പ്രവാസം (captivity)
പരദേശത്തുപോയി പാർക്കുന്നതാണ് പ്രവാസം. സ്വരാജ്യഭ്രഷ്ടരായി യിസ്രായേൽമക്കൾ അന്യരാജ്യത്തു പോയി പാർക്കേണ്ടി വന്നതാണ് യിസ്രായേല്യ ചരിത്രത്തിൽ പ്രവാസം എന്ന് അറിയപ്പെടുന്നത്. ഒരു പട്ടണത്തിലെയോ ജില്ലയിലെയോ ജനം മുഴുവൻ ബലപ്രയോഗത്തിനു വിധേയമായി അന്യദേശത്തുപോയി പാർക്കേണ്ടിവരുന്നതു പുരാതന ചരിത്രത്തിൽ അസാധാരണ സംഭവമല്ല. ജനത്തെ മാറ്റി പാർപ്പിക്കുന്നതിനു രണ്ടു ലക്ഷ്യങ്ങളുണ്ട്. 1. പുതിയ പട്ടണങ്ങളെ പെട്ടെന്നു ജനനിബിഡമാക്കുക. 2. ശത്രുസംഘങ്ങളെ വിഘടിപ്പിച്ചു ദുർബ്ബലമാക്കുക.
നാടുകടത്തൽ ആദ്യം നടപ്പിലാക്കിയതു അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ തൃതീയനാണ്. താൻ കീഴടക്കിയ ജനങ്ങളെ മുഴുവൻ തന്റെ സാമ്രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി അദ്ദേഹം പാർപ്പിച്ചു. (1രാജാ, 15:29). സർഗ്ഗോൻ, സൻഹേരീബ്, എസ്സർ-ഹദ്ദോൻ, ബാബിലോന്യ രാജാക്കന്മാർ പ്രത്യേകിച്ചും നെബൂഖദ്നേസർ എന്നിവർ ഈ നയം പിന്തുടർന്നു. യിസായേലിന്റെ മിസ്രയീമിലെ അടിമത്തത്തയും ഫെലിസ്ത്യർ തുടങ്ങിയവർ പലകാലത്തായി ഇവരെ കീഴടക്കിയതിനെയും ഒരു വിശാലമായ അർത്ഥത്തിൽ പ്രവാസം എന്നു പറയാനുണ്ട്. ബാബിലോന്യൻ, പേർഷ്യൻ, ഗ്രേക്കൻ, റോമൻ എന്നിങ്ങനെ നാലായി യെഹൂദന്മാർ തങ്ങളുടെ ദേശീയ പ്രവാസങ്ങളെ കണക്കാക്കുന്നു. എന്നാൽ അശ്ശൂര്യ ബാബിലോന്യ രാജാക്കന്മാർ യെഹൂദന്മാരെ നാടു കടത്തിയതിനെയാണ് പ്രവാസം എന്നു പൊതുവെ പറയുന്നത്. (മത്താ, 1:17). ബാബേൽ പ്രവാസം യിസ്രായേല്യ ചരിത്രത്തിൽ തിക്തമായ ഒരു സംഭവമാണ്. അവരുടെ ജീവിതത്തെയും ചിന്തയെയും ഇത്രത്തോളം ബാധിച്ചിട്ടുള്ള മറ്റൊരു സംഭവം ഇല്ല. യിസ്രായേൽ മക്കളുടെ മിസ്രയീമിലെ അടിമത്തം പ്രവാസമായിരുന്നില്ല. മിസ്രയീമിൽ നിന്നുള്ള അവരുടെ വിടുതൽ യഥാസ്ഥാപനവുമായിരുന്നില്ല. കാരണം, യോശുവ കനാൻ കീഴടക്കുന്നതുവരെയും അതു അവരുടെ അവകാശദേശമായിരുന്നില്ല.
യിസ്രായേലിന്റെ പ്രവാസം: തെക്കുപടിഞ്ഞാറു ഈജിപ്റ്റിന്റെയും വടക്കുകിഴക്കു മെസൊപ്പൊട്ടേമിയയുടെയും ഇടയിൽ ഉലഞ്ഞുകൊണ്ടിരുന്ന ഒരു ചരിത്രമായിരുന്നു യിസ്രായേലിന്റേതും യെഹൂദയുടേതും. ബൈബിൾ ചരിത്രത്തിന്റെ ആദ്യഘട്ടങ്ങളിൽ ഈജിപ്റ്റ് പ്രബലമായിരുന്നു. അശ്ശൂരിന്റെയും ബാബിലോണിന്റെയും വളർച്ചയോടുകൂടി ആദ്യം യിസ്രായേലും പിന്നീട് യെഹൂദയും താളടിയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു. ഉത്തരരാജ്യമായ യിസായേലിലെ പത്തു ഗോത്രങ്ങളുടെ പ്രവാസം ഒരു സങ്കീർണ്ണമായ പ്രക്രിയയായിരുന്നു. യൊരോബെയാം രണ്ടാമന്റെ വാഴ്ചക്കാലത്ത് യിസ്രായേൽ അതിന്റെ ഉച്ചാവസ്ഥയിലെത്തി. ഈ കാലത്തു അശ്ശൂർ ഏതു പ്രകാരേണയും സാമ്രാജ്യം കെട്ടിപ്പടുക്കുവാൻ വെമ്പുകയായിരുന്നു. യിസ്രായേൽ രാജാവായ പേക്കഹിന്റെ കാലത്താ (740 ബി.സി.) ‘തിഗ്ലത്ത്-പിലേസർ തൃതീയൻ’ രൂബേന്യരെയും, ഗാദ്യരെയും, മനശ്ശയുടെ പാതിഗോത്രത്തെയും (1ദിന, 5:26), ഗലീലയിലെ നിവാസികളെയും (2രാജാ, 15:29; യെശ, 9:1) ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി. അരാമിന്റെ തലസ്ഥാനമായ ദമ്മേശെക്ക് പിടിച്ചശേഷം തിഗ്ലത്ത്-പിലേസർ യിസ്രായേലിന്റെ ഒടുവിലത്തെ രാജാവായ ഹോശേയയെ വാഴിച്ചു. നിഷ്ഫലമായ ഈജിപ്ഷ്യൻ സഹായം പ്രതീക്ഷിച്ചുകൊണ്ടു ഹോശേയ അശ്ശൂരിനോടു മത്സരിച്ചു. അശ്ശൂർരാജാവായ ശല്മനേസർ യിസ്രായേലിനെ രണ്ടുപ്രാവശ്യം ആക്രമിച്ചു. (2രാജാ, 17:3,5). അദ്ദേഹത്തിന്റെ പിൻഗാമിയായ സർഗ്ഗോൻ ദ്വിതീയൻ ബി.സി. 721-ൽ ശമര്യ പിടിച്ചു 27290 പേരെ ബദ്ധരാക്കി കൊണ്ടപോയതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതായിരുന്നു പത്തുഗോത്രങ്ങളുടെ അന്ത്യം. ‘യെഹൂദാഗോത്രം അല്ലാതെ ആരും ശേഷിച്ചില്ല.’ (2രാജാ, 17:18). യിസ്രായേല്യരെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി ഹലഹിലും ഗോസാൻ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു. (2രാജാ, 17:6; 18:11). പത്തു ഗോത്രങ്ങളുടെയും നാടുകടത്തൽ പൂർണ്ണമായിരുന്നു. വ്യക്തിത്വം നഷ്ടപ്പെട്ട അവർ ചരിത്രഗതിയിൽ മടങ്ങിവരാതവണ്ണം മറ്റുള്ളവരുമായി കലർന്നു.
യെഹൂദയുടെ പ്രവാസം: യെഹൂദ്യരുടെ പ്രവാസവും പൊടുന്നനവെ സംഭവിച്ചതല്ല. അശ്ശൂർരാജാവായ അശ്ശൂർബനിപ്പാളിനു ശേഷം യെഹുദയുടെ മേലുള്ള അശ്ശൂരിന്റെ അധീശത്വം അയഞ്ഞു തുടങ്ങി. നവബാബിലോന്യ സാമ്രാജ്യം (ബി.സി. 629-539) ശക്തി പ്രാപിച്ചു വരികയായിരുന്നു. യെഹൂദയും ഈജിപ്റ്റും ഈ ഇടവേളയെ പ്രയോജനപ്പെടുത്തുവാൻ ശ്രമിച്ചു. മെഗിദ്ദോ യുദ്ധത്തിൽ വച്ചു യെഹൂദയുടെ പ്രതീക്ഷ തകർന്നു. യെഹൂദാരാജാവായ യോശീയാവു കൊല്ലപ്പെട്ടു. ഈജിപ്റ്റ് യെഹൂദയുടെ മേൽ അധീശത്വം പുലർത്തി. ബി.സി. 605-ൽ കർക്കെമീശിൽ വച്ച് നെബുഖദ്നേസർ ഈജിപ്റ്റിനെ തോല്പിച്ചു. യോശീയാവിന്റെ പുത്രന്മാർരിൽ ഒരുവനായ യെഹോവാഹാസിനെ മൂന്നു മാസത്തെ ഭരണത്തിനുശേഷം ഫറവോൻ നെഖോ മിസ്രയീമിലേക്കു ബദ്ധനാക്കി കൊണ്ടുപോയി. അവൻ അവിടെ വച്ച് മരിച്ചു. (2രാജാ, 23:31-34; 2ദിന, 36:1-4; യിരെ, 22:10-12). തുടർന്നു യോശീയാവിന്റെ മറ്റൊരു പുത്രനായ യെഹോയാക്കീം പതിനൊന്നു വർഷം ഭരിച്ചു (ബി.സി. 609-598). നെബുഖദ്നേസർ യെരുശലേം നിരോധിച്ച കാലത്തു യെഹോയാക്കീം മരിച്ചു. പുത്രനായ യെഹോയാഖീൻ മൂന്നുമാസം രാജ്യം ഭരിച്ചു (ഡിസംബർ 598-മാർച്ച് 597 ബി.സി). തുടർന്നു അദ്ദേഹം ബദ്ധനായി ബാബേലിലേക്കു പോയി. (2രാജാ, 24:6-8; 2ദിന, 36:9,10). അനന്തരം യോശീയാവിന്റെ മൂന്നാമത്തെ പുത്രനായ മത്ഥന്യാവെ സിദെക്കീയാവ് എന്നപേരിൽ നെബൂഖദ്നേസർ രാജാവാക്കി. പതിനൊന്നു വർഷം അയാൾ ആശ്രിതനായി ഭരിച്ചു. (മാർച്ച് 597-ജൂലൈ 587 ബി.സി.). യെരുശലേം പിടിക്കപ്പെട്ടപ്പോൾ സിദെക്കീയാവിനെ കണ്ണു കുത്തിപ്പൊട്ടിച്ചു ബദ്ധനാക്കി ബാബേലിലേക്കു കൊണ്ടുപോയി. അവിടെ മരണംവരെ അദ്ദേഹം ബദ്ധനായിരുന്നു. മുന്നു യെഹൂദാരാജാക്കന്മാർ നാടുകടത്തൽ അനുഭവിച്ചു. യെഹോവാഹാസ്, യെഹോയാഖീൻ, സിദെക്കീയാവ്. മൂന്നു പ്രാവശ്യമായിട്ടാണ് യെഹൂദന്മാരെ ബാബേലിലേക്കു നാടുകടത്തിയത്. ഇവയിൽ ഒന്നാമത്തേതു് ബി.സി. 598-ൽ ആയിരുന്നു. അപ്പോൾ യെഹോയാക്കീം രാജാവ്, അവന്റെ അമ്മ, പരിചാരകന്മാർ എന്നിവരെ പിടിച്ചു കൊണ്ടുപോയി. ഒപ്പം ദൈവാലയത്തിലെ സകല നിക്ഷേപങ്ങളും രാജധാനിയിലെ നിക്ഷേപങ്ങളും എടുത്തു കൊണ്ടുപോയി. യെരൂശലേമ്യരും പ്രഭുക്കന്മാരും പരാക്രമശാലികളുമായി 10,000 പേരെ ബദ്ധരാക്കിക്കൊണ്ടു പോയി. ദേശത്തു എളിയവർ മാത്രമേ ശേഷിച്ചുള്ളൂ. (2രാജാ, 24:12-16). യിരെമ്യാവാ 52:28-30-ൽ നെബുഖദ്നേസർ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം ആകെ 4600 പേർ എന്നു കാണുന്നു. (ബി.സി. 598-ൽ 3023 പേർ; ബി.സി. 587-ൽ 832 പേർ; ബി.സി. 582-ൽ 745 പേർ; ആകെ 4600 പേർ. ഏതോ ഔദ്യോഗികരേഖയിൽ നിന്നുള്ള കണക്കാണിത്. ലാഖീശിൽ നിന്നും കണ്ടെടുത്ത ഓട്ടു ലിഖിതങ്ങളും ദൈബീർ, ലാഖീശ്, ബേത്ശെമേശ് എന്നീ പട്ടണങ്ങൾ ഉത്ഖനനം ചെയ്തപ്പോൾ ലഭിച്ച തെളിവുകളും ബി.സി. 598-97-ൽ യെഹൂദയ്ക്കു നേരിട്ട ദയനീയ പരാജയത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നല്കുന്നു. സിദെക്കീയാ രാജാവു ബാബേലിനോടു മത്സരിച്ചതാണു രണ്ടാമത്തെ നാടുകടത്തലിനു കാരണമായത്. ഇതിനെക്കുറിച്ചു 2രാജാക്കന്മാർ 25:8-21; യിരെ, 39:8-10; 40:7; 52:12-34 എന്നീ ഭാഗങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ ദൈവാലയവും രാജധാനിയും പ്രധാന ഭവനങ്ങളും അഗ്നിക്കിരയാക്കി. യെരുശലേമിന്റെ ചുറ്റുമുള്ള മതിലുകളെ ഇടിച്ചുകളഞ്ഞു. ജനത്തെ ബദ്ധരാക്കിക്കൊണ്ടുപോയി. ഇത് ബി.സി. 587-ൽ സംഭവിച്ചു.
ബാബേൽ രാജാവ് ഗെദല്യാവിനെ യെഹൂദയിലെ അധിപതിയായി നിയമിച്ചു. മിസ്പയായിരുന്നു ഗെദല്യാവിന്റെ ആസ്ഥാനം. ഗെദല്യാവു വധിക്കപ്പെട്ടു. ശേഷിച്ച യെഹുദന്മാർ ഭയന്നു ഈജ്പിറ്റിലേക്കു ഓടിപ്പോയി. തങ്ങളോടു ചേരുവാൻ അവർ യിരെമ്യാവിനെയും നിർബ്ബന്ധിച്ചു. (2രാജാ, 25:22-26; യിരെ, 40-44). ഗെദല്യാവിന്റെ വധമായിരുന്നു മൂന്നാമത്തെ നാടുകടത്തലിനു കാരണം. പദവിയും നിലയും ഉള്ളവരെയായിരുന്നു മൂന്നാമതു ബദ്ധരാക്കി ക്കൊണ്ടുപോയത്. ബി.സി. 598-ൽ ബദ്ധനായിപ്പോയ യെഹോയാഖീന് വളരെ അനുകൂലമായ പരിചരണമാണ് ലഭിച്ചത്. അതിനെക്കുറിച്ചുളള ബൈബിൾ രേഖകളെ നെബുഖദ്നേസരിന്റെ രാജകീയ രേഖകളും ശരിവയ്ക്കുന്നു. (2രാജാ, 25:27-30; യിരെ, 52:31-34). നെബുഖദ്നേസറിന്റെ മരണശേഷം എവിൽ-മെരോദക് രാജാവായി. അദ്ദേഹം യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിൽ നിന്നു മോചിപ്പിച്ചു മറ്റു സാമന്ത രാജാക്കന്മാരോടൊപ്പം ആക്കി. ബാബേലിലെ അവസാനരാജാവായ നബോണിദസിൻ്റെ (555-539) കാലത്തു പാർസിരാജാവായ കോരെശ് ബാബേൽ കീഴടക്കി. പ്രവാസികളായിരുന്ന യെഹൂദന്മാരെ പലസ്തീനിൽ മടങ്ങിവന്നു ദൈവാലയം പണിയുന്നതിന് അദ്ദേഹം അനുവദിച്ചു.
ബദ്ധന്മാരുടെ സ്ഥിതി: ബദ്ധന്മാരുടെ സ്ഥിതി പരമദയനീയമായിരുന്നു. പ്രവാസകാലത്തു യഹോവയോടു വിശ്വസ്തത പുലർത്തിയവർ കഠിനവിദ്വേഷത്തിനും നിന്ദയ്ക്കും പാത്രമായി. (സങ്കീ, 137). തങ്ങളുടെ നിലനില്പിനു കഠിനാധ്വാനം ചെയ്യുക മാത്രമല്ല കപ്പം കൊടുക്കേണ്ടിയും വന്നു. പുരോഹിത, രാജ, പ്രഭു കുടുംബങ്ങളിൽ നിന്നുള്ളവർ കഠിനനിന്ദ അനുഭവിച്ചു. (യെശ, 43:28; 52:5). ദേശത്തു ഉന്നതസ്ഥാനം വഹിക്കുന്നതിനും (ദാനീ, 4:28), രാജാവിന്റെ അടുക്കൽ വിശ്വസ്തസേവനം നടത്തുന്നതിനും (നെഹ, 1:11) യെഹൂദന്മാർക്കു തടസ്സം ഉണ്ടായിരുന്നില്ല. അവർ യിരെമ്യാവിന്റെ ഉപദേശം അനുസരിച്ചു. (യിരെ, 29:5). പ്രവാസികൾ സംഖ്യയിലും ധനത്തിലും വർദ്ധിച്ചു വന്നു. അവർ വംശപാരമ്പര്യം കാത്തു സൂക്ഷിച്ചു. ദൈവാലയവും യാഗവും ഉത്സവങ്ങളും അവർക്കുണ്ടായിരുന്നില്ല. എന്നാൽ പരിച്ഛേദനം, ഭക്ഷണനിയമങ്ങൾ എന്നിവ അവർ ആചരിച്ചു. എല്ലാ പട്ടണങ്ങളിലും പള്ളികൾ സ്ഥാപിക്കുന്ന രീതി യെഹൂദന്മാർ ആരംഭിച്ചതു ബാബേൽ പ്രവാ സകാലത്താണ്. ചില സങ്കീർത്തനങ്ങൾ പ്രവാസികളായ യെഹൂദന്മാരുടെ വികാരങ്ങളെ വർണ്ണിക്കുന്നു. യിരെമ്യാവ്, യെഹെസ്ക്കേൽ, ദാനീയേൽ എന്നീ പ്രവാചകന്മാരിൽ നിന്നാണ് പ്രവാസികളെക്കുറിച്ചു നാം അധികം മനസ്സിലാക്കുന്നത്.
പ്രവാസത്തിന്റെ കാലയളവ്: ബാബേൽ പ്രവാസം 70 വർഷം നീണ്ടു നില്ക്കുമെന്നു യിരെമ്യാവ് (25:12; 29:10) പ്രവചിച്ചു. കാലം കണക്കാക്കുന്നതിനു രണ്ടു രീതികളുണ്ട്. 1. ദേശീയം. 2. മതപരം. നെബുഖദ്നേസരിന്റെ ആദ്യത്തെ ആക്രമണം മുതൽ കോരെശിന്റെ വിളംബരം വരെയാണ് സിവിൽ കാലയളവ്. (ബി.സി. 606-538). ദൈവാലയം ചുട്ടതു മുതൽ പുനർനിർമ്മാണം വരെയുള്ളതാണ് മതപരമായ കാലയളവ്. (ബി.സി. 587-517). ബി.സി. 538-ലെ കോരെശിന്റെ വിളംബരത്തോടു കൂടിയാണ് ബാബേൽ പ്രവാസം അവസാനിച്ചത്. (എസ്രാ, 1:2). സെരുബ്ബാബേൽ (ബി,സി. 535), എസ്രാ (ബി,സി. 458), നെഹെമ്യാവ് (ബി,സി. 445) എന്നിവരുടെ കീഴിൽ ഒരു വലിയ കൂട്ടം പ്രവാസികൾ മടങ്ങിവന്നു. ബി.സി. 538-ലെ കല്പനപ്രകാരം മടങ്ങി വന്നവർ ദാസന്മാരെ കൂടാതെ 42,360 പേരാണ്. അവരിൽ ഉദ്ദേശം 30,000 പേർ യെഹൂദാ, ബെന്യാമീൻ, ലേവി എന്നീ ഗോത്രങ്ങളിൽ ഉള്ളവർ ആയിരുന്നു. ശേഷിച്ച 12,000 പേർ യിസ്രായേൽ ഗോത്രങ്ങളിൽ പെട്ടവരാണെന്നു കരുതപ്പെടുന്നു. (എസാ, 6:17). ദേശീയ സവിശേഷതകൾ പുലർത്തിക്കൊണ്ടു അശ്ശൂരിൽ ശേഷിച്ചവർ (എസ്ഥേ, 8:9,11) ചിതറിപ്പാർപ്പുകാർ എന്നറിയപ്പെട്ടു. (യോഹ, 7:35; 1പത്രൊ, 1:1; യാക്കോ, 1:1). യിസ്രായേലിലെ പത്തു ഗോത്രങ്ങളെക്കുറിച്ചു വ്യക്തമായ അറിവില്ല. അവരിൽ ചിലർ തിരിച്ചുവന്നു യെഹൂദന്മാരുമായി കൂടിക്കലർന്നു. (ലൂക്കൊ, 2:36). ചിലർ ശമര്യയിൽ വസിച്ചു ശമര്യരുമായി കൂടിക്കലർന്നു (എസ്രാ, 6:21; യോഹ, 4:12) യെഹൂദന്മാരുടെ ശത്രുക്കളായി മാറി.
പ്രവാസകാരണങ്ങളും ഫലങ്ങളും: യഹോവയുമായുള്ള ഉടമ്പടിയെ ധിക്കരിച്ചു അന്യദേവന്മാരെ സേവിച്ചതിന്റെ ഫലമായിരുന്നു ബാബേൽ പ്രവാസം. ശബ്ബത്ത് അനുഷ്ഠിക്കുകയോ ന്യായപ്രമാണം ആചരിക്കുകയോ ചെയ്യാതെ വിഗ്രഹാരാധനയിലും സ്വേച്ഛാപ്രവൃത്തികളിലും ജനം മുഴുകി. ബാബേൽ പ്രവാസത്തെക്കുറിച്ചു ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. “യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിനു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു.” (2ദിന, 36:21). അനുതപിച്ചു യഹോവയിങ്കലേക്കു തിരിയുവാൻ പ്രവാചകന്മാർ ജനത്തെ ഉപദേശിച്ചു. പശ്ചാത്താപത്തോടും പ്രാർത്ഥനയോടും കൂടെ അവർ ദൈവത്തിങ്കലേക്കു തിരിഞ്ഞു. നാലു മാസങ്ങളിലായി അവർ ആചരിച്ച് നാലു ഉപവാസദിനങ്ങളുടെ സ്ഥാപനം ജനത്തിന്റെ പശ്ചാത്താപത്തിനുള്ള വ്യക്തമായ തെളിവാണ്. (സെഖ, 7:5; 8:19). പ്രവാസത്തിൽ നിന്നും മടങ്ങിവന്ന യെഹൂദന്മാർ വിഗ്രഹാരാധന മുതലായ പാപങ്ങൾ വിട്ടൊഴിഞ്ഞു ആത്മീയ ജീവിതം ആരംഭിച്ചു. (യെഹ, 36:24-28). പ്രവാസം യെഹൂദന്മാരുടെ നാട്ടുഭാഷയിൽ മാറ്റം വരുത്തി. (നെഹ, 8:8). പുതിയ വാണിജ്യപ്രവർത്തനങ്ങളും സ്ഥാപനങ്ങളും അഭിവൃദ്ധിപ്പെട്ടു.
റോമൻ പ്രവാസം: റോമിന്റെ കീഴിൽ യെഹൂദന്മാരുടെ അവസ്ഥ സാക്ഷാൽ പ്രവാസം തന്നെയായിരുന്നു. ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കി പ്രവാസികളെ അടിമകളാക്കി മാറ്റി. ജൊസീഫസ് പറയുന്നതനുസരിച്ചു തീത്തോസിന്റെ കീഴിൽ നടന്ന യെരുശലേം നിരോധനത്തിൽ പതിനൊന്നു ലക്ഷം പേർ മരിച്ചുവീണു. യുദ്ധത്തിൽ മുഴുവനുമായി 97,000 പേർ പിടിക്കപ്പെട്ടു. അവരിൽ 17 വയസ്സിനു താഴെയുള്ളവരെ അടിമകളായി വിറ്റു. കുറച്ചു പേരെ മിസ്രയീമിലെ ഖനികളിലേക്കു അയച്ചു. ദേശത്തു ശേഷിച്ചവർ ഏവംവിധമായ ദാരുണാവസ്ഥ ഹദ്രിയന്റെ വാഴ്ചയിൽ അനുഭവിച്ചു. രണ്ടു യുദ്ധങ്ങളോടെ വിശുദ്ധഭൂമിയിൽ നിന്നും യെഹൂദാജനം തുടച്ചു മാറ്റപ്പെട്ടു.
യിസ്രായേലിന്റെ പുന:സ്ഥാപനം: ഭാവിയിൽ ജാതികളുടെ തലയായി യിസ്രായേലിനെ യഥാസ്ഥാനപ്പെടുത്തുമെന്ന് യെശയ്യാവു പ്രവചിച്ചു. “അന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽ നിന്നും മിസ്രയീമിൽ നിന്നും പത്രോസിൽ നിന്നും, കൂശിൽ നിന്നും, ഏലാമിൽ നിന്നും, ശിനാരിൽ നിന്നും, ഹമാത്തിൽ നിന്നും, സമുദ്രത്തിലെ ദ്വീപുകളിൽ നിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈനീട്ടും.” (യെശ, 11:11). ഇതിനെ രണ്ടാം വീണ്ടെടുപ്പു എന്നു വിളിക്കുന്നു. യെഹൂദന്മാരെ ഒരിക്കൽ മാത്രമേ യഥാസ്ഥാനപ്പെടുത്തിയുളളു . അതു ബാബേൽ പ്രവാസത്തിൽ നിന്നായിരുന്നു. മിസ്രയീമീൽ നിന്നുള്ള മോചനം യഥാസ്ഥാപനം ആയിരുന്നില്ല. കാരണം പലസ്തീൻ കീഴടക്കുന്നതുവരെയും പലസ്തീൻ അവരുടെ അവകാശമായിരുന്നില്ല. ക്രിസ്തുവിന്റെ രണ്ടാം വരവിൽ ജാതികളുടെ കാലം തികഞ്ഞശേഷം (ലൂക്കൊ, 21:24) ഇന്നത്തെ ലോകവ്യാപകമായ ചിതറലിൽ നിന്നുമായിരിക്കും യെഹൂദന്മാരുടെ രണ്ടാമത്തെയും ഒടുവിലത്തെയും യഥാസ്ഥാപനം. യിസ്രായേല്യരുടെ ജാതീയമായ മാനസാന്തരത്തിനു മുമ്പു (സെഖ, 12:10) മഹാപീഡന കാലത്തെ ന്യായവിധിയെയും ശിക്ഷണത്തെയും തുടർന്നുള്ള (മത്താ, 24:21-31; യിരെ, 30:4-7; ദാനീ, 12:1) അവിശ്വാസത്തിൽ നിന്നുള്ള വീണ്ടെടുപ്പു ആയിരിക്കും അത്. (യെഹെ, 36:24-27). അതൊരു ദേശീയ യഥാസ്ഥാപനം ആണ്. (യെഹെ, 37:1-22; റോമ, 11:25). തുടർന്നു ഭൂമിയിൽ മശീഹയുടെ ഭരണമാണ്. ഈ സഹസ്രാബ്ദത്തിൽ ജാതികളുടെ തലയായി, പുരോഹിത വംശമായി യെഹൂദന്മാർ ശോഭിക്കും.