പുരീം
ആദാർ മാസം (ഫെബ്രുവരി/മാർച്ച്) പതിനാലിനും പതിനഞ്ചിനുമാണു പൂരീം ആഘോഷിക്കുന്നത്. യെഹൂദന്മാരെ നശിപ്പിക്കുന്നതിന് ഹാമാൻ നടത്തിയ ഗൂഢാലോചന പരാജയപ്പെട്ടതിന്റെ സ്മാരകമായി മൊർദെഖായി ഏർപ്പെടുത്തിയതാണീ ഉത്സവം. യെഹൂദന്മാരെ നശിപ്പിക്കുവാൻ രാജാവു പുറപ്പെടുവിച്ച ശാസന നടപ്പിലാക്കേണ്ടത് എപ്പോഴാണെന്നു തീരുമാനിക്കുവാൻ വേണ്ടി ഹാമാൻ പുര് എന്ന ചീട്ടിട്ടു. (എസ്ഥേ, 9:24). ആ ചീട്ടിന്റെ പേരാണ് ഉത്സവത്തിനു നല്കിയിട്ടുള്ളത്. ഉത്സവദിനങ്ങൾ രണ്ടും വിരുന്നിന്റെയും സന്തോഷത്തിന്റെയും ദിവസങ്ങളാണ്. സമ്മാനങ്ങൾ പരസ്പരം കൈമാറുകയും പാവപ്പെട്ടവർക്കു ദാനങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു. പുരീമിന്റെ മുമ്പിലത്തെ ദിവസം (ആദാർ 13) ഉപവാസമാണ്. ഇതിനെ എസ്ഥറിന്റെ ഉപവാസം എന്നു വിളിക്കുന്നു. എസ്ഥർ രാജ്ഞിയുടെ നിർദ്ദേശമനുസരിച്ചു ജനങ്ങൾ ഉപവസിച്ചതിനെ ഓർമ്മിപ്പിക്കുന്നതാണിത്. (എഫേ, 4:15-16). നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെടുന്നതോടെ ആഘോഷങ്ങളാരംഭിക്കും; മെഴുകുതിരികൾ കത്തിക്കും. എല്ലാ യെഹൂദന്മാരും പള്ളിയിൽ പോകും. വൈകുന്നേരത്തെ ശുശ്രൂഷയ്ക്കു ശേഷം ആശീർവാദം പറയുകയും എസ്ഥേറിന്റെ പുസ്തകം പള്ളിയിൽ പരസ്യമായി വായിക്കുകയും ചെയ്യും. ഹാമാൻ എന്ന പേരു വായിക്കുമ്പോൾ സഭ ‘അവന്റെപേർ മായിച്ചുകളയട്ടെ, ദുഷ്ടന്റെ പേർ നശിക്കട്ടെ’ എന്നു പറഞ്ഞുകൊണ്ട് തറയിൽ ബലമായി ചവിട്ടും. വായന തിർന്നശേഷം ‘ഹാമാൻ ശപിക്കപ്പെടട്ടെ, മൊർദെഖായി അനുഗ്രഹിക്കപ്പെടട്ടെ’ എന്നു സഭ വിളിച്ചുപറയും. ആശീർവാദം പറഞ്ഞശേഷം യെഹൂദന്മാർ വീടുകളിൽ പോയി മുട്ടയും പാലും കഴിക്കും. 14-ാം തീയതി രാവിലെയും പള്ളിയിൽ പോകും. പ്രാർത്ഥനയും അനുഷ്ഠാനങ്ങളും കഴിഞ്ഞശേഷം ന്യായപ്രമാണത്തിൽ നിന്നുള്ള പാഠഭാഗമായി പുറപ്പാട് 17:8-16-ഉം തുടർന്നു എസ്ഥറും വായിക്കും. പതിനഞ്ചാം തീയതി വരെ ആഹ്ലാദം നീണ്ടു നിൽക്കും. അന്ന് വൈകുന്നേരം ഉത്സവം അവസാനിക്കും.