പൗലൊസിൻ്റെ പ്രാർത്ഥനകൾ (Paul’s prayers)
പൗലൊസ് യെരൂശലേമിൽ ബന്ധനസ്ഥൻ ആയപ്പോൾ റോമൻ കൈസറെ അഭയം ചൊല്ലുകയുണ്ടായി: “ഞാൻ കൈസരെ അഭയംചൊല്ലുന്നു എന്നു പറഞ്ഞു. അപ്പോൾ ഫെസ്തൊസ് തന്റെ ആലോചന സഭയോടു സംസാരിച്ചിട്ടു: കൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്കു നീ പോകും എന്നു ഉത്തരം പറഞ്ഞു:” (പ്രവൃ, 25:12). പൗലൊസ് കൈസറെ അഭയം ചൊല്ലി റോമിലേക്ക് പോയത് ഭീരുത്വപരമായ ഒരു സംഗതിയായി കരുതുന്ന പണ്ഡിതന്മാരുണ്ട്. എന്നാൽ, പൗലൊസ് യെരൂശലേമിൽ ബന്ധിതനായതിൻ്റെ പിറ്റേ രാത്രിയിൽ കർത്താവ് അവനോട് സംസാരിച്ചിരുന്നു. “രാത്രിയിൽ കർത്താവു അവന്റെ അടുക്കൽ നിന്നു: ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ ‘റോമയിലും’ സാക്ഷീകരിക്കേണ്ടതാകുന്നു എന്നു അരുളിച്ചെയ്തു:” (പ്രവൃ, 23:11). കർത്താവിൻ്റെ ഈ വാക്കുകളുടെ നിവൃത്തിയായിരുന്നു, “കൈസരെ അഭയംചൊല്ലൽ.” പിന്നെയും രണ്ട് വർഷങ്ങൾക്കുശേഷം, എ.ഡി. 61-ലെ ശരത്കാലത്ത് യൂലിയൊസ് എന്ന ശതാധിപനോടൊപ്പം പൗലൊസിനെ റോമിലേക്കു അയച്ചു. ലൂക്കൊസും അരിസ്തർഹൊസും അവരോടൊപ്പം ഉണ്ടായിരുന്നു. റോമിൽ തന്റെ കാവലായ പടയാളിയോടൊപ്പം സ്വന്തമായി വാടകയ്ക്കെടുത്ത വീട്ടിൽ താമസിച്ചു. വീട്ടിൽ വരുന്നവരോടു സുവിശേഷം അറിയിക്കാനുള്ള സ്വാതന്ത്യം അപ്പൊസ്തലനു ലഭിച്ചു. “പൗലൊസ് കൂലിക്കു വാങ്ങിയ വീട്ടിൽ രണ്ടു സംവത്സരം മുഴുവൻ പാർത്തു, തന്റെ അടുക്കൽ വരുന്നവരെ ഒക്കെയും കൈക്കൊണ്ടു: പൂർണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചും പോന്നു. ” (പ്രവൃ, 28:29-30). കാരാഗൃഹലേഖനങ്ങളായ എഫെസ്യർ, ഫിലിപ്പിയർ, കൊലൊസ്യർ, ഫിലേമോൻ എന്നിവ ഈ സമയത്ത് എഴുതിയതാണ്. ഈ കാലത്ത് അദ്ദേഹത്തിന് എഴുതുന്നതിനും ധ്യാനിക്കുന്നതിനുമുള്ള അവസരം ധാരാളം ലഭിച്ചു.
ഈ നാലു ലേഖനങ്ങളിൽ ആദ്യമൂന്നു ലേഖനങ്ങളിൽ; എഫെസ്യരിൽ രണ്ട്, ഫിലിപ്പിയരിൽ ഒന്ന്, കൊലൊസ്യരിൽ ഒന്ന് എന്നിങ്ങനെ സഭകൾക്കുവേണ്ടി താൻ കഴിക്കുന്ന നാലു പ്രാർത്ഥനകൾ ഉണ്ട്. ഈ പ്രാർത്ഥനകൾക്ക് ഒരു പ്രത്യേകതയുണ്ട്: ഇതു തികച്ചും ആത്മീകമാണ്. പഴയനിയമത്തിൽ യാക്കേയുടെ മകനായ ആഗൂരിന്റെ ശ്രേഷ്മായ ഒരു പ്രാർത്ഥനയുണ്ട്. നിത്യവൃത്തിയാണ് അതിലെ വിഷയം: “വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ. ഞാൻ തൃപ്തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ:” (സദൃ, 30:8). യേശു പഠിപ്പിച്ച പ്രാർത്ഥനയിലും അന്നന്നു വേണ്ടുന്ന ആഹാരത്തിനു വേണ്ടി പ്രാർത്ഥിക്കാൻ കല്പിച്ചിട്ടുണ്ട്: (മത്താ, 6:11). എന്നാൽ, ഈ പ്രാർത്ഥനയിൽ ഭൗതിക ആവശ്യങ്ങളൊന്നും തന്നെ താൻ ചോദിക്കുന്നില്ല. സഭകളുടെ ആത്മീക ഉന്നമനമാണ് പ്രാർത്ഥനകളുടെ പ്രമേയം.
ഒന്നാം പ്രാർത്ഥന: എഫെസ്യരിലെ ഒന്നാമത്തെ പ്രാർത്ഥന (1:15-19) ആത്മീക പ്രകാശനത്തിനു വേണ്ടിയാണ്.
“അതുനിമിത്തം, ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു, നിങ്ങൾക്കു വേണ്ടി ഇടവിടാതെ സ്തോത്രംചെയ്തു എന്റെ പ്രാർത്ഥനയിൽ നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു.”
അതുനിമിത്തം: ‘സുവിശേഷമെന്ന സത്യവചനത്താൽ ക്രിസ്തുവിൽ വിശ്വസിക്കമൂലം ആത്മാവിനാൽ മുദ്രിതരായിരിക്കുന്നതു’ നിമിത്തം: (13-14). പ്രാർത്ഥനയുടെ ആദ്യഭാഗത്ത് താൻ അവരുടെ യേശുക്രിസ്തുവിലുള്ള വിശ്വാസത്തെക്കുറിച്ചും, സഹവിശ്വാസികളോടുള്ള സ്നേഹത്തെക്കുറിച്ചും കേട്ടതുകൊണ്ട് ദൈവത്തിന് സ്തോത്രം കരേറ്റുകയാണ്. ദൈവത്തോടുള്ള വിശ്വാസവും സ്നേഹവും ഒരു വിശ്വാസിക്ക് എത്രയധികം വർദ്ധിക്കുന്നുവോ, അത്രയധികം സഹവിശ്വാസികളോടും അഥവാ, സഹജീവികളോടുമുള്ള സ്നേഹവും വർദ്ധിക്കും. ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും സഹോദരനെ പകയ്ക്കുകയും ഒരുപോലെ സാദ്ധ്യമല്ല. (1യോഹ, 5:20).
പ്രാർത്ഥയിൽ നാലു കാര്യങ്ങളാണ് താൻ പിതാവിനോട് അപേക്ഷിക്കുന്നത്:
1. ദൈവവും പിതാവുമായവനെ കുറിച്ചുള്ള പരിജ്ഞാനത്തിനായി ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ ലഭിക്കാൻ
2. നമ്മുടെ വിളിയെക്കുറിച്ചുള ദൈവത്തിൻ്റെ ആശ ഇന്നതെന്നറിയാൻ വിശ്വാസിയുടെ ഹൃദയദൃഷ്ടി പ്രകാശിക്കാൻ
3. വിശുദ്ധന്മാരിൽ ദൈവത്തിന്റെ അവകാശത്തിന്റെ മഹിമാധനം (മഹത്വത്തിൻ്റെ സമൃദ്ധി) അറിവാൻ
4. നമുക്കുവേണ്ടി പ്രവർത്തന നിരതമായിരിക്കുന്ന ദൈവത്തിൻ്റെ അളവറ്റ ശക്തിയുടെ വലിപ്പമറിയാൻ.
രണ്ടാം പ്രാർത്ഥന: എഫെസ്യരിലെ രണ്ടാമത്തെ പ്രാർത്ഥന (3:14-19) ആത്മശക്തിക്കു വേണ്ടിയാണ്.
“അതുനിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു. അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു.”
അതുനിമിത്തം: മൂന്നാമദ്ധ്യായം ആരംഭിക്കുന്നതും ‘അതുനിമിത്തം’ എന്ന പ്രയോഗത്തോടെയാണ്. രണ്ടാം അദ്ധ്യായത്തിൽ ജാതികൾ പ്രകൃതിയാൽ എന്തായിരുന്നുവെന്നും ഇപ്പോൾ ക്രിസ്തുവിൽ എന്തായിത്തീർന്നു എന്നുമാണ് പറയുന്നത്. അതുനിമിത്തം, ജാതികളോടു സുവിശേഷം അറിയിക്കാൻ തിരഞ്ഞെടുത്ത തൻ്റെ ജയിൽവാസത്തെ കുറിച്ചും, ക്രിസ്തു തനിക്കു വെളിപ്പെടുത്തിത്തന്ന മർമ്മത്തെക്കുറിച്ചും (3:6), ക്രിസ്തുവിലുള്ള വിശ്വാസത്താൽ നമുക്കു സിദ്ധിച്ച ദൈവരാജ്യ പ്രവേശനത്തിനുള്ള ധൈര്യവും (3:13), താനനുഭവിക്കുന്ന കഷ്ടതകൾ നിങ്ങളുടെ മഹത്വമാകുന്നതും (3:13) നിമിത്തം. പ്രാർത്ഥനയുടെ ആദ്യഭാഗത്ത്: സകല കുടുംബത്തിനും പേർ വരുവാൻ കാരണമായ പിതാവിൻ്റെ സന്നിധിയിൽ താൻ മുട്ടുകുത്തുകയാണ്. സ്വർഗ്ഗത്തിലെ ദൂതന്മാർക്ക് മാത്രമല്ല, ഭൂമിയിലെ സ്വന്തജനമായ യെഹൂദന്മാർക്കും മാത്രമല്ല, അർദ്ധ യെഹൂദരായ ശമര്യർക്കും മാത്രമല്ല, ഇപ്പോൾ, ക്രിസ്തുവിനെ കൂടാതെയുള്ളവരും, യിസ്രായേൽ പൗരതയോടു സംബന്ധമില്ലാത്തവരും, വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും, പ്രത്യാശയില്ലാത്തവരും, ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്ന ജാതികൾക്കുംകൂടി ദൈവരാജ്യത്തിൽ പേർ വരുവാൻ കാരണമായി. മാത്രമോ, ജാതികളുടെ അപ്പൊസ്തലനായി അകാലപ്രജപോലുള്ള തന്നെ തിരഞ്ഞെടുത്തതു കൊണ്ടും പിതാവിൻ്റെ സന്നിധിയിൽ സ്തുതി കരേറ്റുന്നതു ഉചിതം തന്നെ.
പ്രാർത്ഥനയിൽ ആറു കാര്യങ്ങളാണ് താൻ പിതാവിനോട് അപേക്ഷിക്കുന്നത്:
1. ദൈവത്തിൻ്റെ മഹത്വത്തിനു യോജിച്ചവണ്ണം നമ്മുടെ അകത്തെ മനുഷ്യൻ ശക്തിപ്പെടണം
2. ക്രിസ്തു വിശ്വാസത്താൽ നമ്മുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നല്കേണം
3. നമ്മൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരാകണം
4. ദൈവസ്നേഹത്തിൻ്റെ വീതിയും നീളവും ഉയരവും ആഴവും സകല വിശുദ്ധന്മാർക്കൊപ്പം ഗ്രഹിക്കണം
5. പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിയണം
6. ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരണം.
മൂന്നാം പ്രാർത്ഥന: ഫിലിപ്പിയരിലെ പ്രാർത്ഥന (1:9-12) അവരുടെ സ്നേഹം പരിജ്ഞാനത്തിൽ വർദ്ധിച്ചുവരുവാൻ വേണ്ടിയാണ്.
“നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകല വിവേകത്തിലും വർദ്ധിച്ചു വന്നിട്ടു നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും ദൈവത്തിന്റെ മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാൽ നീതി ഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാൻ പ്രാർത്ഥിക്കുന്നു.”
മൂന്നു വാക്യങ്ങൾ മാത്രമുള്ള വളരെ ചെറിയൊരു പ്രാർത്ഥനയാണ് ഫിലിപ്പിയരിൽ ഉള്ളത്. വിഷയം: പരിജ്ഞാന പ്രകാരമുള്ള സ്നേഹം. ജ്ഞാനം പ്രായോഗിക തലത്തിൽ ഉപയോഗിക്കുമ്പോൾ പരിജ്ഞാനം അഥവാ, പരിചയജ്ഞാനമായി മാറുന്നു. ഉദാഹരണത്തിനു: പ്രാർത്ഥന ദൈവം കേൾക്കുമെന്നുള്ളതു ഒരു ജ്ഞാനമാണ്. എന്നാൽ, ഇതൊരു പൊതുവായ അറിവാണ്. പ്രതിസന്ധിഘട്ടങ്ങളിൽ ഈ ജ്ഞാനം പ്രയോജനപ്പെടുത്താമെന്ന് ഇക്കൂട്ടർക്ക് വലിയ ഉറപ്പൊന്നും ഉണ്ടാകില്ല. പക്ഷെ, ‘പ്രാർത്ഥന ദൈവം കേൾക്കും’ എന്ന ജ്ഞാനം പ്രയോഗിച്ചു പരിചയമുള്ളവൻ അഥവാ, ദുർഘടഘട്ടങ്ങളിൽ പ്രാർത്ഥിച്ചു ജയമെടുത്തിട്ടുള്ളവനെ സംബന്ധിച്ചു അതൊരു പരിജ്ഞാനമാണ്. പ്രതികൂല സാഹചര്യങ്ങളിൽ അവൻ പതറിപ്പോകാതെ പ്രാർത്ഥനയിൽ ജാഗരിക്കും. പൗലൊസ് കൊരിന്ത്യരോടു പറയുന്നു: ‘അറിവു ചീർപ്പിക്കുന്നു; സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു:” (1കൊരി, 8:1). ഒരു വ്യക്തിയിലുള്ള അറിവു കേവലം അറിവു മാത്രമായിരുന്നാൽ, തനിക്കെല്ലാം അറിയാമെന്ന നിഗളമായിരിക്കും ഫലം. എന്നാൽ, അത് മറ്റുള്ളവർക്കും ഉപകാരപ്പെടുന്ന വിധത്തിൽ സ്നേഹത്തിൽ പ്രയോഗിച്ചു തുടങ്ങുമ്പോൾ പരിജ്ഞാനമായി മാറുന്നു. അതുപോലെ, ദൈവം സ്നേഹസമ്പൂർണ്ണനും (1യോഹ, 4:8), ക്രിസ്തു സ്നേഹസ്വരൂപനുമാണ്: (കൊലൊ, 1:13). വീണ്ടുംജനിച്ച എല്ലാവരുടേയും ഹൃദയങളിൽ ദൈവസ്നേഹം പരിശുദ്ധാത്മാവിനാൽ പകർന്നു നല്കിയിട്ടുമുണ്ട്: (റോമ, 5:5). ഈ സ്നേഹം പരിജ്ഞാനപ്രകാരം വർദ്ധിച്ചു വന്നിട്ടു സഹജീവികളിലേക്കും പകരപ്പെടണമെന്നതാണ് പ്രാർത്ഥനയുടെ പ്രഥമലക്ഷ്യം.
പ്രാർത്ഥനയിൽ നാലു കാര്യങ്ങളാണ് താൻ ദൈവത്തോട് അപേക്ഷിക്കുന്നത്:
1. സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും വിവേകത്തിലും വർദ്ധിച്ചു വരണം
2. ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം
3. ക്രിസ്തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും ആകണം
4. ദൈവത്തിന്റെ മഹത്വത്തിനായി യേശുക്രിസ്തുവിനാൽ നീതി ഫലം നിറഞ്ഞവരുമായി തീരേണം.
നാലാം പ്രാർത്ഥന: കൊലൊസ്യരിലെ പ്രാർത്ഥന (1:9-13) അവർ ആത്മീകമായ ഉൾക്കാഴ്ച പ്രാപിക്കുവാനാണ്
“അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾ മുതൽ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു. നിങ്ങൾ പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും സകല സഹിഷ്ണതെക്കും ദീർഘക്ഷമെക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടേണമെന്നും വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.”
അതുകൊണ്ടു: പൗലൊസിൻ്റെ സഹഭൃത്യനായ എപ്പഫ്രാസിൽ നിന്നാണ് കൊലൊസ്യർ സുവിശേഷം കൈക്കൊണ്ട് ദൈവഭാഗത്തേക്ക് വന്നത്. അവൻ അവർക്കുവേണ്ടി ക്രിസ്തുവിൻ്റെ വിശ്വസ്ത ശുശ്രൂഷകനായിരുന്നു. കൂടാതെ, കൊലൊസ്യരുടെ രക്ഷയും ആത്മാവിലുള്ള സ്നേഹവും എപ്പഫ്രാസാണ് പൗലൊസിനോടു അറിയിക്കുകയും ചെയ്തതു: (1-6-8). അതുകൊണ്ടു, ഈ സന്തോഷവർത്തമാനം പൗലൊസ് കേട്ട നാൾ മുതൽ അവർക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുകയാണ്. ആത്മീക ഉൾക്കാഴ്ച, യോഗ്യമായ നടപ്പ് അഥവാ ജീവിതം, സമൃദ്ധിയായ ശക്തി, സ്തോത്രത്തിൻ്റെ ആത്മാവ് തുടങ്ങിയവയാണ് വിഷയം.
പ്രാർത്ഥനയിൽ നാലു കാര്യങ്ങളാണ് ദൈവത്തോട് താൻ അപേക്ഷിക്കുന്നത്:
1. ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും ദൈവേഷ്ടപ്രകാരമുള്ള പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം
2. സൽപ്രവൃത്തികളിൽ ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണം
3. ദൈവത്തിൻ്റെ മഹത്വത്തിനു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടേണമെന്നും
4. സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെച്ച പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യണം.
പൗലൊസിൻ്റെ വിശ്വാസവീക്ഷണം
പൗലൊസിൻ്റെ പ്രാർത്ഥന പോലെയായിരുന്നു തൻ്റെ ജീവിതവും. തന്നെത്തന്നെയും (1കൊരി, 4:13), ലോകത്തിലുള്ളതൊക്കെയും (3:11) ചവറെന്നെണ്ണുകയും, സ്വർഗ്ഗീയമായതിനെ താൻ അധികം കാംക്ഷിക്കുകയും ചെയ്തു: (2കൊരി, 5:3). യേശുക്രിസ്തൂവിൻ്റെ പ്രധാന ഉപദേശം ‘തന്നെത്താൻ താഴുത്തുക’ എന്നതായിരുന്നു: (സെഖ, 9:9; മത്താ, 11:19; 11:29; 18:4; 23:12; മർക്കൊ, 9:35; ലൂക്കൊ, 7:34; 14:11; 15:1,2; 18:14; യോഹ, 13:4,5; ഫിലി, 2:5-8). തന്നെത്താൻ താഴ്ത്തണമെന്നു പഠിപ്പിക്കുകയും പ്രസംഗിക്കുകയും മാത്രമല്ല ചെയ്തത്; ക്രൂശിലെ നീചമരണത്തോളം തന്നെത്താൻ താഴ്ത്തുകയും ചെയ്തു: (ഫിലി, 2:5-8). ന്യായപ്രമാണമെന്ന ചുമപ്പാൻ കഴിയാത്ത നുകം എടുത്തു നീക്കിയിട്ടു (പ്രവൃ, 15:10), തൻ്റെ മൃദുവും ലഘുവുമായ നുകം ഏറ്റുകൊൾവാൻ, അടിമനുകത്തിൽ കുടുങ്ങിക്കിടക്കുന്ന ലോകത്തോട് യേശു വിളിച്ചുപറഞ്ഞു: “ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു:” (മത്താ, 11:29,30). പൗലൊസ് ഏറ്റുകൊണ്ടത് ആ നുകമാണ്. യേശുവിൻ്റെ ഉപദേശവും മാതൃകയും ശിരസാവഹിച്ച താൻ ഫിലിപ്പിയർക്ക് ലേഖനം എഴുതുമ്പോൾ; “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ” (2:3) എന്നു അവരെ ഉദ്ബോധിപ്പിച്ചു. ഉപദേശിക്കുക മാത്രമല്ല ചെയ്തത്; തൻ്റെ ജീവിതം പരിശോധിച്ചാൽ ഈ മാതൃക താൻ ജീവിതത്തിൽ പകർത്തിയിരുന്നു എന്നു കാണാൻ കഴിയും. ദമസ്കൊസിൻ്റെ വഴിയിൽവെച്ച് താൻ ക്രിസ്തുവിനാൽ പിടിക്കപ്പെടുന്നത് എ.ഡി. 34/35-ലാണ്. അതിനെക്കുറിച്ച് താൻ പറയുന്നത് ഇങ്ങനെയാണ്; “എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി; ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനുമല്ല:” (1കൊരി, 15:8). ജാതികളുടെ അപ്പൊസ്തലനായിട്ടാണ് തന്നെ കർത്താവ് വിളിക്കുന്നത്: (പ്രവൃ, 22:21; റോമ, 11:13). പന്ത്രണ്ടു അപ്പോസ്തലന്മാർക്ക് ശേഷമാണ് തൻ്റെ തിരഞ്ഞെടുപ്പ് എന്നതുകൊണ്ട് അകാലപ്രജ അഥവാ, സമയം തെറ്റി ജനിച്ചവൻ എന്നാണ് തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. ലോകത്തിൽ ഒത്തിരി ശ്രേഷ്ഠതകൾ അവകാശപ്പെടുവാൻ ഉണ്ടായിരുന്നിട്ടും (ഫിലി, 3:4-6) ‘അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവൻ’ എന്നാണ് പറയുന്നത്. എ.ഡി. 61-ൽ റോമിലെ തടവിൽനിന്ന് എഫെസ്യർക്ക് ലേഖനം എഴുതിയപ്പോൾ; ‘സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവൻ’ (3:8) എന്നു വിശേഷിപ്പിച്ചു. തിമൊഥെയൊസിനു ലേഖനം എഴുതുന്ന എ.ഡി. 65-ൽ ‘പാപികളിൽ ഞാൻ ഒന്നാമൻ’ എന്നും വിശേഷിപ്പിക്കുന്നു.
തൻ്റെ മക്കൾക്ക് മാത്യകയായി ദൈവം വെച്ചിരിക്കുന്നത് ക്രിസ്തുവിൻ്റെ ജീവിതവും പ്രവൃത്തിയും തന്നെയാണ്: “അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു:” (1പത്രൊ, 2:21). എങ്കിലും, ക്രിസ്തുവിൻ്റെ വിശ്വസ്ത അടിമയെന്ന നിലയിൽ പൗലൊസും വിശ്വാസികൾക്ക് അനുകരണീയ വ്യക്തിത്വമാണ്. സഭകളിൽ അധികാരങ്ങൾക്കും സ്ഥാനമാനങ്ങൾക്കും വേണ്ടി കടിപിടികൂടുകയും, കുറുക്കുവഴികൾ തേടുകയും ചെയ്യുന്ന അനേകരുണ്ട്. അവരൊക്കെ ആത്മപ്രകാരമല്ല; ജഡപ്രകാരം തന്നെത്തന്നെ ശേഷ്ഠരായി കാണുന്നവരാണ്. അവരൊക്കെ പൗലൊസിൻ്റെ ആത്മീക വളർച്ച എപ്രകാരമായിരുന്നു എന്നു പഠിക്കുന്നത് നല്ലതാണ്. “താൻ ക്രിസ്തീയജീവിതം ആരംഭിക്കുന്നത്; അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവൻ അഥവാ, സഭയിലെ പ്രധാനികളിൽ ചെറിയവൻ ആയിട്ടാണ്. ജീവതത്തിൻ്റെ ഏകദേശം മദ്ധ്യാഹ്നത്തിൽ താൻ സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവൻ അഥവാ, ദൈവസഭയിലെ സകല വിശ്വാസികളിലും ഏറ്റവും ചെറിയവൻ എന്നു തന്നെത്തന്നെ എണ്ണി. ജീവിത സായാഹ്നത്തിൽ താൻ പാപികളിൽ ഒന്നാമൻ അഥവാ, ലോകത്തിൽത്തന്നെ ഏറ്റവും ചെറിയവൻ എന്നു വിശേഷിപ്പിച്ചു.” തന്നെത്താൻ താഴ്ത്തുകവഴി ദൈവസന്നിധിയിൽ താൻ ഏറ്റവും ശ്രേഷ്ഠനായിത്തീർന്നു. പൗലൊസ് തൻ്റെ ആത്മീക ജീവിതത്തിൽ മുറുകെപ്പിടിച്ചത് ദൈവകൃപയാണ്. “എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ:” (1കൊരി, 15:10).