അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ (Acts of the Apostles)
പുതിയനിയമത്തിലെ അഞ്ചാമത്തെ പുസ്തകമായ അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ സഭാചരിത്രത്തിന്റെ ആദ്യരേഖയാണ്. ‘പ്രാക്സൈസ് അപൊസ്റ്റൊലോൻ’ എന്നാണു ഗ്രീക്കുപേര്. നിശ്ചയോപപദം പ്രയോഗിച്ചിട്ടില്ലാത്തതുകൊണ്ടു ചില അപ്പൊസ്തലന്മാരുടെ ചില പ്രവൃത്തികൾ എന്നു ഗ്രീക്കു പേരിനെ പരിഭാഷപ്പെടുത്തുന്നതിൽ തെറ്റില്ലെന്നു കരുതുന്ന പണ്ഡിതന്മാരുണ്ട്. ഈ പുസ്തകത്തിന്റെ മുഖമുദ്ര പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവു വന്ന ശേഷമാണു ശക്തി ലഭിക്കുന്നതും യേശുക്രിസ്തുവിനെ സാക്ഷിക്കുന്നതും. തന്മൂലം ചിലർ അഭിപ്രായപ്പെടുന്നതുപോലെ ഈ പുസ്തകത്തെ പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ എന്നും വിളിക്കുന്നതിൽ തെറ്റില്ല. പിതാവായ ദൈവത്തെ വെളിപ്പെടുത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്ന പുത്രൻ നാലു സുവിശേഷങ്ങളിൽ കേന്ദ്രബിന്ദുവായിരിക്കുന്നതു പോലെ, ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്ത പുത്രനെ വെളിപ്പെടുത്തുകയും ഉയർത്തുകയും ചെയ്യുന്ന പരിശുദ്ധാത്മാവ് അപ്പൊസ്തലപ്രവൃത്തികളിൽ നിറഞ്ഞു നിൽക്കുന്നു.
ഗ്രന്ഥകർത്താവ്: എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധംവരെ അപ്പൊസ്തല പ്രവൃത്തികളുടെ എഴുത്തുകാരനെക്കുറിച്ച് പ്രത്യക്ഷ പ്രസ്താവനകളില്ല. അതിനുശേഷം പലരും ലൂക്കൊസ് സുവിശേഷവും അപ്പൊസ്തലപ്രവൃത്തികളും പ്രിയവൈദ്യനായ ലൂക്കൊസിന്റേതാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആധുനികകാലത്ത് മാത്രമാണു ഈ പുസ്തകങ്ങളുടെ കർത്തൃത്വം തീത്തൊസിലോ മറ്റേതെങ്കിലും എഴുത്തുകാരനിലോ ആരോപിക്കുവാനുള്ള ശ്രമം നടന്നിട്ടുള്ളത്. ഉത്തമനായ തെയോഫിലോസിനെ അഭിസംബോധന ചെയ്തുകൊണ്ട് അപ്പൊസ്തലന്മാരുടെ പ്രവ്യത്തികൾ എല്ലാം ലൂക്കൊസ് ഒരു പുസ്തകത്തിൽ എഴുതി എന്നും ഈ സംഭവങ്ങൾ തന്റെ സാന്നിദ്ധ്യത്തിൽ നടന്നതായി ലൂക്കൊസ് വ്യക്തമാക്കുന്നു എന്നും മുറട്ടോറിയൻ രേഖാശകലത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. പോളിക്കാർപ്പ്, ജസ്റ്റിൻ മാർട്ടിയർ, അലക്സാണ്ട്രിയയിലെ ക്ലെമെന്റ്, തെർത്തുല്യൻ, ഇറേന്യൂസ് തുടങ്ങിയവർ ഈ പുസ്തകത്തിൽ നിന്നുദ്ധരിക്കുകയോ പുസ്തകത്തെ പരാമർശിക്കുകയോ ചെയ്തിട്ടുണ്ട്. എവുസേബിയൂസിന്റെ കാലമായപ്പോഴേക്കും അപ്പൊസ്തല പ്രവൃത്തികൾ കാനോന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു.
ആഭ്യന്തരതെളിവുകളും ലുക്കാസിന്റെ കർത്തൃത്വത്തിന് അനുകൂലമായുണ്ട്. എഴുത്തുകാരൻ ഭാഗഭാക്കായിരുന്ന സംഭവങ്ങളെ ആഖ്യാനം ചെയ്യുമ്പോൾ അവർ എന്നതിനു പകരം ഞങ്ങൾ എന്ന ഉത്തമപുരുഷ ബഹുവചനമാണു പയോഗിക്കുന്നത്. രണ്ടാം മിഷണറിയാത്രയിൽ ത്രോവാസിൽവെച്ച് പൌലൊസ്, ശീലാസ്, തിമൊഥയൊസ് എന്നിവരോടു് ലൂക്കൊസ് ചേർന്നു; ഫിലിപ്പിവരെ കൂടെ ഉണ്ടായിരുന്നു: (പ്രവൃ, 16:10-17). എന്നാൽ അവർ ഫിലിപ്പി വിട്ടപ്പോൾ ലൂക്കൊസ് അവരോടൊപ്പം പോയില്ല. മൂന്നാം മിഷണറിയാത്രയുടെ ഒടുവിൽ ഫിലിപ്പിയിൽ ലുക്കാസ് ഉണ്ടായിരുന്നതായി കാണുന്നു. യെരൂശലേമിലെ ദരിദ്രർക്കു വേണ്ടി ലഭിച്ച ധർമ്മശേഖരം അവർക്കു നല്കാനായി പൌലൊസ് പലസ്തീനിലേക്കു യാത്ര പുറപ്പെടുകയായിരുന്നു. (പ്രവൃ,, 20:4 ; റോമ, 15:25). ഇതുമുതൽ ലൂക്കൊസ് പൌലൊസിനോടൊപ്പം യെരൂശലേമിലേക്കു പോയി. (പ്രവൃ, 20:5-21:18). പൌലൊസ് രണ്ടുവർഷം കൈസര്യയിൽ കാരാഗ്യഹവാസം അനുഭവിച്ചപ്പോൾ ലൂക്കൊസ് എന്തുചെയ്തു എന്ന് നമുക്കറിയില്ല. വീണ്ടും വിവരണം ആരംഭിക്കുകയാണ്. ‘ഞങ്ങൾ കപ്പൽ കയറി ഇതല്യക്കു പോകേണം എന്നു കല്പനയായപ്പോൾ’ (പ്രവൃ, 27:1). തുടർന്നു റോമിലേക്കുള്ള യാത്രയെക്കുറിച്ചു ലൂക്കൊസ് വ്യക്തമായി വിവരിച്ചശേഷം പൊടുന്നനവെ ചരിത്രം അവസാനിപ്പിക്കുകയാണ്. പൌലൊസ് കൂലിക്കുവാങ്ങിയ വീട്ടിൽ രണ്ടു സംവത്സരം മുഴുവൻ പാർത്തു, പരിമിതമായ സ്വാതന്ത്ര്യത്തിൽ തന്റെ അടുക്കൽ വന്നവരെ സ്വീകരിക്കുകയും അവരോടു ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. (പ്രവൃ, 28:29,30). ഒരു അനന്തര എഴുത്തുകാരൻ ഈ ‘ഞങ്ങൾ ഭാഗങ്ങൾ’ എഴുതി ചേർത്തുവെങ്കിൽ തീർച്ചയായും തന്റെ പേര് സൂചിപ്പിക്കുമായിരുന്നു. ഞങ്ങൾ ഭാഗങ്ങളിലെ ഭാഷാശൈലിയും മറ്റു ഭാഗങ്ങളിൽനിന്നു വ്യത്യസ്തമല്ല. ലൂക്കൊസ് സുവിശേഷത്തിന്റെയും അപ്പൊസ്തല പ്രവൃത്തികളുടെയും എഴുത്തുകാരൻ തന്നെയാണ് ഈ ഭാഗങ്ങളുടെയും എഴുത്തുകാരൻ. അയാൾ പൌലൊസിന്റെ സഹചാരിയായിരുന്നു. എന്നാൽ പൌലൊസിന്റെ സഖികളിൽ ആർ എന്നത് പ്രാധാന്യമർഹിക്കുന്നു. ലൂക്കൊസ് പ്രിയവൈദ്യനാണ്. പുതിയനിയമത്തിൽ മറ്റുവിധത്തിൽ ഒരു പ്രശസ്തി ലൂക്കൊസിനില്ല. അപ്പൊസ്തല പ്രവൃത്തികളിൽ കാണുന്ന വൈദ്യശാസ്ത്ര സംബന്ധമായ ഭാഷ ലൂക്കൊസിന്റെ കർതൃത്വത്തിനുള്ള അനുബന്ധതെളിവാണ്. പൌലൊസിന്റെ പ്രതീക്ഷിതമരണത്തിനു അല്പംമുമ്പ് ലൂക്കൊസ് പൌലൊസിനോടൊപ്പം ഉണ്ടായിരുന്നു. (2തിമൊ, 4:11).
കാലം: അപ്പൊസ്തല പ്രവൃത്തികളുടെ രചനാകാലത്തെക്കുറിച്ചു പണ്ഡിതന്മാരുടെ ഇടയിൽ അഭിപ്രായൈക്യമില്ല. ഈ ഗ്രന്ഥരചനയിൽ ലൂക്കൊസ് ജൊസീഫസിനെ അവലംബമാക്കി എന്നു വാദിക്കുന്നവരുണ്ട്. എങ്കിൽ അപ്പൊസ്തല പ്രവൃത്തികൾ രചിച്ചതു എ.ഡി. 94-നു ശേഷമായിരിക്കണം. അപ്പൊസ്തലപ്രവൃത്തികളും ജൊസീഫസും പരാമർശിക്കുന്ന ഒരു സംഭവമാണ് ത്യൂദാസ് എന്ന പേരുള്ള യെഹൂദൻ നടത്തിയ വിഫലമായ വിപ്ലവം. പ്രവൃത്തി 5:36-ൽ ഗമാലീയേൽ തന്റെ പ്രസംഗത്തിൽ ഇതിനെ സൂചിപ്പിച്ചിട്ടുണ്ട്. ഈ സംഭവം ജൊസീഫസിന്റെ യെഹൂദപ്പഴമകളിൽ നിന്നെടുത്തതാണെങ്കിൽ അപ്പൊസ്തല പവൃത്തികൾ രചിക്കപ്പെട്ടത് എ.ഡി. 94-നു ശേഷമാണ്. ത്യൂദാസിന്റെ പ്രക്ഷോഭണം ഗലീലക്കാരനായ യൂദായുടെ വിപ്ലവത്തിനു മുമ്പായിരുന്നു. യൂദായുടെ വിപ്ലവം ചാർത്തലിന്റെ കാലത്തു അഥവാ ഔഗുസ്തൊസ് കൈസരുടെ കാലത്തായിരുന്നു (പ്രവൃ, 5:37). ജൊസീഫസ് പരാമർശിക്കുന്ന ത്യൂദാസിന്റെ വിപ്ലവം ഗമാലീയേലിന്റെ പ്രഭാഷണത്തിനു വളരെശേഷം കൌദ്യോസിന്റെ കാലത്തു സംഭവിച്ചതായിരുന്നു. ഈ കാര്യത്തിൽ തെറ്റുപറ്റിയത് ലൂക്കൊസിനാണെന്ന് അധികം പണ്ഡിതന്മാരും സമ്മതിക്കുന്നു. അങ്ങനെയെങ്കിൽ ലൂക്കൊസ് ജൊസീഫസിനെ ആശ്രയിച്ചിട്ടില്ലെന്നും ആശ്രയിച്ചിരുന്നുവെങ്കിൽ ഈ വലിയ തെറ്റ് വരുത്തുകയില്ലായിരുന്നു എന്നും വ്യക്തമാണ്. എന്നാൽ രണ്ടും തെറ്റല്ലെന്നതാണു വസ്തുത. ത്യൂദാസ് എന്നപേരിൽ ഒന്നിലധികം പേർ ഉണ്ടായിരുന്നുവെന്നും അവർ വിപ്ലവത്തിന് മുൻകൈ എടുത്തുവെന്നും കരുതാവുന്നതാണ്. അല്ലെങ്കിൽത്തന്നെയും മുമ്പു വിപ്ലവം നടത്തിയവരുടെ അനുയായികൾ പിന്നീടൊരു വിപ്ലവശ്രമം നടത്തിക്കൂടെന്നുമില്ല. ഏതായാലും ലൂക്കൊസ് ജൊസീഫസിനെ ആശ്രയിച്ചു എന്നതു നിർവ്വിവാദം തെളിയിക്കാൻ സാദ്ധ്യമല്ല. അപ്പൊസ്തല പ്രവൃത്തികളുടെ രചനാകാലമായി പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നതു് എ.ഡി. 63 ആണ്. പ്രധാനപ്പെട്ട വാദമുഖങ്ങൾ താഴെ ചേർക്കുന്നു .
1. എ.ഡി. 60-നു ശേഷമുണ്ടായ ചില പ്രധാന സംഭവങ്ങൾ അപ്പൊസ്തല പ്രവൃത്തികളിൽ പറയപ്പെട്ടിട്ടില്ല. അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് എ.ഡി. 70-ൽ സംഭവിച്ച യെരുശലേമിന്റെ നാശമാണ്. എ.ഡി. 70-നു ശേഷമാണ് ഈ പുസ്തകം എഴുതിയതെങ്കിൽ ലൂക്കൊസ് അതു സൂചിപ്പിക്കുമായിരുന്നു. എന്നാൽ യെരുശലേമിന്റെ നാശം യെഹൂദന്മാർക്കെന്നെപോലെ ക്രിസ്ത്യാനികൾക്ക് പ്രധാനമല്ലെന്നു പ്രതിവാദമുന്നയിക്കാം. സമവീക്ഷണ സുവിശേഷകാരന്മാരിൽവച്ച് യെരൂശലേമിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ലുക്കൊസ് ആണെന്ന വസ്തുത തള്ളിക്കളയാനാവില്ല.
2. നീറോ ചക്രവർത്തിയുടെ ക്രിസ്തുമത പീഡനത്തെക്കുറിച്ച് അപ്പൊസ്തല പ്രവൃത്തികളിൽ യാതൊരു സൂചനയുമില്ല. എ.ഡി. 64-നു ശേഷമായിരുന്നു ഇതു എഴുതപ്പെട്ടിരുന്നുവെങ്കിൽ എഴുത്തുകാരൻ ഒരിക്കലും ഈ സംഭവത്തെ ഒഴിവാക്കുമായിരുന്നില്ല. ലൂക്കൊസ് തന്റെ ചരിത്രം അവസാനിപ്പിക്കുന്നതു തന്നെ റോമിനെ സ്പർശിച്ചുകൊണ്ടാണ്.
3. അപ്പൊസ്തല പ്രവൃത്തികൾ അവസാനിപ്പിക്കുന്നത് പൊടുന്നനവെയാണ്. പ്രസംഗിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഉള്ള സ്വാതന്ത്ര്യത്തോടുകൂടി പൌലൊസ് റോമിൽ കഴിയുന്നതായി പ്രസ്താവിച്ചുകൊണ്ടാ ചരിത്രം അവസാനിപ്പിക്കുന്നു. പൌലൊസിന്റെ അനന്തര ചരിത്രത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഇതിനു പ്രതിവാദമായി ചൂണ്ടിക്കാണിക്കുന്നത് പ്രവൃത്തി 20:25 ആണ്; എന്നാൽ നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ട് നടന്നവനായ എന്റെ മുഖം നിങ്ങളാരും ഇനി കാണുകയില്ല എന്നു ഞാൻ അറിയുന്നു. പൌലൊസിന്റെ രക്തസാക്ഷിത്വം ലൂക്കൊസ് അറിഞ്ഞിരുന്നു എന്നതിനു് ഇത് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എഫ്. എഫ് ബുസിന്റെ അഭിപ്രായത്തിൽ ഇതു പൌലൊസിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള ലൂക്കൊസിന്റെ അറിവിന്റെ രേഖയല്ല, മറിച്ച് പൌലൊസിന്റെ പ്രതീക്ഷയെക്കുറിച്ചുള്ള പ്രസ്താവന മാത്രമാണ്.
4. അപ്പൊസ്തല പ്രവൃത്തികളിലെ വിഷയവും പ്രയോഗങ്ങളും അവികസിതമാണ്. സഭാചരിത്രത്തിന്റെ പ്രാചീനതമമായ ഘട്ടത്തിൽ നിലവിലിരുന്ന ധാരണകളാണവ. യെഹൂദന്മാരും ജാതികളും തമ്മിലുള്ള വാദപ്രതിവാദങ്ങൾ അന്നു പ്രബലമായിരുന്നു. യെരുശലേമിന്റെ പതനത്തിന് മുമ്പാണു അതു പ്രശ്നമായിരുന്നത്. സഭയുടെ സാർവ്വത്രികസ്വഭാവം സ്ഥാപിക്കപ്പെട്ടതോടു കൂടി സഭയിൽ ജാതികളെ ഉൾക്കൊള്ളിക്കുന്നത് പ്രശ്നമല്ലാതായി. യെരൂശലേം സമ്മേളനത്തിൽ ഭക്ഷണത്തെക്കുറിച്ചെടുത്ത തീരുമാനം ഉപദേശത്തിന്റെ അവികസിതരൂപം ചൂണ്ടിക്കാട്ടുന്നു. അപ്പൊസ്തല പ്രവൃത്തികളിലെ ദൈവശാസ്ത്രപരമായ ഭാഷയും പ്രാചീനമാണ്. ക്രിസ്തുവിനുപയോഗിക്കുന്ന പേരുകളായ ദൈവത്തിന്റെ ദാസൻ, മനുഷ്യപുത്രൻ എന്നിവ ആദിമപാരമ്പര്യത്തെ കാണിക്കുന്നു. ക്രിസ്ത്യാനികളെ ശിഷ്യന്മാർ എന്നു വിളിക്കുന്നതും പഴമയുടെ ദൃഷ്ടാന്തമാണ്.
5. റോമിനു സഭയോടുള്ള അനുകൂല ഭാവമാണു അപ്പൊസ്തല പ്രവൃത്തികളിൽ കാണുന്നത്. സഭയെ റോമൻ അധികാരികൾ പീഡിപ്പിച്ചില്ല. എഫെസൊസിലെ പ്രാദേശിക സർക്കാർ പൌലൊസിനോടും സുഹൃത്തുക്കളോടും അനുകൂലമായാണു പെരുമാറിയത്. പീഡനത്തിനു പിന്നിൽ ഓരോസമയവും പ്രത്യക്ഷപ്പെട്ടത് യെഹൂദന്മാരും അവരുടെ ഉപജാപങ്ങളുമാണാ. എ.ഡി. 64-ൽ നീറോ സഭയെ പീഡിപ്പിച്ചു. അതിനുശേഷമാണ് ഭരണാധികാരികൾ ക്രിസ്തുമതത്തെ സംശയദൃഷ്ടിയോടെ വീക്ഷിച്ചുതുടങ്ങിയത്.
6. അപ്പൊസ്തലപ്രവൃത്തികളുടെ എഴുത്തുകാരനു പൌലൊസിന്റെ ലേഖനങ്ങളുമായി അടുപ്പമുണ്ടായിരുന്നില്ലെന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു . തന്മൂലം പൌലൊസിന്റെ ലേഖനങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ അപ്പൊസ്തലപ്രവൃത്തികൾ എഴുതിക്കഴിഞ്ഞു എന്ന് മനസ്സിലാക്കാം.
ഉദ്ദേശ്യം: യേശുവിൻ്റെ ശിഷ്യഗണത്തിൻ്റെ യെഹൂദാ പാരമ്പര്യത്തിൽ നിന്നും സർവ്വലോകത്തിലേക്കുമുള്ള സുവിശേഷത്തിൻ്റെ വളർച്ച രേഖപ്പെടുത്തിയിരിക്കുന്ന ഒരു ചരിത്രഗ്രന്ഥമാണ് അപ്പൊസ്തല പ്രവൃത്തികൾ. പരിശുദ്ധാത്മാവിൻ്റെ വാഗ്ദത്തവും, ക്രിസ്തുവിൻ്റെ സ്വർഗ്ഗാരോഹണവും, ആത്മാവിൻ്റെ അവരോഹണവും, ആത്മസ്നാനവും, സഭാസ്ഥാപനവും, സഭയുടെ വ്യാപനവും വിവരിച്ചിരിക്കുന്നു. അപ്പൊസ്തലന്മാരുടെ പ്രവൃത്തിയെന്നാണ് പുസ്തകത്തിൻ്റെ പേരെങ്കിലും, യെരുശലേമിൽ സ്ഥാപാപിച്ച തൻ്റെ സഭ പരിശുദ്ധാത്മാവ് ഭൂലോകം മുഴുവൻ വ്യാപിപ്പിച്ചത് എങ്ങനെയാണ് എന്നതിൻ്റെ ചരിത്രം ചമച്ചിരിക്കുകയാണ് ലൂക്കൊസ്.
പ്രധാന വാക്യങ്ങൾ: 1. “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” പ്രവൃത്തികൾ 1:8.
2. “പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.” പ്രവൃത്തികൾ 2:2-4.
3. “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” പ്രവൃത്തികൾ 4:12.
4. “അതിന്നു പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റേ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ. ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല എന്നു ഉത്തരം പറഞ്ഞു.” പ്രവൃത്തികൾ 4:19,20.
5. “കർത്താവു അവനോടു: നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.” പ്രവൃത്തികൾ 9:15.
6. “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.” പ്രവൃത്തികൾ 13:47.
7. “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു.” പ്രവൃത്തികൾ 16:31.
ബാഹ്യരേഖ: I. പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്നു: 1:1-5.
II. ക്രിസ്തുവിൻ്റെ സ്വർഗ്ഗാരോഹണം: 1:6-11.
III. മത്ഥിയാസിൻ്റെ തിരെഞ്ഞെടുപ്പ്: 1:12-26.
IV. ദൈവസഭാസ്ഥാപനം: 2:1-4.
V. പത്രൊസിന്റെ പ്രവർത്തനങ്ങൾ: 2:5-5:42.
1. ഒന്നാമത്തെ പ്രസംഗവും, 3,000 പേരുടെ രക്ഷയും: 2:5-46.
2. സുന്ദരം എന്ന ദൈവാലയ ഗോപുരത്തിങ്കൽ ഇരുന്ന മുടന്തനെ സൌഖ്യമാക്കിയതും അനന്തര സംഭവങ്ങളും: അ.3,4.
3. അനന്യാസും സഫീരയും പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ച് മരണത്തിനു വിധേയരാകുന്നു: 5:1:11.
4. അപ്പൊസ്തലന്മാരുടെ കയ്യാൽ നടക്കുന്ന അത്ഭുതങളും, ന്യായാധിപസംഘത്തിനു മുമ്പിലെ പ്രസംഗവും: 5:12-42.
VI. ഡീഖന്മാരുടെ പ്രവർത്തനം: അ.6-8.
1. ഏഴു ഡീഖന്മാരെ തിരഞ്ഞെടുക്കുന്നു: അ.6.
2. സ്തെഫാനൊസിന്റെ പ്രസംഗവും രക്തസാക്ഷിത്വവും: അ.7.
3. ഫിലിപ്പോസിന്റെ സുവിശേഷ പ്രവർത്തനങ്ങൾ: അ.8.
VII. പത്രൊസിന്റെ പ്രവർത്തനങ്ങൾ തുടരുന്നു: അ.9-12.
1. ശൗലിന്റെ മാനസാന്തരം, പത്രൊസ് ഐനയാസിനെ സൌഖ്യമാക്കുന്നു, തബീഥയെ ഉയിർപ്പിക്കുന്നു: അ.9.
2. കൊർന്നേല്യൊസിനും പത്രൊസിനും ദർശനങ്ങൾ ലഭിക്കുന്നു: അ.10,11.
3. ദൂതൻ പത്രൊസിനെ കാരാഗൃഹത്തിൽ നിന്നു രക്ഷിക്കുന്നു: അ.12.
VIII. പൗലൊസിന്റെ പ്രവർത്തനങ്ങൾ: അ.13-28.
1. ഒന്നാം മിഷണറിയാത്ര: അ.13,14.
2. യെരുശലേം സമ്മേളനം: 15:1-35.
3. രണ്ടാം മിഷണറിയാത്ര: 15:35-18:22.
4. മുന്നാം മിഷണറിയാത്ര: 18:23-21:17.
IX. പൗലൊസ് കാരാഗൃഹത്തിൽ: 21:18-28:30.
1. ഒന്നാം കാരാഗൃഹവാസം യെരൂശലേമിൽ: 21:18-23:30.
2. രണ്ടാം കാരാഗൃഹവാസം കൈസര്യയിൽ: 23:31-26:32.
3. മൂന്നാം കാരാഗൃഹവാസം റോമിൽ: അ.27,28.
ചരിത്രസ്വഭാവം: പുരാവസ്തുഗവേഷണം അപ്പൊസ്തലപ്രവൃത്തികളുടെ ചരിത്രപരമായ സൂക്ഷ്മതയ്ക്കു സാക്ഷ്യം വഹിക്കുന്നു . വസ്തുതകളെ തിരഞ്ഞെടുത്താണു അവതരിപ്പിച്ചതെങ്കിലും ചരിത്രപരമായ സത്യസന്ധതയ്ക്ക് അല്പവും കോട്ടം വരുത്തിയിട്ടില്ല. സമകാലീനചരിത്ര പശ്ചാത്തലത്തിലാണ് സഭയുടെ ചരിത്രം ലൂക്കൊസ് രേഖപ്പെടുത്തിയത്. നഗരാധിപന്മാർ, അധിപതികൾ, രാജാക്കന്മാർ എന്നിവരെക്കുറിച്ചുള്ള പരാമർശങ്ങളെല്ലാം തന്നെ കൃത്യമാണ്. പ്രവൃത്തി 27-ലെ പൗലൊസിന്റെ റോമിലേക്കുള്ള യാത്രയടെ വിവരണം പൌരാണിക കപ്പൽയാത്രയെക്കുറിച്ചു നമുക്കു കിട്ടിയിട്ടുള്ള പഴക്കമേറിയ രേഖകളിലൊന്നാണ്.
പുസ്തകത്തിന്റെ പ്രാധാന്യം: സുവിശേഷങ്ങൾക്കും ലേഖനങ്ങൾക്കും ഇടയ്ക്കാണ് അപ്പൊസ്തലപ്രവൃത്തികളുടെ സ്ഥാനം. സുവിശേഷങ്ങളെ തുടർന്നുള്ള ചരിത്രമാണത്. തുടർന്നുവരുന്ന ലേഖനങ്ങളുടെ ചരിത്രപശ്ചാത്തലവും എഴുത്തുകാരുടെ അപ്പൊസ്തലത്വത്തിന്റെ തെളിവും നല്കുന്നതു അപ്പൊസ്തല പ്രവൃത്തികളാണ്. 13 മുതൽ 28 വരെയുള്ള അദ്ധ്യായങ്ങൾ പൌലൊസിന്റെ പ്രവർത്തന വിവരണമാണ്. തുടർന്നുവരുന്ന ലേഖനങ്ങൾ പൌലൊസിന്റേതാണല്ലോ. ക്രിസ്തുമാർഗ്ഗത്തിന്റെ പ്രാരംഭചരിത്രത്തെക്കുറിച്ചുള്ള നിസ്തുല്യരേഖയാണിത്. പെന്തെക്കൊസ്തിനു ശേഷമുള്ള സഭയുടെ ചരിത്രം മറ്റു മാർഗ്ഗങ്ങളിൽ നിന്നു നമുക്കു ലഭ്യമല്ല.
പ്രതിപാദ്യം: ലുക്കൊസ് സുവിശേഷത്തിൽ രേഖപ്പെടുത്തിയ ക്രിസ്തു മാർഗ്ഗത്തിന്റെ തുടർന്നുള്ള ചരിത്രം. യേശു ചെയ്തും പഠിപ്പിച്ചും തുടങ്ങിയതാണ് ഒന്നാമത്തെ ചരിത്രത്തിൽ. സ്വർഗ്ഗത്തിൽനിന്നും അയച്ച പരിശുദ്ധാത്മാവിലൂടെ ക്രിസ്തു തുടർന്നു പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്തതാണു അപ്പൊസ്തലപ്രവൃത്തികളിൽ . ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം. പുനരാഗമനവാഗ്ദത്തം (അ.1) പരിശുദ്ധാത്മാവിന്റെ ആഗമനം, ആത്മസ്നാനം, സഭയുടെ രൂപീകരണം, സുവിശേഷം യെഹൂദനും (അ.2) ശമര്യനും (അ.8) ജാതികൾക്കും (അ.10) ലഭിച്ചത്, പൌലൊസിന്റെ മാനസാന്തരം, പൌലൊസിന്റെ മിഷണറിയാത്രകൾ എന്നിവ വർണ്ണിക്കുന്നു.
പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ് അപ്പൊസ്തല പ്രവൃത്തികളിലെ മുഖ്യവിഷയം. ഉയിർത്തെഴുന്നേറ്റ ക്രിസ്തു പരിശുദ്ധാത്മാവിന്റെ വാഗ്ദത്തം നല്കി (1:4). അതു യെഹൂദ്യ ശിഷ്യന്മാർക്കു 2-ലും ജാതീയ വിശ്വാസികൾക്കു 10-ലും നിറവേറി. പരിശുദ്ധാത്മ ശക്തിയിൽ അപ്പൊസ്തലന്മാർ തങ്ങളുടെ നിയോഗം നിർവ്വഹിച്ചു. അത്ഭുതങ്ങ ളോടും വീര്യപ്രവൃത്തികളോടും ആമായിരുന്നു അത്. മാനസാന്തരപ്പെട്ടവരുടെ സുവിശേഷസ്വീകാരം പരിശുദ്ധാത്മ ശക്തിയുടെ പ്രത്യക്ഷമായ ആവിഷ്കാരത്തോടു കൂടിയായിരുന്നു. പരിശുദ്ധാത്മ നിയന്ത്രണത്തിലായിരുന്നു സുവിശേഷ വ്യാപനം. ഫിലിപ്പോസ് (8:28,39), പത്രൊസ് (10:19), പൗലൊസും സഹപ്രവർത്തകരും തുടങ്ങിയ സുവിശേഷ പ്രഘോഷകരുടെ ചലനം മുഴുവൻ നയിച്ചതും നിയന്ത്രിച്ചതും ആത്മാവായിരുന്നു. ശൗലിനെയും ബർന്നബാസിനെയും വിളിച്ചതും (13:2), അവരെ ശുശ്രൂഷയ്ക്കായി വേർതിരിക്കുവാൻ അന്ത്യൊക്ക്യാസഭയെ പ്രേരിപ്പിച്ചതും പരിശുദ്ധാത്മാവായിരുന്നു. യെരുശലേം സമ്മേളനത്തിന്റെ തീരുമാനങ്ങളും പരിശുദ്ധാത്മ പ്രേരിതമായിരുന്നു. (15:28). പഴയനിയമകാലത്ത് എന്നപോലെ (1:16; 28:25) പരിശുദ്ധാത്മാവു പ്രവാചകന്മാരിലൂടെ സംസാരിക്കുന്നു.(11:28; 20:23; 21:4, 11). സഭയുടെ ആത്മീയ മേൽവിചാരകത്വത്തിനായി സഭയ്ക്കു മൂപ്പന്മാരെ ആദ്യം നിയമിച്ചതും പരിശുദ്ധാത്മാവതേ. (20:28). സുവിശേഷ സത്യത്തിനു പരിശുദ്ധാത്മാവ് പ്രധാന സാക്ഷിയാണ്.
“എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾക്ക് ശക്തി ലഭിച്ചിട്ട് യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും” (1:8) എന്നു ക്രിസ്തു ശിഷ്യന്മാരോടു പറഞ്ഞ വാക്കുകൾ പുസ്തകത്തിന്റെ രൂപരേഖ നമുക്കു നല്കുന്നു. ആദ്യം യെരുശലേമിലും (അ.1-7), പിന്നീടു യെഹൂദ്യയിലും ശമര്യയിലും (അ8-12), ഒടുവിൽ ഭൂമിയുടെ അറ്റത്തോളവും (അ.13-28)) ക്രിസ്തുവിന്റെ സാക്ഷ്യം എത്തുന്നു. സുവിശേഷം യെരുശലേമിൽ നിന്നു ശമര്യയിലേക്കും (8:15), തീരപ്രദേശങ്ങളിലേക്കും (8:40), ദമ്മേശെക്ക് (9:10), അന്ത്യൊക്ക്യ, കുപൊസ് (11:18), ആസ്യ (13:13), യൂറോപ്പ് (16:11), റോം (28:16) എന്നിവിടങ്ങളിലേക്കും വ്യാപിക്കുന്നു.
അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ എന്നതാണ് പുസ്തകത്തിന്റെ പേരെങ്കിലും പ്രധാനമായി വർണ്ണിക്കപ്പെടുന്നത് പത്രോസിന്റെയും പൌലൊസിന്റെയും പ്രവർത്തനങ്ങളാണ്. സ്തെഫാനൊസും (അ.6-7), ഫിലിപ്പോസും (7-8) ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നു എന്നു മാത്രം. പത്രൊസിന്റെയും പൗലൊസിന്റെയും പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നല്കി വർണ്ണിക്കുന്നതു പ്രത്യേക ഉദ്ദേശ്യത്തോടുകൂടി ആയിരിക്കണം. പ്രസ്തുത ഉദ്ദേശ്യം വ്യക്തമല്ല. ഒരു പക്ഷേ ഗ്രന്ഥകർത്താവിന് ഇവരോടുണ്ടായിരുന്ന അടുപ്പമോ, പ്രവർത്തന പങ്കാളിത്തമോ ആകണം കാരണം. അല്ലെങ്കിൽ വിജാതീയരുടെ അപ്പൊസ്തലനെയും പരിച്ഛേദനക്കാരുടെ അപ്പൊസ്തലനെയും തുല്യനിലയിൽ അവതരിപ്പിക്കുകയാകണം ലക്ഷ്യം. രണ്ടു ഭാഗങ്ങൾക്കും തമ്മിൽ എടുത്തു കാട്ടാവുന്ന സാമ്യങ്ങളുണ്ട്. ആദ്യത്തെ 12 അദ്ധ്യായങ്ങളിൽ പത്രൊസ് അപ്പൊസ്തലനാണ് പ്രമുഖനായി കാണപ്പെടുന്നത്. പെന്തെക്കൊസ്തിനു മുൻപും പിൻപും നേതൃത്വം പത്രൊസിനായിരുന്നു. സുന്ദരം എന്ന ദൈവാലയ ഗോപുരത്തിലിരുന്ന് മുടന്തനെ സൌഖ്യമാക്കിയതു പത്രൊസാണ്; കൂടെ യോഹന്നാൻ ഉണ്ടായിരുന്നുവെങ്കിലും. ന്യായാധിപസംഘത്തിനു മുൻപിൽ രണ്ടു പ്രാവശ്യം പ്രതിവാദം നടത്തിയത് പത്രോസാണ്. അനന്യാസിനും സഫീറക്കും മേൽ ശിക്ഷാവിധി ഉച്ചരിച്ചതും പത്രൊസായിരുന്നു. പത്രൊസിന്റെ നിഴൽ അനേകം പേർക്ക് സൌഖ്യം നല്കി. കൊർന്നേല്യാസിനോടു ആവശ്യപ്പെട്ടത് ശിമോൻ പത്രൊസിനെ വരുത്താനായിരുന്നു. യെരുശലേം സഭയുടെ മുമ്പിൽ കാര്യങ്ങൾ വിവരിച്ചതും പത്രൊസ് തന്നേ. കാരാഗൃഹത്തിൽനിന്നും പത്രൊസ് അത്ഭുതകരമായി വിടുവിക്കപ്പെടുന്നതിന്റെ വിവരണത്തോടുകൂടി ഒന്നാം ഭാഗം അവസാനിക്കുന്നു.
പത്രൊസിന്റെ പ്രവർത്തനങ്ങളിൽ പലതും പൗലൊസിന്റെ ചരിത്രത്തിലും ആവർത്തിക്കുന്നതായി കാണാം. രണ്ടുപേരും മുടന്തന്മാരെ സൗഖ്യമാക്കി (3:2-8; 14:8-12). അസാധാരണ മാർഗ്ഗങ്ങളിലൂടെയാണ് രണ്ടുപേരും സൌഖ്യം നല്കിയത്; പത്രൊസ് തന്റെ നിഴൽ കൊണ്ടും പൗലൊസ് തന്റെ വസ്ത്രങ്ങൾ കൊണ്ടും (5:15; 19:12), ആഭിചാരകന്മാരുമായുള്ള ഏറ്റുമുട്ടൽ രണ്ടുപേർക്കും സംഭവിച്ചിട്ടുണ്ടു് (8:18; 13:6). രണ്ടുപേരും മരിച്ചവർക്കു ജീവൻ നല്കി. (9:36; 20:9) രണ്ടുപേരും കാരാഗൃഹത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു (12:9; 16:24). ഈ സമാനതകൾ ചൂണ്ടിക്കാണിക്കുന്നത് ഇരുവരുടെയും അപ്പൊസ്തലത്വം തുല്യനിലയിലുള്ളതെന്നത്രേ. പൌലൊസിന്റെ ആളത്തത്തെ ലൂക്കൊസ് മനോഹരമായി ചിത്രീകരിക്കുന്നു. സ്തെഫാനൊസിന്റെ മരണ സമയത്താണു ശൗൽ (പൌലൊസ്) പ്രത്യക്ഷപ്പെടുന്നത്. ആദ്യകാലത്ത് ശൗൽ സഭയ്ക്കുചെയ്ത ദോഷങ്ങൾ എല്ലാം ചൂണ്ടിക്കാണിക്കുന്നുണ്ട്. പൗലൊസിന്റെ നോട്ടത്തിന്റെ തീക്ഷ്ണത (13:9; 14:9; 23:1), ആംഗ്യം കാട്ടൽ (13:16; 26:1), മുട്ടുകുത്തൽ (20:36-38) ലുസ്ത്രയിൽ വെച്ച് വസ്ത്രം കീറിയത് ഇങ്ങനെ ചെറിയ കാര്യങ്ങൾ പോലും ലൂക്കൊസ് നാടകീയമായി ആവിഷ്കരിച്ചു.
പ്രഭാഷണങ്ങൾ പ്രതിപാദ്യത്തിന്റെ പ്രധാനഘടകമാണ്. ഏതെങ്കിലും ഒരു ഗണത്തിന്റെ മുമ്പിൽ പ്രതീക്ഷിതമായോ അപ്രതീക്ഷിതമായോ അപ്പൊസ്തലന്മാരും കൂട്ടരും പ്രസംഗിക്കാൻ നിർബ്ബന്ധിക്കപ്പെടുന്നു. സാധാരണ സംവാദരീതിയിലുള്ള ഭാഷണങ്ങൾ അല്ല ഇവ. അപ്പൊസ്തല പ്രവൃത്തികളുടെ പ്രമുഖ ഭാഗവും പ്രഭാഷണങ്ങളാണ്. ഏകദേശം മുപ്പതു ശതമാനത്തോളം. 24 പ്രഭാഷണങ്ങളാണ് ആകെയുഒള്ളത്: പത്രൊസിന്റെ ഒമ്പതു; ഗമാലീയേൽ (5:35-39), സ്തെഫാനൊസ് (7:5-52), യാക്കോബ് (15:15-21), ദെമേത്രിയൊസ് (19:25-27), പട്ടണമേനവൻ (19:35-40), ഫെസ്തൊസ് (25:24-27) എന്നിവരുടെ ഓരോന്നും. ദീർഘപ്രഭാഷണങ്ങളിൽ പ്രധാനപ്പെട്ടവ പെന്തെക്കൊസ്തു നാളിലും (2:14-36), ശലോമോന്റെ മണ്ഡപത്തിൽ കൂടിയവരോടും (3:12-26), ന്യായാധിപസംഘത്തിനു മുമ്പിലും (4:8-12), കൊർന്നേല്യാസിന്റെ വീട്ടിലും (10:34-37), യെരൂശലേമിലെ യെഹൂദ ക്രിസ്ത്യാനികളോടും (11:5-17) പത്രൊസ് ചെയ്ത പ്രസംഗങ്ങളാണ്. തന്റെ മേൽ കുറ്റം ചുമത്തിയവരോടു സ്തെഫാനൊസ് ചെയ്ത പ്രസംഗമാണ് (7:5-52) ഏറ്റവും ദീർഘം. യെരുശലേം സമ്മേളനത്തിൽ പത്രൊസും (15:7-11), യാക്കോബും (15:13-21) തങ്ങളുടെ പ്രസംഗങ്ങൾ റിപ്പോർട്ടു ചെയ്തു. പൗലൊസിന്റെ പ്രഭാഷണങ്ങൾ വൈവിധ്യമാർന്നവയാണ്. അവയിൽ രണ്ടെണ്ണം പൌലൊസിന്റെ മാനസാന്തരാനുഭവത്തിന്റെ ആവർത്തനമാണ് (22:3; 26:2). പ്രഭാഷണങ്ങളാണ് പുസ്തകത്തിന്റെ ദൈവശാസ്ത്രാഭിമുഖ്യം വെളിപ്പെടുത്തുന്നത്. അല്ലെങ്കിൽ ഇതു വെറും ചരിത്രഗ്രന്ഥമായി തീർന്നേനെ.