നോഹയും ദാനീയേലും ഇയ്യോബും വിചാരിച്ചാലും
പാപപങ്കിലമായ ജീവിതത്തെ പാടേ ഉപേക്ഷിക്കുവാൻ കഴിയാതെ, സ്നഹവാനും കാരുണ്യവാനും സർവ്വശക്തനുമായ ദൈവത്തിന്റെ അനുഗ്രഹങ്ങൾ തേടി തീർത്ഥാടനങ്ങൾ നടത്തുന്നവരും ദൈവത്തിന്റെ അഭിഷിക്തന്മാരുടെ പ്രാർത്ഥനകളാൽ സ്വർഗ്ഗീയ അനുഗ്രഹിങ്ങൾ പ്രാപിക്കുവാൻ പരിശ്രമിക്കുന്നവരും അനവധിയാണ്. യിസ്രായേൽമക്കൾ സർവ്വശക്തനായ ദൈവത്തെ മറന്ന് വിഗ്രഹാരാധകരായിത്തീർന്ന് അന്യദൈവങ്ങൾക്കു നേർച്ചകളർപ്പിച്ചപ്പോൾ, താൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും ദുഷ്ടമൃഗങ്ങളെക്കൊണ്ടും അവരെ നശിപ്പിച്ചുകളയുമെന്ന് ദൈവം അരുളിച്ചെയ്തു. തങ്ങളുടെ പൂർവ്വപിതാക്കന്മാരുടെ ദൈവസന്നിധിയിലുള്ള പ്രാഗല്ഭ്യംകൊണ്ട് ദൈവം അവരെ ശിക്ഷിക്കുകയില്ലെന്നാണ് യിസ്രായേൽമക്കൾ ധരിച്ചിരുന്നത്. എന്നാൽ തങ്ങളുടെ പാരമ്പര്യങ്ങളിൽ ഊറ്റംകൊണ്ട് അന്ധരായിത്തീർന്ന ആ ജനത്തോടുള്ള ദൈവത്തിന്റെ അരുളപ്പാട് ശ്രദ്ധേയമാണ്. “നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും അവർ തങ്ങളുടെ നീതിയാൽ സ്വന്തം ജീവനെ മാത്രമേ രക്ഷിക്കുകയുള്ളു” (യെഹ, 14:14). തന്നോടൊപ്പം നടക്കുകയും തന്റെ കൃപ പ്രാപിക്കുകയും ചെയ്തു നോഹയും, ദൈവത്തിന്റെ ശേഷ്ഠപ്രവാചകന്മാരിൽ ഒരുവനായിരുന്ന ദാനീയേലും, ദൈവഭക്തനും ദോഷം വിട്ടകന്നവനുമായ ഇയോബും യെരുശലേമിൽ ഉണ്ടായിരുന്നാലും, അവരുടെ നീതികൊണ്ട് ദൈവം അവരുടെ ജീവനെ സൂക്ഷിക്കുമെന്നല്ലാതെ മറ്റാരെയും ദൈവത്തിന്റെ ശിക്ഷാവിധിയിൽനിന്ന് രക്ഷിക്കുകയില്ലെന്നുള്ള ദൈവത്തിന്റെ പ്രഖ്യാപനം, വ്യക്തികളുടെ രൂപാന്തരമാണ് ദൈവം അത്യധികമായി ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുന്നു. പാപത്തെ വിട്ടുതിരിഞ്ഞ് പുതിയെ സൃഷ്ടികളാകുവാൻ കഴിയാതെ ആരെക്കൊണ്ടെല്ലാം പ്രാർത്ഥിപ്പിച്ചാലും, ആരുടെയെല്ലാം മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ചാലും, ദൈവത്തിന്റെ കോപത്തെയും ശിക്ഷാവിധിയെയും മാറ്റുവാൻ കഴിയുകയില്ലെന്ന് നോഹയുടെയും ദാനീയേലിന്റെയും ഇയോബിന്റെയും പേരുകൾ ഉദ്ധരിച്ചുകൊണ്ടുള്ള ദൈവത്തിന്റെ അരുളപ്പാട് വെളിപ്പെടുത്തുന്നു.