പത്രൊസ്

പത്രൊസ് (Peter)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ പ്രഥമൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ.” (മത്താ, 10:2; മർക്കൊ, 3:15,16; ലൂക്കൊ, 6:14; പ്രവൃ, 1:13).

പേരിനർത്ഥം – കല്ല്, പാറക്കഷണം

യേശു തിരഞ്ഞെടുത്ത ശിഷ്യന്മാരിൽ പ്രധാനിയാണ് പത്രൊസ്. വലിയ മേന്മകളൊന്നും അവകാശപ്പെടാവുന്ന പശ്ചാത്തലമോ, പാരമ്പര്യമോ പത്രൊസിന് ഉണ്ടായിരുന്നില്ല. എന്നാൽ യേശു സ്വശിഷ്യനായി വിളിച്ചതുമുതൽ മീൻ പിടിത്തക്കാരനായിരുന്ന പത്രൊസിന്റെ ജീവിതം നാടകീയമായ പരിവർത്തനത്തിനു വിധേയമായി. തുടർന്നു ശിഷ്യന്മാരിൽ പ്രധാനിയായിത്തീരുക മാത്രമല്ല ആദിമസഭയുടെ വക്താവായി മാറുകയും ചെയ്തു. യേശുവിന്റെ അടുക്കൽ വരുന്നതിനു മുൻപുള്ള പത്രൊസിന്റെ ജീവിതത്തെക്കുറിച്ചു വ്യക്തമായ അറിവൊന്നും ലഭ്യമല്ല. ശിമയോൻ എന്നായിരുന്നു പേർ. അതിന്റെ ചുരുങ്ങിയ രൂപമാണു ശിമോൻ. ഗലീലയിലെ ബേത്ത്സയിദക്കാരനായ (യോഹ, 1:44). ശിമോൻ യോഹന്നാന്റെ പുത്രൻ (ബാർയോനാ) ആയിരുന്നു. (യോഹ, 1:42). ബേത്ത്സയിദ (മുക്കുവഗൃഹം) യോർദ്ദാൻ നദിയുടെ കിഴക്കു ഭാഗത്താണ്. പത്രൊസും സഹോദരനായ അന്ത്രയാസും തിബെര്യാസ് കടലിൽ മീൻ പിടിക്കുന്നവരും (മർക്കൊ1:16) യാക്കോബ്, യോഹന്നാൻ എന്നിവരുടെ കൂട്ടാളികളുമായിരുന്നു. (ലൂക്ക, 5:10). ഗലീലിയൻ ഉച്ചാരണത്തോടു കൂടിയ അരാമ്യഭാഷയായിരുന്നു പത്രൊസ് സംസാരിച്ചിരുന്നത്.

പത്രൊസും സഹോദരനായ അന്ത്രയാസും യോഹന്നാൻ സ്നാപകന്റെ ശിഷ്യന്മാരായിരുന്നു. യോഹന്നാൻ സ്നാപകനിൽ നിന്നും യേശുവിനെക്കുറിച്ചു മനസ്സിലാക്കിയ അന്ത്രയാസ് ഞങ്ങൾ മശീഹയെ എന്നു വെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു പത്രൊസിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശു അവനെ നോക്കി പറഞ്ഞു; “നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും.” (യോഹ, 1:36-42). തുടർന്ന് യോഹന്നാൻ സ്നാപകൻ തടവിലായശേഷം പത്രൊസ് കഫർന്നഹൂമിൽ മടങ്ങിച്ചെന്ന് തന്റെ തൊഴിലിൽ ഏർപ്പെട്ടു.

ഒരിക്കൽ ഗെന്നസരത്ത് തടാകത്തിന്റെ കരയിൽ യേശു പ്രസംഗിക്കുകയായിരുന്നു. ജനങ്ങൾ കൂടിവന്നപ്പോൾ പത്രൊസിന്റെ പടകിൽ ഇരുന്ന് യേശു ജനത്തെ ഉപദേശിച്ചു. രാത്രിമുഴുവൻ അദ്ധ്വാനിച്ചിട്ടും അവർക്ക് മീൻ ഒന്നും പിടിക്കുവാൻ കഴിഞ്ഞില്ല. ഒടുവിൽ യേശുവിന്റെ വാക്കു അനുസരിച്ചു വലയിറക്കിയപ്പോൾ ഒരു വലിയ മീൻകൂട്ടം വലയിൽപ്പെട്ടു. ഈ അത്ഭുതം കണ്ടിട്ട് യേശുവിന്റെ കാലിൽ വീണ് ശിമോൻ പത്രോസ് അപേക്ഷിച്ചു; “കർത്താവേ ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ട് എന്നെ വിട്ടു പോകേണമേ.” ഇന്നുമുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകുമെന്നു യേശു പത്രോസിനു ഉറപ്പു കൊടുത്തു. അനന്തരം അവർ സകലവും ഉപേക്ഷിച്ചു യേശുവിനെ അനുഗമിച്ചു. (മത്താ, 4:18-22, മർക്കൊ, 1:16-20, ലൂക്കൊ, 5:1-11). അതിനുശേഷം യേശു പത്രൊസിന്റെ അമ്മാവിയമ്മയെ സൌഖ്യമാക്കി. (മത്താ, 8-14-15, മർക്കൊ, 1:29-31, ലുക്കൊ, 4:38-40). തുടർന്നു യേശുവിന്റെ ശുശ്രൂഷകളിൽ പത്രൊസ് പങ്കുകൊണ്ടു. യായീറോസിന്റെ മകളെ യേശു ഉയിർപ്പിച്ചതിനു പത്രൊസ് സാക്ഷിയായിരുന്നു. (മർക്കൊ, 5:22,37, (ലൂക്കൊ, 8:41).

യേശു പ്രന്തണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോൾ അവരിൽ ഒന്നാമനായിരുന്നു പത്രൊസ്. (മത്താ, 10:2-4, മർക്കൊ, 3:13-19, ലൂക്കൊ, 6:13). അതിനുശേഷം എല്ലായ്പ്പോഴും പത്രൊസ് എന്ന പേരാണ് പ്രയോഗിച്ചു കാണുന്നത്. ഒരിക്കൽ പത്രൊസും ശിഷ്യന്മാരും കയറിയിരുന്ന പടകു തിരമാലകളിൽപ്പെട്ട് മുങ്ങുമാറായി. കടലിന്മീതെ നടന്ന് യേശു അവരുടെ മുമ്പിൽ എത്തി. ഇതു കണ്ടിട്ട് യേശുവിന്റെ അനുവാദത്തോടുകൂടി പത്രൊസ് വെള്ളത്തിന്മീതെ നടന്നു. കൊടുങ്കാറ്റു നിമിത്തം വിശ്വാസം നഷ്ടപ്പെട്ട പത്രൊസ് വെള്ളത്തിൽ മുങ്ങിത്തുടങ്ങിയപ്പോൾ നിലവിളിച്ചു. “കർത്താവേ എന്നെ രക്ഷി ക്കേണമേ”. യേശു അവനെ സുരക്ഷിതമായി പടകിൽ എത്തിച്ചു. അപ്പോൾ “നീ ദൈവപുത്രൻ സത്യം” എന്നു പത്രൊസ് ഏറ്റുപറഞ്ഞു. (മത്താ, 14:25-33).

ആളുകൾ തന്നെക്കുറിച്ചു എന്തു പറയുന്നു എന്നു യേശു ശിഷ്യന്മാരോടു ചോദിച്ചു; അതിനു പത്രൊസ് നിർണ്ണീതമായ മറുപടി നല്കി. “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു.” അപ്പോഴാണ് നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും എന്നു യേശു പറഞ്ഞത്. (മത്താ, 16:13-19, ലൂക്കൊ, 9:18-20). അതിനുശേഷം ക്രിസ്തു തന്റെ കഷ്ടാനുഭവം, മരണം എന്നിവയെക്കുറിച്ചു ശിഷ്യന്മാരോടു പറഞ്ഞപ്പോൾ; പത്രൊസ് യേശുവിനെ തനിച്ചു കൊണ്ടുപോയി, അങ്ങനെ സംഭവിക്കരുത് എന്നു യേശുവിനോടു പറഞ്ഞു. അപ്പോൾ “സാത്താനേ, എന്നെ വിട്ടുപോ” എന്നു യേശു പറഞ്ഞു. സാത്താനാണു പത്രൊസിലൂടെ സംസാരിച്ചതെന്ന് യേശു തിരിച്ചറിഞ്ഞു; (മത്താ, 16:21-23, മർക്കൊ, 8:31-33). മറുരുപമലയിൽ വെച്ചു യേശുവിന്റെ തേജോരൂപ പ്രദർശനത്തിൽ പത്രൊസ് സന്നിഹിതനായിരുന്നു. പെട്ടന്നുണ്ടായ ഹർഷോന്മാദത്തിൽ കർത്താവേ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു എന്നു പത്രൊസ് പറഞ്ഞു. (മത്താ, 17:1-8, മർക്കൊ, 9:2-8, ലൂക്കൊ, 9:28-36). സഹോദരനോടു എത്രപ്രാവശ്യം ക്ഷമിക്കണമെന്ന് ഒരിക്കൽപത്രൊസ് യേശുവിനോടു ചോദിച്ചു. ഏഴു എഴുപതു പ്രാവശ്യം എന്നു യേശു മറുപടി നല്കി. (മത്താ, 18:21-22). സകലവും വിട്ടു നിന്നെ അനുഗമിച്ച ഞങ്ങൾക്കു എന്തു കിട്ടും എന്ന് മറ്റൊരിക്കൽ പത്രൊസ് യേശുവിനോടു ചോദിച്ചു. (മത്താ, 19:27, മർക്കൊ, 10:28, ലൂക്കൊ, 18:28). യേശു ശപിച്ച അത്തി വേരോടെ ഉണങ്ങിപ്പോയത് പിറ്റേദിവസം പത്രൊസ് ചൂണ്ടിക്കാണിച്ചു. (മർക്കൊ, 11:21).

പെസഹയ്ക്ക് ആവശ്യമായ ഒരുക്കങ്ങൾ ചെയ്യുന്നതിനു യേശു പത്രൊസിനെയും യോഹന്നാനെയും ചുമതലപ്പെടുത്തി. (ലൂക്കൊ, 22:8). എല്ലാം ഒരുങ്ങിക്കഴിഞ്ഞപ്പോൾ യേശു ശിഷ്യന്മാരുടെ കാലുകൾ കഴുകിത്തുടങ്ങി. പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ പത്രൊസ് വിസമ്മതം പ്രകടിപ്പിച്ചു. പത്രൊസിന്റെ കാൽ താൻ കഴുകിയില്ലെങ്കിൽ പത്രൊസിനു തന്നോടുകൂടെ പങ്കില്ല എന്നു യേശു പറഞ്ഞപ്പോൾ, കാൽ മാത്രമല്ല കയ്യും തലയും കൂടി കഴുകേണമേ എന്ന് പത്രൊസ് അപേക്ഷിച്ചു. (യോഹ, 13:1-9). ശിഷ്യന്മാരിൽ ഒരുവൻ തന്നെ കാണിച്ചു കൊടുക്കും എന്ന് യേശു പ്രസ്താവിച്ചപ്പോൾ അതു ആരെക്കുറിച്ചു പറയുന്നു എന്നു യേശുവിനോടു ചോദിക്കുവാൻ താൻ യോഹന്നാനോട് ആംഗ്യം കാട്ടി. (യോഹ, 13:24). ഒരിക്കലും യേശുവിനെ ഉപേക്ഷിക്കുകയില്ലെന്നു പത്രൊസ് ഉറപ്പുപറഞ്ഞു. എന്നാൽ കോഴി കൂകുന്നതിനു മുൻപു മൂന്നു പ്രാവശ്യം പത്രൊസ് തന്നെ തള്ളിപ്പറയും എന്നു യേശു വെളിപ്പെടുത്തി. (മത്താ, 26:33-35, മർക്കൊ, 14:29-31, ലൂക്കോ, 22:34, യോഹ, 13:38). പത്രാസും യാക്കോബും യോഹന്നാനും യേശുവിനോടൊപ്പം ഗെത്ത്ശെമനയിൽ ഉണ്ടായിരുന്നു. പടയാളികൾ യേശുവിനെ പിടിക്കുമ്പോൾ മഹാപുരോഹിതന്റെ ദാസനായ മല്ക്കൊസിന്റെ കാതു പത്രൊസ് വാൾ കൊണ്ട് വെട്ടി. യേശു പത്രൊസിനെ ശാസിച്ചു; മല്ക്കൊസിന്റെ കാതു യേശു സൗഖ്യമാക്കി. (മത്താ, 26:51, യോഹ, 18:10). യേശു ബന്ധിതനായപ്പോൾ പത്രൊസ് ദൂരവെ അനുഗമിച്ചു് മഹാപുരോഹിതന്റെ (കയ്യഫാവ്) നടുമുറ്റത്തു ചെന്നു. ഇവിടെവച്ചാണു പത്രൊസിന്റെ ജീവിതത്തിൽ ഏറ്റവും ദു:ഖകരമായ സംഭവം ഉണ്ടായത്. യേശുവിനെ അറിയുന്നില്ലെന്നു പത്രൊസ് മൂന്നുപ്രാവശ്യം യേശുവിനെ തള്ളിപ്പറഞ്ഞു. ഉടൻ കോഴി കൂകുന്നതു് കേട്ടു; യേശു അവനെ നോക്കി; കുറ്റബോധം വന്ന പത്രൊസ് പുറത്തുപോയി അതിദു:ഖത്തോടെ കരഞ്ഞു. (മത്താ, 26:73-75, മർക്കൊ, 14:70-72, ലൂക്കൊ,22:59-62, യോഹ, 18:26-27).

പുനരുത്ഥാനശേഷം യേശു അപ്പൊസ്തലന്മാരിൽ ആദ്യം പ്രത്യക്ഷപ്പെട്ടതു പത്രൊസിനാണ്. (ലൂക്കൊ, 24:34). ഗലീലാകടൽക്കരയിൽ മീൻപിടിത്തത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷനായി. അവിടെ വെച്ച് യേശു പത്രൊസിനോടു യോഹന്നാന്റെ മകനായ ശിമോനെ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു മൂന്നു പ്രാവശ്യം ചോദിച്ചു. മൂന്നുപ്രാവശ്യവും എന്റെ കുഞ്ഞാടുകളെ മേയ്ക്ക് എന്നു യേശു അവനോടു പറഞ്ഞു. തുടർന്ന് പത്രൊസിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചു യേശു വെളിപ്പെടുത്തി. (യോഹ, 21:1-21).

പെന്തെകൊസ്തുനാളിൽ മററുള്ളവർക്കൊപ്പം പ്രാർത്ഥിക്കുന്ന സമയത്ത് പത്രൊസും പരിശുദ്ധാത്മപൂർണ്ണനായി. അന്ന് പത്രൊസ് ചെയ്ത പ്രസംഗത്തിൽ 3000 പേർ സ്നാനപ്പെട്ടു സഭയോടു ചേർന്നു. തുടർന്ന് അപ്പൊസ്തലപ്രവൃത്തികളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ പ്രവർത്തനങ്ങളുടെയും വീര്യപ്രവൃത്തികളുടെയും പീഡാനുഭവത്തിന്റെയും കാലമായിരുന്നു. ഒരു ദിവസം പത്രൊസും യോഹന്നാനും ദൈവാലയത്തിൽ പ്രാർത്ഥിക്കുവാൻ പോകുകയായിരുന്നു. അവർ ദൈവാലയത്തിൽ പ്രവേശിക്കാനൊരുങ്ങുമ്പോൾ സുന്ദരം എന്ന ദൈവാലയ ഗോപുരത്തിൽ കിടന്ന ഒരു മുടന്തൻ അവരോടു ഭിക്ഷ ചോദിച്ചു . പത്രൊസ് അവനോടു വെള്ളിയും പൊന്നും എനിക്കില്ല എന്നു പറഞ്ഞ് യേശുക്രിസ്തുവിന്റെ നാമത്തിൽ അവനു സൌഖ്യം നല്കി. ഇതുകണ്ട് ശലോമോന്റെ മണ്ഡപത്തിൽ കൂടിയ ജനത്തോട് പത്രൊസ് യേശുവിനെക്കുറിച്ച് പ്രസംഗിച്ചു. അക്കാരണത്താൽ അപ്പൊസ്തലന്മാരെ ബന്ധിച്ചു പിറ്റേദിവസം ന്യായാധിപ സംഘത്തിനു മുമ്പാകെ നിർത്തി. ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു എന്നു അവർ ചോദിച്ചു. പത്രൊസ് അവരോട് സുവിശേഷം പ്രസംഗിച്ചു. ശിക്ഷിക്കുവാൻ വഴി കാണാതെ അവർ അപ്പൊസ്തലന്മാരെ തർജ്ജനം ചെയ്ത് വിട്ടയച്ചു. (പ്രവൃ, 3, 4 അ). അനന്യാസും സഫീരയും ദൈവത്തോടു വ്യാജം കാണിക്കുകയാൽ മരിച്ചു; പത്രൊസ് അവരെ ശപിക്കയോ ശാസിക്കുകയോ ചെയ്തില്ല; പാപത്തെ ഭർത്സിക്കക മാത്രം ചെയ്തു . പരിശുദ്ധാത്മാവിനെ പരീക്ഷിക്കയാൽ അവർ ശിക്ഷിക്കപ്പെടുകയായിരുന്നു. (പ്രവൃ, 5:1-11). അനേകം പേർക്ക് രോഗസൗഖ്യം നല്കിയതു നിമിത്തം അപ്പൊസ്തലന്മാരെ കാരാഗൃഹത്തിലാക്കി. രാത്രിയിൽ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്ന് അവരെ രക്ഷപ്പെടുത്തി, ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുവാൻ പറഞ്ഞു. അപ്പൊസ്തലന്മാരെ മഹാപുരോഹിതന്റെ മുൻപിൽ കൊണ്ടുവന്നു. പത്രൊസിന്റെ വാക്കുകൾ കേട്ടിട്ടു അപ്പൊസ്തലന്മാരെ കൊല്ലുവാൻ അവർ ആലോചിച്ചു. എന്നാൽ ഗമാലീയേലിന്റെ ഉപദേശം കേട്ടു അവർ പിന്തിരിഞ്ഞു. ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നറിഞ്ഞു, പത്രൊസും യോഹന്നാനും അവരെ സന്ദർശിച്ചു. അവർ പ്രാർത്ഥിച്ചപ്പോൾ ശമര്യർ പരിശുദ്ധാത്മാവു പ്രാപിച്ചു. (പ്രവൃ, 8:14-17).

മൂന്നു വർഷത്തിനുശേഷം പത്രൊസും പൗലൊസും തമ്മിലുളള ആദ്യത്തെ കൂടിക്കാഴ്ച നടന്നു. പത്രോസ് സഭകൾ ചുറ്റി സഞ്ചരിക്കുമ്പോൾ ലുദ്ദയിൽ എത്തി. (പ്രവൃ, 9:32). ഈ സമയത്ത് രണ്ടു അത്ഭുതപ്രവൃത്തികൾ ചെയ്തു. ഒന്ന്; ഐനയാസ് എന്ന പക്ഷവാതരോഗിയെ സൌഖ്യമാക്കി. (പ്രവൃ, 9:33). രണ്ട്; മരിച്ചുപോയ തബീഥയെ ഉയിർപ്പിച്ചു. (പ്രവൃ, 9:40). പരിശുദ്ധാത്മാവിന്റെ പ്രത്യേക നിയോഗ്രപ്രകാരം പത്രൊസ് കൈസര്യയിൽ കൊർണേല്യാസിന്റെ ഭവനത്തിൽ ചെന്നു ദൈവവചനം പ്രസംഗിച്ചു. വചനം കേട്ട് എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു. അവർ അന്യഭാഷകളിൽ സംസാരിക്കുകയും ദൈവത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തോടുകൂടി വിജാതീയർക്കും സഭയിലേക്കുള്ള വാതിൽ തുറക്കപ്പെട്ടു. (പ്രവൃ, 10:1-47).

യാക്കോബിനെ വധിച്ചതു യെഹൂദന്മാർക്കു പ്രസാദമായി എന്നു കണ്ട ഹെരോദാവ് പത്രൊസിനെ ബന്ധിച്ച് കാരാഗൃഹത്തിലാക്കി . അവനെ സൂക്ഷിക്കുവാൻ നാലു പടയാളികൾ വീതമുളള നാലു കൂട്ടത്തിനെ ഏല്പിച്ചു. സഭ ശ്രദ്ധയോടെ പ്രാർത്ഥിച്ചു. ഹെരോദാവ് പത്രൊസിനെ കൊല്ലാൻ തീരുമാനിച്ചിരുന്നതിന്റെ തലേരാത്രി കർത്താവിന്റെ ദൂതൻ പത്രോസിനെ രക്ഷിച്ചു. അവൻ മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ വീട്ടിൽ ചെന്നു. അവിടെ അനേകർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാ യിരുന്നു. (പ്രവൃ, 12:1-17). അതിനുശേഷം പത്രൊസിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള തുടർച്ചയായ വിവരണം ഇല്ല. പത്രൊസ് യെരുശലേം വിട്ടുപോയി. യെരുശലേം സമ്മേളനത്തിൽ പുതുവിശ്വാസികളുടെ പരിച്ഛേദനത്തിന്റെ പ്രശ്നം ചർച്ചചെയ്യുമ്പോൾ പത്രൊസ് അവിടെ ഉണ്ടായിരുന്നു. ചർച്ചയുടെ ഒടുവിൽ രക്ഷ കൃപയാലാണ് വന്നത് എന്നും വിശ്വാസത്താലാണു അതു സ്വീകരിക്കുന്നതെന്നും തന്മൂലം വിശ്വാസികൾ തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും പത്രൊസ് വ്യക്തമാക്കി. പരിച്ഛേദനം ആവശ്യമില്ലെന്ന് പത്രൊസ് ഉറപ്പായി പറഞ്ഞു. യാക്കോബും അതേ അഭിപ്രായം വ്യക്തമാക്കി. അങ്ങനെ ആ പ്രശ്നത്തിന് പരിഹാരമായി. ഒരിക്കൽ പത്രൊസും പൗലൊസും തമ്മിൽ അന്ത്യാക്ക്യയിൽ വച്ചു ഇടഞ്ഞു. യാക്കോബിന്റെ അടുക്കൽ നിന്നു ചിലർ വരുന്നതിനു മുൻപ് പത്രൊസ് ജാതികളോടുകുടെ ഭക്ഷിച്ചുപോന്നു. അവർ വന്നശേഷം പരിച്ഛേദനക്കാരെ ഭയപ്പെട്ട് പത്രൊസ് ജാതികളിൽ നിന്നു മാറിനിന്നു. ഇതു സഭയ്ക്ക് ദോഷം ചെയ്യുമെന്നു മനസ്സിലാക്കിയ പൗലൊസ് പത്രൊസിനോടു എതിർത്തുനിന്നു. എന്നാൽ ഈ പ്രശ്നം ഇരുവരും തമ്മിലുള്ള സ്നേഹബന്ധത്തിനു ഒരു വിഘനവും സൃഷ്ടിച്ചില്ല. (2പത്രൊ, 3:15-16).

തടർന്നുള്ള കാലങ്ങളിൽ പലസ്തീനിലും ചുറ്റുമുള്ള പദേശങ്ങളിലും പത്രൊസ് പ്രവർത്തിക്കുകയായിരുന്നു. പത്രൊസ് കൊരിന്ത് സന്ദർശിച്ചതായി കാണുന്നു. ബാബിലോണും സന്ദർശിച്ചിരിക്കുവാൻ ഇടയുണ്ട്. അക്കാലത്ത് പത്രൊസിനോടൊപ്പം താമസിക്കുമ്പോഴാണ് മർക്കൊസ് സുവിശേഷം എഴുതിയത്. എന്നാൽ തന്റെ ജീവിതാന്ത്യത്തിനു മുൻപു പത്രൊസ് റോം സന്ദർശിച്ചിരിക്കാൻ ഇടയില്ല. ദ്രുതഗതിക്കാരനും നല്ലപോലെ ചിന്തിക്കാതെ എടുത്തു ചാടി പ്രവർത്തിക്കുന്നവനുമായിരുന്നു പത്രൊസ്. പെന്തക്കൊസ്തിനു ശേഷം അക്ഷരാർത്ഥത്തിൽ പത്രൊസ് പാറയെപ്പോലെ ഉറപ്പുളളവനായി മാറി. യേശുവിനെ കൂശിച്ചു കൊന്നതിന് യെഹൂദാനേതാക്കന്മാരെ കുറ്റപ്പെടുത്തിക്കൊണ്ടു ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ ശക്തവും ദൃഢവുമായ ഭാഷയിൽ അവതരിപ്പിച്ച് പത്രൊസിന്റെ ധൈര്യം അത്ഭുതമാണ്. “പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാൺകയാലും അവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും” ന്യായാധിപസംഘത്തിലെ അംഗങ്ങൾ അത്ഭുതപ്പെട്ടു. (പ്രവൃ, 4:13). ക്രിസ്തുവിന്റെ ശിഷ്യന്മാരിൽ പ്രഥമസ്ഥാനം പത്രൊസിനായിരുന്നു. ചിലപ്പോൾ ശിഷ്യന്മാരുടെ പ്രതിനിധിയായി പത്രൊസ് യേശുവിനോടു ചോദിക്കയും യേശുവിന്റെ ചോദ്യങ്ങൾക്കു മറുപടി പറയുകയും ചെയ്തിരുന്നു. (മത്താ, 19:27, ലൂക്കൊ, 12:41). യേശു പത്രൊസിനെ ഏല്പിച്ചത് സഭയുടെ താക്കോലല്ല സ്വർഗ്ഗരാജ്യത്തിന്റെ താക്കോലാണ്. സുവിശേഷത്തിന്റെ വാതിൽ യെഹൂദന്മാർക്കും (പ്രവൃ, 2:14-41), ശമര്യർക്കും (പ്രവൃ, 8:14-17), ജാതികൾക്കും (പ്രവൃ, 10:24-28) തുറന്നു കൊടുത്തത് പത്രൊസാണ്. കെട്ടുന്നതിനും അഴിക്കുന്നതിനും ഉള്ള അധികാരം പത്രൊസിനു മാത്രമല്ല, മറ്റപ്പൊസ്തലന്മാർക്കും നല്കിയിട്ടുണ്ട്. (മത്താ, 16:19, 18:18, 20:23). പഴയനിയമത്തിൽ യിരെമ്യാ പ്രവാചകനും ഏവംവിധമായ അധികാരം നല്കിയിട്ടുണ്ടു. (യിരെ, 1:10).

പത്രൊസിന്റെ രക്തസാക്ഷിത്വം: പത്രൊസിന്റെ സുവിശേഷ പ്രവർത്തനങ്ങളെക്കുറിച്ചു ബൈബിളിനു വെളിയിൽ ചരിത്രരേഖകൾ അധികം ഇല്ലാത്തതുപോലെ തന്നെ രക്തസാക്ഷിമരണത്തെക്കുറിച്ചും ചരിത്രരേഖകൾ കുറവാണ്. റോമിൽ തനിക്കു ശത്രുക്കൾ വർധിച്ചപ്പോൾ, അവിടെനിന്നോടി രക്ഷപെട്ടാൽ കുറെനാൾകൂടി സുവിശേഷവേല ചെയ്യാമല്ലോ എന്നു പത്രൊസ് വിചാരിച്ചു. അവിടത്തെ വിശ്വാസികളായ സ്നേഹിതരും പത്രൊസിനെ പ്രോത്സാഹിപ്പിച്ചു. ഒരു രാത്രി പത്രൊസ് റോമ പട്ടണത്തിൽനിന്ന് ഓടിപ്പോകുമ്പോൾ കർത്താവായ യേശു പട്ടണത്തിലേക്കു വരുന്നതായി പത്രോസിന് ഒരു ദർശനം ഉണ്ടായി. “കർത്താവേ, അങ്ങ് എവിടെപ്പോകുന്നു” എന്ന അർത്ഥത്തിൽ QUO VADIS DOMINIE (ക്വോ വാഡിസ് ഡൊമിനി) എന്നു ലാറ്റിനിൽ ചോദിച്ചു. “ഞാൻ വീണ്ടും ക്രൂശിക്കപ്പെടേണ്ടതിന് റോമിലേക്കു പോകുന്നു” എന്നു കർത്താവ് മറുപടി പറഞ്ഞു എന്ന് ‘പത്രൊസിൻ്റെ പ്രവൃത്തികൾ’ എന്ന അപ്പൊക്രിഫ ഗ്രന്ഥത്തിൽ ചേർത്തിരിക്കുന്നു. പത്രൊസ് റോമിലേക്കുതന്നെ മടങ്ങിപ്പോയി. പത്രൊസിന്റെ ദുഃഖം വർധിപ്പിക്കുന്നതിനു വേണ്ടി തന്റെ ഭാര്യയെ തന്റെ മുമ്പിൽ വച്ചു തന്നെ ക്രൂശിച്ചു. യേശുവിനെ ഓർത്തുകൊൾക എന്നു പറഞ്ഞു പത്രൊസ് അവളെ ധൈര്യപ്പെടുത്തി. പത്രൊസിന്റെ ധൈര്യം കണ്ടിട്ടു പത്രൊസിനെ സൂക്ഷിച്ച ജയിലർ തന്നെയും ക്രിസ്ത്യാനിയായിത്തീർന്നു എന്നു പറയപ്പെടുന്നു. പത്രൊസിനെയും പിടിച്ചു ക്രൂശിക്കാൻ ഒരുങ്ങുമ്പോൾ, തന്റെ യജമാനനായ യേശുവിനെപ്പോലെ ക്രൂശിക്കപ്പെടുവാൻ തനിക്ക് അർഹതയില്ല എന്നു പറഞ്ഞു തന്നെ തലകീഴായി ക്രൂശിക്കണമെന്ന് അപേക്ഷിച്ചു. അങ്ങനെ ഒരുകാലത്ത് ഭീരുവും ചഞ്ചലഹൃദയനുമായിരുന്ന പത്രൊസ്, യേശുവിന്റെ പാറപോലെ ഉറച്ച സാക്ഷിയായി രക്തസാക്ഷിത്വം വരിച്ചു എന്നു പറയപ്പെടുന്നു. നീറോയുടെ കാലത്ത് റോമിൽ വച്ചാണ് പത്രൊസ് രക്തസാക്ഷിയായത്. പത്രോസിനെ ക്രൂശിച്ചു എന്നതിൽ എല്ലാവരും ഏകാഭിപ്രായക്കാരാണ്. സ്വന്തം അപേക്ഷയനുസരിച്ച് പത്രൊസിനെ തലകീഴായി ക്രൂശിച്ചു കൊന്നു എന്ന് ഓറിജിനും പറയുന്നുണ്ട്.

One thought on “പത്രൊസ്”

Leave a Reply

Your email address will not be published. Required fields are marked *