ബേത്ത്-ശേമെശ് (Beth-shemesh)
പേരിനർത്ഥം — സൂര്യഗൃഹം
ഫെലിസ്ത്യരുടെ അതിരിനടുത്തു ദാൻഗോത്രത്തിൽ യെഹൂദയുടെ വടക്കെ അതിരിലുള്ള പട്ടണം. കെസാലോനിനും തിമ്നയ്ക്കും ഇടയ്ക്കാണ് ഈ പട്ടണം. (യോശു, 15:10; 1ശമൂ, 6:12). യോശുവ 19:41-ൽ സുര്യനഗരം എന്ന അർത്ഥത്തിൽ ഈർ-ശെമെശ് എന്നു വിളിക്കുന്നു. ലേവ്യർക്കു യെഹൂദാ നല്കിയ പുരോഹിത നഗരമാണിത്. (യോശു, 21:16; 1ദിന, 6:59). ഇവിടെ ഗോതമ്പു വയലുകൾ ഉണ്ട്. (1ശമൂ, 6:13). ആധുനിക അയിൻ ഷെംസിന് (Ain Shems) അടുത്തുള്ള തേൽ എർ-റുമെല്ലെ (Tell er Rumelleh) ആണ് സ്ഥാനം. യെരുശലേമിനു 26 കി.മീറ്റർ പടിഞ്ഞാറു സ്ഥിതിചെയ്യുന്നു.
ദൈവത്തിന്റെ പെട്ടകം പിടിച്ചെടുത്തതു കൊണ്ടു ഫെലിസ്ത്യർ ബാധയാൽ പീഡിപ്പിക്കപ്പെട്ടു. ഏതു വിധത്തിലും പെട്ടകത്തെ അവിടെ നിന്നൊഴിപ്പിക്കണമെന്നു കരുതി, അവർ പെട്ടകത്തെ ഒരു വണ്ടിയിലാക്കി, വണ്ടിയെ രണ്ടു കറവുള്ള പശുക്കളെക്കൊണ്ടു വലിപ്പിച്ചു. പശുക്കളുടെ കിടാങ്ങളെ വീട്ടിൽ കെട്ടി. (1ശമൂ, 6:7-10). പശുക്കൾ തീർച്ചയായും കിടാങ്ങളുടെ അടുക്കലേക്കു മടങ്ങിവരും. അല്ലെന്നു വരികിൽ ദൈവത്തിന്റെ നിയന്ത്രണത്തിലായിരിക്കും പശുക്കൾ കിടാങ്ങളെ ഉപേക്ഷിച്ചു പോവുക. എങ്കിൽ ഫെലിസ്ത്യരുടെ കഷ്ടതയ്ക്കു കാരണം യിസ്രായേലിന്റെ ദൈവം തന്നെയാണ്. പശുക്കൾ എക്രോൻ വിട്ടു 11 കി.മീറ്റർ അകലെയുള്ള ബേത്ത്-ശെമെശിലേക്കു യാത്രയായി. വണ്ടി ബേത്ത്-ശെമെശ്യനായ യോശുവയുടെ വയലിൽ വന്നു നിന്നു. (1ശമൂ, 6:14). അവിടെ എത്തുന്നതുവരെ പശുക്കൾ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ പെരുവഴിയിൽ കൂടിയാണ് പോയത്.. ബേത്ത്-ശെമെശ്യർ പെട്ടകത്തെ സന്തോഷത്തോടെ സ്വീകരിച്ചു യഹോവയ്ക്കു യാഗങ്ങൾ അർപ്പിച്ചു. ഇവിടെയും യഹോവയുടെ പെട്ടകത്തോടു അനാദരവു കാട്ടിയതു കൊണ്ടു അനേകം പേർ മരിച്ചു. 50,070 പേർ പെട്ടകത്തിൽ നോക്കുകകൊണ്ടു സംഹരിക്കപ്പെട്ടു എന്നു 1ശമൂവേൽ 6:19-ൽ കാണുന്നു. എഴുപതു പേരായിരിക്കണം മരിച്ചത്. അനന്തരകാല പാഠങ്ങളിൽ സംഭവിച്ച പിഴവാണ് 50,070 എന്ന വലിയ സംഖ്യയ്ക്കു കാരണം.
രാജഗൃഹത്തിനു ഭോജനപദാർത്ഥങ്ങൾ എത്തിച്ചു കൊടുക്കുന്നതിനു ശലോമോൻ തിരിച്ച പന്ത്രണ്ടു ജില്ലകളിലൊന്നിലെ പട്ടണമായിരുന്നു ബേത്ത്-ശെമെശ്. (1രാജാ, 4:29). ബേത്ത്-ശെമെശിൽ വച്ചു യിസ്രായേൽ രാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാവിനെ തോല്പിച്ചു ബദ്ധനാക്കി. (2രാജാ, 14:11-13; 2ദിന, 25:21-23). ആഹാസിന്റെ വാഴ്ചക്കാലത്ത് ഫെലിസ്ത്യർ ബേത്ത്-ശെമെശും മറ്റു ചില പട്ടണങ്ങളും പിടിച്ചടക്കി. (2ദിന, 28:18,19). അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ തൃതീയൻ ആഹാസിന്റെ സഹായത്തിനെത്തി ഫെലിസ്ത്യരെ പ്രസ്തുത പട്ടണങ്ങളിൽ നിന്നോടിച്ചു. ബാബേൽ ചക്രവർത്തിയായ നെബൂഖദ്നേസർ (ബി.സി. 607) ബേത്ത്-ശേമെശിനെ നശിപ്പിച്ചു.