നാവ് എന്ന തീ
ദൈവഭയത്തിലും ഭക്തിയിലും ജീവിക്കുന്ന ദൈവജനത്തെ തകർക്കുവാൻ അവരുടെ സ്വന്തം നാവിനെത്തന്നെ പിശാച് എടുത്തുപയോഗിക്കുമെന്ന് യാക്കോബ് മുന്നറിയിപ്പ് നൽകുന്നു. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന സഹോദരങ്ങൾപോലും വീണു പോകുവാൻ ഇടയാകുന്നത് ചില ദുർബ്ബല നിമിഷങ്ങളിൽ അവരിൽനിന്നു പുറപ്പെടുന്ന വാക്കുകളിലൂടെയാണെന്ന യാഥാർത്ഥ്യം അധികമാരും ശ്രദ്ധിക്കാറില്ല. ഒരു ചെറിയ അവയവം മാത്രമായ നാവ് ഒരു തീ ആണെന്നും അതിനു ശരീരത്തെ മുഴുവൻ ദഹിപ്പിച്ചുകളയുവാൻ കഴിയുമെന്നും അതു മരണകരമായ വിഷം നിറഞ്ഞതാണെന്നും യാക്കോബ് മുന്നറിയിപ്പു നൽകുന്നു. (യാക്കോ, 3:1-12). ദൈവത്തെ സ്തുതിക്കുന്ന അതേ നാവു കൊണ്ടുതന്നെ മനുഷ്യനെ ശപിക്കുകയും ചെയ്യുന്നവർ, തങ്ങളുടെ ദൈവകൃപ നഷ്ടപ്പെടുത്തുന്നവരും, അവരുടെ വാക്കുകളോടു പ്രതികരിക്കുന്നവരുടെ കൃപകൾ നഷ്ടപ്പെടുത്തുന്നവരുമാണെന്ന് അവർ അറിയുന്നില്ല. തങ്ങളുടെ നാവുകൾ മൂർച്ചയുള്ള വാളുകളായി മറ്റുള്ളവരെ കീറിമുറിക്കുവാൻ ഉപയോഗിക്കുന്നവർക്ക് യേശുവിന്റെ സ്നേഹവും സാന്ത്വനവും സമാധാനവും മറ്റുള്ളവർക്കു പകർന്നു കൊടുക്കുവാൻ കഴിയുകയില്ല. എന്തെന്നാൽ സൗമ്യതയും സഹിഷ്ണുതയും സ്നേഹവും ക്ഷമയും ത്യാഗവും വിശുദ്ധിയും വ്യക്തിജീവിതങ്ങളിൽ നഷ്ടപ്പെടുമ്പോഴാണ്, അവരിലൂടെ പിശാച് വാഗ്വാദങ്ങളും വെല്ലുവിളികളും സൃഷ്ടിച്ച് അവരുടെയും മറ്റനേകരുടെയും ആത്മീയ ജീവിതങ്ങൾ തകർത്തുകളയുന്നത്. അവഹേളനങ്ങളും ആക്ഷേപങ്ങളും അസത്യങ്ങളും അർദ്ധസത്യങ്ങളും ആരോപണങ്ങളും അഗ്നിജ്വാലകളായി മറ്റുള്ളവരുടെ നാവുകളിൽനിന്നു പുറത്തുവരുമ്പോൾ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവർ പ്രകോപിതരായി പ്രതികരിക്കരുതെന്ന്, “നിങ്ങളുടെ സംസാരം എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ” (കൊലൊ, 4:6) എന്ന് പൗലൊസിന്റെ വചസ്സുകൾ ഉദ്ബോധിപ്പിക്കുന്നു.