ബൈബിൾ ചരിത്ര സംഗ്രഹം

ബൈബിൾ ചരിത്ര സംഗ്രഹം

ക്രിസ്തുസഭ വിശ്വാസത്തിന്റെ മാനദണ്ഡമായി സ്വീകരിച്ചിട്ടുള്ള ദൈവശ്വാസീയമായ തിരുവെഴുത്തുകൾക്കു നല്കിയിട്ടുള്ള പേരാണ് ബൈബിൾ. പഴയനിയമവും പുതിയനിയമവും അതുൾക്കൊള്ളുന്നു. പുസ്തകങ്ങൾ എന്ന അർത്ഥത്തിൽ ഗ്രീക്കു ഭാഷയിൽ ഉപയോഗിക്കുന്ന പദമാണ് ബിബ്ളിയ. പഴയനിയമ പ്രവചനങ്ങളെ കുറിക്കുവാൻ പ്രസ്തുത പദം ദാനീയേൽ പ്രവചനത്തിൽ പ്രയോഗിഗിച്ചിട്ടുണ്ട്. ‘ഒരു കാലസംഖ്യ പുസ്തകങ്ങളിൽ നിന്നു ഗ്രഹിച്ചു.’ (ദാനീ, 9:2). ഗ്രീക്കു സപ്തതിയിൽ (സെപ്റ്റ്വജിന്റ്) പുസ്തകങ്ങൾ എന്ന സ്ഥാനത്തു ‘റ്റാബിബ്ളിയ’ എന്നാണു ഭാഷാന്തരം ചെയ്തിട്ടുള്ളത്. റ്റാബിബ്ളിയ എന്ന പ്രയോഗം ബൈബിളിനെ മുഴുവൻ കുറിക്കത്തക്കവണ്ണം ആദ്യം പ്രയോഗിച്ചിട്ടുള്ളത് എ.ഡി. 150-നടുപ്പിച്ചു 2ക്ലെമന്റു 14:2-ലാണ് എ.ഡി. അഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് തിരുവെഴുത്തുകളെ മുഴുവൻ സൂചിപ്പിക്കുവാൻ ബൈബിൾ എന്ന പദം പരക്കെ പ്രയോഗിച്ചു തുടങ്ങിയത്. വിശുദ്ധ ജെറോം (എ.ഡി. 400) ബൈബിളിനെ ബിബ്ളിയോതെക്കാദിവീനാ (ദൈവിക ഗ്രന്ഥാലയം) എന്നു വിളിച്ചു. എ.ഡി. പതിമൂന്നാം നൂറ്റാണ്ടോടു കടി പുസ്തകങ്ങൾ (ബിബ്ളിയ) എന്ന ബഹുവചനം പുസ്തകം എന്നു ഏകവചനത്തിൽ പ്രയോഗിക്കപ്പെട്ടു തുടങ്ങി. അറുപത്താറു പുസ്തകങ്ങൾ അടങ്ങുന്ന ബൈബിളിന്റെ ഐക്യത്തെ വെളിപ്പെടുത്തുകയാണ് അത്.

നിരുക്തം: ബിബ്ലസ്‌ (പാപ്പിറസ്) എന്ന ചെടിയില്‍ നിന്നും ഉണ്ടാക്കി എഴുതാനുപയോഗിച്ചിരുന്ന കട്ടിക്കടലസാണ് ബിബ്ലിയോണ്‍. ‘ബിബ്ലിയോൺ’ എന്നതിന് പുസ്തകം എന്നും ‘ബിബ്ലോസ്‌’ (ബിബ്ലിയ) എന്നതിനു പുസ്തകങ്ങള്‍ എന്നുമാണ് അര്‍ത്ഥം. ബി.സി. 1100-ല്‍ ഈജിപ്തില്‍ നിന്നും ഫൊയ്നീഷ്യയിലെ ഗെബല്‍ തുറമുഖത്തേക്ക് ഈ ബിബ്ലിയോണ്‍ കയറ്റി അയച്ചിരുന്നു. അതിനാല്‍ ഗെബല്‍ പട്ടണം പിന്നിട് ബിബ്ലോസ്‌ പട്ടണം എന്നറിയപ്പെട്ടു. ഈ പാപ്പിറസ് (ബിബ്ലസ്‌) കടലാസില്‍ ചിലത് (ബി.സി. 1100-ല്‍ നിര്‍മ്മിച്ചത്‌) ബ്രിട്ടീഷ് മ്യുസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. എ.ഡി. രണ്ടാം നുറ്റാണ്ടു മുതല്‍ തിരുവെഴുത്തുകള്‍ക്ക് ‘റ്റാബിബ്ലിയ’ എന്ന പേരു വിളിച്ചുതുടങ്ങി. എ.ഡി. 1382-ല്‍ ഇംഗ്ലീഷിലേക്ക് ബൈബിള്‍ ഭാഷാന്തരം ചെയ്ത ജോണ്‍ വിക്ലിഫ്‌ ബൈബിള്‍ എന്ന പദം സ്വികരിച്ചു. യോഹ. 21:25, 2 തിമോ. 4:13 ആദിയായ ഭാഗങ്ങളില്‍ ബിബ്ലിയ എന്ന പദമാണ് ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ പഴയനിയമഗ്രന്ഥങ്ങള്‍ ആദ്യമായി എഴുതിയിരുന്നത് മൃഗങ്ങളുടെ തോല്‍ ചുരുളുകളിലാണ്. ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള പദമാണ് ബൈബിള്‍.

കാലവും എഴുത്തുകാരും: ബി.സി. 1500-നും എ.ഡി. 100-നും മാദ്ധ്യയള്ള 1600 വർഷങ്ങളുടെ നിണ്ട കാലയളവിനുള്ളിലാണ് ബൈബിളിലെ പുസ്തകങ്ങളെല്ലാം എഴുതപ്പെട്ടത്. പഴയനിയമം ആയിരം വർഷം കൊണ്ടാണ് പൂർത്തിയായതെങ്കിൽ പുതിയ നിയമം വെറും അമ്പതുവർഷം കൊണ്ടു പൂർത്തിയായി. പുതിയനിയമ ഗ്രന്ഥങ്ങളിൽ ആദ്യം എഴുതപ്പെട്ടവ വിശുദ്ധ പൗലൊസിന്റെ ലേഖനങ്ങളാണ്. അവയുടെ രചനാകാലം എ.ഡി. 48-66 ആണ്. നാലു സുവിശേഷങ്ങളും എ.ഡി.56-നും 100-നും മദ്ധ്യേ രചിക്കപ്പെട്ടു. ദൈവകല്പനയാൽ നാല്പതോളം പേർ പരിശുദ്ധാത്മ നിയോഗം പ്രാപിച്ചു രേഖപ്പെടുത്തിയതത്ര തിരുവെഴുത്തുകൾ. എഴുത്തുകാർ വിഭിന്നരും വ്യത്യസ്ത ചുറ്റുപാടു കളിൽ വിവിധ നിലകളിൽ കഴിഞ്ഞവരുമായിരുന്നു. ദാവീദും ശലോമോനും രാജാക്കന്മാരായിരുന്നു. ദാനീയലും നെഹെമ്യാവും ഭരണ തന്ത്രജ്ഞന്മാരായിരുന്നു. എസ്രായെപ്പോലുളള പുരോഹിതന്മാർ എഴുത്തുകാരുടെ പട്ടികയിലുണ്ട്. മിസ്രയീമിലെ സകലജ്ഞാനവും അഭ്യസിച്ചവനാണ് മോശെ. ന്യായപ്രമാണത്തിൽ അവഗാഹം നേടിയ വ്യക്തിയാണ് പതിമൂന്നു ലേഖനങ്ങളുടെ കർത്താവായ പൗലൊസ് അപ്പൊസ്തലൻ. ആദ്യമായി പ്രവചനം എഴുതി സൂക്ഷിച്ച പ്രവാചകനായ ആമോസ് ആട്ടിടയനായിരുന്നു. മത്തായി ചുങ്കക്കാരനും, പത്രൊസ്, യാക്കോബ്, യോഹന്നാൻ എന്നിവർ അനഭ്യസ്തരായ മീൻപിടിത്തക്കാരും ആണ്. വൈദ്യനായ ലൂക്കൊസാണ് പ്രസ്തുത നാമത്തിലുള്ള സുവിശേഷത്തിന്റെയും അപ്പൊസ്തല പ്രവൃത്തികളുടെയും കർത്താവ്. യോശുവ വീരനും വിശ്വസ്തനുമായ സർവ്വസൈന്യാധിപനായിരുന്നു. ശമൂവേൽ ന്യായാധിപനും പ്രവാചകനും പുരോഹിതനുമായിരുന്നു. യെശയ്യാവ്, യിരെമ്യാവ്, യെഹെസ്ക്കേൽ തുടങ്ങിയവർ ധീരന്മാരായ പ്രവാചകന്മാരത്രേ. കൊട്ടാരം മുതൽ കുടിൽ വരെ വ്യത്യസ്ത തലങ്ങളിലും നിലകളിലും ഉള്ളവർ വിശുദ്ധഗ്രന്ഥത്തിന്റെ എഴുത്തുകാരുടെ പട്ടികയിലുണ്ട്. അവർ എല്ലാവരിലും വ്യാപിച്ചിരുന്നത് ദൈവത്തിന്റെ ആത്മാവും, അവർ രേഖപ്പെടുത്തിയതു ദൈവത്തിന്റെ അരുളപ്പാടുമായിരുന്നു. പുതിയനിയമ എഴുത്തുകാരിൽ മത്തായി, യോഹനാൻ, പത്രൊസ്, പൗലൊസ് എന്നിവർ അപ്പൊസ്തലന്മാരായിരുന്നു; മർക്കൊസും ലൂക്കൊസും അപ്പൊസ്തലന്മാരുടെ കൂട്ടാളികളും. യാക്കോബും യൂദയും യേശുവിന്റെ സഹോദരന്മാരത്രേ. സീനായി മരുഭൂമിയും അറേബ്യയിലെ കുന്നുകളും പലസ്തീനിലെ മലകളും പട്ടണങ്ങളും ദൈവാലയത്തിന്റെ പ്രാകാരവും പേർഷ്യയുടെ തലസ്ഥാനമായ ശുശനും, ബാബിലോണിലെ കേബാർ നദീതടവും റോമിലെ കൽത്തുറുങ്കുകളും ഏകാന്തമായ പത്മൊസ് ദ്വീപും ഒക്കെയായിരുന്നു തിരുവെഴുത്തുകളുടെ ഈറ്റില്ലം. വ്യത്യസ്തങ്ങളായ പരിതഃസ്ഥിതിയിലും വിദ്യാഭ്യാസ സാംസ്കാരിക പശ്ചാത്തലങ്ങളിലും ഇരുന്നു എഴുതിയ ഈ 66 ഗ്രന്ഥങ്ങള്‍ക്കും അത്യത്ഭുതകരമായ ആശയപൊരുത്തമാണുള്ളത്.

പേരുകൾ: തിരുവെഴുത്തുകളെ കുറിക്കുന്ന പല പേരുകൾ ബൈബിളിൽ തന്നെ കൊടുത്തിട്ടുണ്ട്. എന്നാൽ അവയിൽ ഒന്നും തന്നെ തിരുവെഴുത്തുകളെ പൂർണ്ണമായും ഉൾക്കൊളളുന്നില്ല. തിരുവെഴുത്തുകൾ: ബൈബിളിനു സമാനമായ പ്രയോഗമാണ് എഴുത്തുകൾ അഥവാ തിരുവെഴുത്തുകൾ. പുതിയനിയമത്തിലെ ഈ പ്രയോഗം പഴയനിയമ രേഖകളെ പൂർണ്ണമായോ ഭാഗികമായോ വിവക്ഷിക്കുന്നു. മത്തായി 21:42-ൽ യേശു അവരോടു ‘എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ  ഒരിക്കലും വായിച്ചിട്ടില്ലയോ?’ എന്നു ചോദിച്ചു. ഇതിനു സമാന്തരമായ മർക്കൊസ് 12:11-ൽ ഉദ്ധ്യതഭാഗത്തെ മാത്രം പരാമർശിച്ചു കൊണ്ടു ഏകവചനം പ്രയോഗിച്ചിട്ടുള്ളത് ശ്രദ്ധാർഹമാണ്. ‘എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ?’ 1തിമൊഥെയൊസ് 3:14-ൽ ‘തിരുവെഴുത്തുകൾ’ എന്നും 2തിമൊഥെയൊസ് 3:16-ൽ ‘എല്ലാ തിരുവെഴുത്തും ദൈവശ്വാസീയം’ എന്നും ഉണ്ട്. 2പത്രൊസ് 3:16-ൽ പൗലൊസിന്റെ സകല ലേഖനങ്ങളെയും ശേഷം തിരു വെഴുത്തുകളോടൊപ്പം ചേർത്തിരിക്കുന്നു. ഇവിടെ ‘ശേഷം തിരുവെഴുത്തു’കളിൽ പഴയനിയമ എഴുത്തുകളും സുവിശേഷങ്ങളും ഉൾപ്പെടുന്നു. ബൈബിളിനെ കുറിക്കുന്ന ചില പേരുകൾ ചുവടെ ചേർക്കുന്നു:

1. ന്യായപ്രമാണ പുസ്തകങ്ങൾ: നെഹെ, 8:3.

2. യഹോവയുടെ ന്യായപ്രമാണം: സങ്കീ, 1:2.

3. പുസ്തകച്ചുരുൾ: സങ്കീ, 40:7.

4. യഹോവയുടെ പുസ്തകം: യെശ, 34:16.

5. പുസ്തകങ്ങൾ: ദാനീ, 9:2.

6. സത്യഗ്രന്ഥം: ദാനീ, 10:21.

7. ന്യായപ്രമാണവും,പ്രവാചകന്മാരും: മത്താ, 5:17.

8. ദൈവവചനം: മത്താ, 15:16.

9. ദൈവകല്പന: മർക്കൊ, 7:13.

10. തിരുവെഴുത്ത്: മർക്കൊ, 15:28.

11. തിരുവെഴുത്തുകൾ: ലൂക്കൊ, 24:27.

12. ന്യായപ്രമാണം പ്രവാചകന്മാർ സങ്കീർത്തനങൾ: ലൂക്കൊ, 24:44.

13. ജീവനുള്ള അരുളപ്പാടുകൾ: പ്രവൃ, 7:38.

14. വിശുദ്ധരേഖ: റോമ, 1:2.

15. ദൈവത്തിൻ്റെ അരുളപ്പാടുകൾ: റോമ, 3:2.

16. വാഗ്ദത്തങൾ: റോമ, 9:4.

17. വിശ്വാസവചനം: റോമ, 10:8.

18. പഴയനിയമം: 2കൊരി, 3:14.

19. മോശെയുടെ പുസ്തകം: 2കൊരി, 3:15.

20. ആത്മാവിൻ്റെ വാൾ: എഫെ, 6:17.

21. ജീവൻ്റെ വചനം: ഫിലി, 2:16.

22. ക്രിസ്തുവിൻ്റെ വചനം: കൊലൊ, 3:16.

23. കർത്താവിൻ്റെ വചനം: 2തെസ്സ, 3:1.

24. സത്യവചനം: 2തിമൊ, 2:15.

25. നീതിയുടെ വചനം: എബ്രാ, 5:13.

26. ഒന്നും രണ്ടും നിയമം: എബ്രാ, 8:7.

27. പുതിയനിയമം: എബ്രാ, 12:24.

മൂലഭാഷകൾ: രണ്ടു ചെറിയ ഖണ്ഡങ്ങൾ ഒഴികെ പഴയനിയമം മുഴുവൻ എബ്രായയിലും പുതിയനിയമം മുഴുവൻ ഗ്രീക്കിലുമാണ് എഴുതപ്പെട്ടത്. ന്യായപ്രമാണ പുസ്തകങ്ങളിൽ ഒരു സ്ഥലനാമവും (ഉല്പ, 31:47), പ്രവാചക പുസ്തകങ്ങളിൽ ഒരു വാക്യവും (യിരെ, 10:11), എഴുത്തുകളിൽ (കെത്തുവീം) രണ്ടു പ്രധാനഭാഗങ്ങളും (ദാനീ, 2:4-7:28, എസ്രാ, 4:8-6:18, 7:12-26) അരാമ്യ ഭാഷയിലാണ്. യേശു ക്രിസ്തുവും അപ്പൊസ്തലന്മാരും സംസാരിച്ചത്. അരാമ്യ ഭാഷയായിരുന്നു. അമ്പതോളം അരാമ്യപദങ്ങൾ ഗ്രീക്കിന്റെ രൂപത്തിൽ പുതിയനിയമത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘തലീഥാ കൂമീ’ (മർക്കൊ, 5:41), ‘എഫഥാ’ (മർക്കൊ, 7:34) ‘എലോഹീ എലോഹീ ലമ്മാ ശബജ്ഞാനീ’ (മർക്കൊ, 15:34) എന്നീ വാക്യശകലങ്ങൾ ക്രിസ്തുവിന്റെ അധരങ്ങളിൽ നിന്നടർന്നു വീണവയാണ്. പുതിയനിയമം എഴുതപ്പെട്ടത് ഗ്രീക്കിലാണ്. ഒരന്തർദേശീയ ഭാഷ എന്ന ബഹുമതി ഗ്രീക്കു നേടിയിരുന്നു. പഴയനിയമം പ്രധാനമായും ഒരു ജാതിക്കു വേണ്ടിയുള്ള വെളിപ്പാടാകയാൽ അതു അവരുടെ ഭാഷയായ എബ്രായയിൽ എഴുതപ്പെട്ടു. എന്നാൽ ക്രിസ്തുവിലൂടെയുള്ള പൂർണ്ണമായ വെളിപ്പാടു സകല ജാതികൾക്കും (ലൂക്കൊ, 2:31) വേണ്ടിയുള്ളതാകയാലും, അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരുശലേമിൽ തുടങ്ങി സകല ജാതികളിലും പ്രസംഗിക്കുകയും വേണ്ടതാകയാലും (ലൂക്കൊ, 24:47), ക്രിസ്തുവിന്റെ രക്തതതിലുടെ സ്ഥാപിക്കപ്പെട്ട പുതിയ നിയമം അന്നത്തെ അന്തർദേശീയ ഭാഷയായ ഗ്രീക്കിലെഴുതി. പുതിയനിയമ ഗ്രീക്ക് ‘കൊയ്നീ’യാണ്; അഥവാ നാടോടിഭാഷ. മറ്റുഭാഷകളുടെ സ്വാധീനവും ബൈബിളിൽ ദൃശ്യമാണ്. സാപ്നത്ത്പനേഹ് (ഉല്പ, 41:45), അബ്രേക് എന്നിവ ഈജിപ്ഷ്യൻ ഭാഷാപദങ്ങളാണ്. ബേല്ത്ത്-ശസ്സർ, തർത്ഥാൻ, രാബ്സാരീസ്, റാബ്ശാക്കേ (ദാനീ, 1:7, 2രാജാ, 18:17) എന്നിവ ബാബിലോന്യ അസ്സീറിയൻ പദങ്ങളാണ്. ബൈബിളിലെ സ്ഥലനാമങ്ങൾ പലഭാഷകളിൽ നിന്നു ള്ളവയാണ്. അനേകം സ്ഥലനാമങ്ങളുടെ നിഷ്പത്തി ഇന്നും അജ്ഞാതമാണ്.

ബൈബിള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട വിധം: നിയമം എന്നാ വാക്കിന് ഗ്രിക്കില്‍ ‘DIATHEKE’ എന്നും ലത്തീനില ‘TESTAMENTUM’ എന്നും ഉപയോഗിച്ചുപോന്നു. അതിന് ഉടമ്പടി എന്നാണ് അര്‍ത്ഥം. ദൈവവും മനുഷ്യനുമായുള്ള ഉടമ്പടിയാണു  വേദപുസ്തകം എന്നതിനാലാണു ‘Testament’ എന്ന പദം ഇംഗ്ലീഷുകാര്‍ സ്വികരിച്ചിരിക്കുന്നത്.

പഴയനിയമം: ജോസീഫസ് എ.ഡി. ഒന്നാംനൂറ്റാണ്ടില്‍ യെഹൂദ ചരിത്രം വിശദമായി രേഖപ്പെടുത്തുമ്പോള്‍, പഴയനിത്തിന്റെ കൂട്ടിചേര്‍ക്കല്‍ തുടങ്ങിയത് എസ്രാ ശാസ്ത്രിയാണെന്നു പറഞ്ഞിരിക്കുന്നു. ദൈവാലയത്തിലും രാജകിയ സദസ്സുകളിലും ലൈബ്രറികളിലും സൂക്ഷിച്ചിരുന്ന കയ്യെഴുത്തു പ്രതികളായിരുന്നു ഇവ എന്നു താന്‍ പറയുന്നു.

പുരാതന കയ്യെഴുത്തുപ്രതികളില്‍ സീനായ്റ്റിക്‌, അലക്സാണ്ട്രിയ എന്നീ പേരുകളില്‍ അറിയപ്പെടുന്നവ ഇപ്പോള്‍  ബ്രിട്ടീഷ് മ്യുസിയത്തിലും, മറ്റൊന്ന്‍ വത്തിക്കാനിലും സുക്ഷിച്ചിരിക്കുന്നു. 1947-ല്‍ കണ്ടെത്തിയ ചാവുകടല്‍ ചുരുളുകളുമായി ഇവയ്ക്ക് യാതൊരു വ്യത്യാസവും ഇല്ല. പഴയനിയമം എബ്രായ ഭാഷയിലാണ് എഴുതപ്പെട്ടത്.

പുതിയനിയമം: അപ്പോസ്തലന്മാര്‍ എഴുതിയ ലേഖനങ്ങളും സുവിശേഷങ്ങളും ആദിമ സഭകള്‍ പരസ്പരം കൈമാറിയും കൈയെഴുത്തു പ്രതികള്‍ കൂടുതല്‍ എടുത്തും പ്രചരിപ്പിച്ചുപോന്നു. അവയില്‍ പലതും പിന്നിട് കണ്ടുകിട്ടിയിട്ടുണ്ട്. അവയ്ക്ക് ഇന്നു നാം ഉപയോഗിക്കുന്ന പുതിയനിയമവുമായി വ്യത്യാസമൊന്നുമില്ല. ഗ്രീക്കു ഭാഷയിലാണ് പുതിയനിയമം എഴുതപ്പെട്ടത്. പഴയനിയമവും പുതിയനിയമവും അവ എഴുതിയ കാലക്രമത്തിലല്ല കൂട്ടിച്ചേര്‍ത്തിരിക്കുന്നത്, വിഷയാടിസ്ഥാനത്തിലാണ്.

ചാവുകടല്‍ ചുരുളുകൾ: 1947, 48 വര്‍ഷങ്ങളില്‍ യിസ്രായേലിലെ ചാവുകടല്‍ തീരത്തുള്ള മസാദമലമുകളിലെ ‘കുമ്രാന്‍’ എന്ന സ്ഥലത്തെ പതിനൊന്നു ഗുഹകളില്‍ നിന്നായി പഴയനിയമം മുഴുവനായും ലഭിച്ചു. എബ്രായഭാഷയില്‍ തുകലില്‍ എഴുതി ചുരുളുകളായി സുക്ഷിചിരുന്നവയായിരുന്നു അവ. ഏതാനും പുസ്തകങ്ങളുടെ ഗ്രീക്കു തര്‍ജ്ജമയും ഇക്കുട്ടത്തിലുണ്ട്. ബി.സി. 60 കാലഘട്ടത്തിലെ യെഹൂദ വംശത്തെ റോമന്‍ ഭരണകൂടം കൂട്ടകൊല ചെയ്തപ്പോള്‍  മസാദ മലയിലെ ഗുഹകളില്‍ അവര്‍ ഒളിപ്പിച്ചു സുക്ഷിച്ചു വച്ചിരുന്ന ഇവ, ചാവുകടല്‍ ചുരുളുകള്‍ എന്ന പേരില്‍ ഇന്ന്‍ അറിയപ്പെടുന്നു.

ബൈബിള്‍ ദൈവശ്വാസീയമാണ് എന്നുള്ളതിനു ചില ന്യായങ്ങൾ: എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാണ് (2തിമൊ 3:16) എന്നു പൗലോസ്‌ അപ്പോസ്തോലന്‍ എഴുതിയിരിക്കുന്നു. ‘ദൈവശ്വാസീയം’ എന്നു പറഞ്ഞാല്‍ ദൈവത്തിന്റെ ശ്വാസത്താല്‍ ഉളവായത് എന്നാണര്‍ത്ഥം. വേദപുസ്തക എഴുത്തുകാര്‍ ദൈവശ്വാസമാകുന്ന പരിശുദ്ധാത്മാവില്‍ നിറഞ്ഞാണു ദൈവവചനം രേഖപ്പെടുത്തിയിരിക്കുന്നത് എന്നു സാരം. (2പത്രൊസ് 1:21).

ഈ മഹത്ഗ്രന്ഥത്തിന് ആദിയോടന്തം വൈരുദ്ധ്യങ്ങളില്ലാതെ പഴയനിയമം യേശുക്രിസ്തുവിനു നിഴലായും പുതിയനിയമം അതിന്റെ പൊരുളായും നിലകൊള്ളുന്നു.

‘യഹോവ ഇപ്രകാരം അരുളിചെയ്യുന്നു’ എന്നു ബൈബിളില്‍ രണ്ടായിരത്തിലധികം പ്രാവശ്യം പറഞ്ഞിരിക്കുന്നു.

ബൈബിളിന്റെ അത്ഭുതകരമായ ഉള്ളടക്കം അതു ദൈവവചനമാണെന്ന് തെളിയിക്കുന്നു.

ബൈബിളിലെ 66 ഗ്രന്ഥങ്ങള്‍മുള്ള ആശയപ്പൊരുത്തം അതു ദൈവവചനം ആണെന്നുള്ളത്തിന്റെ വ്യക്തമായ തെളിവാണ്.

നിവര്‍ത്തിയായ പ്രവചനങ്ങള്‍ വേദപുസ്തകത്തിന്റെ ദൈവനിശ്വസ്തതക്ക് അനിഷേധ്യമായ തെളിവാണ്. പല പ്രവചനങ്ങളും പ്രവാചകന്മാരുടെ കാലശേഷമാണ് നിറവേറിയത്. ആകയാല്‍ പ്രവചനങ്ങളില്‍ യാതൊരു സ്വാധീനവും ചെലുത്തുവാന്‍ പ്രവാചകന്മാര്‍ക്കു കഴിയുമായിരുന്നില്ല. യെഹൂദജാതിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ മാത്രം മതി ബൈബിളിന്‍റെ സത്യസന്ധത തെളിയിക്കാന്‍.

വളരെ സ്വാധീനശക്തിയുള്ള അനേകം മതമേധാവികളും ഭരണാധികാരികളും ഈ പുസ്തകത്തെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റുവാന്‍ കഠിനപ്രയത്നം ചെയ്തിട്ടും, ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഗ്രന്ഥമായി ബൈബിള്‍ ഇന്നും നിലനില്‍ക്കുന്നു.

ദൈവീകസത്യങ്ങള്‍ മനുഷ്യര്‍ക്കു നല്‍കുന്നതില്‍ വ്യാപരിച്ച ആത്മാവിന്‍റെ വ്യാപാരശക്തിക്കു വെളിപ്പാട് എന്നു പറയുന്നു. വെളിപ്പെടുത്തപ്പെട്ട ദൈവീക സത്യങ്ങള്‍ തെറ്റുകൂടാതെ മാനുഷിക ഭാഷയില്‍ പ്രകാശിപ്പിക്കുവാന്‍ വേദപുസ്തക എഴുത്തുകാരില്‍ വ്യാപരിച്ച ആത്മാവിന്റെ വ്യാപാരശക്തിക്ക്‌ ദൈവനിശ്വസ്തത എന്നു പറയുന്നു. വേദപുസ്തകത്തിലെ ആഴമേറിയ സത്യങ്ങള്‍ ഗ്രഹിക്കണമെങ്കില്‍ ദൈവാത്മാവിന്റെ പ്രകാശനം ഉണ്ടായേ മതിയാകൂ.

വേദപുസ്തക കാനോൻ: കാനോന്‍ എന്ന വാക്കിന് അളവുകോല്‍ എന്നാണര്‍ത്ഥം. ഏതെങ്കിലും വസ്തുതയെ പരിശോധിക്കുന്നതിനുള്ള മാനദണ്ഡം അഥവാ പ്രമാണം എന്ന അര്‍ത്ഥത്തിലും ഈ പദം ഉപയോഗിക്കാറുണ്ട്‌. വേദപുസ്തക ഗ്രന്ഥങ്ങള്‍ അംഗികാരിക്കുവാനുള്ള മാനദണ്ഡത്തെ വേദപുസ്തക കാനോന്‍ എന്നു പറയുന്നു.

പഴയനിയമ കാനോൻ: ബാബേല്‍ പ്രവാസത്തിനു ശേഷം എസ്രാ ശാസ്ത്രിയാണു പഴയനിയമ ഗ്രന്ഥങ്ങളെ കുട്ടിച്ചേര്‍ത്തത് എന്നു വിശ്വാസിച്ചുപോരുന്നു. യെഹൂദ ചരിത്രകാരനായ ജോസീഫസിന്റെ എഴുത്തുകളില്‍ ഇന്നത്തെ 39 പഴയനിയമ പുസ്തകങ്ങളെ 22 ആയിട്ടാണ് പറഞ്ഞിരിക്കുന്നത്. (സെപ്റ്റുവജിന്റ് ഭാഷാന്തരക്കാരാണ് ഇന്നത്തെ നിലയിൽ 39 ആയി ക്രമീകരിച്ചത്).

അപ്പോക്രിഫ ഗ്രന്ഥങ്ങൾ: അപ്പോക്രിഫ എന്ന വാക്കിന് ‘മറഞ്ഞിരിക്കുന്നത്’ എന്നര്‍ത്ഥം. ബൈബിള്‍ ലത്തീന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ജെറോം, കാനോനികങ്ങളല്ലാത്ത ഗ്രന്ഥങ്ങള്‍ക്ക് ഈ പേരു നല്‍കി. ബി.സി. 200 മുതല്‍ എ. ഡി. 70 വരെയുള്ള കാലഘട്ടത്തിലാണ് അപ്പോക്രീഫ ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടത്. ഇതില്‍ പലതിന്റെയും ഗ്രന്ഥകര്‍ത്താക്കള്‍ ആരാണെന്നു വ്യക്തമല്ല. അപ്പോക്രീഫ എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രന്ഥങ്ങളെ റോമന്‍ കത്തോലിക്കാസഭ എ.ഡി. 1546-ലെ ട്രെന്റ് സുന്നഹദോസില്‍ ആലോചനാവിഷയമാക്കി. പിന്നിട് അവയില്‍ ചിലത്‌ ബൈബിളിനോട് കൂട്ടിചേര്‍ക്കയും ചെയ്തു.

പഴയനിയമ അപ്പൊക്രിഫ

1. 1,2 എസ്രാ

2. 1,2,3,4 മക്കാബ്യർ 

3. ശലമോന്റെ വിജ്ഞാനം 

4. എക്ലിസിയാസ്റ്റിക്കസ് (സിറക്കിന്റെ പുത്രനായ യേശുവിന്റെ ജ്ഞാനം) 

5. തോബിത്ത് 

6. ജൂഡിത്ത് 

7. ബാരൂക്ക് (യിരമ്യാവിന്റെ എഴുത്തുൾപ്പെടെ) 

8. അസരിയാവിന്റെ പ്രാർത്ഥനയും മൂന്നു ബാലന്മാരുടെ ഗാനവും 

9. സൂസന്ന 

10. ബേലും സർപ്പവും  

11. മനശ്ശെയുടെ പ്രാർത്ഥന 

12. എസ്ഥേറിന്റെ പരിശിഷ്ടം 

13. ജൂബിലികളുടെ പുസ്തകം 

14. ആദാമിന്റെയും ഹവ്വായുടെയും ചരിത്രം 

15. ആദാം മുതൽ ക്രിസ്തുവരെ ചരിത്രം 

16. സുറിയാനി ഖജനാവ് 

17. ആദാമിന്റെ വെളിപ്പാട് 

18. മോശയുടെ വെളിപ്പാട്  

പുതിയനിയമ അപ്പോക്രിഫ 

1. എബ്രായർക്കെഴുതിയ സുവിശേഷം 

2. എബിയോന്യ സുവിശേഷം 

3. ഈജിപ്റ്റുകാരുടെ സുവിശേഷം 

4. തോമസ്സിന്റെ സുവിശേഷം 

5. പത്രാസിന്റെ സുവിശേഷം  

6. നിക്കൊദെമൊസിന്റെ സുവിശേഷം

7. യാക്കോബിന്റെ പ്രാരംഭ സുവിശേഷം 

8. ഫിലിപ്പോസിന്റെ സുവിശേഷം 

9. തോമാസിന്റെ സുവിശേഷം 

10. യേശുവിന്റെ ശൈശവത്തെക്കുറിച്ചുള്ള അറബി സുവിശേഷം 

11. തച്ചനായ യോസേഫിന്റെ ചരിത്രം 

12. സത്യസുവിശേഷം 

13. ശൈശവത്തെക്കുറിച്ചുള്ള അർമീനിയൻ സുവിശേഷം 

14. കന്യകയുടെ സ്വർഗ്ഗാരോഹണം  

15. ബർത്തലോമായിയുടെ സുവിശേഷം 

16. ബാസിലിദസിന്റെ സുവിശാഷം  

17. മാർസിയന്റെ സുവിശേഷം 

18. മറിയയുടെ ജനന സുവിശേഷം  

19. മത്ഥ്യാസിന്റെ സുവിശേഷം 

20. നസറേന്യരുടെ സുവിശേഷം 

21. വ്യാജ മത്തായി സുവിശേഷം 

22. ബർന്നബാസിന്റെ സുവിശേഷം  

23. അന്ത്രയാസിന്റെ സുവിശേഷം  

24. ചെറിന്തൂസിന്റെ സുവിശേഷം

25. ഹവ്വായുടെ സുവിശേഷം 

26. മറിയയുടെ വേർപാടിനെക്കുറിച്ചുള്ള യോഹന്നാന്റെ വിവരണം 

27. ഇസ്കര്യോത്താ യൂദയുടെ സുവിശേഷം

28. ലുഷ്യസിന്റെയും ഹെസിഖ്യാസിന്റെയും സുവിശേഷം 

29. സമ്പൂർണ്ണതയുടെ സുവിശേഷം 30. താസ്യന്റെ സുവിശേഷം 

31. തദ്ദായിയുടെ സുവിശേഷം 

32. അപ്പെല്ലസിന്റെ സുവിശേഷം 

33. അപ്പോക്രിഫാ നടപടികൾ 

34. യോഹന്നാന്റെ നടപടി 

35. പൗലൊസിന്റെ നടപടി 

36. a പൗലൊസിന്റെയും തെക്ലായുടെയും നടപടി 

b. കൊരിന്ത്യ സഭയുമായുള്ള കത്തിടപാടുകൾ  

c. പൌലൊസിന്റെ രക്തസാക്ഷിത്വം 

37. അന്ത്രയാസിന്റെ നടപടി 

38. കൊരിന്ത്യർക്കുള്ള മൂന്നാം ലേഖനം 

39. അപ്പൊസ്തലന്മാരുടെ കത്തുകൾ 

40. പൗലൊസും സെനക്കയും തമ്മിലുള്ള കത്തിടപാടുകൾ 

41. ലവോദിക്കർക്കുള്ള ലേഖനം 

42. പത്രോസിന്റെ വെളിപ്പാട് 

43. പൌലൊസിന്റെ വെളിപ്പാട്.

1236-ല്‍ കാര്‍ഡിനല്‍ ഹ്യുഗോ വേദപുസ്തകത്തെ അധ്യായങ്ങളായി തിരിച്ചു. ഓരോ വേദഭാഗങ്ങളും കണ്ടുപിടിക്കുവാന്‍ ഈ വിഭജനങ്ങള്‍ സഹായമായിത്തീര്‍ന്നു.

യെഹൂദന്മാര അപ്പോക്രീഫ ഇല്ലാത്ത പഴയനിയമം മാത്രമാണ് ദൈവവചനമായി അംഗീകരിക്കുന്നത്.

ബൈബിളിന്റെ ചില പരിഭാഷകൾ: 

സെപ്റ്റുവജിന്റ്: ഗ്രീക്ക് പരിഭാഷ

മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഈജ്ജിപ്റ്റ് കീഴടക്കി അലക്‌സാണ്ട്രിയ എന്ന ഒരു വലിയ നഗരം ഈജ്ജിപ്തിന്റെ വടക്കുപടിഞ്ഞാറ് മെഡിറ്ററേനിയന്‍ തീരത്ത് ബി.സി. 332-ല്‍ പണി കഴിപ്പിച്ചു. അവിടെ യവനന്മാരെയും അനവധി യെഹുദന്മാരെയും കുടിയിരുത്തി. പിന്നിട് അത് യെഹൂദന്മാരുടെ ഒരു സിരാകേന്ദ്രമായി തീര്‍ന്നു. അവിടുത്തെ ഭാഷ ഗ്രീക്കായും പരിണമിച്ചു.

ബി.സി 285 മുതല്‍ 247 വരെ ഈജ്ജിപ്റ്റ് ഭരിച്ചിരുന്ന ടോളമി ഫിലാദെല്‍ഫസ് തന്റെ വലിയ ലൈബ്രറിയില്‍ എല്ലാ മതഗ്രന്ഥങ്ങളുടെയും പകര്‍പ്പ് വേണമെന്ന്‍ തീരുമാനിച്ചപ്പോള്‍ യഹൂദന്മരുടെ മതഗ്രന്ഥത്തിന്റെതു ഇല്ലാതിരുന്നതിനാല്‍ യെരുശലേമിലെക്ക് ആളയച്ചു. എന്നാല്‍ ഗ്രീക്ക്‌ തര്‍ജ്ജമ ഇല്ലാതിരുന്നതിനാല്‍ ടോളമിയുടെ താല്‍പര്യപ്രകാരം മഹാപുരോഹിതനായ എലെയാസാര്‍ എഴുപത്തിരണ്ട് എബ്രായഗ്രീക്ക് പണ്ഡിതന്മാരെയും കൊണ്ട് അലക്‌സാണ്ട്രിയായിലെത്തി. അവരില്‍ 70 പേര്‍ ചേര്‍ന്ന് 70 ദിവസം കൊണ്ട് മോശയുടെ ന്യായപ്രമാണപുസ്ത്കം ബി. സി. 280-ല്‍ എബ്രായ ഭാഷയില്‍നിന്ന്‍ ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തുകയും അത് ഇന്നത്തെ നിലയില്‍ അഞ്ചാക്കി തിരിക്കുകയും ചെയ്തു. താമസംവിനാ പഴയനിയമത്തിന്റെ ശേഷിച്ച ഭാഗം കൂടെ പരിഭാഷപ്പെടുത്തുകയും മുപ്പത്തി ഒമ്പത് പുസ്തകങ്ങളായി തിരിച്ചു തുകല്‍ ചുരുളുകളാക്കുകയും ചെയ്തു. അതിന് ലത്തീന്‍ ഭാഷയില്‍ എഴുപതുകള്‍ എന്ന് അര്‍ത്ഥമുള്ള സെപ്റ്റുവജിന്റ് എന്ന പേര്‌ പിന്നീട് ഉണ്ടായി വന്നു. കര്‍ത്താവിന്റെ കാലത്തും തുടര്‍ന്ന്‍ ക്രിസ്ത്യാനികളും ഈ പരിഭാഷ ഉപയോഗിച്ചാണ് പഴയനിയമത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ എടുത്തിരുന്നത്. അതുകൊണ്ട് പിന്നീട് യെഹൂദന്മാര്‍ ഈ പരിഭാഷയെ വെറുത്തു.

എബ്രായ കയെഴുത്തും ഈ ഗ്രീക്ക്‌ പരിഭാഷയും തമ്മില്‍ ചില ഭാഗങ്ങളിലെല്ലാം അല്‍പം വ്യത്യാസം ഉണ്ട്. നമ്മുടെ ബൈബിളിലെ പുതിയനിയമത്തിലെ ഉദ്ധരണികള്‍ അപ്പൊസ്തലന്മാരും കര്‍ത്താവും ഈ ഗ്രീക്കു പരിഭാഷയില്‍ നിന്നുമാണ് എടുത്തിട്ടുള്ളത്‌. എന്നാല്‍ നാം ഉപയോഗിക്കുന്ന പഴയനിയമം എബ്രായ ഭാഷയില്‍നിന്നും നേരിട്ട് പരിഭാഷ ചെയ്തിട്ടുള്ളതാകയാല്‍ ചില ഉദ്ധരണികളില്‍ അല്പസ്വല്പം മാറ്റങ്ങള്‍ കാണാനാകും. ഉദാ: ആമോ, 9:11-12 <×> അപ്പോ, 15:16-18. യേശ, 53:7-8, <×> അപ്പോ. 8:32,33.

പെശിത്താ: എ.ഡി. രണ്ടാം ശതകത്തിന്റെ മദ്ധ്യഭാഗത്തുണ്ടായ സുറിയാനി തര്‍ജ്ജമയ്ക്കാണ്  ‘പെശിത്താ’ എന്നു പറയുന്നത്‌. ഇതു യാക്കോബായക്കാരുടെ ആദികരിക ബൈബിള്‍ ആണ്. പെശിത്താ എന്ന വാക്കിന് ലളിതം എന്നര്‍ത്ഥം.

വള്‍ഗേറ്റ്: ലത്തീനിലേക്കുള്ള ബൈബിള്‍ പരിഭാഷ എ.ഡി. രണ്ടാം ശതകത്തില്‍ തന്നെ ആരംഭിച്ചു. എന്നാല്‍ നാലാം നുറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ ജെറോം എന്ന വേദപണ്ഡിതന്‍ വേദപുസ്തകത്തിന്റെ മൂലഗ്രന്ഥങ്ങളുടെ സഹായത്തോടെ നിലവിലിരുന്ന ലത്തീന്‍ തര്‍ജ്ജമയെ പരിഷ്കരിച്ചു. ഈ ലത്തീന്‍ പരിഭാഷ ‘പ്രസിദ്ധമായത്’ എന്നര്‍ത്ഥമുള്ള ‘വള്‍ഗേറ്റ്’’ എന്ന പേരില്‍ അറിയപ്പെടുന്നു. റോമന്‍കത്തോലിക്കരുടെ ആധികാരിക ബൈബിളാണിത്.

ഇംഗ്ലീഷ്: എ.ഡി. 1382-ല്‍ ജോണ്‍ വിക്ലിഫ് എന്ന നവീകരണ കര്‍ത്താവ് ലത്തീനില്‍ നിന്നും ഇംഗ്ലീഷിലേക്കു ബൈബിള്‍ വിവര്‍ത്തനം ചെയ്തു. പക്ഷേ പോപ്പ് അദ്ദേഹത്തെ മുടക്കി. എന്നാല്‍ കര്‍ത്താവിനു വേണ്ടി ജ്വലിച്ചുനിന്ന വിക്ലിഫ് 1384-ല്‍ മരിച്ചു. 30 വര്‍ഷത്തിനുശേഷം പോപ്പിന്റെ കല്‍പ്പനയനുസരിച്ച് തന്റെ അസ്ഥികള്‍ കുഴിച്ചെടുത്ത് ദഹിപ്പിക്കുകയും ചാരം നദിയില്‍ ഒഴുക്കുകയും ചെയ്തു.

മൂലഭാഷയില്‍ നിന്നും ബൈബിള്‍ ഇംഗ്ലീഷിലേക്കു തര്‍ജ്ജമചെയ്യുവാനുള്ള  രണ്ടാമത്തെ പരിശ്രമം വില്യം ടിന്‍ഡലിന്റേതായിരുന്നു. എ.ഡി.1535-ല്‍ അദ്ദേഹം പുതിയനിയമം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത്‌ പ്രസിദ്ധീകരിച്ചു. പഴയനിയമ തര്‍ജ്ജമ പൂര്‍ത്തിയായില്ല. അദ്ദേഹത്തെ വോംസ് എന്ന സ്ഥലത്തുവച്ച് അധികാരികള്‍ പിടികൂടുകയും 1536-ല്‍ തൂക്കികൊന്ന് മൃതശരീരം ദഹിപ്പിച്ചുകളകയും ചെയ്തു.

ഇംഗ്ലണ്ടിലെ ജെയിംസ് രാജാവിന്റെ ആഭിമുഖ്യത്തിലുള്ള അധികൃത തര്‍ജ്ജമ (Authorized Version) 47 പണ്ഡിതന്‍മാര്‍ ചേര്‍ന്ന് 4 കൊല്ലം കൊണ്ട് എ.ഡി. 1611-ല്‍ പൂര്‍ത്തിയാക്കി. ഇതിന്‌ K.J.V. എന്നു പറയുന്നു. പിന്നിട് 52 ഇംഗ്ലീഷ്‌ പണ്ഡിതന്‍മാരും 36 അമേരിക്കന്‍ പണ്ഡിതന്‍മാരും കൂടിചേര്‍ന്ന്‌ 1898-ല്‍ പരിഷ്കരിച്ച ഇംഗ്ലീഷ്‌ ഭാഷാന്തരം (Revised Version) പൂര്‍ത്തീകരിച്ചു.

മലയാളം ബൈബിൾ: എ.ഡി. 1811-ല്‍ സെറാമ്പൂര്‍ കോളേജ് വൈസ് പ്രിന്‍സിപ്പലും സി.എം.എസ്. മിഷനറിയുമായിരുന്ന ക്ലോഡിയസ് ബുക്കാനന്‍ നാലു സുവിശേഷങ്ങളും അപ്പോസ്തല പ്രവര്‍ത്തികളും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. അതു ബോംബെയില്‍ കുറിയര്‍ പ്രസ്സില്‍ അച്ചടിക്കുവാന്‍ ഇടയായെങ്കിലും അന്നത്തെ തമിഴ് കലര്‍ന്ന മലയാളഭാഷയുടെ പോരായ്മകളും മറ്റു ചില കാരണങ്ങളും നിമിത്തം അതിന് കാര്യമായ പ്രചാരം ലഭിച്ചില്ല.

പിന്നീട് 1819-ല്‍ കോട്ടയത്തുവച്ച് റവ. ബെഞ്ചമിന്‍ ബെയിലി സ്വന്തമായി നിര്‍മ്മിച്ച പ്രസ്സിലാണ് മലയാളഭാഷയില്‍ ആദ്യമായി അച്ചുകള്‍ നിരന്നതും പുതിയ നിയമത്തിന്റെ ഏതാനും ഭാഗങ്ങള്‍ അച്ചടിക്കപ്പെട്ടതും. മലയാളത്തില്‍ ആദ്യമായി അച്ചടി നടന്നതു ബൈബിൾ ഭാഗങ്ങളാണന്ന്‍ അഭിമാനപൂര്‍വ്വം അവകാശപ്പെടാം. ലോകത്തില്‍ അനേകം ഭാഷകള്‍ക്കും അക്ഷരങ്ങള്‍ കണ്ടുപിടിച്ചതും അച്ചടിതന്നെയും ഉണ്ടായിവന്നതും ബൈബിളിനോട് ബന്ധപ്പെട്ടാണ്.

1829-ല്‍ റവ. ബെഞ്ചമിന്‍ ബെയിലി പുതിയനിയമത്തിന്റെ പരിഭാഷ ആരംഭിച്ചു. 1835-ല്‍ പൂര്‍ത്തികരിച്ചു. ആറുംവര്‍ഷങ്ങള്‍ക്കുശേഷം 1841-ല തന്റെംതന്നേ പരിശ്രമത്തില്‍ മുഴുമലയാളം ബൈബിള്‍ അച്ചടിച്ചു. ഈ വിവര്‍ത്തന യജ്ഞത്തില്‍ ബെയിലിയുടെ സഹായികളായിരുന്നത്, കൊച്ചിയില്‍ താമസിച്ചിരുന്ന എബ്രായഭാഷാ പണ്ഡിതന്‍ മോസസ് ഇസാര്‍ഫതി, സംസ്കൃത ഭാഷാപണ്ഡിതനായിരുന്ന വൈദ്യനാഥയ്യര്‍, ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ പണ്ഡിതനായിരുന്ന ചാത്തുമേനോന്‍ എന്നിവരായിരുന്നു.

1854-ല്‍ ഗുണ്ടര്‍ട്ട് എന്ന ജര്‍മ്മന്‍ മിഷനറി തലശ്ശേരിയില്‍ നിന്നും പുതിയ നിയമത്തിന്റെ മറ്റൊരു തര്‍ജ്ജമ പ്രസിദ്ധീകരിച്ചു. പിന്നിട് ബാസല്‍ മിഷന്റെ ചുമതലയില്‍ പഴയ നിയമത്തിന്റെ ചില ഭാഗങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലണ്ടന്‍ മിഷന്‍, ചര്‍ച്ച്മിഷന്‍, മാര്‍ത്തോമ്മാ, യാക്കോബായ, എന്നീ ക്രിസ്തീയ സഭാവിഭാഗങ്ങളുടെ പ്രാതിനിധ്യമുള്ള ഒരു കമ്മറ്റി, റവ. ജെ.എം. ഫ്രിറ്റ്സിന്റെ അധ്യക്ഷതയില്‍ ഡബ്ലിയു. ഡില്‍ഗര്‍, റവ. സ്റ്റീഫന്‍ ചന്ദ്രന്‍, ഡി. കോശി, കോവൂരച്ചന്‍, കിട്ടായി മേനോന്‍ എന്നിവരുടെ സഹകരണത്തോടെ പുതിയനിയമം 1889-ലും മുഴുബൈബിൾ 1911-ലും പ്രസിദ്ധികരിച്ചു. ഇതു മംഗലാപുരത്താണ് ആദ്യം അച്ചടിച്ചത്. ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന മലയാളം ബൈബിള്‍ ഇതാണ്.

1858-ല്‍ മാന്നാനം പ്രസ്സില്‍ നിന്നും സുറിയാനി ഭാഷയില്‍നിന്നും പുതിയനിയമത്തിന്റെ മലയാള വിവര്‍ത്തനം പുറത്തിറങ്ങി. 1981-ല്‍ കേരള കത്തോലിക്കര്‍ തങ്ങളുടെ P.O.C. ബൈബിള്‍ പ്രസിദ്ധീകരിച്ചു.

ഭാരതത്തിൽ ആദ്യമായി 1714-ൽ തമിഴ് ഭാഷയിലാണ് വേദപുസ്തകം ഭാഷാന്തരം ചെയ്യപ്പെട്ടത്. 1793-ൽ ബംഗാളി ഭാഷയിലും.

പാപിയായിത്തീര്‍ന്ന മനുഷ്യന്റെ വീണ്ടെടുപ്പിനായി ദൈവം ഒരുക്കിയ ഏക രക്ഷാമാര്‍ഗ്ഗം യേശുക്രിസ്തുവിന്റെ പ്രായശ്ചിത്ത മരണത്തിലൂടെ എന്നതാണ് പഴയ പുതിയ നിയമങ്ങളുടെ പൊതുവായ സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *