നയമാൻ (Naaman)
പേരിനർത്ഥം – സന്തോഷം
അരാം രാജാവായ ബെൻ-ഹദദ് രണ്ടാമന്റെ സേനാപതി. അവൻ പരാക്രമശാലി എങ്കിലും കുഷ്ഠരോഗിയായിരുന്നു. യിസ്രായേൽ ദേശത്തുനിന്നും ബദ്ധയായി പിടിച്ചു കൊണ്ടുപോയ ഒരു പെൺകുട്ടി നയമാന്റെ ഭാര്യയ്ക്കു ശുശ്രൂഷചെയ്തു വന്നു. ശമര്യയിലെ പ്രവാചകന്റെ അടുക്കൽ ചെന്നാൽ നയമാന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമെന്നു അവൾ അറിയിച്ചു. യിസ്രായേൽ രാജാവായ യോരാമിനു ഒരു എഴുത്തുമായി ബെൻ-ഹദദ് നയമാനെ അയച്ചു. അരാം രാജാവ് ശണ്ഠയ്ക്കു കാരണം അന്വേഷിക്കുകയാണെന്നു കരുതി എഴുത്തുവായിച്ച ഉടൻ രാജാവു തന്റെ വസ്ത്രം കീറി. ഇതറിഞ്ഞ പ്രവാചകൻ നയമാനെ തന്റെ അടുക്കലേക്കു അയക്കുവാൻ ആവശ്യപ്പെട്ടു. വീട്ടുവാതില്ക്കൽ വന്നുനിന്ന നയമാനോടു: നീ ചെന്നു യോർദ്ദാനിൽ ഏഴുപ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പ്രവാചകൻ ആളയച്ചു പറയിച്ചു. ഇതിൽ ക്രൂദ്ധനായി നയമാൻ പോയി. എന്നാൽ, ഭൃത്യന്മാരുടെ നിർബ്ബന്ധം കാരണം നയമാൻ യോർദ്ദാനിൽ ഏഴുപ്രാവശ്യം മുങ്ങി ശുദ്ധനായി, എലീശയുടെ അടുക്കൽ മടങ്ങിവന്നു. യഹോവ തന്നെ ദൈവം എന്നു നയമാൻ എറ്റു പറഞ്ഞു. രണ്ടു കോവർ കഴുതച്ചുമടു മണ്ണ് ആവശ്യപ്പെട്ടു. ദമസ്ക്കൊസിൽ യഹോവയ്ക്ക് യാഗപീഠം പണിയുവാൻ വേണ്ടിയായിരുന്നു മണ്ണാവശ്യപ്പെട്ടത്. അന്യദൈവങ്ങൾക്കു യാഗം കഴിക്കയില്ലെന്നു ഏറ്റുപറഞ്ഞ നയമാൻ യജമാനൻ രിമ്മോന്റെ ക്ഷേത്രത്തിൽ കുമ്പിടുമ്പോൾ താനും കുമ്പിടുന്നതു ക്ഷമിക്കണമേ എന്നപേക്ഷിച്ചു. നയമാൻ നല്കിയ പ്രതിഫലം ഒന്നും എലീശ വാങ്ങിയില്ല. പ്രവാചകന്റെ ബാല്യക്കാരനായ ഗേഹസി പുറകെ ചെന്നു നയമാനോടു കള്ളം പറഞ്ഞു രണ്ടു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും വാങ്ങി. ഇതറിഞ്ഞ പ്രവാചകൻ ഗേഹസിയെ ശപിക്കുകയും കുഷ്ഠരോഗിയായി അവൻ പ്രവാചകനെ വിട്ടൂപോകുകയും ചെയ്തു. (2രാജാ, 5:1-27).