നിത്യത (eternity)
അനാദിയും അനന്തതയും ഉൾക്കൊള്ളുന്ന നിത്യത ഭാവനാതീതമാണ്. സ്ഥലകാല സീമകൾക്കുള്ളിൽ നടക്കുന്ന സംഭവങ്ങൾ മാത്രമാണ് അനുഭവവേദ്യമാകുന്നത്. പ്രസ്തുത സംഭവങ്ങൾ എല്ലാം പരിമാണവിധേയവുമാണ്. നിത്യനായ ദൈവത്തിനു മാത്രമേ നിത്യത എന്തെന്നു അറിയാവൂ. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏക ദൈവത്തിനു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ” (1തിമൊ, 1:17). ആദി, അനാദി, അനന്തം, ശാശ്വതം, നിത്യം, പുരാതനം എന്നേക്കും എന്നെന്നേക്കും എന്നീ പദങ്ങളാണ് നിത്യതയുടെ ആശയത്തിൽ ബൈബിളിൽ പ്രയോഗിച്ചിട്ടുള്ളത്. (സങ്കീ, 90’2; ഉല്പ, 49:26; സങ്കീ, 132:14) “അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്ത നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.” (സഭാ, 3:11).
കാലത്തോടുള്ള ബന്ധത്തിലുള്ള ദൈവത്തിന്റെ അനന്തതയാണ് നിത്യത. കാലത്തിനു കാരണഭൂതനായ ദൈവം കാലത്തിന്റെ നൈരന്തര്യത്തിൽ നിന്നും സ്വതന്ത്രനാണ്. സ്വയാസ്തിക്യം കാരണമായി ദൈവത്തിന് ആരംഭവും അവസാനവും ഇല്ല. നിത്യദൈവം (ഉല്പ, 21:33), അനാദിയായും ശാശ്വതമായും ദൈവം (സങ്കീ, 90:2), സംവത്സരങ്ങൾ അവസാനിക്കാത്ത ദൈവം (സങ്കീ, 102:27), ശാശ്വതവാസി (യെശ, 57:15), താൻ മാത്രം അമർത്യതയുള്ളവൻ (1തിമൊ, 6:16), പുരാതനൻ (ഹബ, 1:12) എന്നിങ്ങനെ തിരുവെഴുത്തുകൾ ദൈവത്തെ വർണ്ണിക്കുന്നു. സംഭവങ്ങളുടെ അനുക്രമം കൊണ്ടാണ് സമയം അളക്കപ്പെടുന്നത്. ദിവസം, ആഴ്ച, മാസം, വർഷം എന്നിവ മനുഷ്യന്റെ അസ്തിത്വത്തിനു അതിരിടുന്നു. എന്നാൽ എല്ലാകാല നൈരന്തര്യത്തിൽനിന്നും സ്വത്രന്തനായ ദൈവത്തിന്റെ മുന്നിൽ എല്ലാ അറിവും ഏകമായി എല്ലായ്പ്പോഴും ഉണ്ട്. അതിനാൽ ഭാഗം ഭാഗത്തെ പിന്തുടരുന്ന പ്രശ്നമില്ല; ഭൂതം, വർത്തമാനം, ഭാവി എന്ന കാലവിഭജനം ആവശ്യവുമില്ല. ഒരു ഇപ്പോൾ അഥവാ ഏകനിത്യവർത്തമാനം ആണ് ദൈവത്തിന്. അതാണു നിത്യത. അതിന് ബൈബിളിൽ നിത്യദിവസം (ഹീമെറാൻ അയോനാസ്: 2പത്രൊ, 3:18. സ.വേ.പു.ത്തിൽ ‘എന്നെന്നേക്കും’ എന്നു തർജ്ജമ) എന്നും ‘ഇന്നു’ (സങ്കീ, 2:7, ഒ.നോ: 2പത്രൊ, 3:8) എന്നും പ്രതിപാദിച്ചിരിക്കുന്നു. കാലം ദൈവത്തിന് ഒരു വസ്തുനിഷ്ഠസത്യമല്ല എന്നു കരുതേണ്ടതില്ല. മൂന്നുകാലവും ദൈവം ഏകകാലം പോലെ കാണുന്നുവെന്നു മാത്രം. ഒരു ഉയർന്ന ഗോപുരത്തിൽ നിന്ന് നോക്കുന്ന വ്യക്തിക്കു ഘോഷയാത്രയുടെ എല്ലാഭാഗങ്ങളും ഒറ്റനോട്ടത്തിൽ കാണാൻ കഴിയും. എന്നാൽ ഒരു തെരുക്കോണിൽ നിന്നു നോക്കുന്ന വ്യക്തിക്ക് അതിന്റെ ഒരു ഭാഗം മാത്രമേ കാണാൻ കഴിയു. ദൈവം എല്ലാം ഏകമായി കാണുന്നു. കാലവും സ്ഥലവും പദാർത്ഥങ്ങളോ പരിച്ഛദങ്ങളോ അല്ല. അവ സാന്തമായ അസ്തിത്വത്തിന്റെ ബന്ധങ്ങൾ മാത്രം. നിത്യത കാലരാഹിത്യമല്ല. ദൈവത്തിന്റെ കേവലനിത്യത ഒരിക്കലും സൃഷ്ടമായ സ്ഥലകാലവ്യവസ്ഥയുടെ സ്വാഭാവിക യാഥാർത്ഥ്യത്തെ നിഷേധിക്കുന്നില്ല. സൃഷ്ടി, സംരക്ഷണം, കരുതൽ, ജഡധാരണം, വീണ്ടെടുപ്പ്, യുഗസമാപ്തി എന്നിവയെല്ലാം കാലബദ്ധമായ ലോകത്തിലെ സത്യങ്ങളാണ്. ദാർശനികന്മാർ ചൂണ്ടിക്കാണിക്കുന്നതു പോലെ അവ മിഥ്യയോ മായയോ അല്ല. നിത്യത എന്നത് അനന്തമായി നീണ്ടുകിടക്കുന്നകാലം മാത്രം.
നിത്യത സീമാരഹിതമായ കാലമായിരിക്കുമ്പോൾ ഒരറ്റത്ത് സൃഷ്ടിയും പരകോടിയിൽ യുഗാന്ത്യസംഭവങ്ങളും കൊണ്ട് സീമാബദ്ധമാണ് കാലം. അയോൻ എന്ന ഗ്രീക്കുപദം പുതിയനിയമത്തിൽ നിശ്ചിതവും അനിശ്ചിതവുമായ കാലയളവിനും നിത്യതയ്ക്കും പ്രയോഗിച്ചിട്ടുണ്ട്. ഇതിൽ നിന്നും നിത്യത കാലരഹിതമല്ലെന്നും അവസാനിക്കാത്ത കാലമാണെന്നും വ്യക്തമാണ്. ഈ യുഗത്തിനും അടുത്ത യുഗത്തിനും അതായത്, നിത്യതയ്ക്കും ‘അയോൻ’ പ്രയോഗിക്കുന്നു. വീണ്ടെടുപ്പിന്റെ നാടകം പുരോഗാമിയായ കാലത്തെ വിവക്ഷിക്കുന്നു. കാലം മൂന്നു യുഗങ്ങളായി തിരിയുന്നു. സൃഷ്ടിപൂർവ്വകാലം, സ്യഷ്ടിമുതൽ യുഗാന്ത്യം വരെയുള്ള കാലം, അനന്തര കാലം. ആദ്യത്തേത് ആരംഭമില്ലാത്തതും ഒടുവിലത്തേത് അവസാനത്തേതുമാണ്. ഇതിനെ ഭൂതകാല നിത്യത, കാലം, ഭാവികാലനിത്യത എന്നിങ്ങനെയും പരാമർശിക്കുന്നുണ്ട്. ഈ പ്രയോഗങ്ങൾ മാനുഷിക വീക്ഷണത്തിലുള്ള വ്യാവഹാരിക യാഥാർത്ഥ്യങ്ങളായി മാത്രം മനസ്സിലാക്കിയാൽ മതി. നിത്യതയെ അനന്തമായ കാലം എന്ന നിലയ്ക്കു മാത്രമല്ല കാലമില്ലായ്മ എന്ന നിലയ്ക്കും നാം മനസ്സിലാക്കുന്നു. എന്നാൽ നിത്യതയ്ക്കു കാലമില്ലായ്മ എന്ന ധാരണ ബൈബിളിലില്ല. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും ആണ് ദൈവം. (വെളി, 1:4). നിത്യദൈവം കാലരഹിതനായ ദൈവത്തെയല്ല നിത്യതയുടെ അധിപനായ ദൈവത്തെയാണ് വ്യഞ്ജിപ്പിക്കുന്നത്. ദൈവിക പരിച്ഛദമായ നിത്യതയെ ദൈവത്തിന്റെ മറ്റു പരിച്ഛദങ്ങളിൽ നിന്നു വ്യാവർത്തിപ്പിക്കുവാൻ സാധ്യമല്ല. ദൈവത്തിന്റെ സർവ്വജ്ഞത്വം കാലാതീതമായ നിത്യതയെ ഉറപ്പിക്കുന്നു. ദൈവികമനസ്സിലെ ആശയങ്ങളുടെ നൈരന്തര്യം കൊണ്ടാണ് ദൈവത്തിന്റെ അറിവെങ്കിൽ ദൈവം സർവ്വജ്ഞനല്ലാതാകും.
നിത്യമായത്: ബൈബിളിൽ പറഞ്ഞിരിക്കുന്ന നിത്യമായ കാര്യങ്ങൾ
1. നിത്യ അഗ്നി (മത്താ, 18:8)
2. നിത്യ അവകാശം (പുറ, 29:9)
3. നിത്യ ആത്മാവ് (എബാ, 9:14)
4. നിത്യ ആധിപത്യം (ദാനീ, 7:14)
5. നിത്യ ആനന്ദം (യെശ, 35:10)
6. നിത്യ ആശ്വാസം (2തെസ്സ, 2:16)
7. നിത്യ കൂടാരം (ലൂക്കൊ, 16:9)
8. നിത്യ ഘനം (2കൊരി, 4:17)
9. നിത്യ ചെലവു (നെഹെ, 11:23)
10. നിത്യ ജീവൻ (മത്താ, 19:16)
11. നിത്യ ഞരക്കം (സങ്കീ, 32:3)
12. നിത്യ തേജസ്സ് (2തിമൊ, 2:10)
13. നിത്യ ദണ്ഡനം (മത്താ, 25:46)
14. നിത്യ ദയ (യെശ, 54:8)
15. നിത്യ ദഹനം (യെശ, 33:14)
16. നിത്യ ദൈവം (ഉല്പ, 21:33)
17. നിത്യ നാശം (2തെസ്സ, 1:10)
18. നിത്യ നിദ്ര (യിരെ, 51:39)
19. നിത്യ നിന്ദ (സങ്കീ, 78:66)
20. നിത്യ നിയമം (ഉല്പ, 17:7)
21. നിത്യ നീതി (ദാനീ, 9;24)
22. നിത്യ പരിഹാസം (യിരെ, 18:16)
23. നിത്യ പിതാവു (യെശ, 9:6)
24. നിത്യ പൗരോഹിത്യം (പുറ, 40:15)
25. നിത്യ പ്രകാശം (യെശ, 60:19)
26. നിത്യ പ്രമാണം (യിരെ, 5:22)
27. നിത്യ പ്രവൃത്തിക്കാർ (യെഹെ, 39:14)
28. നിത്യ ബലം (1തിമൊ, 6:16)
29. നിത്യ ഭവനം (2കൊരി, 5:1)
30. നിത്യ മാഹാത്മ്യം (യെശ, 60:15)
31. നിത്യ രക്ഷ (യെശ, 45:17)
32. നിത്യ രാജത്വം (സങ്കീ, 145:13)
33. നിത്യ രാജാവ് (1തിമൊ, 1:17)
34. നിത്യ രാജ്യം (2പത്രൊ, 1:11)
35. നിത്യ രോഗിണി (വിലാ, 1:13
36. നിത്യ ലജ്ജ (യിരെ, 20:11)
37. നിത്യ വാഞ്ച (സങ്കീ, 119:20)
38. നിത്യ വേല (പുറ, 5:13)
39. മിത്യ വൃത്തി (2രാജാ, 25:30)
40. നിത്യ വൈരം (യെഹെ, 35:5)
41. നിത്യ ശക്തി (റോമ, 1:20)
42. നിത്യ ശത്രു (1ശമു, 18:29)
43. നിത്യ ശിക്ഷ (മർക്കൊ, 3:29)
44. നിത്യ ശിക്ഷാവിധി (എബ്രാ, 6:1)
45. നിത്യ ശൂന്യം (സങ്കീ, 74:3)
46. നിത്യ സുവിശേഷം (വെളി, 14:6)
47. നിത്യ സ്നേഹം (യിരെ, 31:3).