയും (റോമ, (16:6). ഈ പാരമ്പര്യത്തിൻ്റെ പിൻതുടർച്ചയായി ആധുനിക ക്രൈസ്തവ ജനതയിലും സ്ത്രീകളുടെ നാമകരണത്തിൽ ‘മറിയ’ എന്ന പേർ സർവ്വസാധാരണമായി കാണാം.