ബൈബിൾ കാലഗണനം
ബൈബിളിലെ കാലഗണനം അത്രയ്ക്ക് വൈഷമ്യമുള്ള ഒരു വിഷയമല്ല. യേശുക്രിസ്തുവിന്റെ ക്രൂശുമരണവും; ശൗൽ, ദാവീദ്, ശലോമോൻ തുടങ്ങിയവരുടെ ഭരണകാലവും, യെഹൂദായിസ്രായേൽ രാജാക്കന്മാരുടെ കാലവും, യിസ്രായേൽ ജനതയുടെ പ്രവാസകാലവും ചരിത്രത്തിലും ബൈബിളിലുമുണ്ട്. ആദാം മുതൽ യിസ്ഹാക്ക് വരെയുള്ളവർ അനന്തരഗാമിയെ ജനിപ്പിക്കുന്ന പ്രായവും, ന്യായാധിപന്മാരുടെ കാലവും ബൈബിളിലുണ്ട്. ഇതുരണ്ടും ചേർത്തുകൊണ്ട് കാലം കണക്കുകൂട്ടാൻ പ്രയാസമില്ല. എന്നാൽ ബൈബിൾ കാലഗണനം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് സൃഷ്ടിപ്പിന്റെ കാലമല്ല: ആദാമിനു വയസ്സ് തുടങ്ങിയ കാലം അഥവാ, പാപത്തിൽ വിണ കാലമാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. സൃഷ്ടിപ്പിന്റെ കാലം നാല്പതിലധികം പണ്ഡിതന്മാർ കണ്ടെത്തിയിട്ടുണ്ട്. [പണ്ഡിതന്മാരുടെ കണക്കുകൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക: സൃഷ്ടിപ്പിൻ്റെ കാലം]. അവർ എന്തു മനദണ്ഡമാണ് അതിനുപയോഗിച്ചതെന്ന് അറിയില്ല. എന്തായാലും, ഒരോരുത്തരുടേയും കണക്കുകൾ പരസ്പരവിരുദ്ധമാണ്. നിഷ്പാപയുഗം എത്ര വർഷമാണെന്ന് കണ്ടെത്താതെ ആദാമിനെ ദൈവം സൃഷ്ടിച്ചത് എപ്പോഴാണെന്ന് എങ്ങനെ കണ്ടത്താൻ കഴിയും? എന്ന ചോദ്യവും അവശേഷിക്കുന്നു.
നിഷ്പാപയുഗം: ദൈവം ആദാമിനെ സൃഷ്ടിച്ചതു മുതലാണ് കാലം കണക്കാക്കുന്നതെങ്കിൽ, ആദാം പാപിയായിട്ടാണ് സൃഷ്ടിക്കപ്പെട്ടതെന്നുവരും, അങ്ങനെ വരുമ്പോൾ സൃഷ്ടിതാവും പാപിയെന്നേവരു. അല്ലെങ്കിൽ, പരമപരിശുദ്ധനായ ദൈവത്തിന്റെ സൃഷ്ടിയായ ആദാമിൽ സൃഷ്ടിയിങ്കൽ പാപത്തിന്റെ ലാഞ്ചനപോലും ഉണ്ടാകാൻ പാടില്ല. അങ്ങനെവരുമ്പോൾ, ദൈവം ആദാമിനെ സൃഷ്ടിക്കുന്നതിനും ആദാം പാപം ചെയ്യുന്നതിനുമിടയിൽ ഒരു ഇടവേള ഉണ്ടായിട്ടുണ്ട്. അതിനെയാണ് നിഷ്പാപയുഗം അഥവാ, നിഷ്ക്കന്മഷയുഗം എന്നൊക്കെ പറയുന്നത്. സൃഷ്ടിയിങ്കൽ എല്ലാം ‘നല്ലതു, നല്ലതു’ എന്നുകണ്ട ദൈവം, തന്റെ സൃഷ്ടി പൂർത്തിയായ ശേഷം ”താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു’ എന്നാണ് എഴുതിയിരിക്കുന്നത്. (ഉല്പ, 1:31). അനന്തരം ദൈവകല്പന ലംഘിച്ച് പാപംചെയ്ത (2:17) മനുഷ്യനോടു കല്പിച്ചതോ: ”നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു.” (ഉല്പ, 3:17). ഈ വേദഭാഗങ്ങളിൽ നിന്ന് ആദാമിനൊരു നിഷ്പാപാവസ്ഥ ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. അതെത്ര വർഷമായിരുന്നു എന്നു കണ്ടെത്താൻ നിലവിൽ മാർഗ്ഗമൊന്നുമില്ല. കാരണം, കാലമില്ലാത്ത കാലത്താണ് ആദാമിനെ ദൈവം സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ മാനുഷിക കണക്കുകൾ പ്രായോഗികമല്ല. ഇനി ദൈവത്തിന്റെ കണക്കിലാണങ്കിൽ (സങ്കീ, 90:4) ആദാം ഒരുവർഷം നിഷ്പാപാവസ്ഥയിൽ ജീവിച്ചിരുന്നു എന്നു പറഞ്ഞാൽത്തന്നെ, അത് ഇരുപത്തൊന്നു ലക്ഷത്തി തൊണ്ണൂറ്റൊന്നായിരത്തി അഞ്ഞൂറു വർഷം (21,91,500 ) എന്നുവരും.
തൽമൂദിൽ പറഞ്ഞിരിക്കുന്നത്; ആദാമിന്റെ നിഷ്പാപാവസ്ഥ പന്ത്രണ്ട് മണിക്കൂറായിരുന്നു എന്നാണ്. അത് ചുവടെ ചേർക്കുന്നു: “ഒന്നാം മണിക്കൂറിൽ, പൊടി ശേഖരിച്ചു; രണ്ടാം മണിക്കൂറിൽ, ആകൃതിയില്ലാത്ത പിണ്ഡമാക്കി; മൂന്നാം മണിക്കൂറിൽ, അവയവങ്ങൾ രൂപപ്പെടുത്തി; നാലാം മണിക്കൂറിൽ, ആത്മാവ് അവനിൽ പകർന്നു; അഞ്ചാം മണിക്കൂറിൽ, അവൻ സ്വന്തം കാലിൽ എഴുന്നേറ്റു നിന്നു; ആറാം മണിക്കൂറിൽ, അവൻ ജീവികൾക്ക് പേരിട്ടു; ഏഴാം മണിക്കൂറിൽ, ഹവ്വായെ വിവാഹം ചെയ്തു; എട്ടാം മണിക്കൂറിൽ, അവർക്ക് രണ്ടു കുട്ടികൾ ജനിച്ചു; ഒമ്പതാം മണിക്കൂറിൽ, വൃക്ഷഫലം തിന്നരുതെന്ന് കല്പിച്ചു; പത്താം മണിക്കൂറിൽ, പാപം ചെയ്തു; പതിനൊന്നാം മണിക്കൂറിൽ, അവൻ ന്യായം വിധിക്കപ്പെട്ടു; പന്ത്രണ്ടാം മണിക്കൂറിൽ, ഏദനിൽ നിന്ന് പുറത്താക്കപ്പെട്ടു.” (Sanhedrin, 38b 3-7). തൽമൂദിന്റെ ഈ കണ്ടെത്തൽ ആർക്കും അംഗീകരിക്കാൻ കഴിയില്ല. കാരണം, ഈ കണക്ക് അതിൽത്തന്നെ തെറ്റാണ്. ആദാമിന്റെ പാപരഹിത അവസ്ഥ പന്ത്രണ്ട് മണിക്കൂർ എന്നു പറയുമ്പോൾത്തന്നെ, അഞ്ചാം മണിക്കൂറിൽ നിവർന്നുനിന്ന ആദാം പത്താം മണിക്കൂറിൽ പാപത്തിൽ വീഴുകയാണ്. തന്മൂലം ആദാമിന്റെ നിഷ്പാപാവസ്ഥ കേവലം അഞ്ചു മണിക്കൂർ മാത്രമാണ്. കൂടാതെ, ഏഴാം മണിക്കൂറിൽ വിവാഹം കഴിഞ്ഞ അവർക്ക്, എട്ടാം മണിക്കൂറിൽ രണ്ട് കുട്ടികൾ എങ്ങനെ ജനിക്കും? അത് ഏതു കണക്കിൽപ്പെടുത്തും; ദൈവത്തിന്റെ കണക്കിലോ, മനുഷ്യന്റെ കണക്കിലോ? യെഹൂദന്റെ ഈ കേവലം ആലങ്കാരികം മാത്രമാണ്.
ഇനി നമുക്കു ബൈബിൾ പിശോധിക്കാം: ആദ്യത്തെ അഞ്ചു ദിവസത്തെ സൃഷ്ടികളെ നോക്കി ‘നല്ലതു’ എന്നു കണ്ട ദൈവം, ആറാംദിവസം മനുഷ്യനെ സൃഷ്ടിച്ചശേഷം; ‘അതു എത്രയും നല്ലതു’ എന്നു കാണുകയാണ് ചെയ്തത്. “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.” (ഉല്പ, 1:31). ഉല്പത്തി ഒന്നാമദ്ധ്യായത്തിൽ ആറു ദിവസത്തെ ദൈവത്തിന്റെ സൃഷ്ടി എത്രയും ശുഭമായി പര്യവസാനിച്ചു എന്നു കാണാവുന്നതാണ്. രണ്ടാമദ്ധ്യായത്തിൽ കാണുന്നത്; തന്റെ പ്രവൃത്തികളൊക്കെ പൂർത്തിയാക്കി ചാരിതാർത്ഥ്യത്തോടെ വിശ്രമിക്കുകയും, ഏഴാം ദിവസത്തെ ശുദ്ധീകരിച്ചു അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തെയാണ്. (ഉല്പ, 2:1-3). യെഹൂദന്റെ സമയം ആരംഭിക്കുന്നത് വൈകിട്ട് ആറുമണി മുതലാണ്. തൽമൂദ്പ്രകാരം ആറാം ദിവസം വൈകുന്നേരം നാലു മണിക്ക് ആദാം പാപം ചെയ്തു. ഈ കണക്കെങ്ങനെ ശരിയാകും ? സൃഷ്ടിയുടെ മകുടമായി ആറാംദിവസം താൻ നിർമ്മിച്ച മനുഷ്യൻ മുഖാന്തരം തന്റെ സകല സൃഷ്ടികളും ശാപത്തിൻ കീഴിലാകുമ്പോൾ, അന്നേദിവസത്തെ എത്രയും നല്ലതെന്ന് ഏതു സ്രഷ്ടാവിന് പറയാൻ കഴിയും? സൃഷ്ടികളോട് ഉത്തരവാദിത്വവും കരുണയുമുള്ള ദൈവത്തിന് ഏഴാം ദിവസം സ്വസ്ഥനായിരിക്കാൻ സാധിക്കുമോ? ആ ദിവസത്തെ പിന്നെ എന്തിന് ശുദ്ധികരിച്ചനുഗ്രഹിക്കണം? തന്മൂലം, ഏഴാംദിവസത്തിനു ശേഷമാണ് ആദാം പാപത്തിൽ വീണതെന്നു സ്പഷ്ടം. കൂടാതെ, പാപംചെയ്ത് തോട്ടത്തിൽനിന്ന് പുറത്തായ ശേഷമാണ് അവർക്ക് മക്കൾ ജനിക്കുന്നതെന്നും ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ഉല്പ, 4:1,2). അതിനാൽ, യെഹൂദന്റെ കണക്കു തെറ്റാണെന്നു തെളിയുന്നു. തന്നെയുമല്ല, തൽമൂദ് ദൈവനിശ്വസ്ത ഗ്രന്ഥമല്ല. എസ്രായുടെ കാലം മുതൽ എ.ഡി. ആറാം നൂറ്റാണ്ടുവരെ ഉദ്ദേശം ആയിരം വർഷത്തിനിടയ്ക്ക് രൂപംകൊണ്ട വ്യഖ്യാനങ്ങളും ചട്ടങ്ങളും സുഭാഷിതങ്ങളുമാണ് അതിലുള്ളത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൻ; യെഹൂദന്മാരുടെ വർഷങ്ങളായുള്ള ജ്ഞാനവചനങ്ങളുടെ ശേഖരമാണ് തൽമൂദ്. എബ്രായ ബൈബിൾ പ്രകാരം തന്നെ ആദാമിന്റെ വീഴ്ച ബി.സി. 4200-ന് മുമ്പാണ്. എന്നിട്ടും അവർക്ക് ബി.സി.യിൽ 3760 വർഷമാണുള്ളത്. ഇതൊക്കെ പരിഗണിച്ചുകൊണ്ട് നിഷ്പാപ യുഗത്തെക്കുറിച്ചുള്ള അവരുടെ കണക്ക് നിരുപാധികം തള്ളിക്കളയാവുന്നതാണ്.
പൂർവ്വപിതാക്കന്മാരുടെ പ്രായം: പൂർവ്വപിതാക്കന്മാരുടെ ആകെ പ്രായവും, അനന്തരഗാമിയെ ജനിപ്പിക്കുന്ന പ്രായവും ബൈബിളിലുണ്ട്. അതുകൊണ്ട് കാലഗണനം എളുപ്പമാണ്. എന്നാൽ ദുർഗ്രഹമായ മറ്റൊരു വിഷയമുണ്ട്; എബ്രായ ബൈബിളിലും ഗ്രീക്ക് സെപ്റ്റജിന്റിലും ശമര്യൻ പഞ്ചഗ്രന്ഥത്തിലും വ്യത്യസ്ഥ കണക്കുകളാണ്. എബ്രായ ബൈബിൾ പ്രകാരം ആദാം മുതൽ യിസ്ഹാക്ക് വരെ തലമുറകളെ ജനിപ്പിച്ച പ്രായം 2106 വർഷവും , സെപ്റ്റ്വജിന്റ് പ്രകാരം 3572 വർഷവും, ശമര്യൻ പഞ്ചഗ്രന്ഥം പ്രകാരം 2507 വർഷവുമാണ്.
ആദം മുതൽ യിസ്ഹാക്ക് വരെ 22 പേർ അനന്തരഗാമിയെ ജനിപ്പിക്കുന്ന പ്രായവും, ശിഷ്ടായുസ്സും, ആകെ വയസ്സും പട്ടികയായി ചുവടെ ചേർക്കുന്നു
കാലനിർണ്ണയം: ബൈബിളിലും ചരിത്രത്തിലും വ്യക്തമായി തെളിവുള്ള കാലഗണനമാണ് ഇവിടെ പ്രതിപാദിക്കുന്നത്; ഊഹാപോഹങ്ങൾ അല്ല. എബ്രായയിലും, സെപ്റ്റ്വജിന്റിലും, ശമര്യൻ പഞ്ചഗ്രന്ഥത്തിലുമുള്ള വ്യത്യാസങ്ങൾ ഒഴിച്ചു നിർത്തിയാൽ ഏറ്റം കൃത്യതയുള്ള കണക്കാണിത്. സത്യവേദപുസ്തകവും, കെ.ജെ.വി, എൻ.ഐ.വി തുടങ്ങിയ ഇംഗ്ലീഷ് പരിഭാഷകളും എബ്രായ ബൈബിൾ അടിസ്ഥാനമാക്കി ഉള്ളതാണ്. എന്നാൽ കാലനിർണ്ണയം ഏറ്റവും കൃത്യമായി തോന്നുന്നത് സെപ്റ്റ്വജിന്റ് പരിഭാഷയിലാണ്. അതിനുള്ള നാല് കാരണങ്ങൾ താഴെ കൊടുക്കുന്നു:
1. യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചത് സെപ്റ്റ്വജിന്റ് ബൈബിളാണ്. പുതിയനിയമ എഴുത്തുകാർ ഉദ്ധരണികൾ എടുത്തിരിക്കുന്നതും സെപ്റ്റ്വജിന്റിൽ നിന്നാണ്. യേശുക്രിസ്തു ഉപയോഗിച്ചതുകൊണ്ടും, അപ്പൊസ്തലന്മാർ പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കകൊണ്ടും ഈ ബൈബിൾ കുറ്റമറ്റതാണെന്ന് തെളിയുന്നു. [സെപ്റ്റ്വജിൻ്റിൽ നിന്ന് പുതിയനിയമത്തിലേക്ക് എടുത്തിരിക്കുന്ന ഉദ്ധരണികൾ]
2. വംശാവലിയിൽ അർഫക്സാദിന്റെ മകൻ കയിനാനെക്കുറിച്ച് ലൂക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സെപ്റ്റ്വജിന്റിൽ അല്ലാതെ, എബ്രായ ബൈബിളിലോ ശമര്യൻ പഞ്ചഗ്രന്ഥത്തിലോ കാണുന്നില്ല.
3. അർഫക്സാദ് മുതൽ നാഹോർ വരെ എട്ടു തലമുറയാണ് ഉള്ളതെങ്കിലും, എബ്രായ ശമര്യ ബൈബിളുകളിൽ ഏഴു തലമുറയാണ് കാണുന്നത്; ‘കയിനാനെ’ കാണുന്നില്ല. മാത്രമല്ല ഈ ഏഴു തലമുറകളും അനന്തരാവകാശികളെ ജനിപ്പിക്കുന്ന പ്രായം എബ്രായ ബൈബിളിൽ ശരാശരി 31 വയസ്സും, ശമര്യ ബൈബിളിൽ 124 വയസ്സുമാണ്. ഇതും സംശയാസ്പദമാണ്. കാരണം, ആദം മുതൽ ശേം വരെയുള്ളവർ അനന്തരാവകാശികളെ ജനിപ്പിക്കുന്ന പ്രായവുമായിട്ടോ, തേരഹ് മുതൽ യിസ്ഹാക്ക് വരെ അനന്തരാവകാശികളെ ജനിപ്പിക്കുന്ന പ്രായവുമായിട്ടോ ഇത് പൊരുത്തപ്പെടുന്നുമില്ല. ഉദാഹരണത്തിന് ആദാം മുതൽ ശേം വരെ പതിനൊന്ന് പേരാണുള്ളത്. അതിൽ യഹോവയുടെ കൃപലഭിച്ച നോഹയുടെ അഞ്ഞൂറ് വയസ്സ് മാറ്റി നിർത്തിയാൽ പത്തുപേരും, അർപ്പക്ഷാദ് മുതൽ നാഹോർ വരെ എട്ടുപേരും, അബ്രാഹാം മുതൽ യിസ്ഹാക്ക് വരെ മൂന്നുപേരും തലമുറയെ ജനിപ്പിക്കുമ്പോഴുള്ള ശരാശരി പ്രായം യഥാക്രമം: എബ്രായയിൽ; 115 – 31 – 77-ഉം, ശമര്യയിൽ; 91 – 124 -77-ഉം, സെപ്റ്റജിന്റിൽ; 174 – 138 -77-മാണ്. ഇതിൽ എബ്രായയിലും ശമര്യയിലും ആരോഹണ ക്രമത്തിലോ അവരോഹണ ക്രമത്തിലോ അല്ല. എന്നാൽ, സെപ്റ്റ്വജിന്റിലാകട്ടെ, പൂർവ്വപിതാക്കന്മാരുടെ പ്രായത്തിന് ആനുപാതികമായി അവരോഹണ ക്രമത്തിലാണ് കാണുന്നത്.
4. യോശുവയ്ക്ക് ശേഷം ശമൂവേൽ പ്രവാചകൻ വരെ 450 വർഷമെന്നാണ് കാണുന്നത്. (പ്രവൃ, 13:19). അതിൽ ന്യായാധിപന്മാരിൽ 410 വർഷമാണുള്ളത്. ജാതികളുടെ കീഴിൽ 114 വർഷത്തെ ഞെരുക്കവും; ഒത്നീയേൽ മുതൽ ശിംശോൻ വരെയുള്ള പതിനൊന്നു ന്യായാധിപന്മാരുടെ കീഴിൽ 296 വർഷത്തെ സ്വസ്ഥതയും. തുടർന്നു വരുന്ന ശമൂവേലിന്റെ ഒന്നാം പുസ്തകത്തിൽ, ഏലി 40 വർഷം ന്യായപാലനം ചെയ്തു എന്ന് എബ്രായ ബൈബിളിലും, 20 വർഷമെന്ന് സെപ്റ്റ്വജിന്റിലും കാണുന്നു. (1ശമൂ, 4:18). എന്നാൽ ശമൂവേൽ ബാലൻ യഹോവയ്ക്ക് ശുശ്രൂഷ തുടങ്ങുമ്പോൾ (1ശമൂ, 3:1) ഏലി ”കാണാൻ വഹിയാതവണ്ണം അവന്റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു” എന്നാണ് കാണുന്നത്. (1ശമൂ, 3:2). “ശമൂവേൽ ജീവപര്യന്തം യിസ്രായേലിന്നു ന്യായപാലനം ചെയ്തു” എന്നും കാണുന്നുണ്ട്. (1ശമൂ, 7:15). ഇതിൽനിന്ന് ഒരുകാര്യം വ്യക്തമാണ്; ശമൂവേൽ ഏലിക്കൊപ്പവും ഏലിക്ക് ശേഷവും യിസ്രായേലിന് ന്യായപാലനം ചെയ്തിട്ടുണ്ട്. എന്നാൽ, എബ്രായ ബൈബിൾ പ്രകാരം നോക്കിയാൽ ശമൂവേലിന്റെ ന്യായപാലനകാലം കണക്കാക്കാൻ കഴിയില്ല. സെപ്റ്റ്വജിന്റ് ബൈബിൾ പ്രകാരം ശമൂവേൽ ഏലിക്കൊപ്പം 20 വർഷവും, തനിച്ച് 20 വർഷവും യിസ്രായേലിന് ന്യായപാലനം ചെയ്തതായി മനസ്സിലാക്കാം. അങ്ങനെ ആകെ 450 വർഷമെന്ന കണക്കും കൃത്യമാകും.
സെപ്റ്റ്വജിൻ്റ് പരിഭാഷയിലും ഒരു പ്രശ്നം കാണുന്നുണ്ട്. മെഥൂശലഹിൻ്റെ ആയുഷ്കാലം 969 സംവത്സരമായിരുന്നു. എന്നാൽ, സെപ്റ്റ്വജിൻ്റ് പരിഭാഷപ്രകാരം അവന് 955 വയസ്സായപ്പോൾ ജലപ്രളയമുണ്ടായി. അതായത്, ജജപ്രളയമുണ്ടായി 14 വർഷങ്ങൾക്ക് ശേഷമാണ് അവൻ മരിച്ചത്. എന്നാൽ, ജലപ്രളയത്തിൽ നോഹയും കുടുബവും ഒഴികെ, സകലമനുഷ്യരും മൂക്കിൽ ജീവശ്വാസമുള്ളതൊക്കെയും ചത്തുപോയി എന്നാണ് വായിക്കുന്നത്. (ഉല്പ, 7:22-23). അത് പരിഭാഷയിൽ എപ്പോഴോ കടന്നുകൂടിയ വലിയൊരു തകരാറാണ്. എബ്രായ ബൈബിൾ പ്രകാരം അവൻ മരിച്ച വർഷമാണ് ജലപ്രളയം ഉണ്ടായത്. ശമര്യൻ പഞ്ചഗ്രന്ഥപ്രകാരം ജലപ്രളയത്തിനും 249 വർഷം കഴിഞ്ഞാണ് അവൻ മരിച്ചത്.
കാലഗണനം കൃത്യമാണെന്ന് ബോധ്യമായാൽ മാത്രം വിശ്വസിക്കുക; ദൈവം അനുഗ്രഹിക്കട്ടെ!