ബേർ-ശേബ

ബേർ-ശേബ (Beer-Sheba)

ബേർ-ശേബയുടെ അർത്ഥം ഏഴാം കിണർ അഥവാ സത്യത്തിന്റെ കിണർ എന്നത്രേ. എബ്രായയിൽ ഏഴിന്റെയും സത്യത്തിന്റെയും ധാതു ഷിവാഹ് ആണ്. “അവർ ഇരുവരും അവിടെവച്ചു സത്യം ചെയ്തുകൊണ്ടു അവൻ ആ സ്ഥലത്തിനു ബേർ-ശേബ എന്നു പേരിട്ടു.” (ഉല്പ, 21:31). യെഹൂദയുടെ തെക്കെ അറ്റത്തുള്ള പട്ടണമാണു ബേർ-ശേബ. (ഉല്പ, 21:14; യോശു, 19:2). ആധുനിക ബേർ-ശേബ യെരൂശലേമിനു 77 കി.മീറ്റർ തെക്കു പടിഞ്ഞാറാണു കിടക്കുന്നത്. മെഡിറ്ററേനിയനും ചാവുകടലിന്റെ ദക്ഷിണഭാഗത്തിനും ഏതാണ്ടു മദ്ധ്യത്തിലാണ്. ഈ പ്രദേശത്തു അനേകം കിണറുകളുണ്ട്. അവയിൽ ഏറ്റവും വലുതിനു 3.75 മീറ്റർ വ്യാസമുണ്ട്. പട്ടണത്തിനു 5 കി.മീറ്റർ പടിഞ്ഞാറുള്ള ‘തേൽ എസ്-സേബ’യിൽ (Tell es-Seba) നടത്തിയ ഉൽഖനനങ്ങളുടെ ഫലമായി മതിലുകളോടു കൂടി നല്ലവണ്ണം സംവിധാനം ചെയ്ത പട്ടണം കണ്ടെത്തി. ഇതു യെഹൂദാരാജ്യത്തിന്റെ പ്രാബല്യകാലത്തു ള്ളതാണ്. അബ്രാഹാമിന്റെ കാലത്തേതെന്നു കരുതപ്പെടുന്ന ഒരു കിണർ പട്ടണവാതിലിനു പുറത്തുണ്ട്. പക്ഷേ ഈ അഭ്യൂഹത്തിനു മതിയായ അടിസ്ഥാനമില്ല. 

ഗോത്രപിതാക്കന്മാരോടു ബന്ധമുള്ള പ്രദേശമാണ് ബേർ-ശേബ. സാറായുടെ അടുക്കൽ നിന്നും പുറപ്പെട്ടു പോയ ഹാഗാർ ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നു. (ഉല്പ, 21:14). അബീമേലെക്കിനോടു അബ്രാഹാം ഉടമ്പടി ചെയ്തതു ബേർ-ശേബയിൽ വെച്ചായിരുന്നു. (ഉല്പ, 21:32). മോരിയാമലയിൽ തന്റെ ഏകജാതനായ യിസ്ഹാക്കിനെ യാഗം കഴിക്കാൻ കൊണ്ടുപോയശേഷം അബ്രാഹാം ബേർ-ശേബയിൽ പാർത്തു. (ഉല്പ, 22:19). യാക്കോബ് ഹാരാനിലേക്കു യാത്ര പുറപ്പെട്ടപ്പോൾ യിസ്ഹാക്ക് ബേർ-ശേബയിൽ വസിക്കുകയായിരുന്നു. (ഉല്പ, 28:10). യോസേഫിന്റെ അടുക്കലേക്കു പോകുമ്പോൾ ബേർ-ശേബയിൽ വച്ചു യാക്കോബ് ദൈവത്തിനു യാഗം കഴിച്ചു. (ഉല്പ, 46:1). കനാൻ ആക്രമണശേഷം ദേശം വിഭാഗിച്ചപ്പോൾ ബേർ-ശേബ ശിമെയോൻ ഗോത്രത്തിനു ലഭിച്ചു. (യോശു, 19:2; 1ദിന, 4:28). യിസ്രായേൽ രാജാവായ ആഹാബിന്റെ ഭാര്യ ഈസേബെലിനെ ഭയന്നു ഒളിച്ചോടിയ ഏലീയാപവാചകൻ ബേർ-ശേബയിൽ അഭയം തേടി. (1രാജാ, 19:3). ദാനിലും ബേഥേലിലും നിന്നു വിഗ്രഹാരാധനയുടെ പ്രേരണ ബേർ-ശേബയിലും പ്രവേശിച്ചതു കൊണ്ടു ആമോസ് പ്രവാചകൻ പ്രസ്തുത പട്ടണത്തെ ശാസിച്ചു. (ആമോ, 5:5; 8:14). ബാബിലോന്യ പ്രവാസത്തിൽ നിന്നും മടങ്ങിവന്ന യെഹൂദന്മാർ ബേർ-ശേബയിലും ഗ്രാമങ്ങളിലും പാർപ്പുറപ്പിച്ചു. (നെഹെ, 11:27). “ദാൻ മുതൽ ബേർ-ശേബ വരെ” എന്ന പ്രയോഗം വടക്കെ അറ്റം മുതൽ തെക്കെ അറ്റം വരെയുള്ള യിസ്രായേൽ ദേശത്തെ മുഴുവനും സൂചിപ്പിക്കുന്നു. (ന്യായാ, 20:1; 2ശമൂ, 3:9; 17:11; 24:2; 1ദിന, 21:2). യെഹോശാഫാത്ത് രാജാവ് ബേർ-ശേബ മുതൽ എഫയീം മലനാടു വരെ ഭരിച്ചു. (2ദിന, 19:4). പുതിയനിയമത്തിൽ ബേർ-ശേബയുടെ പരാമർശം ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *