പുറപ്പാട് പുസ്തകം (Exodus)
ബൈബിളിലെ രണ്ടാമത്തെ പുസ്തകം. എബ്രായയിൽ വ്എല്ലെഹ് ഷ്മോത് (പേരുകളാവിതു) എന്നും, ചുരുക്കി ഷ്മോത് (പേരുകൾ) എന്നും വിളിക്കുന്നു. സെപ്റ്റ്വജിന്റാണ് പുറപ്പാട് എന്ന പേര് വിഷയാടിസ്ഥാനത്തിൽ നല്കിയത്. ഉല്പത്തി ആരംഭങ്ങളുടെ പുസ്തകവും പുറപ്പാട് വീണ്ടെടുപ്പിന്റെ പുസ്തകവുമാണ്. ഉല്പത്തി പുസ്തകത്തിലെ മൂന്നു വലിയ പ്രവചനങ്ങൾ പുറപ്പാടിൽ നിറവേറിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1. യിസ്രായേൽ മിസയീമിൽ ഒരു വലിയ ജാതി ആകും: (ഉല്പ, 46:3). 2. യിസായേല്യർ മിസയീമിൽ നാനൂറു വർഷം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും: (ഉല്പ, 15:13). 3. ദൈവം മിസ്രയീമിനെ വിധിക്കും. അതിന്റെ ശേഷം അവർ വളരെ സമ്പത്തോടുകൂടെ പുറപ്പെട്ടു പോരും: (ഉല്പ, 15:14). തന്റെ മരണക്കിടക്കയിൽ യോസേഫിന് പുറപ്പാടിന്റെ പ്രത്യാശ ഉണ്ടായിരുന്നു. (ഉല്പ, 50:24,25).
ഗ്രന്ഥകർത്താവ്: പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ മോശെ എഴുതിയെന്നു മോശെയുടെ കാലം മുതൽ തന്നെ യിസ്രായേൽ ജനം വിശ്വസിച്ചിരുന്നു. അതിനുള്ള ശക്തമായ തെളിവുകൾ തിരുവെഴുത്തുകളിൽ നിന്നും ലഭിക്കുന്നുണ്ട് (പുറ 17:14; 24:4; 34:27; സംഖ്യാ 33:2; ആവ 31:19, 24-26; യോശുവ 1:8; 8:31; 1 രാജാ 2:3; 1 കൊരി 9:9). യേശു ക്രിസ്തുവിന്റെ പ്രസ്താവനയിലും അത് വ്യക്തമാണ് (മത്താ 19:8; ലൂക്കൊ 24:44; യോഹ 5:46-47; 7:19). യോശുവയുടെ കാലത്തു തന്നെ ന്യായപ്രമാണ പുസ്തകം ഉണ്ടായിരുന്നു. (യോശു, 8:34). മോശെയുടെ കർതൃത്വത്തെ ക്രിസ്തുവും അംഗീകരിച്ചിരുന്നു. (മർക്കൊ, 1:44). ഗ്രന്ഥപഞ്ചകത്തിലെ മറ്റു പുസ്തകങ്ങളിൽ എന്നപോലെ ലിഖിതവും വാചികവുമായ രേഖകളെ മോശെ ഇതിന്റെ രചനയ്ക്കും പ്രയോജനപ്പെടുത്തിയിരിക്കണം. പുസ്തകത്തിന്റെ ഐക്യം എഴുത്തുകാരൻ ഏകനാണെന്നു വ്യക്തമാക്കുന്നു.
എഴുതിയ കാലം: മിസ്രയീമിൽ നിന്നുള്ള പുറപ്പാടിൻ്റെയും മരുഭൂവാസത്തിൻ്റെയും കാലത്താണ് പഞ്ചഗ്രന്ഥങ്ങൾ എഴുതുന്നത്. അത് ബി.സി. 1572-1532-ലാണ്.
ഉദ്ദേശ്യം: യിസ്രായേൽ ജനത്തെ മിസയീമ്യ അടിമത്തത്തിൽ നിന്നു വിടുവിച്ചു ദൈവാധിപത്യഭരണത്തിൽ വിധേയപ്പെടുത്തുന്ന ചരിത്രം നല്കുകയാണ് പുറപ്പാട് പുസ്തകത്തിന്റെ പ്രധാന ഉദ്ദേശ്യം. യിസ്രായേൽ മക്കളുടെ അപ്രതീക്ഷിതമായ വർദ്ധനവിനെ വിവരിച്ചുകൊണ്ടു പുസ്തകം ആരംഭിക്കുന്നു. കഠിനമായി പീഡിപ്പിക്കപ്പെട്ട ജനം ദൈവത്തോടു നിലവിളിക്കുകയും മോശെ മുഖാന്തരം ദൈവം അവരെ വിടുവിക്കുകയും ചെയ്തു. ചെങ്കടൽ കടന്നു ജനം സീനായി പർവ്വതത്തിൽ എത്തി. അവിടെവച്ചു ദൈവം അവരുമായി നിയമം ചെയ്ത് അവർക്കു ന്യായപ്രമാണം നല്കി. തുടർന്നു ദൈവനിവാസമായ സമാഗമനകൂടാരത്തിന്റെ പണിയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ കൊടുത്തു. സമാഗമനകൂടാരത്തിന്റെ സ്ഥാപനത്തോടു കൂടി പുറപ്പാടു പുസ്തകം അവസാനിക്കുന്നു.
പ്രധാന വാക്യങ്ങൾ: 1. “അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായി.” പുറപ്പാട് 1:8.
2. “ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു. ദൈവം യിസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു.” പുറപ്പാട് 2:24-25.
3. “മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം. അപ്പോൾ ജനം കുമ്പിട്ടു നമസ്കരിച്ചു.” പുറപ്പാട് 12:27.
4. “അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” പുറപ്പാട് 20:2-3.
ഉള്ളടക്കം: l. യിസ്രായേൽ മിസയീമിൽ: 1:1-12:36.
1. വംശാവലി: 1:1-6.
2. മിസയീമിലെ അടിമത്തം: 1:7-22.
3. മോശെയുടെ ശൈശവം: 2:1-10.
4. മോശെയുടെ ജീവചരിത്രം: 2:11-4:26.
5. യിസ്രായേല്യർക്കു നേരിട്ട പീഡനം: 4:27-6:13.
6. വംശാവലി വിവരണം: 6:14-27.
7. മോശെയും അഹരോനും ഫറവോന്റെ മുമ്പിൽ: 6:28:7:18.
8. മിസയീമിലെ ബാധകൾ: 7:19-11;10.
a. 1-ാമത്തെ ബാധ – നൈൽനദി രക്തമായിത്തീർന്നു: 7:19-25.
b. 2-ാമത്തെ ബാധ – തവള: 8:1-15.
c. 3-ാമത്തെ ബാധ – പേൻ: 8:16:19.
d. 4-ാമത്തെ ബാധ – നായീച്ച: 8:20-32.
e. 5-ാമത്തെ ബാധ – മൃഗവ്യാധി: 9:1-7.
f. 6-ാമത്തെ ബാധ – പുണ്ണ്: 9:8-12.
g. 7-ാമത്തെ ബാധ – കൽമഴ: 9:13-35.
h. 8-ാമത്തെ ബാധ – വെട്ടുക്കിളി: 10:120.
i. 9-ാമത്തെ ബാധ – മൂന്നു ദിവസത്തെ കൂരിരുട്ട്: 10:1-20.
II. പുറപ്പാടും സീനായ് പർവ്വതത്തിലേക്കുള്ള യാത്രയും: 13:1-18:27.
1. പെസഹയും 10-ാമത്തെ ബാധയും: 12:1-51.
2. കടിഞ്ഞൂലിനെയും പുളിപ്പില്ലാത്ത അപ്പത്തെയും സംബന്ധിക്കുന്ന ചട്ടങ്ങൾ: 13:1:16.
3. മിസയീമിൽ നിന്നുള്ള പുറപ്പാടും ഫറവോന്റെ പിന്തുടരലും: 13:17-14:31.
4. മോശെയുടെ സങ്കീർത്തനം: 15:1-21.
5. ശൂർ മരുഭൂമി: 15:22-27.
6. സീൻ മരുഭൂമി: 16:1-36.
7. രെഫീദീമിലെ സംഭവങ്ങൾ: 17:1-16.
8. യിത്രോ മോശെയെ സന്ദർശിക്കുന്നു: 18:1-27.
III. യിസ്രായേല്യർ സീനായിൽ: 19:1-40:38.
1. മോശെ സീനായിൽ: 19:1-25; 20:18-21.
2. പത്തു കല്പനകൾ: 20:1-17.
3. ഉടമ്പടി പ്രമാണങ്ങൾ: 20:22-23-33.
4. ഉടമ്പടിയുടെ സ്ഥിരീകരണം: 24:1-8.
5. മോശെ സീനായി പർവ്വതത്തിലേക്കു മടങ്ങുന്നു: 24:9-18.
6. സമാഗമനകൂടാരം, പൗരോഹിത്യം: 25:1-31:17.
7. സ്വർണ്ണ കാളക്കുട്ടി: 32:1-35.
8. ഹോരേബിൽ വച്ച് മോശ ദൈവത്തെ കാണുന്നു: 33:1-23.
9. നിയമം വീണ്ടും എഴുതുന്നു: 34:1-35.
10. സമാഗമനകൂടാരം പണിയുന്നു: 35:1-38:31
11. പുരോഹിത വസ്ത്രം: 39:1-43.
12. സമാഗമനകൂടാര സ്ഥാപനം: 40:1-38.
പുറപ്പാടിലെ പൂർണ്ണവിഷയം
മിസ്രയീമിലെ അടിമകളായ യിസ്രായേല്യർ 1:1-22
മോശെയുടെ ജനനവും ആദ്യ സംവത്സരങ്ങളും 2:1-10
മോശെയുടെ മിദ്യാനിലേക്കുള്ള പാലായനവും, തുടര്‍ന്നുള്ള 40 വര്‍ഷങ്ങളും 2:11-24
ദൈവം മോശെയെ കത്തുന്ന മുൾപ്പടര്‍പ്പിൽ വച്ച് വിളിക്കുന്നതും,
മിസ്രയീമിലേക്ക് അയക്കുന്നതും 3:1—4:17
മോശെ ഒഴിഞ്ഞു മാറുവാൻ ശ്രമിക്കുന്നു 3:11-13
ദൈവം തന്റെ പേര് വെളിപ്പെടുത്തുന്നു 3:14-15
മോശെ വീണ്ടും ഒഴിഞ്ഞു മാറുന്നു, ദൈവം തനിക്ക് അത്ഭുതങ്ങൾ ചെയ്യുവാനുള്ള അധികാരം നൽകുന്നു 4:1-9
മോശെ പിന്നെയും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു
മറ്റൊരാളിനെ അയക്കുവാൻ ആവശ്യപ്പെടുന്നു 4:10-12
മോശെ മിസ്രയീമിലേക്ക് മടങ്ങിപ്പോകുന്നു 4:18-31
മോശെയും അഹരോനും ഫറവോന്റെ അടുക്കൽ പോകുന്നു 5:1-21
ദൈവം നൽകുന്ന വിടുതലിന്റെ വാഗ്ദത്തം 5:22—6:12
അഹരോന്റെ വടി സര്‍പ്പമായി മാറുന്നു 7:9-13
ദൈവം മിസ്രയീമിന്റെ മേൽ ബാധകളെ അയക്കുന്നു 7:14—12:30
വെള്ളം രക്തമായി 7:14-24
തവള 7:25—8:15
പേൻ 8:16-19
നായീച്ച 8:20-32
മൃഗങ്ങളുടെ മേലുള്ള വ്യാധി 9:1-7
പരുക്കൾ 9:8-12
കൽമഴ 9:13-35
വെട്ടുക്കിളി 10:1-20
കൂരിരുട്ട് 10:21-24
ആദ്യജാത സംഹാരം 11:1—12:30
പെസഹ 12:1-28
യിസ്രായേൽ മിസ്രയീം വിടുന്നു 12:31-42
പെസഹായുടെ നിയമങ്ങൾ 12:43-50
ആദ്യജാതരെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങൾ 13:1-16
മേഘസ്തംഭവും, അഗ്നിസ്തംഭവും 13:20-22
യിസ്രായേൽ ജനം ചെങ്കടൽ കടക്കുന്നു, ഫറവോന്റെ സൈന്യം മുങ്ങിപ്പോകുന്നു 14:1-31
വീണ്ടെടുപ്പിന്റെ ഗീതം 15:1-21
മാറായിലെയും എലീമിലെയും വെള്ളം 15:22-27
ദൈവം മന്നയും കാടപ്പക്ഷിയും നൽകുന്നു 16:1-36
ദൈവം പാറയിൽനിന്നും വെള്ളം നൽകുന്നു 17:1-7
അമാലേക്യരുമായുള്ള യുദ്ധം 17:8-15
മോശെയുടെ അമ്മായി അപ്പൻ 18:1-27
യിസ്രായേലും ദൈവവും സീനായിയിൽ 19:1-25
നിയമത്തിന്റെ ഉടമ്പടി 19:5-8
പത്തുകല്പനകൾ 20:1-17
കൂടുതൽ നിയമങ്ങളും നിര്‍ദ്ദേശങ്ങളും 20:22—23:13
മൂന്ന് വാര്‍ഷിക ഉത്സവങ്ങൾ 23:14-17
ദൈവദൂതൻ യിസ്രായേലിനെ നയിക്കുന്നു 23:20-23
ഉടമ്പടി ഉറപ്പിക്കുന്നു 24:1-18
സമാഗമനകൂടാരത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങൾ 25:1—31:18
സാക്ഷ്യപെട്ടകം 25:10-22
മേശ 25:23-30
കവരവിളക്ക് 25:31-40
കൂടാരം 26:1-37
ദഹനയാഗത്തിനുള്ള യാഗപീഠം 27:1-8
പ്രാകാരം 27:9-19
എണ്ണ 27:20-21
പുരോഹിത വസ്ത്രം 28:1-43
പുരോഹിതന്മാരുടെ സ്ഥാനാരോഹണം 29:1-45
ധൂപപീഠം 30:1-10
വീണ്ടെടുപ്പ് വില 30:11-16
താമ്രത്തൊട്ടി 30:17-21
അഭിഷേകത്തിനുള്ള തൈലം 30:22-23
ധൂപവര്‍ഗ്ഗം 30:34-38
പണി ചെയ്യുന്നവർ31:1-11
ശബ്ബത്ത് 31:12-18
പൊന്ന് കൊണ്ടുള്ള കാളക്കുട്ടി 32:1-29
ദൈവത്തോടു മോശെ അപേക്ഷിക്കുന്നു 32:30-34
സമാഗമനകൂടാരം 33:7-11
ദൈവത്തിന്റെ മഹത്വം കാണാൻ മോശെ ആവശ്യപ്പെടുന്നു 33:12-23
ദൈവത്തിന്റെ തേജസ് മോശെ കാണുന്നു-
ദൈവത്തിന്റെ നാമം പ്രഖ്യാപിക്കുന്നു 34:1-7
ദൈവം കൂടുതൽ നിര്‍ദ്ദേശങ്ങൾ നൽകുന്നു 34:10-28
മോശെയുടെ മുഖം പ്രകാശിക്കുന്നു 34:29-35
സമാഗമനകൂടാരത്തിന്റെ പണിക്കുവേണ്ടിയുള്ള കാഴ്ചയര്‍പ്പണം 35:4—36:7
സമാഗമനകൂടാരത്തിന്റെ പണി 36:8—40:33
സമാഗമനകൂടാരത്തിൽ ദൈവത്തിന്റെ തേജസ് നിറയുന്നു 40:34-38
വിഷയ സംഗ്രഹം: ഉല്പത്തി പുസ്തകത്തിന്റെ അവസാനഭാഗത്ത് നാം അവശേഷിപ്പിച്ച നിലയിൽ തന്നെ, പുറപ്പാട് പുസ്തകം തുറക്കുമ്പോൾ മിസ്രയീമിലായിരിക്കുന്ന യിസ്രായേൽ മക്കളെയാണ് നാം കാണുന്നത്. എന്നാൽ ആ പശ്ചാത്തലം ഇവിടെ പൂർണ്ണമായും മാറിയിരിക്കുന്നു. ഇത് നാനൂറിൽ പരം വർഷങ്ങൾക്കു ശേഷമുള്ള കാര്യമാണ്. ഒരിക്കൽ പ്രീയരായിരുന്ന യിസായേൽ ജനം ഇപ്പോൾ ഫറവോന്റെ അതിവിപുലമായ കെട്ടിട നിർമ്മാണ പദ്ധതിയ്ക്കുവേണ്ടി ഇഷ്ടിക ഉണ്ടാക്കുന്ന അടിമകളാണ്.
പുറപ്പാടു പുസ്തകത്തിലെ വിഷയങ്ങൾ വീണ്ടെടുപ്പും, യിസ്രായേൽ ജനതയുടെ സ്ഥാപനവുമാണ്. 3600-ൽ പരം വർഷങ്ങളായി, ലോകമെമ്പാടുമുള്ള യഹൂദന്മാർ, മിസ്രയീമിൽ നിന്നും ശക്തിയാലും രക്തത്താലും വിടുതൽ പ്രാപിച്ചതും, പെസഹയിൽ ഒരു യഥാർത്ഥ ജനതയായി യിസ്രായേൽ ജനം അവരുടെ യാത്രയുടെ ആരംഭം കുറിച്ചതുമായ ആ സംഭവം വിവരിച്ചിരിക്കുന്നു. മിസ്രയീമിൽ നിന്നുള്ള പുറപ്പാടിനുശേഷം ദൈവം തന്റെ ജനത്തിനുള്ള കല്പനകൾ മോശെയ്ക്കു കൊടുക്കുന്ന മരുഭൂമിയിലേക്ക് രംഗം മാറുകയാണ്. ഈ പുസ്തകത്തിന്റെ ഏകദേശം പകുതിയോളം ഭാഗത്ത് സമാഗമന കൂടാരത്തെക്കുറിച്ചും അതിലെ പൗരോഹിത്യത്തെ കുറിച്ചുമാണ് (25-40 അ) പ്രതിപാദിച്ചിരിക്കുന്നത്. ഇവ കേവലം ചരിത്രപരമായിട്ടുള്ള വിശദീകരണങ്ങൾ അല്ല.
പുറപ്പാടു പുസ്തകം ഉള്ളവണ്ണം രുചിച്ചറിയണമെങ്കിൽ നാം അതിൽ ക്രിസ്തുവിനെ അന്വേഷിക്കേണ്ടതുണ്ട്. മോശെ, പെസഹാക്കുഞ്ഞാട്, പാറ, കൂടാതെ സമാഗമനകൂടാരം എന്നിവ യേശുക്രിസ്തുവിന്റെ നിഴലായിട്ടുള്ള ചില വസ്തുതകൾ മാത്രമാണ്. തിരുവചനത്തിൽ മറ്റു പലയിടങ്ങളിലും സൂചിപ്പിക്കപ്പെട്ടിട്ടുള്ളവയാണ് അവയിൽ പലതും (1കൊരി, 5:7; 10:4; എബ്രാ,3-10 അ). എമ്മവുസിലേക്കുള്ള വഴിയിൽ വച്ച് തന്റെ രണ്ടു ശിഷ്യന്മാർക്ക് കർത്താവു ചെയ്തു കൊടുത്തതുപോലെ എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു നമുക്കും വ്യാഖ്യാനിച്ചുതരട്ടെ (ലുക്കൊ, 24:27).