മരണാനന്തര ജീവിത്തിലുള്ള പ്രത്യാശ
തിരക്കേറിയ ജീവിതപാതയിൽ മുമ്പോട്ടുപോകുമ്പോൾ ആത്മീയരെന്ന് അഭിമാനിക്കുന്നവർക്കുപോലും മരണത്തെക്കുറിച്ചോ മരണാനന്തര ജീവിതത്തെക്കുറിച്ചോ ചിന്തിക്കുവാൻ കഴിയാറില്ല. ഗുരുതരമായ അവസ്ഥയിൽ, മരണത്തിന്റെ നിഴലിൽ കഴിയുന്നവർ പോലും അത്യന്താധുനിക വൈദ്യശാസ്ത്രം തങ്ങളുടെ ജീവൻ രക്ഷിക്കുമെന്നുള്ള പ്രതീക്ഷയിലും പ്രത്യാശയിലും മരണത്തെക്കുറിച്ച് ചിന്തിക്കുവാൻ വിസമ്മതിക്കുന്നു. മരണം സുനിശ്ചിതമായാൽ, പാശ്ചാത്യനാടുകളിൽ കോടീശ്വരന്മാർ തങ്ങളുടെ മൃതശരീരം ജീർണ്ണിക്കുകയോ രൂപഭേദം വരുകയോ ചെയ്യാതെ, ഭൂഗർഭത്തിൽ നൂറ്റാണ്ടുകളോളം സൂക്ഷിക്കുവാനായി കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നു. എന്നെങ്കിലും മൃതശരീരങ്ങളെ പുനർജ്ജീവിപ്പിക്കുവാൻ ശാസ്ത്രത്തിനു കഴിഞ്ഞാൽ തങ്ങളുടെ മൃതശരീരങ്ങളെ പുനർജീവിപ്പിക്കുന്നതിനാണത്. ഈ പശ്ചാത്തലത്തിലാണ് മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുമുള്ള, ധനികനും ദൈവഭക്തനുമായിരുന്ന ഇയ്യോബിന്റെ വീക്ഷണം കൂടുതൽ പ്രസ ക്തമാകുന്നത്. തന്റെ സമ്പത്തെല്ലാം നഷ്ടപ്പെട്ടപ്പോഴും, മക്കൾ അതിദാരുണമായി കൊല്ലപ്പെട്ടപ്പോഴും, ഭാര്യയുടെ ദൈവത്തിലുള്ള വിശ്വാസം അന്യമായപ്പോഴും, ആശ്വസിപ്പിക്കുവാൻ കടന്നുവന്ന മൂന്നു സ്നേഹിതന്മാരുടെ കുറ്റപ്പെടുത്തലുകൾ വ്രണങ്ങൾകൊണ്ടു നിറഞ്ഞ ശരീരത്തെപ്പോലെ മനസ്സിനെയും വ്രണിതമാക്കിയപ്പോഴും, സകലതും നഷ്ടപ്പെട്ട്, എല്ലാവരാലും വെറുക്കപ്പെട്ട്, ഉപേക്ഷിക്കപ്പെട്ട്, താൻ വിശ്വസിക്കുന്ന തന്റെ ഏക ആശ്രയമായ ദൈവത്തിൽ നിന്നുപോലും മറുപടിയൊന്നും ലഭിക്കാതെ, മരണത്തിന്റെ കരാളഹസ്തങ്ങൾക്കു താൻ വിധേയപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഇയ്യോബിനു പറയുവാനുള്ളത്: “എന്റെ വീണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നുവെന്നും അവൻ അന്ത്യനാളിൽ ഭൂമിയുടെ മേൽ നിൽക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. ഞാൻ തന്നെ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തം കണ്ണ് അവനെ കാണും” (ഇയ്യോ, 19:25-27) എന്നത്രേ. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ഇയ്യോബിന്റെ ഈ പ്രത്യാശ ദൈവസന്നിധിയിലുള്ള അവന്റെ പ്രാഗല്ഭ്യത്തെ പ്രകാശിപ്പിക്കുന്നു. മരിച്ച് ശരീരമില്ലാത്തവനായിത്തീർന്നാലും ദൈവത്തിന്റെ വിശുദ്ധന്മാർ ഉയിർത്തെഴുന്നേല്ക്കുന്ന അന്ത്യനാളിൽ പുതിയ ശരീരത്തോടുകൂടി ദൈവത്തെ കാണുമെന്ന് ഇയ്യോബിനെപ്പോലെ നമുക്കു പറയുവാൻ കഴിയണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ സ്വന്തം കണ്ണുകൊണ്ടുതന്നെ നമുക്കും, ദൈവത്തെ കാണുവാൻ കഴിയണം.