ദൈവാലയം

ദൈവാലയം (Temple)

ദൈവത്തെ ആരാധിക്കുവാൻ വേണ്ടി വേർതിരിക്കപ്പെട്ടിട്ടുള്ള മന്ദിരമാണ് ദൈവാലയം. ദൈവവുമായി സമ്പർക്കം പുലർത്തുന്നതിനു വേണ്ടി മനുഷ്യൻ നിർമ്മിച്ച ആദ്യശില്പമായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുളളതു ബാബേൽ ഗോപുരമാണ്. സ്വർഗ്ഗത്തിൽ ചെന്നു ദൈവത്തെ കാണാമെന്നുള്ള ആത്മവിശ്വാസത്തിൻ്റെ പ്രതീകമായിരുന്ന് ആ ഗോപുരം. ദൈവം അതിനെ നശിപ്പിച്ചു. അബ്രാഹാം വിട്ടു പോന്ന മെസൊപ്പൊട്ടേമിയയിൽ ഓരോ പട്ടണത്തിനും കാവൽ ദേവതയ്ക്ക് ക്ഷേത്രം നിർമ്മിച്ചിരുന്നു. ഈ ക്ഷേത്രത്തിലെ ദേവതയായിരുന്നു ദേശത്തിന്റെ ഉടമസ്ഥൻ. അലഞ്ഞുതിരിഞ്ഞ പിതാക്കന്മാർക്കു ദൈവത്തിനു ഒരു പ്രത്യേക മന്ദിരം നിർമ്മിക്കേണ്ടിയിരുന്നില്ല. അവരുടെ യാത്രയിൽ വിവിധ സ്ഥാനങ്ങളിൽ വച്ചു ദൈവം അവർക്കു പ്രത്യക്ഷപ്പെട്ടു. അവിടെ അവർ യാഗപീഠം നിർമ്മിച്ചു യാഗം കഴിച്ചു. ഇമ്മാതിരി സ്ഥലങ്ങളിൽ ജ്ഞാപകസ്തംഭവും സ്ഥാപിച്ചിരുന്നു. (ഉല്പ, 28:22).

യിസ്രായേൽ ഒരു രാഷ്ട്രമായി വളർന്നു കഴിഞ്ഞപ്പോൾ സർവ്വജനത്തിനും കടന്നുവന്നു ദൈവത്തെ ആരാധിക്കുവാൻ ഒരു മന്ദിരം വേണ്ടിവന്നു. മരുഭൂമി പ്രയാണത്തിൽ സമാഗമനകൂടാരമായിരുന്നു ആരാധനാകേന്ദ്രം. (നോക്കുക: സമാഗമനകൂടാരം). കനാനിൽ ക്ഷേത്രങ്ങളെ ഗൃഹം എന്നു വിളിച്ചിരുന്നു. ഉദാ: ബേത് ദാഗോൻ, ബേത് അസ്തോരെത്ത്. (1ശമൂ, 5:5; 31:10). ദാവീദിൻ്റെ ഭരണം ഉറച്ചു കഴിഞ്ഞപ്പോൾ ദൈവാലയ നിർമ്മാണത്തിന്റെ ചിന്ത ദാവീദിനുണ്ടായി. “ഒരിക്കൽ രാജാവു നാഥാൻ പ്രവാചകനോടു: ഇതാ ഞാൻ ദേവദാരു കൊണ്ടുള്ള അരമനയിൽ വസിക്കുന്നു; ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലയ്ക്കകത്തു ഇരിക്കുന്നു എന്നു പറഞ്ഞു. (2ശമൂ, 7:2). ശത്രുക്കളുടെ രക്തം ചൊരിഞ്ഞതു കൊണ്ടു ദൈവാലയം പണിയാനുള്ള നിയോഗം ദാവീദിനു ലഭിച്ചില്ല. ദൈവാലയ നിർമ്മാണത്തിനു ആവശ്യമായ സാമഗ്രികൾ ദാവീദ് സംഭരിക്കുകയും ആലയത്തിനുള്ള സ്ഥലം വാങ്ങുകയും ചെയ്തു. (1ദിന, 22:3, 8; 2ശമൂ, 24:18-25). തന്റെ വാഴ്ചയുടെ നാലാം വർഷം ശലോമോൻ ദൈവാലയത്തിന്റെ പണി ആരംഭിച്ചു ഏഴു വർഷം കൊണ്ടു പൂർത്തിയാക്കി. (1രാജാ, 6:37,38). 

ശലോമോൻ്റെ ദൈവാലയം: സമാഗമനകൂടാരം ഒരു താൽക്കാലിക സംവിധാനമായിരുന്നു. ഒരു സ്ഥിര മന്ദിരമായിട്ടായിരുന്നു ദൈവാലയ നിർമ്മാണം. സിംഹാസനത്തിൽ സ്ഥിരമായിക്കഴിഞ്ഞപ്പോൾ ശലോമോൻ രാജാവു ദൈവാലയത്തിന്റെ പണി ആരംഭിച്ചു. സോർ രാജാവായ ഹീരാമുമായി ശലോമോൻ ഉടമ്പടി ചെയ്തതനുസരിച്ചു ലെബാനോനിൽ നിന്നു ദേവദാരുവും സരളമരവും മുറിക്കുന്നതിനും കല്ലു വെട്ടുന്നതിനും ശലോമോൻ അയച്ച തൊഴിലാളികൾ ഹീരാമിൻറ വിദഗ്ദ്ധ ജോലിക്കാരുടെ നിർദ്ദേശമനുസരിച്ചു പ്രവർത്തിച്ചു. പകരം ഗോതമ്പ്, എണ്ണ, വീഞ്ഞ് എന്നിങ്ങനെയുള്ള ഭക്ഷണപദാർത്ഥങ്ങൾ ശലോമോൻ നല്കിവന്നു. ശലോമോന്റെയും ഹീരാമിന്റെയും ശില്പികളും ഗെബാല്യരും ദൈവാലയത്തിൻ്റെ പണിക്കുവേണ്ടി കല്ലും മരവും ചെത്തിയൊരുക്കി. ദൈവാലയത്തിന്റെ വിലയേറിയ സജ്ജീകരണങ്ങൾ ചെയ്യുന്നതിനു ഹുരാം ആബി എന്ന വിദഗ്ദ്ധനായ ശില്പിയെ ഹീരാം അയച്ചു കൊടുത്തു. (1രാജാ, 5:1-18). 

ഹറം എഷ്-ഷെറിഫ് (Haram esh-Sherif) എന്നു ഇന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു ദൈവാലയത്തിന്റെ സ്ഥാനം. ഇതു യെരുശലേം എന്ന പൗരാണിക നഗരത്തിന്റെ കിഴക്കു ഭാഗത്തായിരുന്നു. ഇവിടെയുള്ള പാറയുടെ ഉയർന്ന ഭാഗമായിരിക്കണം അതിവിശുദ്ധ സ്ഥലത്തിന്റെ സ്ഥാനം. അറുനൂറു ശേക്കെൽ സ്വർണ്ണം (1ദിന, 21:25) കൊടുത്തു അരവ്നയുടെ കയ്യിൽ നിന്നും ദാവീദ് വിലയ്ക്കു വാങ്ങിയ മെതിക്കളത്തിന്റെ ഭാഗമാണ് ഈ പാറ. 

ദൈവാലയത്തിന്റെ രൂപരേഖ: ദൈവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു ഏകദേശം 30 എക്കർ (12.14 ഹെക്ടാർ) വിസ്തീർണ്ണമുണ്ട്. ദൈവാലയത്തിനു രണ്ടു പ്രാകാരങ്ങളുണ്ടായിരുന്നു. പുറത്തെ പ്രാകാരവും അകത്തെ പ്രാകാരവും. പുറത്തെ പ്രാകാരത്തിനു 400 മുഴം (178 മീ.) നീളവും, 200 മുഴം (89 മീ.) വീതിയും ഉണ്ടായിരുന്നിരിക്കണം. ജനസാമാന്യത്തിനു വേണ്ടിയുള്ള പ്രാകാരമാണിത്. അകത്തെ പ്രാകാരം പുരോഹിതന്മാർക്കു വേണ്ടിയുള്ളതാണ്. ദൈവാലയത്തെ ചുറ്റി നിർമ്മിച്ചിരുന്ന ഈ പ്രാകാരത്തിലായിരുന്നു താമ്രനിർമ്മിതമായ ഹോമയാഗപീഠവും താമ്രക്കടലും വച്ചിരുന്നത്. പുരോഹിതന്മാരുടെ പ്രാകാരത്തിൽ നിന്നും ഒമ്പതടി (2.67മീ.) പൊക്കമുള്ള പീഠഭൂമിയിലാണു ദൈവാലയം നിർമ്മിച്ചതു. ദൈവാലയത്തിലേക്കു പ്രവേശിക്കുന്നതിനു പത്തുപടികൾ നിർമ്മിച്ചു. 

ദൈവാലയത്തിനു മൂന്നു ഭാഗങ്ങളുണ്ട്: 1. മുഖമണ്ഡപം (Porch), 2. വിശുദ്ധസ്ഥലം (Holy Place), 3. അതിവിശുദ്ധസ്ഥലം (Holy of Holies). മുഖമണ്ഡപത്തിന്റെ വാതില്ക്കൽ രണ്ടു സ്തംഭങ്ങൾ നിർത്തി. വലത്തെ സ്തംഭത്തിനു ‘യാഖീൻ’ എന്നും ഇടത്തെ സ്തംഭത്തിനു ‘ബോവസ്’ എന്നും പേരിട്ടു. സ്തംഭങ്ങളുടെ അഗ്രത്തിനു താമരപ്പൂവിൻറ ആകൃതിയാണ്. (1രാജാ, 7:15-22). സ്തംഭങ്ങളിൽ കൊത്തിയിരുന്ന ലിഖിതങ്ങളുടെ ആദ്യവാക്കുകൾ ആയിരിക്കണം ഈ പേരുകൾ. സീനായി മരുഭൂമിയിൽ യിസ്രായേല്യർക്കു സംരക്ഷണം നല്കിയ അഗ്നിസ്തംഭത്തിന്റെയും മേഘ സ്തംഭത്തിൻറെയും പ്രതീകമായിരുന്നു യാഖീനും ബോവസും. സ്തംഭങ്ങളുടെ പുറകിലായിരുന്നു മുഖമണ്ഡപത്തിലേക്കുള്ള വാതിലുകൾ. ഒലിവുമരം കൊണ്ടുള്ള കതകുകളിൽ കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപങ്ങൾ കൊത്തി പൊന്നു പൊതിഞ്ഞു. (1രാജാ, 6:18, 32, 35). 

1. മുഖമണ്ഡപം: മുഖമണ്ഡപത്തിലൂടെയാണ് ദൈവാലയത്തിനകത്ത് പ്രവേശിക്കുന്നത്. മുഖമണ്ഡപത്തിനു ആലയവീതിക്കു തുല്യമായി 20 മുഴം (8.9 മീ.) നീളവും, 10 മുഴം (4.45 മീ.) വീതിയും ഉണ്ടായിരുന്നു. (1രാജാ, 6:3; 2ദിന, 3:4). 2ദിനവൃത്താന്തം 3:4-ൽ മണ്ഡപത്തിന്റെ ഉയരം 120 മുഴം എന്നു കാണുന്നതു പാഠപ്പിഴയാണ്. മുപ്പതുമുഴം ഉയരമുള്ള കെട്ടിടത്തിന്റെ മണ്ഡപത്തിനു ഒരിക്കലും 120 മുഴം ഉയരം ഉണ്ടാകുകയില്ല. 

2. വിശുദ്ധസ്ഥലം: വിശുദ്ധ സ്ഥലത്തിനു 20 മുഴം (8.9 മീ.) വീതിയും, 40 മുഴം (17.8 മീ.) നീളവും, 30 മുഴം (13.35 മീ.) ഉയരവും ഉണ്ടായിരുന്നു. പ്രകാശം നല്കുന്നതിനു ജാലത്തോടു കൂടിയ കിളിവാതിലുകൾ നിർമ്മിച്ചു. (1രാജാ, 6:4). പൊന്നു കൊണ്ടുള്ള പത്തു വിളക്കുതണ്ടുകളും പന്ത്രണ്ടു കാഴ്ചയപ്പം വച്ചിരുന്ന പന്ത്രണ്ടു മേശയും വിശുദ്ധ സ്ഥലത്തു വച്ചു. അതിവിശുദ്ധ സ്ഥലത്തിന്റെ പ്രവേശനത്തിനടുത്തായി കൊമ്പുകളോടു കൂടിയ ധൂപപീഠവും പ്രതിഷ്ഠിച്ചു. (1രാജാ, 7:48,49).

3. അതിവിശുദ്ധസ്ഥലം: അതിവിശുദ്ധസ്ഥലം 20 മുഴം (8.9 മീ.) ക്യൂബായിരുന്നു. തറ ഉയർന്നതായിരുന്നു.  കടക്കുന്നതിനു പടികൾ നിർമ്മിച്ചു. ഇവിടെ കിളിവാതിൽ ഇല്ല. ഒലിവുമരം കൊണ്ടു നിർമ്മിച്ചു പൊന്നു പൊതിഞ്ഞ രണ്ടുകെരൂബുകൾ അതിവിശുദ്ധ സ്ഥലത്തുണ്ടായിരുന്നു. കെരൂബുകൾക്കു സിംഹത്തിന്റെ ശരീരവും മനുഷ്യമുഖവും വലിയ ചിറകുകളും ഉണ്ട്. ദൈവിക പ്രതാപത്തിന്റെ പ്രതീകങ്ങളാണവ. കെരൂബുകൾക്കു താഴെയായിരുന്നു സാക്ഷ്യപ്പെട്ടകം. പെട്ടകം മുഴുവൻ പൊന്നു പൊതിഞ്ഞതാണ്. പെട്ടകത്തിന്റെ മൂടിയാണ് കൃപാസനം. പാപപരിഹാരദിനത്തിൽ രക്തം തളിക്കുന്നതു കൃപാസനത്തിന്മേലാണ്. (ലേവ്യ, 16:14,15). 

വെട്ടുകല്ലുകൊണ്ടാണ് ദൈവാലയം പണിതത്. ദൈവാലയത്തിനു 60 മുഴം (26.7 മീ.) നീളവും, 20 മുഴം (8.9 മീ.) വീതിയും, 30 മുഴം (13.35 മീ.) ഉയരവും ഉണ്ടായിരുന്നു. മന്ദിരത്തിന്റെ അകത്തു ദേവദാരുകൊണ്ട് വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും വേർതിരിച്ചു. വിശുദ്ധസ്ഥലത്തിനു 40 മുഴം (17.8 മീ.) നീളവും, 20 മുഴം (8.9 മീ.) വീതിയും, 30 മുഴം (13.35 മീ.) ഉയരവും ഉണ്ട്. അതിവിശുദ്ധസ്ഥലം 20 മുഴം (8.9 മീ.) വീതമുളള ക്യൂബാണ്. ശേഷിച്ച 10 മുഴം (4.45 മീ.) കൊണ്ടു മാളികമുറി നിർമ്മിച്ചു. ചുവരുകളുടെ ഉൾഭാഗം കല്ലുകൾ പുറത്തു കാണാതെ മരംകൊണ്ടു മറച്ചു. ദേവദാരു പലകകൊണ്ടു മച്ചിട്ടു; തറയ്ക്ക് സരളപ്പലകകൊണ്ടു തളമിട്ടു. മന്ദിരത്തിന്റെ പാർശ്വഭിത്തിയിൽ ദേവദാരു കൊണ്ടുള്ള കുമിഴുകളും, വിടർന്ന പുഷ്പങ്ങളും, കെരൂബുകളും, ഈന്തപ്പനയും കൊത്തുപണിയായി ചെയ്തു. (1രാജാ, 6:18; 2ദിന, 3:5). ഇവയുടെയെല്ലാം പുറത്തു സ്വർണ്ണം പൊതിഞ്ഞു. അന്തരാലയവും ബഹിരാലയവും ആലയത്തിന്റെ തളവും പൊന്നു കൊണ്ടു പൊതിഞ്ഞു. (1രാജാ, 6:30). ദൈവാലയത്തിന്റെ ഇരുവശത്തും പുറകുവശത്തും തട്ടുതട്ടായി മൂന്നു പുറവാരങ്ങളും അവയിൽ ചുറ്റും അറകളും പണിതു. താഴത്തെ പുറവാരം 5 മുഴവും (2.23 മീ.) നടുവിലത്തേത് 6 മുഴവും (2.67 മീ.) മൂന്നാമത്തേതു 7 മുഴവും (3.11 മീ.) വീതിയുള്ളതായിരുന്നു. ജാലത്തോടു കൂടിയ കിളിവാതിലുകൾ വിശുദ്ധസ്ഥലത്തു നിന്നും ഇവയ്ക്കു പ്രകാശം നല്കി. മന്ദിരത്തിനു ചുറ്റുമുള്ള അറകളിലാണു ദൈവാലയം വക പൊന്നും, വെള്ളിയും ഉപകരണങ്ങളും സൂക്ഷിച്ചത്. (1രാജാ, 7:51). 

യാഗപീഠവും താമതൊട്ടിയും: ആരാധനയ്ക്ക് അത്യന്താപേക്ഷിതമായ രണ്ടു വസ്തുക്കളാണ് യാഗപീഠവും തൊട്ടിയും. ദൈവാലയത്തിനു മുമ്പിലുള്ള പുരോഹിതന്മാരുടെ പ്രാകാരത്തിലാണ് താമ്രനിർമ്മിതമായ ഹോമയാഗപീഠവും വാർപ്പുതൊട്ടിയും വച്ചത്. (2ദിന, 4:1). യാഗപീഠത്തിനു തെക്കാണു താമക്കടലിന്റെ സ്ഥാനം. (1രാജാ, 7:23-26; 2ദിന, 4:2-6). ശലോമോൻ രാജാവ് സോരിൽ നിന്നു വരുത്തിയ ഹീരാം ആയിരുന്നു താമ്രക്കടൽ വാർത്തത്.. അതിനെ പന്ത്രണ്ടു കാളപ്പുറത്തു വച്ചു. കാളകൾ മുന്നെണ്ണം വീതം ഓരോ ദിക്കിനും അഭിമുഖമായിരുന്നു. അവയുടെ പൃഷ്ഠഭാഗം അകത്തോട്ടു തിരിഞ്ഞിരുന്നു . വൃത്താകാരമായ പാത്രത്തിനു നാലംഗുലം (30 സെ.മീ.) കനവും, പത്തു മുഴം (4.45 മീ.) വ്യാസവും, അഞ്ചു മുഴം (2.23 മീ.) ഉയരവും, മുപ്പതുമുഴം (13.35 മീ.) ചുറ്റളവും ഉണ്ടായിരുന്നു. അതിന്റെ വ്യാപ്തം രണ്ടായിരം ബത്ത് ആണ്. 2ദിനവൃത്താന്തം 4:5-ൽ മൂവായിരം ബത്ത് എന്നു കാണുന്നു. കടലിന്റെ വക്ക് പുറകോട്ടു മലർന്നിരുന്നു. പുരോഹിതന്മാർക്കു കഴുകാനുള്ള വെള്ളം വാർപ്പുകടലിൽ നിറയ്ക്കും. ആഹാസ് രാജാവിന്റെ കാലത്തു താമക്കടലിനെ കാളകളുടെ പുറത്തുനിന്നിറക്കി കല്ത്തളത്തിന്മേൽ വച്ചു. (2രാജാ, 16:17). ബി.സി. 587-ൽ നെബൂഖദ്നേസർ രാജാവ് താമ്രക്കടൽ ഉടച്ചു താമ്രം ബാബേലിലേക്കു കൊണ്ടുപോയി. താമ്രക്കടലിനു പുറമെ പത്തു ചെറിയ താമ്രത്തൊട്ടിയും നിർമ്മിച്ചു. ഓരോ തൊട്ടിയിലും നാല്പതു ബത്ത് വെള്ളം കൊളളും. (1രാജാ, 7:38,39). 

പ്രാകാരങ്ങൾ: ദൈവാലയത്തിനു രണ്ടു പ്രാകാരം (മുറ്റം) ഉണ്ടായിരുന്നു. ദൈവാലയത്തെ ചുറ്റി നിർമ്മിച്ചിരുന്ന അകത്തെ പ്രാകാരം പുരോഹിതന്മാരുടെ പ്രാകാരം ആണ്. പ്രാകാരത്തിനു ചുറ്റുമുളള ചുവർ മൂന്നു വരി ചെത്തിയകല്ലും ഒരു വരി ദേവദാരുവും കൊണ്ടു പണിതു. (1രാജാ, 6:36). പുരോഹിതന്മാരുടെ പ്രാകാരത്തിനു പുറത്തായി വലിയ പ്രാകാരം നിർമ്മിച്ചു. ഇതു ജനത്തിനുവേണ്ടിയായിരുന്നു. വലിയ പ്രാകാരത്തിനു വാതിലുകൾ നിർമ്മിച്ചു; കതക് താമ്രംകൊണ്ടു പൊതിഞ്ഞു. (2ദിന, 4:9). പുരോഹിതന്മാരുടെ പ്രാകാരത്തെ മേലത്തെ മുറ്റം (യിരെ, 46:10) എന്നും പറഞ്ഞിട്ടുണ്ട്. ബാഹ്യപ്രാകാരത്തെക്കാൾ ഉയരത്തിലാണ് ഇതിൻറ നിർമ്മിതി എന്നു ഊഹിക്കാവുന്നതാണ്. പുറത്തെ പ്രാകാരത്തിന്റെ വാതില്ക്കൽ മണ്ഡപം ഉണ്ടായിരുന്നിരിക്കണം. പ്രാകാരത്തിന്റെ അളവു രേഖപ്പെടുത്തിയിട്ടില്ല. സമാഗമനകൂടാരവുമായുള്ള സാമ്യം കണക്കിലെടുത്തു കൊണ്ടു പുരോഹിതന്മാരുടെ പ്രാകാരത്തിനു 200 മുഴം (89 മീ.) നീളവും, 100 മുഴം (44.5 മീ.) വീതിയുമുണ്ടെന്നു കരുതപ്പെടുന്നു. പുറത്തെ പ്രാകാരത്തിനു കുറഞ്ഞതു 400 മുഴം (178 മീ.) നീളവും 200 മുഴം (89 മീ.) വീതിയും ഉണ്ടായിരിക്കണം.

പ്രതിഷ്ഠ: ദൈവാലയത്തിന്റെ പണിതീർന്നശേഷം അതിവിശുദ്ധസ്ഥലത്ത് ദൈവത്തിന്റെ പെട്ടകം വച്ചു. തുടർന്നു സ്തോത്രാർപ്പണത്തോടും വഴിപാടുകളോടുമൊപ്പം ദൈവാലയം പ്രതിഷ്ഠിച്ചു. ശലോമോൻ പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ ആകാശത്തു നിന്നു അഗ്നി ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു. യഹോവയുടെ തേജസ്സ് ആലയത്തിൽ നിറഞ്ഞു. 22,000 കാളയെയും 1,20,000 ആടിനെയും യാഗം കഴിച്ചു. താമ്ര യാഗപീഠത്തിന്മേൽ യാഗമൃഗങ്ങൾ കൊള്ളാതിരുന്നതു കൊണ്ടു പ്രാകാരത്തിലും യാഗം കഴിച്ചു. ഏഴു ദിവസം യാഗപീഠപ്രതിഷ്ഠയും ഉത്സവവും ആചരിച്ചു. (2ദിന, 7:1-10). 

പില്ക്കാല ചരിതം: ശലോമോന്റെ കാലശേഷം യിസായേൽ വിഭജിക്കപ്പെട്ടപ്പോൾ വിശുദ്ധമന്ദിരം മുഴുവൻ യിസ്രായേലിനും പൊതുവല്ലാതായി. വടക്കുളള പത്തുഗോത്രങ്ങൾക്കു ബേഥേലിലും ദാനിലും യൊരോബെയാം ആരാധനാസ്ഥലങ്ങൾ നിർമ്മിച്ചു. ദൈവാലയം യെഹൂദയുടേതു മാത്രമായി. രെഹബെയാമിന്റെ കാലത്തു മിസ്രയീം രാജാവായ ശീശക് ദൈവാലയ ഭണ്ഡാരം കൊള്ളയടിച്ചു. (1രാജാ, 14:26). യിസായേൽ രാജാവായ ബയശെക്കെതിരെ അരാം രാജാവായ ബെൻ-ഹദദിൻറ സഹായം ലഭിക്കുന്നതിനു വേണ്ടി ആസാ ദൈവാലയ ഭണ്ഡാരത്തിലെ വെള്ളിയും പൊന്നും എടുത്തു ബെൻ-ഹദദിനു കൊടുത്തയച്ചു. (1രാജാ, 15:18). യെഹോശാഫാത്ത് പുറത്തെ പ്രാകാരം പുതുക്കി. 2ദിന, 20:5). യെഹോവാശ് രാജാവ് ദൈവാലയത്തിന്റെ അറ്റകുററം തീർത്തു. (2രാജാ, 12:5-16). അമസ്യാവിന്റെ കാലത്ത് യിസായേൽ രാജാവായ യെഹോവാശ് ദൈവാലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരത്തിലുണ്ടായിരുന്ന പൊന്നും വെള്ളിയും സകല ഉപകരണങ്ങളും കൊള്ളയടിച്ചു. (2രാജാ, 14:14). യോഥാം രാജാവ് ദൈവാലയത്തിന്റെ മേലത്തെ വാതിൽ പണിതു. (2രാജാ, 15:35; 2ദിന, 27:3). ആഹാസ് രാജാവ് യാഗപീഠം മാറ്റി ദമ്മേശെക്കിൽ കണ്ട ബലിപീഠത്തിന്റെ മാതൃകയിൽ ഒന്നു നിർമ്മിച്ചു. കൂടാതെ താമ്രക്കടലിനെ താമ്രക്കാളപ്പുറത്തു നിന്നു ഇറക്കി ഒരു കല്ത്തളത്തിന്മേൽ വച്ചു. (2രാജാ, 16:10-17). ദൈവാലയത്തിലെ വെള്ളിയും പൊന്നും കൊടുത്തതോടൊപ്പം ഈ വസ്തുക്കളും അശ്ശൂർരാജാവിനു കൊടുക്കാൻ വേണ്ടിയായിരുന്നു ഇപ്രകാരം ചെയ്തത്. ഹിസ്കീയാ രാജാവ് അശ്ശൂർ രാജാവായ സൻഹേരീബിനു ആലയത്തിന്റെ വെള്ളിയും വാതിലുകളിലും കട്ടളകളിലും പൊതിഞ്ഞിരുന്ന പൊന്നും ഇളക്കിയെടുത്തു കൊടുത്തു. (2രാജാ, 18:15,16). മനശ്ശെ രാജാവ് ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ആകാശത്തിലെ സർവ്വസൈന്യത്തിനും ബലിപീഠങ്ങൾ പണിയുകയും അശേരാപ്രതിഷ്ഠ പ്രതിഷ്ഠിക്കുകയും ചെയ്തു. (2രാജാ, 21:4-7). യോശീയാ രാജാവ് ദൈവാലയത്തിൽ നിന്നു ഈ ബ്ലേച്ഛതകളെയെല്ലാം നശിപ്പിച്ചു. (2രാജാ, 23:4-20). ഏറെത്താമസിയാതെ നെബൂഖദ്നേസർ ദൈവാലയത്തിലെ സകല നിക്ഷേപങ്ങളും കൊണ്ടുപോയി. (2രാജാ, 24:13). പതിനൊന്നു വർഷത്തിനുശേഷം കല്ദയർ യെരുശലേം നശിപ്പിച്ചു, വിലപിടിപ്പുള്ള വസ്തുക്കളെല്ലാം ബാബേലിലേക്കു കൊണ്ടുപോയി. (2രാജാ, 25:9, 13, 17; യിരെ, 52:13, 17-23). 

യെഹെസ്ക്കേലിന്റെ ദൈവാലയം: ബാബേൽ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം വർഷം ബാബേലിലെ കേബാർ നദീതീരത്തു ഇരിക്കുമ്പോൾ യെഹെസ്ക്കേൽ പ്രവാചകന് ഒരു ദൈവാലയത്തിന്റെ ദർശനം ലഭിച്ചു. സഹസ്രാബ്ദ രാജ്യത്തിൽ നിർമ്മിക്കപ്പെടേണ്ട ദൈവാലയത്തിന്റെ രൂപമായിരുന്നു അത്. ഹെരോദാവു നിർമ്മിച്ച ദൈവാലയത്തിന്റെ ക്രമീകരണത്തിൽ ഒരു പരിധിവരെ യെഹെസ്ക്കേലിന്റെ വിവരണം സ്വാധീനം ചെലുത്തിയിട്ടുണ്ട്. (യെഹെ, 41:1-43:17). ഈ ദൈവാലയ ദർശനത്തെക്കുറിച്ചു വ്യത്യസ്ത വീക്ഷണങ്ങൾ നിലവിലുണ്ട്. പ്രവചനത്തിന്റെ ആക്ഷരിക നിറവേറലിൽ വിശ്വസിക്കുന്ന വ്യാഖ്യാതാക്കൾ സഹസ്രാബ്ദ രാജ്യത്തിൽ ലോകത്തിന്റെ മുഴുവൻ ആരാധനാ കേന്ദ്രമായി യെരൂശലേമിൽ ദൈവാലയം പണിയപ്പെടും എന്നു വിശ്വസിക്കുന്നു. യാഗവ്യവസ്ഥ വെറും സ്മാരക സ്വഭാവമുളളതാണ്. ക്രിസ്തുവിന്റെ സമ്പൂർണ്ണ യാഗത്തെ പിന്നിലോട്ടു ചൂണ്ടിക്കാണിക്കുക മാത്രമേ അതു ചെയ്യുന്നുള്ളൂ.

സെരുബ്ബാബേലിൻ്റെ ദൈവാലയം: കോരെശ് രാജാവിന്റെ വിളംബരം അനുസരിച്ചു ബാബിലോന്യ പ്രവാസത്തിൽ നിന്നും മടങ്ങിവന്ന യെഹൂദന്മാർ എണ്ണത്തിൽ കുറവായിരുന്നു. തന്മൂലം അവർ നിർമ്മിച്ച ദൈവാലയം ശലോമോൻ്റെ ദൈവാലയത്തോളം മനോഹരമോ മഹത്വപൂർണ്ണമോ ആയിരുന്നില്ല. ദൈവാലയം പണിയുന്നതിനു മഹാപുരോഹിതനായ യെശുവായും ദേശാധിപതിയായ സെരുബ്ബാബേലും നേതൃത്വം നല്കി. ഹഗ്ഗായി, സെഖര്യാവ് എന്നീ പ്രവാചകന്മാർ ജനത്തെ പ്രോത്സാഹിപ്പിച്ചു. അനേകം പ്രതിബന്ധങ്ങളെ തരണം ചെയ്ത് ബി.സി. 515-ൽ ദൈവാലയം പൂർത്തിയാക്കി. ദൈവാലയത്തിനു അടിസ്ഥാനമിട്ടപ്പോൾ ശലോമോന്റെ ദൈവാലയം കണ്ടിട്ടുളളവർ ഉറക്കെക്കരഞ്ഞു. പ്രവാസകാലത്തു ജനിച്ചവർ ആർത്തു ഘോഷിച്ചു. (ഹഗ്ഗാ, 2:3; എസ്രാ, 3:12). 

ദൈവാലയം നിർമ്മിക്കേണ്ട വിധം കോരെശ് രാജാവിൻറ കല്പനയിൽ വ്യക്തമാക്കിയിരുന്നു. “യെരുശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണം. അതിന്റെ അടിസ്ഥാനങ്ങൾ ഉറപ്പായിട്ടു ഇടേണം; അതിനു അറുപതു മുഴം ഉയരവും അറുപതു മുഴം വീതിയും ഉണ്ടായിരിക്കണം. വലിയ കല്ലുകൊണ്ടു മൂന്നുവരിയും പുതിയ ഉത്തരങ്ങൾകൊണ്ടു ഒരു വരിയും ഉണ്ടായിരിക്കേണം; ചെലവു രാജാവിന്റെ ഭണ്ഡാരഗൃഹത്തിൽ നിന്നു കൊടുക്കേണം.” (എസ്രാ, 6:3,4). 60 മുഴം വീതി എന്നതു ശലോമോൻ്റെ ദൈവാലയത്തേക്കാൾ 20 മുഴം കൂടുതലാണ് തന്മൂലം ദൈവാലയത്തിനു 100 മുഴം നീളവും, 60 മുഴം വീതിയും, 60 മുഴം പൊക്കവും വരും. തല്മൂദിലെ വിവരണം അനുസരിച്ചു ഈ ദൈവാലയത്തിൽ അഞ്ചു വസ്തുക്കളുടെ അഭാവം ഉണ്ടായിരുന്നു: പെട്ടകം, വിശുദ്ധാഗ്നി, ഷെഖീന, പരിശുദ്ധാത്മാവ്, ഊറീമും തുമ്മീറും എന്നിവ. വിശുദ്ധസ്ഥലത്തിന്റെ മുമ്പിലായി ഒരു തിരശ്ശീല ഉണ്ടായിരുന്നു. ഒരു വിളക്കുതണ്ടും സ്വർണ്ണധൂപപീഠവും ഒരു കാഴ്ചയപ്പത്തിന്റെ മേശയും വിശുദ്ധ സ്ഥലത്തുണ്ടായിരുന്നു. (1മക്കാ, 1:2-24). മറ്റൊരു തിരശ്ശീല വിശുദ്ധസ്ഥലത്തെയും അതിവിശുദ്ധസ്ഥലത്തെയും തമ്മിൽ വേർതിരിച്ചു. അതിവിശുദ്ധസ്ഥലം ശൂന്യമായിരുന്നു. പെട്ടകം നശിപ്പിക്കപ്പെട്ടശേഷം പകരം ഒന്നു നിർമ്മിച്ചില്ല. പെട്ടകത്തിന്റെ സ്ഥാനത്തു ഒരു കല്പാളി സ്ഥാപിച്ചു. പാപപരിഹാരദിവസം മഹാപുരോഹിതൻ ധൂപകലശം വച്ചിരുന്നതു അതിന്റെ പുറത്താണ്. പ്രാകാരത്തിൽ കല്ലുകൊണ്ടു നിർമ്മിച്ച ഹോമയാഗപീഠം ഉണ്ടായിരുന്നു. ഈ ദൈവാലയം തുടർന്നുള്ള കാലങ്ങളിൽ അറ്റകുറ്റം തീർക്കുകയും മോടി പിടിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരിക്കണം. ബി.സി. 168-ൽ അന്ത്യൊക്കസ് എപ്പിഫാനസ് ദൈവാലയം കൊള്ളയടിക്കുകയും വിഗ്രഹം പ്രതിഷ്ഠിച്ചു അശുദ്ധമാക്കുകയും ചെയ്തു. യാഗപീഠത്തിൽ പന്നിയെ അർപ്പിച്ചു. ബി.സി. 165-ൽ യെഹൂദന്മാർ ദൈവാലയം തിരികെ പിടിച്ചു ശുദ്ധീകരിച്ചു പുന:പ്രതിഷ്ഠ നടത്തി. ബി.സി. 63-ൽ മൂന്നുമാസത്ത ഉപരോധത്തിനുശേഷം പോംപി യെരുശലേം പിടിച്ചു. അദ്ദേഹം ദൈവാലയത്തിനു കേടു വരുത്തിയില്ല. എന്നാൽ ഒമ്പതു വർഷത്തിനുശേഷം റോമൻ കോൺസലായ ക്രാസ്സസ് ദൈവാലയം കൊള്ളയടിച്ചു. 

ഹെരോദാവിൻ്റെ ദൈവാലയം 

ഹെരോദാവിന്റെ ദൈവാലയത്തെക്കുറിച്ചുള്ള വിവരണങ്ങൾ ലഭിക്കുന്നത് ജൊസീഫസിൽ നിന്നും മിഷ്ണയിലെ മിദ്ദോത്ത് എന്ന ലേഖനത്തിൽ നിന്നുമാണ്. മഹാനായ ഹെരോദാവ് (ബി.സി. 37-4) ഒരു വലിയ നിർമ്മാതാവായിരുന്നു. അനേകം പട്ടണങ്ങളും ക്ഷേത്രങ്ങളും പണിത ഹെരോദാവ് തന്റെ പ്രതാപത്തിന്റെ മുദ്രയായി യെരുശലേം ദൈവാലയം പുതുക്കിപ്പണിതു. ഒരു മൂന്നാം ദൈവാലയം എന്നതിലേറെ സെരുബ്ബാബേലിൻ്റെ കാലത്തു പണിത ദൈവാലയത്തിന്റെ പുതുക്കിപ്പിണിയൽ ആയിരുന്നു അത്. വേണ്ട സജ്ജീകരണങ്ങൾ ചെയ്ത ശേഷം ഹെരോദാവിന്റെ വാഴ്ചയുടെ പതിനെട്ടാം വർഷം (ബി.സി. 20) പണി ആരംഭിച്ചു. പ്രാരംഭമായി ആയിരം വാഹനങ്ങൾ ക്രമീകരിക്കുകയും പതിനായിരം തൊഴിലാളികളെ ഏർപ്പെടുത്തുകയും ചെയ്തു. വിശുദ്ധസ്ഥലം അശുദ്ധമാകാതവണ്ണം ആയിരം പുരോഹിതന്മാരെ കല്പണിക്കാരായും ആശാരിമാരായും പരിശീലിപ്പിച്ചു. പ്രധാന ശില്പത്തിന്റെ പണി ഒന്നര വർഷം കൊണ്ടും പ്രാകാരങ്ങൾ എട്ടുവർഷം കൊണ്ടും പൂർത്തിയായി. എ.ഡി. 64-ൽ ആണ് പണി പൂർണ്ണമായത്. നാല്പത്താറു വർഷം കൊണ്ടാണു ഈ ദൈവാലയം പണിതതെന്നു യെഹൂദന്മാർ യേശുവിനോടു പറഞ്ഞു. (യോഹ, 2:20). ദൈവാലയവും പ്രാകാരവും ഉൾപ്പെടെയുള്ള സ്ഥലത്തിന്റെ വിസ്തീർണ്ണം ഒരു സ്റ്റേഡിയം എന്നു ജൊസീഫസും 500 (222.5 മീ.) മുഴമെന്നു തല്മൂദും പറയുന്നു. 

പ്രാകാരങ്ങൾ: 1. പുറത്തെ പ്രാകാരം (Outer court): പുറത്തെ പ്രാകാരത്തിനു ചുറ്റും പൊക്കമുള്ള ചുവരും പടിഞ്ഞാറു വശത്തു അനേകം കവാടങ്ങളുമുണ്ട്. ഈ പ്രാകാരത്തെ ജാതികളുടെ പ്രാകാരം എന്നു വിളിക്കുന്നു. ചുറ്റും മണ്ഡപങ്ങളുണ്ട്. 25 മുഴം (11.13 മീ.) ഉയരമുള്ള മാർബിൾ തൂണുകളിൽ ദേവദാരുപ്പലകകൊണ്ടു തട്ടിട്ടവയാണു മണ്ഡപങ്ങൾ. ഈ പ്രാകാരം വിശുദ്ധസ്ഥലമല്ല യെഹൂദരല്ലാത്തവർക്കും അവിടെ പ്രവേശനം ഉണ്ട്. കച്ചവടം നടത്തുന്ന ഈ ഭാഗത്തെയാണു യേശു ശുദ്ധീകരിച്ചത്. (യോഹ, 2:14-17). ജാതികളുടെ പ്രാകാരത്തിനുള്ളിലാണു അകത്തെ പ്രാകാരങ്ങളും ദൈവാലയവും നിർമ്മിച്ചിട്ടുള്ളത്. പുറത്തെ പ്രാകാരത്തിൽ നിന്നു 22 അടി പൊക്കമുള്ള പീഠഭൂമിയിലാണു് അവ സ്ഥിതിചെയ്യുന്നത്. പീഠഭൂമിയിലേക്കു കയറുന്നതിനു പടികൾ ഉണ്ട്. കന്മതിലിൽ യെഹൂദരല്ലാത്തവർക്കു പ്രവേശനം നിരോധിച്ചുകൊണ്ടു ലത്തീനിലും ഗ്രീക്കിലുമുള്ള ശിലാലിഖിതങ്ങൾ ഉണ്ട്. ഇപ്രകാരമുള്ള ശിലകൾ കണ്ടെടുത്തിട്ടുണ്ട്.

2. സ്ത്രീകളുടെ പ്രാകാരം (Womens court): ഇതു അകത്തെ പ്രാകാരമാണ്. ഈ സ്ഥലം വിശുദ്ധമാകയാൽ ഉടമ്പടി ബദ്ധജനത്തിനു മാത്രമേ പ്രവേശനമുള്ളൂ. കിഴക്കെ വാതിലിലൂടെ പ്രവേശിക്കുമ്പോൾ സ്ത്രീകളുടെ പ്രാകാരത്തിൽ എത്തും. അകത്തെ പ്രാകാരം തെക്കു വടക്കായി കുറുകെയുളള ചുവർ കൊണ്ടു രണ്ടായി വിഭജിച്ചിരിക്കുന്നു. അതിന്റെ കിഴക്കുള്ള ചെറിയഭാഗമാണു സ്ത്രീകളുടെ പ്രാകാരം. 135 മുഴം സമചതുരമാണു സ്ത്രീകളുടെ പ്രാകാരം. ഇവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രവേശനം ഉണ്ട്. സ്ത്രീകൾക്കു പ്രവേശിക്കുന്നതിനു വടക്കും തെക്കും കവാടങ്ങളുണ്ട്. കിഴക്കെ കവാടത്ത തല്മൂദിൽ നിക്കാനോറിന്റെ കവാടം അഥവാ വലിയകവാടം എന്നു വിളിക്കുന്നു. 50 മുഴം (22.25 മീ.) പൊക്കവും 40 മുഴം വീതിയുമുള്ള ഈ കവാടത്തെ വിലയേറിയ ലോഹങ്ങൾ കൊണ്ടലങ്കരിച്ചു. ഇതാണ് സുന്ദരം എന്ന ദൈവാലയ ഗോപുരം. (പ്രവൃ, 3:2). ദൈവാലയത്തിൻ്റെ ചെലവുകൾക്കായി പണം വഴിപാടായി നിക്ഷേപിക്കേണ്ട 13 ഭണ്ഡാരങ്ങൾ ഇവിടെയുണ്ട്. വിധവ രണ്ടുകാശ് ഇട്ടതിവിടെയാണ്. (മർക്കൊ, 12:41-44). പടിഞ്ഞാറു ഭാഗത്തു പുരുഷന്മാർക്കു മാത്രമേ അനുവാദം ഉള്ളൂ. അതിനകത്താണു മന്ദിരം. 

3. അകത്തെ പ്രാകാരം (Inner court): ദൈവാലയത്തിനു ചുറ്റുമുള്ള പുരോഹിതന്മാരുടെ പ്രാകാരത്തിലാണു യാഗപീഠവും തൊട്ടിയും വച്ചിട്ടുള്ളത്. ഈ പ്രാകാരത്തിനു ചുറ്റുമാണു യിസ്രായേലിന്റെ പ്രാകാരം. എല്ലാ യെഹൂദ പുരുഷന്മാർക്കും അവിടെ കടന്നുചെല്ലാം. ശുശ്രൂഷ നടക്കുമ്പോൾ പ്രാർത്ഥിക്കുകയും യാഗാർപ്പണം കാണുകയും ചെയ്യാം. (ലൂക്കൊ, 1:10). അകത്തെ പ്രാകാരത്തിനു 187 മുഴം നീളവും 135 മുഴം വീതിയുമുണ്ട്. 

പുരോഹിതന്മാരുടെ പ്രാകാരത്തെക്കാൾ വളരെ ഉയരത്തിലാണു ദൈവാലയം. അതിലേക്കു കയറുന്നതിനു 12 പടികളുണ്ട്. അകത്തും പുറത്തും സ്വർണ്ണം കൊണ്ടലങ്കരിച്ച വെളുത്ത മാർബിൾ പാളികൾ കൊണ്ടാണു അടിസ്ഥാനമിട്ടത്. ചില മാർബിൾ കല്ലുകൾക്കു 45 മുഴം നീളവും 6 മുഴം വീതിയും 5 മുഴം പൊക്കവുമുണ്ട്. മന്ദിരത്തിന്റെ നീളവും പൊക്കവും മണ്ഡപം ഉൾപ്പെടെ 100 മുഴം (44.5 മീ.) ആണ്. പ്രവേശനമുറിയുടെ ഇരുവശത്തും 20 മുഴം (8.9 മീ.) വീതിയിൽ ഓരോ ചിറകുണ്ട്. അങ്ങനെ മന്ദിരത്തിന്റെ ഈ ഭാഗത്തെ വീതി 100 മുഴം (44.5 മീ.) ആണ്. 

ദൈവാലയത്തിന്റെ ഉൾഭാഗം വിശുദ്ധസ്ഥലമെന്നും അതിവിശുദ്ധസ്ഥലമെന്നും വിഭജിച്ചിട്ടുണ്ട്. വിശുദ്ധ സ്ഥലത്തിനു 40 മുഴം (17.8 മീ.) നീളവും 20 മുഴം (8.9 മീ.) വീതിയും 60 മുഴം (26.1 മീ.) ഉയരവുമുണ്ട്. അവിടെ തെക്കു ഒരു സ്വർണ്ണവിളക്കുതണ്ടും വടക്കു ഒരു കാഴ്ചയപ്പമേശയും മദ്ധ്യഭാഗത്തു ഒരു സുഗന്ധ ധൂപപീഠവും ഉണ്ട്. ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാർക്കു മാത്രമേ ഇവിടെ പ്രവേശനമുളളു. രാവിലെയും വൈകുന്നേരവും ധുപാർപ്പണത്തിനും വിളക്കുകളെ വെടിപ്പാക്കുന്നതിനും ആഴ്ചതോറും കാഴ്ചയപ്പം മാറ്റുന്നതിനും പുരോഹിതന്മാർക്കു ഇവിടെ പ്രവേശിക്കാം. അതിവിശുദ്ധ സ്ഥലത്തിനു 20 മുഴം (8.9 മീ.) നീളവും 60 മുഴം (26.7 മീ.) പൊക്കവുമുണ്ട്. അതിൻറ അകം ശൂന്യമാണ്. അതിന്റെ പ്രവേശനത്തിൽ 2 തിരശ്ശീലകൾ ഒരു മുഴം ഇടവിട്ടു ഉണ്ടായിരുന്നു എന്നു റബ്ബിമാർ പറയുന്നു. യേശുക്രിസ്തുവിന്റെ ക്രൂശീകരണസമയത്തു ചിന്തിയ തിരശ്ശീല ഇതാണ്. (മത്താ, 27:51; മർക്കൊ, 15:38; ലൂക്കൊ, 23:45). അതിവിശുദ്ധസ്ഥലം ശൂന്യമാണ്. വർഷത്തിലൊരിക്കൽ പാപപരിഹാരദിവസത്തിൽ മഹാപുരോഹിതൻ ഇവിടെ പ്രവേശിച്ചിരുന്നു. സുവിശേഷങ്ങളിലും അപ്പൊസ്തല പ്രവൃത്തികളിലും പരാമൃഷ്ടമായിട്ടുള്ള ദൈവാലയം ഇതാണ്. ആദിമ ക്രിസ്ത്യാനികൾ ആരാധനയ്ക്ക് കൂടി വന്നിരുന്നതു ഈ ദൈവാലയത്തിൽ ആയിരുന്നു. എ.ഡി. 70 ആഗസ്റ്റിൽ യെരുശലേം പട്ടണം റോമൻ സൈന്യത്തിന്റെ മുന്നിൽ താളടിയായപ്പോൾ ദൈവാലയത്തെ അഗ്നിക്കിരയാക്കി. റോമിൽ തീത്തോസിന്റെ വിജയകമാനത്തിൽ റോമൻ പടയാളികൾ കൊള്ളയായി ദൈവാലയ സാമഗ്രികൾ ചുമന്നുകൊണ്ടു പോകുന്ന ചിത്രങ്ങളുണ്ട്. 

ദൈവാലയം പുതിയനിയമത്തിൽ: ദൈവാലയത്തെ കുറിക്കുന്ന ഗ്രീക്കു പദങ്ങളാണ് ഹൈറൊൻ (ഹൈറൊസ്=വിശുദ്ധം)-ഉം നവൊസ്-ഉം. വിശുദ്ധമന്ദിരവും, പ്രാകാരങ്ങളും, ചുറ്റുമുള്ള മറ്റു നിർമ്മിതികളും ഉൾക്കൊള്ളുന്ന പ്രയോഗമാണു ഹൈറൊൻ. രുപകാർത്ഥത്തിൽ ഹൈറൊൻ പുതിയ നിയമത്തിലൊരേടത്തും പ്രയോഗിച്ചിട്ടില്ല. വിശുദ്ധമന്ദിരമാണ് നവൊസ്. മത്താരി 27:5-ലും, യോഹന്നാൻ 2:20-ലും നവാസ് ഹൈറൊൻ-ൻ്റെ പര്യായമാണ്. യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ യെഹൂദാ ഗോത്രജൻ ആയതുകൊണ്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചിട്ടില്ല. (എബ്രാ, 7:13,14; 8:4). എല്ലാവർക്കും പ്രവേശനാനുമതി ഉണ്ടായിരുന്ന പ്രാകാരങ്ങളിലൊന്നിലായിരുന്നു ക്രിസ്തു ഉപദേശിച്ചത്. 

യേശുക്രിസ്തു ദൈവാലയത്തെ അത്യന്തം മാനിച്ചു. പിതാവിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു നിമിത്തം യേശു ദൈവാലയത്തിന്റെ പ്രാകാരത്തിൽ നിന്നും കച്ചവടക്കാരെയും പൊൻവാണിഭക്കാരെയും പുറത്താക്കി ദൈവാലയം ശുദ്ധീകരിച്ചു. (യോഹ, 2:13-17). ദൈവാലയത്തിൽ ദൈവം വസിക്കുന്നു; അതിനാൽ ദൈവാലയത്തിലുളളതെല്ലാം വിശുദ്ധമാണെന്നു യേശു പഠിപ്പിച്ചു. (മത്താ, 23:16-22). വിശുദ്ധനഗരത്തിനു നേരിടാൻ പോകുന്ന ദുർവ്വിധിയോർത്തു യേശു കരഞ്ഞു. (ലൂക്കൊ, 19:41-44). ദൈവാലയത്തെക്കാൾ വലിയവനാണു് ക്രിസ്തു. (മത്താ, 12:6). യേശുക്രിസ്തുവിന്റെ വിസ്താരസമയത്തു ക്രിസ്തുവിനെതിരെ കൊണ്ടുവന്ന കുറ്റാരോപണം “ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസം കൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞതു ഞങ്ങൾ കേട്ടു” എന്നായിരുന്നു. (മർക്കൊ, 14:58).

പുതിയനിയമത്തിൽ ദൈവാലയത്തിനു പല രൂപകാർത്ഥങ്ങളുണ്ട്. ക്രിസ്തു തന്റെ ഭൗതികശരീരത്തെ മന്ദിരം (നവൊസ്) എന്നു പറഞ്ഞു. (യോഹ, 2:19,21). ക്രിസ്തുവിന്റെ മാർമ്മിക ശരീരമായ സഭയെ പൌലൊസ് അപ്പൊസ്തലൻ വിശുദ്ധമന്ദിരം എന്നു നാമകരണം ചെയ്തു. (എഫെ, 2:21). പ്രാദേശിക സഭ ദൈവത്തിന്റെ മന്ദിരമാണ്. (1കൊരി, 3:16, 17; 2കൊരി, 6:16). ഓരോ വിശ്വാസിയും ഓരോ മന്ദിരമാണ്. (1കൊരി, 6:19). വേർപാടിന്റെ നടുച്ചുവർ ഇല്ലാത്ത മന്ദിരമാണു സഭ. എല്ലാ വിശ്വാസികൾക്കും യെഹൂദനും യവനനും ഈ മന്ദിരത്തിലേക്കു പ്രവേശനമുണ്ട്. (എഫെ, 2:14; എബ്രാ, 6:19; 10:20). പഴയനിയമ ദൈവാലയത്തിന്റെയും അനുഷ്ഠാനങ്ങളുടെയും പൊരുൾ എബ്രായ ലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വർഗ്ഗീയ കൂടാരമാണു മൂലരൂപം അഥവാ മൂലമാതൃക. യെരുശലേം ദൈവാലയം അതിന്റെ ദൃഷ്ടാന്തവും നിഴലും മാത്രം. (എബ്രാ, 8:5). സ്വർഗ്ഗീയ മന്ദിരമാണ് സാക്ഷാൽ മന്ദിരം; അതത്രേ സത്യകൂടാരം. (എബ്രാ, 9:24; 8:2). അവിടെ നിത്യമഹാപുരോഹിതനായ ക്രിസ്തുവാണു ശുശൂഷകൻ. അതിലെ ആരാധനയിൽ യേശുക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട എല്ലാവരും ഭൂമിയിൽ ആയിരിക്കുമ്പോൾ തന്നെ ഭാഗഭാക്കുകളാണ്. (എബ്രാ, 10:19-22; 12:22-24). വെളിപ്പാടു പുസ്തകത്തിൽ സ്വർഗ്ഗീയ ദൈവാലയം (11:19) തുറന്നതായി കാണുന്നു. അങ്ങനെ വിശുദ്ധ മന്ദിരത്തിലുള്ളതെല്ലാം മനുഷ്യനയനങ്ങൾക്കു അനാവൃതമായി. പുതിയ യെരൂശലേമിൽ മന്ദിരം ഇല്ല. സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും ആണ് അതിന്റെ മന്ദിരം. (വെളി, 21:22). ദൈവത്തിൽ നിന്നു മനുഷ്യനെ വേർപെടുത്തുന്ന പ്രതിബന്ധങ്ങളെല്ലാം ഒന്നൊന്നായി മാറി ഒടുവിൽ “അവന്റെ ദാസന്മാർ അവന്റെ മുഖം കാണും.” (വെളി, 22:4). പുതിയ യെരൂശലേമിൽ പ്രവേശിക്കുന്നവരുടെ മഹത്വപൂർണ്ണമായ അനുഗ്രഹം ഇതത്രേ. 

ദൈവത്തിൻ്റെ വാസസ്ഥലമാണ് ദൈവാലയം. ബൈബിളിലുള്ള പറഞ്ഞിരിക്കുന്ന ദൈവാലയങ്ങൾ ചുവടെ ചേർക്കുന്നു:

1. സ്വർഗ്ഗത്തിലെ ദൈവാലയം: “അപ്പോൾ സ്വർഗ്ഗത്തിലെ ദൈവാലയം തുറന്നു, അവന്റെ നിയമപ്പെട്ടകം അവന്റെ ആലയത്തിൽ പ്രത്യക്ഷമായി; മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.” (വെളിപ്പാട് 11:19).

2. സമാഗമനകൂടാരം: “ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കേണം.” (പുറപ്പാട് 25:8).

3. ശലോമോൻ്റെ ദൈവാലയം: “ശലോമോൻ രാജാവു യഹോവെക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു.” (1രാജാക്കന്മാർ 6:2).

4. സെരൂബ്ബാബേലിൻ്റെ ദൈവാലയം: “ദാർയ്യാവേശ്‌രാജാവിന്റെ വാഴ്ചയുടെ ആറാം ആണ്ടിൽ ആദാർമാസം മൂന്നാം തിയ്യതി ഈ ആലയം പണിതു തീർന്നു.” (എസ്രാ 6:15)

5. ഹെരോദാവിൻ്റെ ദൈവാലയം: “യെഹൂദന്മാർ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു.” (യോഹന്നാൻ 2:20).

6. യേശുവിൻ്റെ ഭൗതിക ശരീരമാകുന്ന ദൈവാലയം: “യേശു അവരോടു: “ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും” എന്നു ഉത്തരം പറഞ്ഞു. …….. അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.” (യോഹന്നാൻ 2:21).

7. ക്രിസ്തുവിന്റെ മാർമ്മിക ശരീരമായ സാർവ്വത്രിക സഭയെന്ന ദൈവാലയം: “അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു.” (എഫെസ്യർ 2:21).

8. പ്രാദേശിക സഭയായ ദൈവാലയം: “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.” (1കൊരിന്ത്യർ 3:16).

9. വിശ്വാസിയാകുന്ന ദൈവാലയം: “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരിന്ത്യർ 6:19, 2കൊരിന്ത്യർ 6:16).

10. മഹോപദ്രവകാല ദൈവാലയം: “എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ” വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ.” (മത്തായി 24:15).

11. സഹസ്രാബ്ദരാജ്യ ദൈവാലയം: “മനുഷ്യപുത്രാ, യിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ചു ലജ്ജിക്കേണ്ടതിന്നു നീ ഈ ആലയം അവരെ കാണിക്ക; അവർ അതിന്റെ മാതൃക അളക്കട്ടെ.” (യേഹേസ്കേൽ 43:10).

12. പുതിയ യെരൂശലേമിലെ ദൈവാലയം: “സിംഹാസനത്തിൽ നിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.” (വെളിപ്പാടു 21:3).