നീനെവേ (Nineveh)
ലോകത്തിലെ ഏറ്റവും പൗരാണിക നഗരങ്ങളിലൊന്നാണ് നീനെവേ. അശ്ശൂരിലെ (Assyria) പ്രധാന പട്ടണവും ഒടുവിലത്തെ തലസ്ഥാനവുമായ നീനെവേ പണിതതു നിമ്രോദാണ്. (ഉല്പ, 10:11,12). ഉത്തര ഇറാക്കിൽ ടൈഗ്രീസ് നദീതീരത്തുള്ള കുയുഞ്ചിക് (Kuyunjik), നബിയൂനുസ് (പ്രവാചകൻ യോനാ) എന്നീ മൺകൂനകൾ നീനെവേയുടെ ശൂന്യശിഷ്ടങ്ങളെ ചൂണ്ടിക്കാണിക്കുന്നു. നീനെവേ എന്ന പേര് പ്രാചീന സുമേരിയൻ നാമമായ നിനായിൽ നിന്നു നിഷ്പന്നമാണ്. ഇഷ്ടാർദേവിയുടെ ഒരു പേരായ നിനാ ആവരണത്തിനുളളിൽ മീനിന്റെ ചിത്രത്തോടു കൂടിയാണു എഴുതുന്നത്. വളരെക്കാലം നീനെവേ അശ്ശൂരിന്റെ തലസ്ഥാനമായിരുന്നു. അശ്ശൂരും ബാബിലോണിയയും തമ്മിലുള്ള കിടമത്സരം നീനെവേയുടെ വൃദ്ധിക്ഷയങ്ങൾക്കു കാരണമായി. ഈ രണ്ടു സാമ്രാജ്യങ്ങളിൽ അശ്ശൂര്യർ യുയുത്സകരും ബാബിലോന്യർ പരിഷ്ക്കാര പ്രേമികളും ആയിരുന്നു.
ബി.സി. രണ്ടാം സഹസ്രാബ്ദത്തിൽ നീനെവേയ്ക്ക് അസ്സീറിയൻ കോളനിയായ കാനിഷുമായി (Kanish) ബന്ധമുണ്ടായിരുന്നു. ഷംഷി അദാദ് ഒന്നാമന്റെ കീഴിൽ അസ്സീറിയ സ്വതന്ത്രമായപ്പോൾ (1800 ബി.സി.) ഇഷ്ടാറിന്റെ ക്ഷേത്രം പുനരുദ്ധരിച്ചു. ബാബിലോണിലെ ഹമ്മുറാബി (1750 ബി.സി.) ക്ഷേത്രത്തെ മോടിപിടിപ്പിച്ചു. നീനെവേയുടെ വികസനം ശൽമനേസ്സർ ഒന്നാമൻ (ബി.സി. 1260), തിഗ്ലത്ത്-പിലേസർ ഒന്നാമൻ (ബി.സി. 1114-1076 ) എന്നിവരുടെ കാലത്താണ് നടന്നത്. അശ്ശൂർ, കാലഹ് എന്നിവയ്ക്കു സമാന്തരമായ രാജകീയ വസതിയായി നീനെവേ മാറി. അഷുർ നസിർപാൾ രണ്ടാമനും (ബി.സി. 883-859) സർഗ്ഗോൻ രണ്ടാമനും (ബി.സി. 722-705) നീനെവേയിൽ കൊട്ടാരങ്ങളുണ്ടായിരുന്നു. ബി.സി. 744 ൾ-ൽ മെനഹേമും (2രാജാ, 15:20) 722-ൽ ശമര്യയും (യെശ, 8:4) നീനെവേയിലേക്കാണ് കപ്പം എത്തിച്ചത്. സൻഹേരീബ് പട്ടണത്തെ വികസിപ്പിച്ചു. ഗോമെൽ നദിയുടെ അണക്കെട്ടിൽ നിന്നും 48 കി.മീറ്റർ ദൈർഘ്യമുള്ള കനാൽ നിർമ്മിച്ചു. ഖാസർ (Khasr) നദിയുടെ പ്രവാഹം അണകെട്ടി നിയന്ത്രിച്ചു. യെഹൂദാരാജാവായ ഹിസ്കീയാവു ( 2രാജാ, 18:14) കപ്പം നീനെവേയിൽ എത്തിച്ചു കൊടുത്തു. യുദ്ധത്തിനുശേഷം സൻഹേരീബ് മടങ്ങിപ്പോയി നീനെവേയിൽ തന്നെ പാർത്തു. (2രാജാ, 19:36; യെശ, 37:37). സൻഹേരീബ് വധിക്കപ്പെട്ടതു നിസ്രോക്കിന്റെ ക്ഷേത്രത്തിൽ വച്ചാണ്. പ്രസ്തുത ക്ഷേത്രം നീനെവേയിലായിരുന്നിരിക്കണം.
അഷുർബനിപാൽ (ബി.സി. 669-627) നീനെവേയെ തന്റെ പ്രധാന വാസസ്ഥാനമാക്കി. നഹും, സെഫന്യാവു് എന്നീ പ്രവാചകന്മാർ പ്രവചിച്ച നീനെവേയുടെ നാശം ബി.സി. 612 ആഗസ്റ്റിൽ സംഭവിച്ചു. മേദ്യരും, ബാബിലോന്യരും, സിതിയരും പട്ടണത്തെ നിരോധിച്ചു. നദികളുടെ ചീപ്പുകൾ തുറന്നതു മൂലം രാജമന്ദിരം നശിച്ചു. (നഹും, 2:6-8). മേദ്യർ പട്ടണത്തെ കൊള്ളയടിച്ചു. നീനെവേ പാഴും ശൂന്യവും (നഹും, 2:10; 3:7), ആട്ടിൻ കൂട്ടങ്ങൾക്കു മേച്ചിൽ സ്ഥലവും (സെഫ, 2:13-15) ആയിത്തീർന്നു. യോനാപ്രവാചകന്റെ കാലത്തു നീനെവേയിലെ ജനസംഖ്യ 1,20,000 ആയിരുന്നു. ഇടങ്കയ്യും വലങ്കയ്യും തിരിച്ചറിഞ്ഞു കൂടാത്തവരായിരുന്നു അവർ. നാല്പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും എന്നിങ്ങനെ ദൈവത്തിന്റെ അരുളപ്പാടു ജനത്തെ അറിയിച്ചു. (യോനാ, 3:4). എന്നാൽ നീനെവേയിലെ രാജാവും ജനവും മാനസാന്തരപ്പെട്ടു, യഹോവയിങ്കലേക്കു തിരിഞ്ഞു. ഈ സംഭവത്തിനു ഇരുന്നൂറു വർഷത്തിനുശേഷം നീനെവേ ഉന്മൂലമായി.
അനേകം നൂറ്റാണ്ടുകളായി നീനെവേയുടെ സ്ഥാനം തന്നെ വിസ്മൃതിയിലാണ്ടു പോയി. 1843-44-ൽ നീനെവേ പട്ടണം ഉൽഖനനം ചെയ്യപ്പെട്ടു. സർഗ്ഗോന്റെ കൊട്ടാരവും ക്യൂണിഫോം ലിഖിതശേഖരം സൂക്ഷിച്ചിരുന്ന ലൈബ്രറിയും കണ്ടെടുത്തു. രാജാക്കന്മാരുടെ ചില പട്ടികകളിൽ സർഗ്ഗോൻ കാണപ്പെടാത്തതുകൊണ്ട് 1840-നടുത്തു ചില പണ്ഡിതന്മാർ “അശ്ശൂർ രാജാവായ സർഗ്ഗോന്റെ കല്പന പ്രകാരം” എന്ന യെശയ്യാ പ്രവചനഭാഗത്തെ (20:1) പുച്ഛിച്ചു. “യെശയ്യാവിന്റെ തെറ്റുകളിലൊന്നാണിത്: സർഗ്ഗോൻ ഒരിക്കലും ജീവിച്ചിരുന്നില്ലെന്നു നമുക്കറിയാം” എന്നു പറഞ്ഞു. എന്നാൽ നീനെവേയിൽ നിന്നു കണ്ടെടുത്ത കളിമൺ ഫലകങ്ങളിൽ സർഗ്ഗോന്റെ പേര് രേഖപ്പെടുത്തിയിരുന്നത് തിരുവെഴുത്തുകളുടെ ദൈവനിശ്വാസ്യതയ്ക്കു ഏററവും വലിയ തെളിവായി മാറി.