ബൈബിൾ (Bible)
ക്രിസ്തുസഭ വിശ്വാസത്തിന്റെ മാനദണ്ഡമായി സ്വീകരിച്ചിട്ടുള്ള ദൈവശ്വാസീയമായ തിരുവെഴുത്തുകൾക്കു നല്കിയിട്ടുള്ള പേരാണ് ബൈബിൾ. പഴയനിയമവും പുതിയനിയമവും അതുൾക്കൊള്ളുന്നു. പുസ്തകങ്ങൾ എന്ന അർത്ഥത്തിൽ ഗ്രീക്കു ഭാഷയിൽ ഉപയോഗിക്കുന്ന പദമാണ് ബിബ്ളിയ. പഴയനിയമ പ്രവചനങ്ങളെ കുറിക്കുവാൻ പ്രസ്തുത പദം ദാനീയേൽ പ്രവചനത്തിൽ പ്രയോഗിച്ചിട്ടുണ്ട്. “ഒരു കാലസംഖ്യ പുസ്തകങ്ങളിൽ നിന്നു (ബാസ്സ്ഫൊറീം) ഗ്രഹിച്ചു.” (ദാനീ, 9:2). ഗ്രീക്കു സപ്തതിയിൽ (സെപ്റ്റ്വജിന്റ്) പുസ്തകങ്ങൾ എന്ന സ്ഥാനത്ത് റ്റാബിബ്ളിയ എന്നാണ് ഭാഷാന്തരം ചെയ്തിട്ടുള്ളത്. റ്റാബിബ്ളിയ എന്ന പ്രയോഗം ബൈബിളിനെ മുഴുവൻ കുറിക്കത്തക്കവണ്ണം ആദ്യം പ്രയോഗിച്ചിട്ടുള്ളത് (ഏകദേശം എ.ഡി. 150) 2ക്ലെമൻ്റ് 14:2-ലാണ്. എ.ഡി. അഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് തിരുവെഴുത്തുകളെ മുഴുവൻ സൂചിപ്പിക്കുവാൻ ബൈബിൾ എന്ന പദം പരക്കെ പ്രയോഗിച്ചു തുടങ്ങിയത്. വിശുദ്ധ ജെറോം (എ.ഡി. 400) ബൈബിളിനെ ബിബ്ളിയോതെക്കാദിവീനാ (ദൈവിക ഗ്രന്ഥാലയം) എന്നു വിളിച്ചു. എ.ഡി. പതിമൂന്നാം നൂറ്റാണ്ടോടു കൂടി പുസ്തകങ്ങൾ (ബിബ്ളിയ) എന്ന ബഹുവചനം പുസ്തകം എന്നു ഏകവചനത്തിൽ പ്രയോഗിക്കപ്പെട്ടു തുടങ്ങി. അറുപത്താറു പുസ്തകങ്ങൾ അടങ്ങുന്ന ബൈബിളിന്റെ ഐക്യത്തെ വെളിപ്പെടുത്തുകയാണ് അത്.
പേരുകൾ: തിരുവെഴുത്തുകളെ കുറിക്കുന്ന പല പേരുകൾ ബൈബിളിൽ തന്നെ കൊടുത്തിട്ടുണ്ട്. എന്നാൽ അവയിൽ ഒന്നും തന്നെ തിരുവെഴുത്തുകളെ പൂർണ്ണമായും ഉൾക്കൊളളുന്നില്ല. 1. തിരുവെഴുത്തുകൾ: ബൈബിളിനു സമാനമായ പ്രയോഗമാണ് എഴുത്തുകൾ അഥവാ തിരുവെഴുത്തുകൾ. പുതിയനിയമത്തിലെ ഈ പ്രയോഗം പഴയനിയമരേഖകളെ പൂർണ്ണമായോ ഭാഗികമായോ വിവക്ഷിക്കുന്നു. മത്തായി 21:42-ൽ യേശു അവരോടു: “എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്നു ചോദിച്ചു. ഇതിനു സമാന്തരമായ മർക്കൊസ് 12:11-ൽ ഉദ്ധ്യതഭാഗത്തെ മാത്രം പരാമർശിച്ചു കൊണ്ടു ഏകവചനം പ്രയോഗിച്ചിട്ടുള്ളത് ശ്രദ്ധാർഹമാണ്: “എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ?” 1തിമൊഥെയൊസ് 3:14-ൽ തിരുവെഴുത്തുകൾ എന്നും 1തിമൊഥെയൊസ് 3:16-ൽ എല്ലാ തിരുവെഴുത്തും ദൈവശ്വാസീയം എന്നും ഉണ്ട്. 2പത്രൊസ് 3:16-ൽ പൗലൊസിന്റെ സകല ലേഖനങ്ങളെയും ശേഷം തിരുവെഴുത്തുകളോടൊപ്പം ചേർത്തിരിക്കുന്നു. ഇവിടെ ‘ശേഷം തിരുവെഴുത്തു’കളിൽ പഴയനിയമ എഴുത്തുകളും സുവിശേഷങ്ങളും ഉൾപ്പെടുന്നു. ബൈബിളിനെക്കുറിക്കുന്ന മറ്റു ചില പേരുകളാണ് സത്യഗ്രന്ഥം (ദാനീ, 10:21), യഹോവയുടെ പുസ്തകം (യെശ, 34:16), വിശുദ്ധരേഖ (റോമ, 1:1), ദൈവവചനം (എഫെ, 6:17), ദൈവത്തിന്റെ അരുളപ്പാടുകൾ (റോമ, 3:2), പുസ്തകങ്ങൾ (ദാനീ, 9:2 ), പുസ്തകച്ചുരുൾ (സങ്കീ, 40:7) എന്നിവ. പ്രാചീനകാലത്ത് മൃഗങ്ങളുടെ തോൽ സംസ്കരിച്ചെടുത്താണ് എഴുതാൻ ഉപയോഗിച്ചിരുന്നത്. അവ ചുരുളുകളായി സൂക്ഷിച്ചിരുന്നു.
കാലവും എഴുത്തുകാരും: ബി.സി. 1500-നും എ.ഡി. 100-നും മദ്ധ്യേയുള്ള 1600 വർഷങ്ങളുടെ നീണ്ട കാലയളവിനുള്ളിലാണ് ബൈബിളിലെ പുസ്തകങ്ങളെല്ലാം എഴുതപ്പെട്ടത്. പഴയനിയമം ആയിരം വർഷം കൊണ്ടാണ് പൂർത്തിയായതെങ്കിൽ പുതിയനിയമം വെറും അമ്പതുവർഷം കൊണ്ടു പൂർത്തിയായി. പുതിയനിയമ ഗ്രന്ഥങ്ങളിൽ ആദ്യം എഴുതപ്പെട്ടവ വിശുദ്ധ പൗലൊസിന്റെ ലേഖനങ്ങളാണ്. അവയുടെ രചനാകാലം എ.ഡി. 48-66 ആണ്. നാലു സുവിശേഷങ്ങളും എ.ഡി. 56-നും 100-നും മദ്ധ്യേ രചിക്കപ്പെട്ടു.
ദൈവകല്പനയാൽ നാല്പതോളം പേർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചു രേഖപ്പെടുത്തിയതത്രേ തിരുവെഴുത്തുകൾ. എഴുത്തുകാർ വിഭിന്നരും വ്യത്യസ്ത ചുറ്റുപാടുകളിൽ വിവിധ നിലകളിൽ കഴിഞ്ഞവരുമായിരുന്നു. ദാവീദും ശലോമോനും രാജാക്കന്മാരായിരുന്നു. ദാനീയേലും നെഹെമ്യാവും ഭരണതന്ത്രജ്ഞന്മാരായിരുന്നു. എസ്രായെപ്പോലുളള പുരോഹിതന്മാർ എഴുത്തുകാരുടെ പട്ടികയിലുണ്ട്. മിസ്രയീമിലെ സകലജ്ഞാനവും അഭ്യസിച്ചവനാണു് മോശെ. ന്യായപ്രമാണത്തിൽ അവഗാഹം നേടിയ വ്യക്തിയാണ് പതിമൂന്നു ലേഖനങ്ങളുടെ കർത്താവായ പൗലൊസ് അപ്പൊസ്തലൻ. ആദ്യമായി പ്രവചനം എഴുതി സൂക്ഷിച്ച പ്രവാചകനായ ആമോസ് ആട്ടിടയനായിരുന്നു. മത്തായി ചുങ്കക്കാരനും, പത്രൊസ്, യാക്കോബ്, യോഹന്നാൻ എന്നിവർ അനഭ്യസ്തരായ മീൻപിടിത്തക്കാരും ആണ്. വൈദ്യനായ ലൂക്കൊസാണ് പ്രസ്തുത നാമത്തിലുള്ള സുവിശേഷത്തിന്റെയും അപ്പൊല പ്രവൃത്തികളുടെയും കർത്താവ്. യോശുവ വീരനും വിശ്വസ്തനുമായ സർവ്വസൈന്യാധിപനായിരുന്നു. ശമൂവേൽ പ്രവാചകനും പുരോഹിതനുമായിരുന്നു. യെശയ്യാവ്, യിരെമ്യാവ്, യെഹെസ്ക്കേൽ തുടങ്ങിയവർ ധീരന്മാരായ പ്രവാചകന്മാരത്രേ. കൊട്ടാരം മുതൽ കുടിൽ വരെ വ്യത്യസ്ത തലങ്ങളിലും നിലകളിലും ഉള്ളവർ വിശുദ്ധഗ്രന്ഥത്തിന്റെ എഴുത്തുകാരുടെ പട്ടികയിലുണ്ട്. അവർ എല്ലാവരിലും വ്യാപരിച്ചിരുന്നത് ദൈവത്തിന്റെ ആത്മാവും അവർ രേഖപ്പെടുത്തിയത് ദൈവത്തിന്റെ അരുളപ്പാടുമായിരുന്നു. പുതിയനിയമ എഴുത്തുകാരിൽ മത്തായി, യോഹന്നാൻ, പത്രൊസ്, പൗലൊസ് എന്നിവർ അപ്പൊസ്തലന്മാരായിരുന്നു; മർക്കൊസും ലൂക്കൊസും അപ്പൊസ്തലന്മാരുടെ കൂട്ടാളികളും. യാക്കോബും യൂദയും യേശുവിന്റെ സഹോദരന്മാരത്രേ. സീനായി മരുഭൂമിയും അറേബ്യയിലെ കുന്നുകളും പലസ്തീനിലെ മലകളും പട്ടണങ്ങളും ദൈവാലയത്തിന്റെ പ്രാകാരവും പേർഷ്യയുടെ തല സ്ഥാനമായ ശുശനും, ബാബിലോണിലെ കേബാർ നദീതടവും റോമിലെ കൽത്തുറുങ്കുകളും ഏകാന്തമായ പത്മൊസ് ദ്വീപും ഒക്കെയായിരുന്നു തിരുവെഴുത്തുകളുടെ ഈറ്റില്ലം.
മൂലഭാഷകൾ: രണ്ടു ചെറിയ ഖണ്ഡങ്ങൾ ഒഴികെ പഴയനിയമം മുഴുവൻ എബ്രായയിലും പുതിയനിയമം മുഴുവൻ ഗ്രീക്കിലുമാണ് എഴുതപ്പെട്ടത്. ന്യായപ്രമാണ പുസ്തകങ്ങളിൽ ഒരു സ്ഥലനാമവും (ഉല്പ, 31:47), പ്രവാചക പുസ്തകങ്ങളിൽ ഒരു വാക്യവും (യിരെ, 10:11), എഴുത്തുകളിൽ (കെത്തുവീം) രണ്ടു പ്രധാനഭാഗങ്ങളും (ദാനീ, 2:4-7;28; എസ്രാ, 4:8-6:18; 7:12-26) അരാമ്യഭാഷയിലാണ്. യേശുക്രിസ്തുവും അപ്പൊസ്തലന്മാരും സംസാരിച്ചത് അരാമ്യഭാഷയായിരുന്നു. അമ്പതോളം അരാമ്യപദങ്ങൾ ഗ്രീക്കിന്റെ രൂപത്തിൽ പുതിയനിയമത്തിൽ പ്രത്യക്ഷപ്പെ ട്ടിട്ടുണ്ട്. തലീഥാകൂമീ (മർക്കൊ, 5:41), എഫഥാ (മർക്കൊ, 7:34), എലോഹീ എലോഹീ ലമ്മാ ശബക്താനീ (മർക്കൊ, 15:34) എന്നീ വാക്യശകലങ്ങൾ ക്രിസ്തുവിന്റെ അധരങ്ങളിൽ നിന്നടർന്നു വീണവയാണ്. പുതിയനിയമം എഴുതപ്പെട്ടത് ഗ്രീക്കിലാണ്. ഒരന്തർദേശീയ ഭാഷ എന്ന ബഹുമതി ഗ്രീക്കു നേടിയിരുന്നു. പഴയനിയമം പ്രധാനമായും ഒരു ജാതിക്കു വേണ്ടിയുളള വെളിപ്പാടാകയാൽ അതു അവരുടെ ഭാഷയായ എബ്രായയിൽ എഴുതപ്പെട്ടു. എന്നാൽ ക്രിസ്തുവിലൂടെയുളള പൂർണ്ണമായ വെളിപ്പാടു സകല ജാതികൾക്കും വേണ്ടിയുള്ളതാകയാലും (ലൂക്കൊ, 2:31), അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകല ജാതികളിലും പ്രസംഗിക്കുകയും വേണ്ടതാകയാലും (ലൂക്കൊ, 24:47), ക്രിസ്തുവിന്റെ രക്തത്തിലൂടെ സ്ഥാപിക്കപ്പെട്ട പുതിയനിയമം അന്നത്തെ അന്തർദേശീയ ഭാഷയായ ഗ്രീക്കിലെഴുതി. പുതിയനിയമ ഗ്രീക്ക് കൊയ്നീയാണ് (നാടോടിഭാഷ). മറ്റുഭാഷകളുടെ സ്വാധീനവും ബൈബിളിൽ ദൃശ്യമാണ്. സാപ്നത്ത്പനേഹ്, അബ്രേക് എന്നിവ ഈജിപ്ഷ്യൻ ഭാഷാപദങ്ങളാണ്. ബേല്ത്ത്-ശസ്സർ, തർത്ഥാൻ, രാബ്സാരീസ്, റാബ്ശാക്കേ (ദാനീ, 1:7; 2രാജാ, 18:17) എന്നിവ ബാബിലോന്യ അസ്സീറിയൻ പദങ്ങളാണ്. ബൈബിളിലെ സ്ഥലനാമങ്ങൾ പലഭാഷകളിൽ നിന്നുള്ളവയാണ്. അനേകം സ്ഥലനാമങ്ങളുടെ നിഷ്പത്തി ഇന്നും അജ്ഞാതമാണ്.
പഴയനിയമവും പുതിയനിയമവും: എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ പഴയനിയമം പുതിയനിയമം എന്നീ പ്രയോഗങ്ങൾ നിലവിൽ വന്നു. എബായ ക്രൈസ്തവ തിരുവെഴുത്തുകളെ വ്യവഛേദിക്കുവാനായിരുന്നു പ്രസ്തുത നാമങ്ങൾ നല്കിയത്. പുതിയനിയമം എന്ന പേര് ആദ്യം പ്രയോഗിച്ചത് തെർത്തുല്യനാണ്. എബ്രായ തിരുവെഴുത്തുകളെ പഴയനിയമം എന്നു വിളിച്ചു. നിയമം ഉടമ്പടിയെ സൂചിപ്പിക്കുന്നു. മോശെയുടെ ന്യായപ്രമാണത്തിന്റെയും ഉടമ്പടികളുടെ പുസ്തകത്തിന്റെയും (നിയമപുസ്തകം: 2രാജാ, 23:2) തുടർച്ചയാണീ നാമം. ഉടമ്പടി അഥവാ നിയമം മോശെ സീനായിയിൽ ചെയ്ത ഉടമ്പടിയെ കാണിക്കുന്നു. (പുറ, 24:3-8). എന്നാൽ യിസ്രായേൽ ജനം ഒരു പുതിയനിയമം പ്രതീക്ഷിക്കുകയായിരുന്നു. (യിരെ, 31:33,34). ഇതു അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള എന്റെ രക്തം എന്നു ക്രിസ്ത പുതിയനിയമം സ്ഥാപിച്ചു. (മത്താ, 26:28). പഴയനിയമം വാഗ്ദത്തവും പുതിയനിയമം നിറവേറൽ അഥവാ പൂർത്തീകരണവുമാണ്. ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർ മുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തതാണു പഴയനിയമത്തിൽ. (എബ്രാ, 1;1). ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടരുളിച്ചെയ്തതാണ് പുതിയനിയമത്തിൽ. പഴയനിയമ പ്രവചനങ്ങളെല്ലാം നിറവേറുന്നതു ക്രിസ്തുവിലാണ്. ക്രിസ്തു ജഡത്തിൽ വെളിപ്പെട്ട കാലയളവിൽ അവനെ കാണുകയും കേൾക്കുകയും ചെയ്തവരുടെ സാക്ഷ്യമാണ് പുതിയനിയമം.
രചനാകാലത്ത് ബൈബിളിൽ അദ്ധ്യായ, വാക്യ വിഭജനം ചെയ്തിരുന്നില്ല. തല്മൂദുകളുടെ കാലത്തിനു മുമ്പു യെഹൂദന്മാർ പഴയനിയമത്തെ സൗകര്യാർത്ഥം ഭാഗങ്ങളായി തിരിച്ചു. ഈ ഭാഗങ്ങൾ നമ്മുടെ ബൈബിളിലെ അദ്ധ്യായങ്ങൾക്കും വാക്യങ്ങൾക്കും സമാനമായിരുന്നു. ഇന്നു നാം ഉപയോഗിക്കുന്ന അദ്ധ്യായ വിഭജനം സ്റ്റീഫൻ ലാങ്ടന്റേതാണെന്നു പറയപ്പെടുന്നു. കാന്റർബറിയിലെ ആർച്ചുബിഷപ്പായിരുന്ന അദ്ദേഹം 1228-ൽ മരിച്ചു. റോബർട്ടു സ്റ്റീഫൻസ് 1551-ൽ പ്രസിദ്ധപ്പെടുത്തിയ ഗ്രീക്കു പുതിയനിയമത്തിലാണ് ഇന്നു പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുള്ള വാക്യവിഭജനം ആദ്യം പ്രത്യക്ഷപ്പെട്ടത്. 1555-ൽ അദ്ദേഹം അദ്ധ്യായവാക്യ വിഭജനത്തോടുകൂടിയ പൂർണ്ണ ബൈബിളും (ലത്തീൻ വുൾഗാത്ത) പ്രസിദ്ധപ്പെടുത്തി. വാക്യവിഭജനത്തോടു കൂടി പൂർണ്ണമായി പ്രസിദ്ധീകൃതമായ ആദ്യത്തെ ഇംഗ്ലീഷു ബൈബിൾ ജനീവാ ബൈബിൾ (1560) ആണ്. സത്യവേദപുസ്തകത്തിലെയും ഇംഗ്ലീഷിലെ അധികൃത ഭാഷാന്തരത്തിലെയും വാക്യങ്ങളുടെ എണ്ണങ്ങൾക്കു തമ്മിൽ അല്പം വ്യത്യാസമുണ്ട്.
ബൈബിൾ ഒറ്റനോട്ടത്തിൽ
ആകെ പുസ്തകങ്ങൾ <=> 66
ആകെ അദ്ധ്യായങ്ങള്‍ <=> 1,189
പഴയനിയമവാക്യങ്ങൾ <=> 23,142
പുതിയനിയമവാക്യങ്ങൾ <=> 7,956
ആകെ വാക്യങ്ങള്‍ <=> 31,098
ആകെ വാക്കുകള്‍ <=> 783,137
ആകെ അക്ഷരങ്ങള്‍ <=> 3,566,480
ആകെ എഴുത്തുകാർ <=> 40
എഴുതാൻ എടുത്ത വർഷം <=> 1,600
വാഗ്ദത്തങ്ങൾ <=> 3,127
കല്പനകൾ <=> 6,468
നിവൃത്തിയായ പ്രവചനങ്ങൾ <=> 3,268
നിവൃത്തിയാകേണ്ട പ്രവചനങ്ങൾ <=> 3,140
ഏറ്റവും വലിയ പേര് <=> യെശ. 8:1
ഏറ്റവും വലിയ വാക്യം <=> എസ്ഥേ, 8:9
ഏറ്റവും ചെറിയ വാക്യം <=> പുറ, 20:15
ഏറ്റവും വലിയ അദ്ധ്യായം <=> സങ്കീ. 119
ഏറ്റവും ചെറിയ അദ്ധ്യായം <=> സങ്കീ. 117
ഏറ്റവും വലിയ പുസ്തകം <=> സങ്കീർത്തനങ്ങൾ
ഏറ്റവും ചെറിയ പുസ്തകം <=> 2യോഹന്നാൻ
മദ്ധ്യ പുസ്തകങ്ങൾ <=> മീഖാ, നഹൂം
മദ്ധ്യ അദ്ധ്യായം <=> സങ്കീ, 117
മദ്ധ്യ വാക്യം <=> സങ്കീ. 118:8
സ്ത്രീകളുടെ പേരിലുള്ള പുസ്തകങ്ങൾ <=> രൂത്ത്, എസ്ഥേർ
ഒരുപോലിരിക്കുന്ന രണ്ടദ്ധ്യായങ്ങൾ <=> 2രാജാ, 19-യെശ, 37
ഒരുപോലിരിക്കുന്ന രണ്ടു സങ്കീർത്തനങൾ <=> സങ്കീ, 14-ലും, 53-ഉം
എല്ലാ വാക്യങ്ങളും ഒരുപോലെ അവസാനിക്കുന്ന സങ്കീർത്തനം <=> 136
ദൈവം എന്ന വാക്ക് <=> 3,358 പ്രാവശ്യം
കര്‍ത്താവ് എന്ന വാക്ക് <=> 7,736 പ്രാവശ്യം
പുതിയനിയമത്തിലെ ഉദ്ധരണികൾ <=> 850
ഉദ്ധരണികൾ ഇല്ലാത്ത പുസ്തകങ്ങൾ <=> നെഹ, ഉത്തമ, ഓബ
ദൈവം എന്ന പദമില്ലാത്ത പുസ്തകങ്ങൾ <=> എസ്ഥേ, ഉത്തമ
ബൈബിൾ ബെഞ്ചമിൻ ബെയ്‌ലി പരിഭാഷകൾ: ⬇️