പാപമോചനം

പാപമോചനം (Remission of sins)

“അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.” (കൊലൊ, 1:14). “അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃ, 10:43). 

പാപത്തിൽ വീണുപോയ മനുഷ്യന്റെ രക്ഷയ്ക്കുവേണ്ടി മറുവില നല്കിയതാണ് വീണ്ടെടുപ്പ്. വീണ്ടെടുപ്പിന്റെ ഫലമായാണ് മനുഷ്യനു രക്ഷ ലഭിക്കുന്നത്. വീണ്ടെടുപ്പ് പാപിക്ക് അനുഭവമാകുന്നത് പാപമോചനത്തിലൂടെയാണ്. ക്രിസ്തുവിന്റെ മദ്ധ്യാകാശവരവ്, വിശ്വാസിയുടെ പുനരുത്ഥാനം, തേജസ്കരണം എന്നിവയോടുകൂടിയാണ് രക്ഷാപൂർത്തി ലഭിക്കുന്നത്. ദൈവികവും മാനുഷികവും ആയ ക്ഷമകൾക്ക് തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. പിഴ ഒടുക്കുകയോ കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യുകയോ ചെയ്തു കഴിയുമ്പോൾ മാനുഷികമായ നിലയിൽ ക്ഷമ ലഭിക്കും. ആ നിലയിലുള്ള ഒന്നല്ല ദൈവികക്ഷമ. മനുഷ്യന്റെ പാപം മൂലം ദൈവത്തിന്റെ വിശുദ്ധിക്ക് ഉണ്ടായ ലംഘനത്തിന് മതിയായ പ്രായശ്ചിത്തം ചെയ്യപ്പെടേണ്ടതാണ്. അതിനുവേണ്ടി ദൈവം നല്കിയത് ഏറ്റവും വലിയ വിലയാണ്, തന്റെ ഏകജാതനായ പുത്രനെ. തന്മൂലം ക്രിസ്തു നമ്മുടെ വീണ്ടെടുപ്പ് ആയിത്തീർന്നു. (1കൊരി, 1:30). ക്രിസ്തുവിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്. (കൊലൊ, 1:14). 

പ്രയോഗങ്ങൾ: പഴയനിയമത്തിൽ പാപമോചനത്തെക്കുറിക്കുന്ന പ്രധാന പദങ്ങൾ പ്രധാനമായും മൂന്ന് എബ്രായധാതുക്കളിൽ നിന്നും നിഷ്പന്നമാണ്. അവ കഫർ (כָּפַר – kaphar = ക്ഷമ, മോചനം), നാസാ (נָשָׂא – nasa = ഉയർത്തുക, എടുത്തുകളയുക), സാലഹ് (סָלַח – calach = ക്ഷമിക്കുക) എന്നിവയാണ്. കഫർ എന്ന പദത്തിന് പ്രായശ്ചിത്തം എന്ന അർത്ഥമാണുള്ളത്. യാഗത്തോടുള്ള ബന്ധത്തിലാണ് ഈ പദത്തിന്റെ പ്രയോഗങ്ങളിൽ അധികവും. പാപിയുടെ പാപം മൂടുന്നതിനായി അവനുവേണ്ടി അർപ്പിക്കുന്ന പ്രായശ്ചിത്തയാഗമാണ് കഫർ. അതിക്രമത്തിനുവേണ്ടിയുള്ള പ്രായശ്ചിത്തം ചെയ്തു കഴിഞ്ഞതിനാൽ ലഭിക്കുന്ന ദൈവികക്ഷമയെ കഫർ എന്ന പദം സൂചിപ്പിക്കുന്നു. (ആവ, 21:8; സങ്കീ, 78:38). നാസാ എന്ന ക്രിയയ്ക്ക് ഉയർത്തുക, എടുത്തുകളയുക എന്ന ആശയങ്ങളുണ്ട്. പാപിയിൽനിന്നും പാപത്തെ ഉയർത്തിക്കൊണ്ടു പോകുന്നതിനെയോ എടുത്തുമാറ്റുന്നതിനെയോ ഈ ധാതു സൂചിപ്പിക്കുന്നു. കുറ്റം മാറ്റപ്പെടുന്നതുകൊണ്ട് ലഭിക്കുന്ന ദൈവിക ക്ഷമയ്ക്കാണ് നാസാ ഉപയോഗിക്കുന്നത്. (പുറ, 28:43; 32:32). മൂന്നാമത്തെ ധാതുവായ സാലഹിന്റെ നിഷ്പത്തി വ്യക്തമല്ല. മനുഷ്യവർഗ്ഗത്തിനു വേണ്ടിയുള്ള ദൈവത്തിന്റെ പാപക്ഷമയുടെ പ്രവർത്തനത്തെ അതു സൂചിപ്പിക്കുന്നു. (സംഖ്യാ, 30:5, 8, 12; 1രാജാ, 8:30, 34, 36; ആമോ, 7:2; യിരെ, 31:34). പുതിയനിയമത്തിൽ പാപമോചനത്തെക്കുറിക്കുന്ന രണ്ടു പ്രധാന ക്രിയാ ധാതുക്കളാണ് ഖാരീസൊമായ് (χαρίζομαι – charízomai) കൃപാപൂർവ്വം ഇടപെടുക, ക്ഷമിക്കുക എന്നൊക്കെ അർത്ഥം. (ലൂക്കൊ, 7:43; 2കൊരി, 2:7, 10), അഫീയേമി (ἀφίημι – aphiemi = അയച്ചുകളക, കെട്ടഴിച്ചുവിടുക). അഫീയേമി എന്ന ധാതുവിന് ക്ഷമിക്കുക, ഇളവു ചെയ്യുക, അനുവദിക്കുക എന്നീ അർത്ഥങ്ങളുമുണ്ട്. (മത്താ, 6:12, 14, 15; 9:2). മനുഷ്യനോടുള്ള ദൈവികക്ഷമയെയും മനുഷ്യർ തമ്മിൽ പരസ്പരമുള്ള ക്ഷമയെയും ഇത് സൂചിപ്പിക്കുന്നു. മോചനം എന്ന അർത്ഥത്തിൽ അഫെസിസ് (ἄφεσις – aphesis) എന്ന നാമവും ഇടയ്ക്കിടെ പ്രയോഗിച്ചിട്ടുണ്ട്. (മർക്കൊ, 1:4). രണ്ടു ഗ്രീക്കു ധാതുക്കൾകൂടി ക്ഷമിക്കുക എന്ന അർത്ഥത്തിൽ പ്രയോഗിച്ചിട്ടുണ്ട്. അപ്പൊൽയൊ (ἀπολύω – apolyo) ‘വിടുവിൻ; എന്നാൽ നിങ്ങളെയും വിടുവിക്കും.’ (ലൂക്കൊ, 6:37), പാറെസിസ് (πάρεσις – paresis) ഈ പദത്തെ ശിക്ഷിക്കാതെ വിടുകനിമിത്തം എന്ന് റോമർ 3:25-ൽ തർജ്ജമ ചെയ്തിരിക്കുന്നു. ഒഴിഞ്ഞുപോകുക, വിട്ടുകളയുക എന്നീ ആശയങ്ങളാണ് ഈ ധാതുവിനുള്ളത്. 

പാപക്ഷമ പഴയനിയമത്തിൽ ദൈവവും മനുഷ്യനുമായുള്ള മതകീയമായ ബന്ധത്തിന്റെ ആവിഷ്ക്കാരമാണ്. സ്രഷ്ടാവും പരിപാലകനും ന്യായകർത്താവുമാണ് ദൈവം. മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടിയാണ്; മാത്രവുമല്ല, ദൈവകരുണയിലാണ് അവൻ ജീവിക്കുന്നത്. പക്ഷേ പാപം മനുഷ്യനെ ദൈവത്തിൽ നിന്നകറ്റി. പാപം ശിക്ഷാർഹമാണ്. തന്മൂലം മനുഷ്യനു പാപക്ഷമ ആവശ്യമാണ്. പാപക്ഷമയാകട്ടെ ദൈവത്തിന്റെ കൃപാതിരേകമാണ്. ഈ കൃപാധിക്യം മനുഷ്യനെ ദൈവത്തോടുള്ള ഭയത്തിലേക്കും അത്ഭുതാദരങ്ങളിലേക്കും നയിക്കുന്നു. സങ്കീർത്തനക്കാരൻ പാടുകയാണ്: “എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ട്.” (സങ്കീ, 130:4). പാപക്ഷമ ലഭിക്കുമ്പോൾ ദൈവത്തോടു നിരപ്പു ലഭിക്കുന്നു; ഒപ്പം ദൈവികകൂട്ടായ്മയും. പാപമോചനം പ്രായശ്ചിത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രായശ്ചിത്തം യാഗത്താലാണ്. കഫർ, സാലഹ് എന്നീ എബ്രായധാതുക്കൾ അതു സൂചിപ്പിക്കുന്നുണ്ട്. കഫറിന്റെ പ്രധാന അർത്ഥം പ്രായശ്ചിത്തം ചെയ്യുക എന്നതാണ്. നാസാ എന്ന ധാതു പാപക്ഷമയെ മാത്രമല്ല പാപത്തിന്റെ ശിക്ഷ വഹിക്കുന്നതിനെയും ചൂണ്ടിക്കാണിക്കുന്നു. (സംഖ്യാ, 14:33; യെഹെ, 14:10). പ്രായശ്ചിത്തത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ പ്രായശ്ചിത്തം കൂടാതെ പാപം ക്ഷമിക്കാത്ത കഠിനൻ ആണ് ദൈവം എന്നു ചിന്തിക്കുവാൻ ഇടയാകരുത്. ദൈവം കൃപാലുവാണ്. പാപത്തിനു പ്രായശ്ചിത്തം ചെയ്യാനുള്ള മാർഗ്ഗങ്ങളും ഒരുക്കിയതു കരുണാമയനായ ദൈവം തന്നെയാണ്. സങ്കീർത്തനക്കാരൻ പാടുന്നു: “ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും.” (സങ്കീ, 13:5). പാപക്ഷമയ്ക്ക് യാഗങ്ങൾ പ്രയോജനപ്പെടുന്നതിന്റെ അടിസ്ഥാനം തന്നെ പ്രായശ്ചിത്തത്തിന്റെ മാർഗ്ഗമായി ദൈവം രക്തം നൽകിയതു കൊണ്ടാണ്. “മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നത്; യാഗപീഠത്തിന്മേൽ നിങ്ങൾക്കു വേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നത്.” (ലേവ്യ, 17:11). ദൈവം ക്ഷമിപ്പാൻ ഒരുക്കവും കൃപയും കരുണയും ദീർഘക്ഷമയും ദയാസമൃദ്ധിയും ഉള്ളവനാകയാലാണ് പാപക്ഷമ സാദ്ധ്യമാകുന്നത്. (നെഹെ, 9:17). “ഞങ്ങളുടെ ദൈവമായ കർത്താവിന്റെ പക്കൽ കരുണയും മോചനവും ഉണ്ട്.” (ദാനീ, 9:9). പഴയനിയമത്തിലെ ക്ഷമയെ വ്യക്തമാക്കുന്ന ഒരു പ്രാമാണിക വേദഭാഗമാണ്: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ.” (പുറ, 34:6,7). ദൈവം ക്ഷമിക്കുന്നവനാണെങ്കിലും കുറ്റക്കാരനോടു വെറുതെ ക്ഷമിക്കുന്നവനല്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം പാപക്ഷമയ്ക്ക് അനുതാപം ആവശ്യമാണ്. പ്രത്യക്ഷമായി അനുതാപം നിർദ്ദേശിക്കപ്പെട്ടിട്ടില്ലെങ്കിലും എല്ലായിടത്തും അതു പരോക്ഷമായി സൂചിതമാണ്. മാനസാന്തരപ്പെടുന്ന പാപിക്ക് പാപമോചനം ലഭിക്കും. മാനസാന്തരപ്പെടാതെ പാപത്തിൽ തുടരുന്നവന് പാപമോചനം ലഭിക്കുകയില്ല. 

സങ്കീർത്തനക്കാരൻ പറയുകയാണ്; “ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതു പോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.” (സങ്കീ, 103:12). ദൈവം പാപത്തെ പുറകിൽ എറിഞ്ഞുകളയുന്നു. “സമാധാനത്തിനായി എനിക്കു അത്യന്തം കൈപ്പായതു ഭവിച്ചു. എങ്കിലും നീ എന്റെ സകലപാപങ്ങളെയും നിന്റെ പിറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ടു എന്റെ പ്രാണനെ നാശക്കുഴിയിൽ നിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു.” (യെശ, 38:17). മാത്രവുമല്ല, ദൈവം തന്റെ ജനത്തിന്റെ അതിക്രമങ്ങളെ മായിച്ചു കളയുന്നു. “എന്റെ നിമിത്തം ഞാൻ, ഞാൻ തന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചു കളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല.” (യെശ, 43:25). “ഞാൻ കാർമുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപ്പോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊൾക.” (യെശ, 44:22; ഒ.നോ: സങ്കീ, 51:1,9; യിരെ, 31:34). ദൈവം പാപത്തെ സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയുന്നതായി മീഖാ പ്രവാചകൻ പ്രസ്താവിച്ചു. (മീഖാ, 7:19). അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്ന് കർത്താവ് യിരെമ്യാപ്രവാചകനിലൂടെ അരുളിച്ചെയ്തു. (യിരെ, 31:34). ദൈവം നല്കുന്ന പാപക്ഷമ സമ്പൂർണ്ണമാണ്. ഒരിക്കൽ ക്ഷമിച്ച പാപം ദൈവം മറയ്ക്കുക മാത്രമല്ല മറക്കുകയും ചെയ്യുന്നു. ഇനിമേൽ ദൈവം അതിനെ കാണുകയില്ല. 

പാപക്ഷമ പുതിയനിയമത്തിൽ: യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷയിൽ പാപമോചനത്തിനു ഒരു പുതിയ മാനം കൈവന്നു. മാനസാന്തരത്തെ ഒരു പ്രധാനഘടകമായി സ്നാപകൻ ഊന്നിപ്പറഞ്ഞു. സ്നാനം ഏല്ക്കാൻ വന്ന പുരുഷാരത്തോട് ‘മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്പിൻ എന്നുപദേശിച്ചു.’ (ലൂക്കൊ, 3:10-14). സ്നാപകയോഹന്നാന്റെ പ്രസംഗരീതി അവലംബിച്ചു കൊണ്ടാണ് യേശുവും ശുശ്രൂഷ സമാരംഭിച്ചത്. (മർക്കൊ, 1:15). ഒരു വ്യതിയാനം ക്രിസ്തുവിന്റെ ശുശ്രൂഷയിൽ ദൃശ്യമായിരുന്നു: സുവിശേഷത്തിലുള്ള വിശ്വാസം. മാനസാന്തരത്താടൊപ്പം സുവിശേഷത്തിലെ വിശ്വാസം കൂടി ക്രിസ്തു കൂട്ടിച്ചേർത്തു. വിശ്വാസം അനുതാപത്തിന് ആഴം നല്കി. വരാൻ പോകുന്ന ദൈവരാജ്യത്തിന്റെ സുവിശേഷത്തിൽ ആണ് വിശ്വസിക്കേണ്ടത്. മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്ന യേശുവിന്റെ ആഹ്വാനത്തോടു പ്രതികരിക്കുന്നവർ പുതിയ യുഗത്തിലേക്ക്, പുതിയ വ്യവസ്ഥയിലേക്ക്, ദൈവികഭരണത്തിലേക്ക് പ്രവേശിക്കുകയാണ്. 

യഥാർത്ഥ മാനസാന്തരത്തിന്റെ അടയാളമാണ് അപരനോടുള്ള ക്ഷമ. ക്ഷമിക്കുന്ന മനസ്സിന്റെ ആവശ്യകത ക്രിസ്തു ഊന്നിപ്പറഞ്ഞു. ക്ഷമിക്കാത്തവനു ക്ഷമ ലഭിക്കുകയില്ല. “നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.” (മത്താ, 6:14). “നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ. നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.” (മർക്കൊ, 1:25,26). “വിടുവിൻ; എന്നാൽ നിങ്ങളെയും വിടുവിക്കും.” (ലൂക്കൊ, 6:37). കർത്താവു പഠിപ്പിച്ച പ്രാർത്ഥനയിലും (ലൂക്കൊ, 11:4) ക്രൂശിൽ വെച്ചുള്ള ക്രിസ്തുവിന്റെ പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ (ലൂക്കൊ, 23:34) എന്ന പ്രാർത്ഥനയിലും യേശു ഇത് പ്രകടമാക്കി. നിർദ്ദയനായ ദാസന്റെ ഉപമ അവസാനിക്കുന്നത് അവനു വരാൻ പോകുന്ന ശിക്ഷാവിധിയെക്കുറിച്ചുള്ള മുന്നറിയിപ്പോടെയാണ്. (മത്താ, 18:23-35). 

ക്രിസ്തുവും പാപമോചനവും: പാപമോചനം ക്രിസ്തുവിന്റെ ക്രൂശിൽ അധിഷ്ഠിതമാണ്. “അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന് വീണ്ടെടുപ്പു ഉണ്ട്.” (എഫെ, 1:7). ക്രിസ്തു സ്വന്തരക്തം ചൊരിഞ്ഞത് അനേകരുടെ പാപമോചനത്തിനായിരുന്നു എന്ന് ക്രിസ്തു തന്നെ വെളിപ്പെടുത്തി. “ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം.” (മത്താ, 26:28). എന്നാൽ പല സ്ഥാനങ്ങളിലും ക്രിസ്തുവിനോടു ബന്ധപ്പെടുത്തിയാണ് പാപമോചനം പറയപ്പെട്ടിട്ടുള്ളത്. ക്രിസ്തുവിൽ ക്രിസ്തുവിന്റെ ആളത്തവും വേലയും ഉൾപ്പെടുന്നുണ്ട്. ദൈവം നമ്മോടു ക്ഷമിച്ചത് ക്രിസ്തുവിലാണ്. (എഫെ, 4:32). “യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവംഅവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.” (പ്രവൃ, 5:31). “ഇവൻമൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും മോശയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽനിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:38,39). ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു പാപമോചനം നല്കിയത് ഇതിനോടൊപ്പം മനസ്സിലാക്കേണ്ടതാണ്. പക്ഷവാതക്കാരന് സൗഖ്യം നല്കുമ്പോൾ ക്രിസ്തു ഇപ്രകാരം പറഞ്ഞു: “എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന്നു അവൻ പക്ഷവാതക്കാരനോടു: എഴുന്നേറ്റു കിടക്ക് എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നുപറഞ്ഞു.” (മർക്കൊ, 2:10,11). പാപമോചനത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ വീണ്ടെടുപ്പുവേലയാണ്. അത് ദൈവകൃപയുടെ മഹത്തായ പ്രവൃത്തിയാണ്. “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോട് പാപങ്ങളെ ക്ഷമിച്ച് സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.” (1യോഹ, 1:9). പാപമോചനത്തിന് മാനുഷികപക്ഷത്ത് അനുതാപവും വിശ്വാസവും അനിവാര്യമാണ്. യോഹന്നാൻ സ്നാപകൻ പാപമോചനത്തിന്നായുള്ള മാനസാന്തരസ്ഥാനം പ്രസംഗിച്ചു. (മർക്കൊ, 1:4). ക്രിസ്തീയ സ്നാനത്തെക്കുറിച്ചു പ്രസ്താവിക്കുമ്പോൾ പത്രൊസ് അപ്പൊസ്തലൻ യോഹന്നാൻ സ്നാപകന്റെ മാനസാന്തര സാനത്തെക്കുറിച്ചു പരാമർശിച്ചു. “പത്രൊസ് അവരോടു: പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാ ത്മാവ് എന്നദാനം ലഭിക്കും.” (പ്രവൃ, 2:38). തന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും പ്രസംഗിക്കേണ്ടതാണെന്ന് ക്രിസ്തു ശിഷ്യന്മാരോടു പറഞ്ഞു. (ലൂക്കൊ, 24:47). പാപമോചനത്തെ വിശ്വാസവുമായും ബന്ധപ്പെടുത്തി പറഞ്ഞിട്ടുണ്ട്. “അവനിൽ വിശ്വസിക്കുന്ന ഏവനും അവന്റെ നാമംമൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. (പ്രവൃ, 10:43). പാപക്ഷമയ്ക്കു വേണ്ടിയുള്ള സുകൃതങ്ങളല്ല, അനുതാപവും വിശ്വാസവും. ദൈവകൃപയെ സ്വായത്തമാക്കാനുള്ള ഉപാധികൾ മാത്രമാണ് അവ. 

പാപമോചനം ലഭിക്കുന്നതെപ്പോൾ?: ദൈവം നമ്മുടെ പാപങ്ങളെ ക്രിസ്തുവിന്റെ മേൽ ചുമത്തി. (യെശ, 53:6). ക്രിസ്തു തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി നമ്മുടെ പാപത്തിന് പരിഹാരം വരുത്തി. (1പത്രൊ, 2:24). യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി ഏകയാഗം കഴിച്ചു. (എബ്രാ, 10:12). ഒരുവൻ പാപി എന്ന് സമ്മതിച്ചുകൊണ്ട് തന്റെ പാപം കർത്താവിനോടു ഏറ്റുപറയുന്ന ആ നിമിഷത്തിൽ അവന് പാപക്ഷമ ലഭിക്കും. ക്രിസ്തു പറഞ്ഞ ഉപമയിൽ ചുങ്കക്കാരന്റെ അവസ്ഥ ഒരു നല്ല ദൃഷ്ടാന്തമാണ്. ദൈവമേ പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്ന് പ്രാർത്ഥിച്ച ചുങ്കക്കാരൻ ഉടൻ തന്നെ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കുപോയി എന്നാണ് കാണുന്നത്. (ലൂക്കൊ, 18:13,14). ദാവീദിന്റെ ധ്യാനവും ഈ സത്യത്തിന് ഉദാഹരണമാണ്. ദാവീദ് തന്റെ പാപം ഏറ്റുപറഞ്ഞ ഉടൻ തന്നെ ദാവീദിനു പാപക്ഷമ ലഭിച്ചു. “ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.” (സങ്കീ, 32:5). തന്നോടൊപ്പം ക്രൂശിക്കപ്പെട്ട അനുതപിച്ച കള്ളനോട് ക്രിസ്തു ഇപ്രകാരം പറഞ്ഞു: “ഇന്നു നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു.” (ലൂക്കൊ, 23:43). കർത്താവിന്റെ ‘ഇന്നു’ ക്ഷിപ്രവാചിയാണ്. ക്രിസ്തുവിന്റെ ഉപമയിലെ ഇളയപുത്രൻ മടങ്ങിവന്നപ്പോൾ പിതാവ് അവനോടു ക്ഷമിച്ചതു മറ്റൊരു ദൃഷ്ടാന്തമാണ്. (ലൂക്കൊ, 15:11-32). ഏറ്റുപറയുന്ന ഉടൻ തന്നെ പാപക്ഷമ ലഭിക്കുന്നു എന്ന് വ്യക്തമാക്കുന്ന അനേകം ഭാഗങ്ങൾ ഇനിയും ഉണ്ട്.  

പാപമോചനത്തിന്റെ ഫലങ്ങൾ: നിരപ്പ്: ഒരവസ്ഥയിൽ നിന്നു മറ്റൊരവസ്ഥയിലേക്കു പൂർണ്ണമായി മാറുക എന്നതാണ് നിരപ്പിന്റെ അർത്ഥം. ശരിയായ നിലവാരത്തിലെത്താൻ വേണ്ടി ഒന്നിനെയോ ഒരുവനെയോ പൂർണ്ണമായി മാറ്റി ക്രമീകരിക്കുന്നതാണ് നിരപ്പിക്കൽ. (റോമ, 5 : 6-11). ക്രിസ്തുവിന്റെ മരണം മൂലം ദൈവത്തോടുള്ള ബന്ധത്തിൽ ലോകത്തെ പൂർണ്ണമായ മാറ്റത്തിനു വിധേയമാക്കി. മത്സരിയായ മനുഷ്യനും ദൈവത്തിനും തമ്മിൽ നഷ്ടപ്പെട്ടുപോയ ബന്ധത്തെ പുനഃസ്ഥാപിക്കുന്നതിന് എല്ലാറ്റിനെയും ദൈവത്തോട് നിരപ്പിച്ചു. (2കൊരി, 5:18; എഫെ, 2:4; യോഹ, 3:16). ഈ നിരപ്പിനു മുഴുവൻ കാരണഭൂതൻ ദൈവം തന്നെയാണ്. ക്രിസ്തുവിലൂടെയാണ് ദൈവം നിരപ്പുവരുത്തിയത്. ദൈവപുത്രന്റെ മരണത്തിലൂടെ അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംമൂലം നാം ദൈവത്തോടു നിരപ്പു പ്രാപിച്ചു. (റോമ, 5:10; കൊലൊ, 1:20,22; എഫെ, 2:16).

സമാധാനം: ദൈവം സമാധാനത്തിന്റെ ദൈവമാണ്. (1തെസ്സ, 5:23; റോമ, 16:20; എബ്രാ, 13:20). പാപം നിമിത്തം മനുഷ്യൻ ദൈവത്തിന് ശത്രുക്കളായി മാറി. ശത്രുത്വം ഭയജനകമാണ്. ശതുത നിമിത്തം എന്ത് സംഭവിക്കും എന്ന ഭയം ഹൃദയത്തെ ഭരിക്കും. എന്നാൽ ദൈവം തന്നെയാണ് ഈ ശത്രുത മാറ്റിയത്. “ശത്രുക്കളായിരിക്കുമ്പോൾ തന്നെ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പുവന്നു 

എങ്കിൽ നിന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.” (റോമ, 5:10). അതോടുകൂടി നമുക്കു ദൈവത്തോടു സമാധാനം ലഭിച്ചു. “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്.” (റോമ, 5:1). പാപിയായ മനുഷ്യന് ദൈവത്തോടു നിരപ്പു പ്രാപിക്കേണ്ടതിന് പാപത്തിന്റെ ശ്രതുത മാറ്റേണ്ടതാണ്. ക്രിസ്തുവിന്റെ ഏകശരീര യാഗത്താലാണ് ഈ ശത്രുത മാറി ദൈവത്തോട് സമാധാനം പ്രാപിക്കുന്നത്. (റോമ, 5:1). “അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.” (കൊലൊ, 1:20). നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി. (യെശ, 53:5). ക്രിസ്ത ആണ് നമ്മുടെ സമാധാനം. (എഫെ, 2:14-17). ദൈവസമാധാനം സകല ബുദ്ധിയെയും കവിയുന്നതാണ്. (ഫിലി, 4:7).

ദൈവത്തിങ്കലേക്കുള്ള പ്രവേശനം: ദൈവത്തിന്റെ മഹത്ത്വം, തേജസ്സ്, വിശുദ്ധി, പരമാധികാരം എന്നിവ ദർശിക്കുന്ന വ്യക്തി ദൈവത്തോട് അടുത്തു വരുവാൻ ഇടയാകും. ക്രിസ്തു എന്ന മദ്ധ്യസ്ഥനിലൂടെ പാപികൾക്കും ദൈവസാമീപ്യത്തിൽ വരാം. ഈ സാമീപ്യത്തെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാമതായി, ദൈവകൃപയിലേക്കുള്ള പ്രവേശനമാണ്. സ്വന്തം മരണത്താൽ ക്രിസ്തു പാപത്തിന് പ്രായശ്ചിത്തം ചെയ്തതുകൊണ്ട് ഈ ദൈവകൃപ ലഭ്യമായി. ദൈവകൃപയിലേക്കുള്ള പ്രവേശനം ക്രിസ്തുവിന്റെ പൂർത്തിയാക്കപ്പെട്ട രക്ഷയിലേക്കുള്ള പ്രവേശനമാണ്. എല്ലാവർക്കും വേണ്ടി ഉള്ളതാണെങ്കിലും ക്രിസ്തുവിൽ വിശ്വസിക്കുന്നവർ മാത്രമേ ഈ കൃപയിലേക്കു പ്രവേശിക്കുന്നുള്ളൂ . പൗലൊസ് എഴുതി “നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു.” (റോമ, 5:2). വിശ്വാസി കൃപയാൽ രക്ഷിക്കപ്പെടുക മാത്രമല്ല (എഫെ, 2:8) കൃപയിൽ നിലനില്ക്കുകയും ചെയ്യുന്നു. അപ്പൊസ്തലനായ പത്രൊസ് തന്മൂലം ഉപദേശിക്കയാണ്; “കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ.” (2പത്രൊ, 3:18). രണ്ടാമതായി, പിതാവിങ്കലേക്കുള്ള പ്രവേശനമാണ്. “അവൻ മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്.” (എഫെ, 2:18). പാപം മനുഷ്യനെ ദൈവത്തിൽ നിന്നകറ്റി. ഈ അകൽച്ച ഭീമവും നികത്തപ്പെടാനാവാത്തതും ആയിരുന്നു. അതിനെ മാറ്റിയത് ദൈവം ക്രിസ്തുവിലൂടെ ആയിരുന്നു. ക്രിസ്തുവിൽ ശരണപ്പെടുന്ന പാപി പാപമോചനം പ്രാപിച്ച് ദൈവത്തിന് സമീപസ്ഥനായിത്തീരുന്നു. രക്ഷിക്കപ്പെടുന്ന യെഹൂദനും വിജാതീയനും പുത്രനിലൂടെയും പരിശുദ്ധാത്മാവിലൂടെയും പിതാവിങ്കലേക്ക് പ്രവേശനം ലഭിക്കുന്നു. ദൈവസന്നിധിയിലേക്ക് പ്രവേശിക്കുന്നതിനുള്ള തടസ്സങ്ങൾ എല്ലാം നീക്കപ്പെട്ടതുകൊണ്ട് ദൈവത്തിങ്കലേക്കു കടന്നുവരുവാനുള്ള ധൈര്യം വിശ്വാസിക്ക് ലഭിച്ചുകഴിഞ്ഞു. ഈ ധൈര്യത്തെ വ്യക്തമാക്കുന്ന രണ്ടു ഭാഗങ്ങൾ എബായലേഖനത്തിലുണ്ട്. “അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തുചെല്ലുക.” (എബ്രാ, 4:16). “അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽക്കൂടി നമുക്കു പ്രതിഷ്ഠിച്ച് ജീവനുള്ള പുതുവഴിയായി, തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു ധൈര്യവും.” (എബ്രാ, 10:19,20).  

കൂട്ടായ്മ: പിതാവിങ്കലേക്ക് പ്രവേശനം ലഭിച്ചുകഴിഞ്ഞ വ്യക്തി പിതാവായ ദൈവത്തോടും പുത്രനായ ക്രിസ്തുവിനോടും പരിശുദ്ധാത്മാവിനോടും കൂട്ടായ്മയിലാണ്. യേശു ക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കാണ് ദൈവം നമ്മെ വിളിച്ചത്. (1കൊരി, 1:9). നമ്മുടെ കൂട്ടായ്മ പിതാവായ ദൈവത്തോടും പുത്രനായ യേശുക്രിസ്തുവിനോടും ആണ്. (1യോഹ, 1:3). അപ്പൊസ്തലിക ആശീർവ്വാദത്തിൽ പരിശുദ്ധാത്മാവിനോടുള്ള കൂട്ടായ്മയെ പരാമർശിച്ചിട്ടുണ്ട്. (2കൊരി, 13:14). ഒരു പാപിക്ക് പാപമോചനത്താൽ ദൈവത്തോടു നിരപ്പും നിരപ്പിനാൽ സമാധാനവും കൈവന്നു. തന്മൂലം അവന് പദൈവത്തിങ്കലേക്കുള്ള പ്രവേശനവും കൂട്ടായ്മയും ലഭ്യമായി.

Leave a Reply

Your email address will not be published. Required fields are marked *