പുതിയ യെരൂശലേം (New Jerusalem)
പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങുന്നതായി യോഹന്നാൻ അപ്പൊസ്തലൻ ദർശിച്ചു. (വെളി, 21:2). നിത്യതയുമായി ബന്ധപ്പെട്ട നഗരമാണ് പുതിയ യെരുശലേം, ഭൗമിക യെരൂശലേമുമായി അതിനു ബന്ധമില്ല. ഭൗമിക യെരൂശലേമിനു സമാന്തരമായി ഒരു സ്വർഗ്ഗീയ യെരുശലേമിന്റെ അസ്തിത്വത്തെ ചൂണ്ടിക്കാണിക്കുകയാണ് ‘യെറൂഷലായീം’ എന്ന ദ്വിവചനാന്തം എന്നു യെഹൂദന്മാർ വിശ്വസിക്കുന്നു. പുതിയ യെരൂശലേമിനെ (വെളി, 21:2) ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങൾ ഉള്ളതുമായ നഗരം (എബ്രാ, 11:10), സ്വർഗ്ഗീയ യെരൂശലേം (എബ്രാ, 12:22), മീതെയുള്ള യെരൂശലേം (ഗലാ, 4:26), ദൈവത്തിന്റെ നഗരം (വെളി, 3:12) എന്നിങ്ങനെ പുതിയ നിയമത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യേശുക്രിസ്തു സ്വന്തജനത്തിനുവേണ്ടി ഒരുക്കാൻ പോയ സ്ഥലം ഇതായിരിക്കണം. (യോഹ, 14:2,3).
സഹസ്രാബ്ദ രാജ്യത്തിന്റെ സ്ഥലവിവരണത്തിൽ പുതിയ യെരൂശലേം ഉൾപ്പെടുന്നില്ല. യെഹെസ്ക്കേൽ 40-48 അദ്ധ്യായങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. പട്ടണത്തിന്റെ അളവ് 1200 നാഴികയാണ്; അതിന്റെ നീളവും വീതിയും ഉയരവും സമം. (വെളി, 21:16). ഭീമാകാരമായ ഈ പട്ടണം വിശുദ്ധനാടിനെക്കാൾ വലുതാണ്. സഹസ്രാബ്ദത്തിൽ പുതിയ യെരൂശലേം സൃഷ്ടിക്കപ്പെടുന്നതായി പറയുന്നില്ല. മുമ്പേ ഉണ്ടായിരുന്നുവെന്നും സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവരുന്നു എന്നുമാണ് പറഞ്ഞിട്ടുള്ളളത്. സകല യുഗങ്ങളിലെയും സകല വിശുദ്ധന്മാരും വിശുദ്ധ ദൂതന്മാരും പുതിയ യെരൂശലേമിൽ ഉണ്ടായിരിക്കും. പഴയനിയമ വിശുദ്ധന്മാർക്കുള്ള വ്യക്തിപരമായി വാഗ്ദത്തത്തിൽ ഉൾപ്പെട്ടതാണ് ഒരു നഗരം. അബ്രാഹാം; ”വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിനു കൂട്ടവകാശികളായ യിസഹാക്കിനോടും യാക്കോബിനോടും കൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുളളതുമായ നഗരത്തിനായി കാത്തിരുന്നു.” (എബ്രാ, 11:9,10). തുടർന്നു അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നു എന്നും വ്യക്തമാക്കുന്നു. (എബ്രാ, 11:16). പഴയനിയമ വിശുദ്ധന്മാർ വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ മരിച്ചവരാണ്. പുതിയ യെരൂശലേമിൽ ദൂതന്മാരുടെ സാന്നിദ്ധ്യം തെളിയിക്കുന്ന ഭാഗങ്ങളാണ് എബ്രായർ 12-22-ഉം, വെളിപ്പാട് 21:12-ഉം. വിശുദ്ധ യെരൂശലേമിന്റെ മതിലുകളെക്കുറിച്ചു വർണ്ണിക്കുന്നേടത്ത് ദൂതന്മാരെയും സഭയെയും പഴയനിയമ വിശുദ്ധന്മാരെയും പ്രാതിനിധ്യരൂപേണ പരാമർശിച്ചിട്ടുണ്ട്. (വെളി, 21:12-14). പ്രന്തണ്ടു ദൂതന്മാരും യിസ്രായേൽ മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളും പന്ത്രണ്ടു അപ്പൊസ്തലന്മാരും പ്രത്യക്ഷമായി പറയപ്പെട്ടിട്ടുണ്ട്.
ഭീമാകാരമാണ് പുതിയ യെരൂശലേം എന്ന പട്ടണം. അതിന്റെ മതിൽ 144 മുഴം അഥവാ 65 മീറ്റർ ആണ്. പട്ടണം നില്ക്കുന്നതു 12 അടിസ്ഥാനങ്ങളിലാണ്. നഗരം സമചതുരമാണ്; 1200 സ്റ്റാഡിയ (2200 കി.മീ.). നീളവും വീതിയും ഉയരവും സമമാണ്. നഗരമതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിനൊത്ത തങ്കവുമാണ്. (വെളി, 21:18). സൂര്യകാന്തം, നീലരത്നം, മാണിക്യം, മരതകം, നഖവർണ്ണി, ചുവപ്പുകല്ല്, പീതരതനം, ഗോമേദകം, പുഷ്യരാഗം, വൈഡൂര്യം, പത്മരാഗം, സുഗന്ധിരത്നം എന്നീ രത്നങ്ങളാൽ അലംകൃതമാണ് നഗരമതിലിന്റെ അടിസ്ഥാനം. (വെളി, 21:19-21). പ്രന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്തുകൾ കൊണ്ടാണു നിർമ്മിച്ചിട്ടുള്ളത്. നഗരവീഥി സ്വച്ഛസ്ഫടികത്തിനു തുല്യമായ തങ്കമാണ്. വീഥിയുടെ നടുവിൽ ജീവജലനദിയുണ്ട്. നദിയുടെ ഇരുപാർശ്വങ്ങളിലും ഉള്ള ജീവവൃക്ഷം പന്ത്രണ്ടു വിധ ഫലം കായ്ക്കുന്നു. (വെളി, 21:1,2). രാത്രിയോ, സൂര്യനോ, ചന്ദ്രനോ ഇല്ലാതിരിക്കെ മാസത്തെക്കുറിച്ചുള്ള പരാമർശം വ്യാഖ്യാനത്തിനു വിഷമം സൃഷ്ടിക്കുന്നു.
പുതിയ യെരൂശലേമിൽ മന്ദിരമോ യാഗാനുഷ്ഠാനങ്ങളോ ഒന്നുമില്ല. സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും ആണ് അതിന്റെ മന്ദിരം. (വെളി, 21:22). സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ തുടങ്ങിയ ജ്യോതിർഗോളങ്ങൾ ഒന്നുമില്ല. നഗരത്തിന്റെ വെളിച്ചം ദൈവം തന്നെയാണ്. (വെളി, 21:23; 1യോഹ, 1:5-7). അവിടെ രാത്രി ഇല്ല. (വെളി, 22:5; 21:25). ഇനി മരണം ഉണ്ടാകയില്ല. “യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും. അവർ അവന്റെ മുഖം കാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. ഇനി രാതി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതു കൊണ്ടു വിളക്കിന്റെ വെളിച്ചമോ സുര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.” (വെളി, 22:3-5).