നന്മ (goodness)
തോവ് എന്ന് എബ്രായപദം 559 തവണ പഴയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. പ്രസ്തുത പദത്തിനു ഇമ്പം, സന്തോഷം, അഭികാമ്യം, അനുകൂലം എന്നീ അർത്ഥങ്ങളുണ്ട്. (ഉല്പ, 49:15; 40:16; 1ശമൂ, 25:8). ഇന്ദ്രിയങ്ങളെ സന്തോഷിപ്പിക്കുന്നതും മാനസികമായ സംതൃപ്തി നല്കുന്നതും ‘തോവ്’ ആണ്. ‘തോവ്’നെ സെപ്റ്റജിന്റിൽ, അഗതൊസ്, കലൊസ് എന്നീ പദങ്ങളെക്കൊണ്ട് പരിഭാഷ ചെയ്തിട്ടുണ്ട്. ഗ്രക്കരുടെ സങ്കല്പമനുസരിച്ചു മാതൃകാപുരുഷൻ സുന്ദരനും സുഗുണനും (കലൊസ്, കഗതൊസ്) ആണ്. ആന്തരിക മൂല്യവും പ്രയോജനവും നന്മ എന്ന പദം ഉൾക്കൊള്ളുന്നു. ഉപ്പു നല്ലതു തന്നെ എന്ന വാക്യത്തിൽ പ്രയോജനം ആണ് വിവക്ഷിതം. (ലൂക്കൊ, 14:34). സ്വർണ്ണത്തെപ്പോലെ ഗുണത്തിൽ മേത്തരമായതിനെ ചൂണ്ടിക്കാണിക്കുവാനും തോവ് പ്രയോഗിച്ചിട്ടുണ്ട്. (ഉല്പ, 2:12). ഫലപുഷ്ടിയുള്ള നിലം നല്ല നിലമാണ്. (ലൂക്കൊ, 8:8). മേത്തരമായ കന്നുകാലികളും നല്ലതാണ്. (ഉല്പ, 41:26).
ദൈവശാസ്ത്രവീക്ഷണത്തിൽ നന്മയുടെ മാനദണ്ഡം വ്യത്യസ്തമാണ്. പരമമായ നന്മയ്ക്ക് അധിഷ്ഠാനം ദൈവമാണ്. തിരുവെഴുത്തുകളിൽ നന്മ ഒരു കേവല ഗുണമോ മാനവിക ആദർശമോ അല്ല. അതു പ്രധാനമായും ദൈവം എന്താണ്?, എന്തു ചെയ്യുന്നു? തന്റെ സൃഷ്ടികളിൽ താൻ അംഗീകരിക്കുന്ന ഗുണം എന്താണു? എന്നിവയെ വിവക്ഷിക്കുന്നു. നന്മയെക്കുറിച്ചുള്ള പൂർവ്വധാരണകൾ വച്ചുകൊണ്ട് ദൈവത്തെ അളക്കുകയല്ല മറിച്ചു ദൈവവുമായി ബന്ധപ്പെടുത്തി നന്മയെ നിർവ്വചിക്കുകയാണ് നല്ലത്. ദൈവത്തിന്റെ വിശുദ്ധി, നീതി, സത്യം, സ്നേഹം, ഔദാര്യം, ദയ, കൃപ, തുടങ്ങിയ ഗുണങ്ങൾ നന്മയിൽ ഉൾപ്പെടുന്നു. ഈ വിശാലമായ അർത്ഥത്തിലാണ് യുവാവായ ഭരണാധിപനോടു “എന്നെ നല്ലവൻ എന്നു പറയുന്നതു എന്ത്? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല “എന്നു യേശു പറഞ്ഞത്. (മർക്കൊ, 10:18). ദൈവം നല്ലവൻ എന്നു സങ്കീർത്തനങ്ങൾ ആവർത്തിച്ചുരുവിടുന്നു. “യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അന്റെ ദയ എന്നേക്കും ഉള്ളത്.” (സങ്കീ, 106:1). “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.” (സങ്കീ, 34:8). ദൈവസൃഷ്ടി മുഴുവൻ നല്ലതാണ്. (ഉല്പ, 1:31). ദൈവത്തിൽ നിന്നു ലഭിക്കുന്ന ദാനങ്ങൾ നല്ല ദാനങ്ങൾ ആണ്. “എല്ലാ നല്ല ദാനവും തികഞ്ഞവരം ഒക്കെയും ഉയരത്തിൽ നിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു.” (യാക്കോ, 1:17). നേരോടെ നടക്കുന്നവർക്കു അവൻ ഒരു നന്മയും മുടക്കുകയില്ല. (സങ്കീ, 84:11). കൂടാതെ ദൈവത്തെ സ്നേഹിക്കുന്നവർക്കു നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു. (റോമ, 8:28).
ദൈവം എല്ലാവർക്കും നല്ലവനാണ്. സകല ജഡത്തിനും അവൻ ആഹാരം നല്കുന്നു. (സങ്കീ, 136:25). നല്ലവർക്കും ദുഷ്ടന്മാർക്കും തന്റെ ദാനങ്ങളായ മഴയും വെയിലും അവൻ നല്കുന്നു. (മത്താ, 5:45; പ്രവൃ, 14:17). യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകല പ്രവൃത്തികളോടും അവനു കരുണ തോന്നുന്നു. എല്ലാവരുടെയും കണ്ണ് നിന്നെ നോക്കി കാത്തിരിക്കുന്നു. (സങ്കീ, 145:9, 15). ദൈവത്തെ സ്തുതിക്കുന്നതിനും ദൈവത്തിനു സ്തോത്രം ചെയ്യുന്നതിനും കാരണം അവന്റെ നന്മയും നിത്യദയയുമാണ്. (സങ്കീ, 106:1; 107:1; 118:1; 136:1). യിസ്രായേലിന്റെ ആരാധനയിലെ മുഖ്യവിഷയം ഇതാണെന്നു യിരെമ്യാവു രേഖപ്പെടുത്തുന്നു. (33:11).
ചില സന്ദർഭങ്ങളിൽ നന്മയ്ക്കു പകരം തിന്മയും കഷ്ടതയും ഇയ്യോബിന്റെ ജീവിതത്തിലെന്നപോലെ (2:10) നേരിട്ടെന്നു വരാം. എന്നാൽ അവിടെയും ദൈവം ഒരു പ്രത്യേക അർത്ഥത്തിൽ നന്മ ചെയ്യുകയാണ്. ഒരു മനുഷ്യൻ കഷ്ടം സഹിക്കുന്നത് നല്ലതാണ്. ഗുണീകരണത്തിനും, നന്മയ്ക്കും, വിശ്വാസത്തിൽ ബലപ്പെടുന്നതിനും, സഹിഷ്ണുതയ്ക്കും അതു കാരണമായിതീരുന്നു. (എബ്രാ, 12:10). ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്പനേരത്തേക്കുള്ള ലഘുവായ കഷ്ടം തേജസ്സിന്റെ നിത്യഘന പ്രാപ്തിക്കു ഹേതുവാണ്. (2കൊരി, 4:17).
ദൈവഹിതത്തോടുള്ള ആനുരൂപ്യമാണ് മനുഷ്യനെയും വസ്തുക്കളെയും നല്ലതായി മാറ്റുന്നത്. ദൈവത്തിൽ വിശ്വസിക്കുന്നവർക്കു മാത്രമേ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിക്കുവാൻ കഴിയു. (തീത്തൊ, 3:8). പാപത്തിന്റെ ദാസ്യത്തിൽ അയിരിക്കുന്നതുകൊണ്ട് വീണ്ടെടുക്കപ്പെടാത്തവർക്കു ദൈവഹിതം പ്രവർത്തിക്കുവാൻ കഴിയുകയില്ല. (റോമ, 3:9). ദൈവം മനുഷ്യനെ രക്ഷിച്ചതു സൽപ്രവൃത്തികൾക്കു വേണ്ടിയാണ്. (എഫെ, 2:10; കൊലൊ, 1:10; 2കൊരി, 9:8). സന്ദർഭം ലഭിക്കുന്നതനുസരിച്ചു നല്ലപ്രവൃത്തി ചെയ്യുവാൻ ഒരുങ്ങിയിരിക്കേണ്ടതാണ്. (2തിമൊ, 2:21; തീത്തൊ, 3:1). സൽപ്രവൃത്തികളുടെ ലക്ഷ്യം ദൈവനാമ മഹത്വമാണ്. (1കൊരി, 10:31; 1പത്രൊ, 2:12). ഏതിന്റെയും ആധിക്യവും മേന്മയും വിവക്ഷിക്കുകയാണ് വിശേഷണരൂപമായ നന്മ.