പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്, മനുഷ്യൻ, പിശാച്
“നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കുക” (ഉല്പ, 1:26) എന്ന പ്രഖ്യാപനത്തോടെ സർവ്വശക്തനായ ദൈവം മനുഷ്യനെ സൃഷ്ടിച്ച്, അവൻ അനുഷ്ഠിക്കേണ്ട ചുമതലകളും അനുസരിക്കേണ്ട നിയമങ്ങളും നൽകി അവനെ ഏദൻതോട്ടത്തിലാക്കി. പക്ഷേ ദൈവം സൃഷ്ടിച്ച മനുഷ്യനെ പിശാച് പാപത്തിൽ വീഴ്ത്തിയപ്പോൾ ദൈവം മനുഷ്യനെ ഏദൻതോട്ടത്തിൽനിന്നു പുറത്താക്കി. തുടർന്ന് ഭൂമിയിൽ പെരുകിയ മനുഷ്യവർഗ്ഗത്തെ പിശാച് പാപത്തിലാഴ്ത്തിയപ്പോൾ നോഹയുടെ കുടുംബമൊഴികെ, ഭൂതലത്തിലുള്ള സർവ്വമനുഷ്യരെയും ദൈവം ജലപ്രളയത്താൽ നശിപ്പിച്ചു. നോഹയുടെ സന്തതിപരമ്പരകളെ ദൈവം വർദ്ധിപ്പിച്ചു. പിശാച് അവരെയും പാപത്തിലേക്കു വശീകരിച്ചു. ദൈവം തന്റെ ജനത്തെ ദീർഘകാലത്തെ അടിമത്തംകൊണ്ടും പീഡനംകൊണ്ടുമെല്ലാം ശിക്ഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ, ദൈവംതന്നെ മനുഷ്യനായി ഈ ലോകത്തിലേക്കു വന്നു. അവൻ ജനിച്ചപ്പോൾത്തന്നെ അവനെ കൊല്ലുവാനുള്ള ശ്രമത്തിൽ ആയിരക്കണക്കിന് ആൺകുഞ്ഞുങ്ങൾ നിർദ്ദയമായി കൊല്ലപ്പെട്ടു. തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതിനുമുമ്പ് “നീ എന്റെ പ്രിയപുത്രൻ” എന്ന് പിതാവാം ദൈവം പ്രഖ്യാപിച്ചു. “പരിശുദ്ധാത്മാവ് ശരീരരൂപത്തിൽ പ്രാവ് എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു” (ലൂക്കൊ, 3:22). പിശാചിനാൽ പരിക്ഷിക്കപ്പെടുവാൻ യേശുവിനെ പരിശുദ്ധാത്മാവ് മരുഭൂമിയിലേക്കു നടത്തി. പിശാച് യേശുവിനെ 40 ദിനരാത്രങ്ങൾ പരീക്ഷിച്ചുകൊണ്ടിരുന്നു. ആ പരീക്ഷകൾ യേശു നേരിട്ടത് ഉപവാസത്താലായിരുന്നു. (ലൂക്കൊ, 4:1,2). 40 ദിന ഉപവാസം പൂർത്തിയാക്കിയപ്പോൾ, ആദാമിനെ വീഴ്ത്തിയ അതേ തന്ത്രങ്ങളുമായി തന്നെ പരീക്ഷിച്ച പിശാചിനെ യേശു തോല്പിച്ചു. പാപത്തിൽ വീണുകിടക്കുന്ന മനുഷ്യരാശിയെ രക്ഷിക്കുവാൻ പരസ്യശുശ്രൂഷ ആരംഭിച്ച യേശുവിനെ പിശാച് വീണ്ടും പരീക്ഷിച്ചുകൊണ്ടിരുന്നു; തന്റെ ക്രൂശു മരണത്തിന്റെ അവസാന നിമിഷംവരെയും; പക്ഷേ യേശു പിശാചിനെ തോല്പിച്ചു. നമുക്കു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു. (1പത്രൊ, 2:21). അത്യുന്നതനായ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുകയും ദൈവഭയത്തിലും ഭക്തിയിലും പരിശുദ്ധാത്മനിറവിൽ ജീവിക്കുകയും ചെയ്യുന്ന സകല മനുഷ്യരെയും പിശാച് അവരുടെ അന്ത്യനിമിഷംവരെയും പരീക്ഷിച്ചു തോല്പിക്കുവാൻ ശ്രമിക്കും. എന്നാൽ ഉപവാസത്താലും പ്രാർത്ഥനയാലും അല്ലാതെ ഈ ജാതി നിങ്ങിപ്പോകുകയില്ലെന്നു പ്രഖ്യാപിച്ച യേശുവിനെ അനുഗമിക്കുന്ന ദൈവജനത്തിന് പിശാചിന്റെ പരീക്ഷകളുടെമേൽ വിജയം വരിക്കുവാനും അവനെ തോല്പിക്കുവാനും കഴിയും.