നിങ്ങൾ എന്തിനു മരിക്കുന്നു?
മനുഷ്യജീവിതത്തിൽ മരണം സുനിശ്ചിതവും സ്വാഭാവികവുമാണ്. എന്നാൽ തന്നെ മറന്നു ദുർമ്മാർഗ്ഗത്തിൽ ജീവിച്ച് തന്റെ കോപത്തിലും ശിക്ഷയിലും എന്തിനു മരിക്കുന്നു (യെഹെ, 33:11) എന്ന യിസ്രായേലിനോടുള്ള ദൈവത്തിന്റെ ചോദ്യം ഈ മൂന്നാം സഹസ്രാബ്ദത്തിലും പ്രസക്തമാണ്. എന്തെന്നാൽ മനുഷ്യന്റെ ദുഷ്ടതയും ദൈവത്തെ മറന്നുള്ള അവന്റെ അഹന്ത നിറഞ്ഞ പ്രയാണവും ഇന്ന് അതിന്റെ ഉച്ചകോടിയിൽ എത്തിനിൽക്കുന്നു. യിസ്രായേൽ തങ്ങളുടെ ദുർമ്മാർഗ്ഗം വിട്ടുതിരിയുമെങ്കിൽ മരിക്കാതെ ജീവിച്ചിരിക്കുമെന്ന് ദൈവം നൽകിയ വാഗ്ദത്തം, ഇന്ന് ദൈവത്തെ മറന്ന് പാപത്തിന്റെ പെരുവഴിയിലൂടെ ഓടുന്ന ലോകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞുവെന്ന് ദൈവത്തിനു ബോദ്ധ്യമാകണ്ടത് ബാഹ്യമായ ഭാവപ്രകടനങ്ങളിലൂടെയല്ല, പിന്നെയോ പ്രവൃത്തിപഥത്തിലുടെ ആണെന്ന് ദൈവം നിഷ്കർഷിക്കുന്നു. (യെഹെ, 33:11). പാപം വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുകയും പണയം തിരികെ കൊടുക്കുകയും അപഹരിച്ചത് മടക്കി കൊടുക്കുകയും ദൈവത്തിന്റെ പ്രമാണങ്ങൾ അനുസരിക്കുകയും ചെയ്യുമ്പോഴാണ് ഒരുവൻ തന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞുവെന്ന് ദൈവം അംഗീകരിക്കുന്നത്. (യെഹെ, 33:14,15). ജീവിതപഥത്തിൽ വരുത്തുന്ന ദൈവികസ്വഭാവത്തിന് അനുരൂപമായ വ്യതിയാനമാണ് ഓരോരുത്തരെയും മരണത്തിൽനിന്നു ജീവനിലേക്കു കരം പിടിച്ചുയർത്തുന്നത്. അപ്പോഴാണ് അവൻ മരിക്കാതെ ജീവിക്കുമെന്നുള്ള വാഗ്ദത്തവും പ്രവൃത്തിപഥത്തിൽ വരുന്നത്. മാത്രമല്ല, അതുവരെ അവൻ ചെയ്ത പാപങ്ങളൊന്നും താൻ കണക്കിടുകയില്ലെന്നും ദൈവം ഉറപ്പു നൽകുന്നു. എന്നാൽ നീതിമാൻ പാപത്തിൽ വീണുപോകുകയാണെങ്കിൽ അതുവരെയുള്ള അവന്റെ നീതി കണക്കിടാതെ, അവനിൽ കടന്നുകൂടിയ നീതികേട് നിമിത്തം അവൻ മരിക്കും (യെഹ, 33:18) എന്നുള്ള നീതിമാനായ ദൈവത്തിന്റെ അരുളപ്പാട്, ആത്മീയപന്ഥാവിൽ ഇറങ്ങിത്തിരിച്ച ഏവരോടുമുള്ള ശക്തമായ മുന്നറിയിപ്പാണ്. ദുഷ്ടൻ തന്റെ ദുർമ്മാർഗ്ഗം വെടിഞ്ഞ്, ദൈവകോപം ഒഴിവാക്കി, വീണ്ടും ജീവിക്കണമെന്നും നീതിമാൻ തന്റെ ആത്മീയയാത്രയിൽ നീതി നിലനിർത്തി മരണം ഒഴിവാക്കണമെന്നും നീതിമാനും സ്നേഹവാനുമായ ദൈവം ആഗ്രഹിക്കുന്നു.