നസറായൻ

നസറായൻ (Nazarene)

നസറെത്ത് ഗ്രാമത്തിൽ പാർത്തവൻ എന്ന അർത്ഥത്തിൽ യേശു നസറായൻ എന്നറിയപ്പെട്ടു. “അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു.” (മത്താ, 2:23). ഈ വിശേഷണത്തിനു ഗ്രീക്കിൽ രണ്ടു രൂപങ്ങളുണ്ട്: നസോറായൊസ്; Nazoraios (മത്താ, 2:23; 26:71; മർക്കൊ, 10:47; ലൂക്കൊ, 18:37; 24:19; യോഹ, 18:5; 18:7; 19:19; പ്രവൃ, 2:23; 3:6; 4:10; 6:14; 22:8; 26:9; 24:5), നസറീനൊസ്; Nazarenos (മർക്കൊ, 1:24; 14:67; 16:6; ലൂക്കൊ, 4:34). ഇതിൽ മത്തായിയും യോഹന്നാനും ആദ്യത്തെ രൂപവും, മർക്കൊസും ലൂക്കോസും രണ്ടു രൂപങ്ങളും പ്രയോഗിച്ചു കാണുന്നു. ”ക്രിസ്തു നസറായൻ എന്നു വിളിക്കപ്പെടും” (മത്താ, 2:23) എന്ന പ്രവചനം ഏതാണെന്ന കാര്യത്തിൽ ഒരു സംശയമുണ്ട്. ക്രൈസ്തവ പണ്ഡിതനായ ജെറോം (347-420) പറയുന്നതനുസരിച്ച് യെശയ്യാവ് 11:1 ആണിത്. നമ്മുടെ ബൈബിളിൽ ‘നസറായൻ’ എന്നു കാണുന്നില്ലെങ്കിലും, മൂലഭാഷയിൽ ഉണ്ടായിരുന്നെന്ന് അദ്ദേഹം തൻ്റെ എഴുത്തിലൂടെ സമർത്ഥിക്കുന്നു: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.” എബ്രായ ഭാഷയിൽ ഇത് എഴുതിയിരിക്കുന്നു: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു നസറായൻ ഫലം കായിക്കും.” (Jerome, Letter 47:7). ക്രിസ്തുവിനെ മാത്രമല്ല ക്രിസ്ത്യാനിയെയും നസറായൻ എന്നു വിളിച്ചിരുന്നു. ‘നസറായ മതത്തിനു മുമ്പൻ’ എന്നു പൗലൊസിനെ വിളിക്കുന്നത്, നസറെത്തിൽ നിന്നുള്ളവൻ എന്ന അർത്ഥത്തിലല്ല. പ്രത്യുത, നസറായനായ യേശുവിന്റെ അനുയായി എന്ന അർത്ഥത്തിലാണ്. (പ്രവൃ, 24:5). ക്രിസ്തുവിന്റെ അനുയായികളെ നിന്ദാസുചകമായി വിളിച്ച പേരാണ് നസറായർ. തല്മൂദിൽ അതിനു മതിയായ തെളിവുണ്ട്. (Sanhedrin 43a; 67a; 107b; Sotah 47a).

3 thoughts on “നസറായൻ”

    1. തിരുവചനത്തിന്റ മർമ്മങ്ങൾ വ്യക്തമായി മനസ്സിലാക്കിതരുന്നു ബൈബിൾ വിജ്ഞാനം. വചനം വായിക്കുമ്പോൾ മനസ്സിലാകാത്തവയും ഉണ്ട്, പലയാവർത്തി വായിച്ചാലും അപ്പോഴാണ് ബൈബിൾ വിജ്ഞാനം കണ്ടതും വായിച്ചതും. ദൈവത്തിന് മഹത്വം ആമ്മേൻ.

Leave a Reply

Your email address will not be published. Required fields are marked *