“നീ കുരുടനാകുന്നു”
യേശുക്രിസ്തു തന്റെ ഇഹലോകജീവിതത്തിൽ കാഴ്ചയുണ്ടായിരുന്നവരെ കുരുടന്മാരെന്നു വിളിച്ചിട്ടുണ്ട്. അവർക്കു കാഴ്ചയുണ്ടായിരുന്നിട്ടും കാണേണ്ടത് കാണേണ്ടതുപോലെ കാണുവാൻ കഴിയാതിരുന്നതുകൊണ്ടാണ് അവരെ കുരുടന്മാരെന്നു വിളിച്ചത്. ഉയിർത്തെഴുന്നേറ്റ കർത്താവ് ലവൊദിക്ക്യയിലെ സഭയെക്കുറിച്ചുള്ള തന്റെ പരാമർശങ്ങളിൽ ‘നീ കുരുടനാകുന്നു’ എന്ന് അരുളിച്ചെയ്തതു ശ്രദ്ധേയമാണ്. എന്തെന്നാൽ, ‘അന്ധത’ എന്നു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ടുഫ്ളോസ് എന്ന ഗ്രീക്കുപദം കണ്ണിന്റെയും കാതിന്റെയും മനസ്സിന്റെയും അന്ധതയെ അഥവാ പ്രവർത്തനരാഹിത്യത്തെ വിവക്ഷിക്കുന്നതാണ്. പ്രാചീന ലോകത്ത് നേത്രചികിത്സയ്ക്കും നേത്രലേപനങ്ങൾക്കും പ്രസിദ്ധിയാർജ്ജിച്ചിരുന്ന ലവൊദിക്ക്യയിലെ സഭ, അതിന്റെ ധനത്തിലും സമ്പന്നതയിലും ഊറ്റംകൊണ്ട് തങ്ങൾക്ക് ഒന്നിനും മുട്ടില്ലെന്നു പറഞ്ഞിരുന്നതായി കർത്താവ് അരുളിച്ചെയ്യുന്നു. (വെളി, 3:17). എന്നാൽ, “നീ ഉഷ്ണവാനും അല്ല, ശീതവാനും അല്ല” എന്നാണ് കർത്താവ് അവനെക്കുറിച്ച് അരുളിച്ചെയ്യുന്നത്. അതായത്, അവന്റെ ധനവും സമ്പന്നതയും നിലനിർത്തുവാൻ എന്തു വിട്ടുവീഴ്ചയ്ക്കും ഒത്തുതീർപ്പിനും തയ്യാറാകുന്ന അവൻ, നിർഭാഗ്യവാനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനുമാണെന്ന് കർത്താവ് വെളിപ്പെടുത്തുന്നു. ധനത്തിന്റെ അഹന്തയിൽ കണ്ണും കാതും മനസ്സും ധനസമ്പാദനത്തിനായി ഏകാഗ്രമാക്കി മുമ്പോട്ടു പോകുന്നവർക്ക് മറ്റെന്തെങ്കിലും ശ്രദ്ധിക്കുവാനോ മനസ്സിലാക്കുവാനോ കഴിയുകയില്ല. അവർ നിർഭാഗ്യവാന്മാരും അരിഷ്ടരും നഗ്നരുമാണെന്നു മനസ്സിലാക്കിയ കർത്താവ് മാനസാന്തരപ്പെടുവാൻ അവരെ ഉദ്ബോധിപ്പിക്കുന്നു. കാലഘട്ടത്തിന് അനുസരണമായ മാറ്റങ്ങൾ ഉണ്ടാക്കുവാനാണെന്ന വ്യാജേന സർവ്വശക്തനായ ദൈവം കല്പിച്ചിട്ടുള്ള അടിസ്ഥാനപ്രമാണങ്ങൾ മറന്നു വിട്ടുവീഴ്ചകൾക്കും ഒത്തുതീർപ്പുകൾക്കും കൂട്ടുനിൽക്കുന്ന ക്രൈസ്തവ സഹോദരങ്ങളോടും സമൂഹങ്ങളോടും സഭകളാടും ഉയിർത്തെഴുന്നേറ്റ യേശുവിന് പറയുവാനുള്ളത്; ‘നീ കുരുടനാകുന്നു’ എന്നത്രേ. ഭൗതികമായ ധനത്തിലും സ്ഥാനമാനങ്ങളിലും ഊറ്റംകൊള്ളുന്ന ഈ കുരുടന്മാർ കർത്താവിന്റെ ദൃഷ്ടിയിൽ നിർഭാഗ്യവാന്മാരും അരിഷ്ടന്മാരും നഗ്നരുമാണെന്ന് ലവൊദിക്ക്യസഭയിലൂടെ കർത്താവ് നമ്മെ ചൂണ്ടിക്കാണിക്കുന്നു. കേൾക്കുവാൻ, ചെവിയുള്ളവൻ കേൾക്കട്ടെ!