നെഹുഷ്ഠാൻ
സർവ്വശക്തനായ ദൈവത്തിനുവേണ്ടി ജീവിക്കുവാൻ തീരുമാനിച്ച അനേകർ മുമ്പോട്ടിറങ്ങുമെങ്കിലും പൊതുജനാഭിപ്രായത്തെ ഭയന്ന്, പാരമ്പര്യങ്ങളായ ചില ദുരാചാരങ്ങളും അനുഷ്ഠാനങ്ങളും ദൈവത്തിന്റെ പരിശുദ്ധാത്മാവ് ബോദ്ധ്യപ്പെടുത്തിയാൽ പോലും ഉപേക്ഷിക്കുവാൻ കഴിയാത്തതിനാൽ, അവർക്കു തങ്ങളുടെ പരമവിളിയുടെ ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്നില്ല. കനാനിലേക്കുള്ള മരുഭൂ പ്രയാണത്തിനിടയിൽ മനസ്സു ക്ഷീണിച്ച യിസായേൽമക്കൾ ദൈവത്തിനും മോശെയ്ക്കുമെതിരായി സംസാരിച്ചതു നിമിത്തം യഹോവ അയച്ച അഗ്നിസർപ്പങ്ങളുടെ കടിയേറ്റു വളരെയധികം ജനങ്ങൾ മരിച്ചു. എന്നാൽ ജനം തങ്ങളുടെ പാപത്തെക്കുറിച്ച് അനുതപിച്ചപ്പോൾ, മോശെ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും യഹോവ കല്പിച്ചതനുസരിച്ച് താമ്രംകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുകയും ചെയ്തു. തുടർന്ന് സർപ്പത്തിന്റെ കടിയേറ്റവർ ആ താമസർപ്പത്തെ നോക്കി മരണത്തിൽനിന്നു രക്ഷപ്രാപിച്ചു. (സംഖ്യാ, 21:8,9). എന്നാൽ യിസ്രായേൽമക്കൾ കനാൻദേശത്തെത്തി ഏകദേശം 900 വർഷങ്ങൾക്കുശേഷവും അവർ മോശെ ഉണ്ടാക്കിയ ‘നെഹുഷ്ഠാൻ’ എന്നു പേരായ ആ താമ്രസർപ്പത്തിനു ധൂപം കാട്ടിയിരുന്നു. യിസായേൽമക്കൾ കനാനിലെത്തിയ കാലംമുതൽ പ്രവാചകന്മാരും ന്യായാധിപന്മാരും അനേകം രാജാക്കന്മാരും യഹോവയാം ദൈവത്തോടുള്ള തീക്ഷ്ണതകൊണ്ടു വിഗ്രഹങ്ങൾ തകർത്ത്, വിഗ്രഹാരാധന ഉന്മൂലനം ചെയ്തിട്ടും നെഹുഷ്ഠാനെ ഉടച്ചുകളയുവാൻ ആരും ധൈര്യപ്പെട്ടില്ല. എന്തെന്നാൽ മോശെ ഉണ്ടാക്കിയ ആ താമസർപ്പത്തെ ഉടച്ചുകളഞ്ഞാൽ അതിനു ഭക്ത്യാദരവുകളോടെ ധൂപംകാട്ടിയിരുന്ന ജനങ്ങളിൽ നിന്നുണ്ടാകാവുന്ന ഭവിഷ്യത്തുകൾ അവർ ഭയപ്പെട്ടിരുന്നു. യഹോവയുടെ കല്പനയാൽ മോശെ നിർമ്മിച്ച നെഹുഷ്ഠാനെ തകർക്കുകയാണെങ്കിൽ തങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ പ്രത്യാഘാതം ഉണ്ടായേക്കുമോ എന്നുള്ള ആശങ്കയും അത് ഉടയ്ക്കാതിരിക്കുവാൻ കാരണമായിരുന്നേക്കാം. എന്നാൽ ഹിസ്കീയാവിന് തന്റെ ദൈവത്തോടുള്ള തീക്ഷണത നിമിത്തം, തന്റെ ജനം ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് നിർബ്ബന്ധമുണ്ടായിരുന്നതു കൊണ്ട്, അവൻ സകല വിഗ്രഹങ്ങളും പൂജാഗിരികളും തകർത്തതോടൊപ്പം ജനം ഭക്ത്യാദരവുകളോടെ ധൂപം അർപ്പിച്ചിരുന്ന നെഹുഷ്ഠാനെയും ഉടച്ചുകളഞ്ഞു. (2രാജാ, 18:4). അതുകൊണ്ടാണ് രോഗക്കിടക്കയിൽ താൻ മരിച്ചുപോകുമെന്നുള്ള ദൈവത്തിന്റെ അരുളപ്പാടു കേട്ട് ”അയ്യോ, യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗഹൃദയത്തോടും തിരുമുമ്പിൽ നടന്ന് നിന്റെ ദൃഷ്ടിയിൽ നന്മയായതു ചെയ്തിരിക്കുന്നുവെന്ന് ഓർക്കണമേ” (2രാജാ, 20:3) എന്നു ഹിസ്കീയാവ് പ്രാർത്ഥിച്ചപ്പോൾ ദൈവം ഉടനടി തന്റെ തീരുമാനം മാറ്റി, അവന്റെ ആയുസ്സിനോടു 15 വർഷംകൂടി നീട്ടിക്കൊടുക്കുവാൻ നിർബ്ബന്ധിതനായത്. ദൈവത്തിന്റെ വിളികേട്ട് നെഹുഷ്ഠാന്മാരെ തകർത്തു നാം മുന്നേറുകയാണങ്കിൽ ഹിസ്കീയാവിനുവേണ്ടി തീക്ഷ്ണതയോടെ പ്രവർത്തിച്ച ദൈവം നമുക്കുവേണ്ടിയും തീക്ഷണതയോടെ പ്രവർത്തിക്കുന്നത് അനുഭവമാക്കുവാൻ കഴിയും.