ദൈവത്തിൻ്റെ വിരലുകൾ
ദൈവത്തിന് എഴുതുവാൻ കഴിയുമോ? ദൈവത്തിനു വിരലുകളുണ്ടോ? എന്തിനാണ് ദൈവം എഴുതുന്നത്? ബുദ്ധിരാക്ഷസന്മാരെന്ന് അഭിമാനിക്കുന്നവരുടെ ഇത്തരം ചോദ്യങ്ങളുടെ മുമ്പിൽ ദൈവജനംപോലും പകച്ചുനിന്നുപോകാറുണ്ട്. ലോകജനതകൾക്ക് മാതൃകാമുദ്രയാക്കുവാൻ സർവ്വശക്തനായ ദൈവം തിരഞ്ഞെടുത്ത യിസ്രായേൽമക്കൾ അനുഷ്ഠിക്കേണ്ടതും അനുസരിക്കേണ്ടതുമായ കല്പനകൾ രണ്ടു കല്പലകകളിൽ തന്റെ വിരൽ കൊണ്ടെഴുതി ആ സാക്ഷ്യപലകകൾ മോശെയുടെ കൈയിൽ കൊടുത്തു. (പുറ, 31:18, 32:16). വായ്മൊഴി കാലത്തിന്റെ കുതിച്ചോട്ടത്തിൽ വിസ്മൃതിയിൽ അലിഞ്ഞില്ലാതാകും. എന്നാൽ വരമൊഴി കാലത്തിനോ മനുഷ്യനോ മറക്കുവാനും മായിക്കുവാനും സാദ്ധ്യമല്ലാത്തതുകൊണ്ടാണ് ദൈവം തന്റെ കല്പനകൾ തൻ്റെ വിരലുകൾ കൊണ്ടെഴുതി ജനത്തിനു നൽകിയത്. അഹന്തയാൽ ദൈവത്തെ അവഹേളിച്ചുകൊണ്ട് യെരൂശലേം ദൈവാലയത്തിൽ ഉപയോഗിച്ചിരുന്ന സ്വർണ്ണവും വെള്ളിയുംകൊണ്ട് ഉണ്ടാക്കിയ പാത്രങ്ങളിൽ തന്റെ ആയിരം പ്രഭുക്കന്മാരോടും ഭാര്യമാരോടും വെപ്പാട്ടികളോടുമൊപ്പം വീഞ്ഞു കുടിച്ച് ആനന്ദിച്ചുകൊണ്ടിരുന്ന കൽദയരാജാവായ ബേൽശസ്സരിന്റെ കൊട്ടാരത്തിന്റെ ചുവരിന്മേലാണ് വീണ്ടും ദൈവത്തിന്റെ എഴുത്തു തെളിയുന്നത്. അരാമ്യഭാഷയിൽ ‘മെനേ, മെനേ, തെക്കേൽ, ഊഫർസീൻ’ എന്നായിരുന്നു അവിടെ എഴുതപ്പെട്ടത്. അത് അവന്റെമേലും ബാബിലോണിന്റെ മേലുമുള്ള ദൈവത്തിന്റെ ന്യായവിധിയായിരുന്നു. ദൈവം അവനെ തുലാസിൽ തൂക്കിനോക്കി; തുക്കത്തിൽ കുറവുള്ളവനായി കണ്ടതിനാൽ അവന്റെ രാജത്വത്തിന്റെ നാളുകൾ എണ്ണി അതിന് അന്ത്യം വരുത്തി. അവന്റെ രാജ്യം വിഭജിച്ച് മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു എന്നതായിരുന്നു ആ എഴുത്തിന്റെ അർത്ഥം. (ദാനീ, 5:25-28). ന്യായപ്രമാണത്തിന്റെ കല്പനകളും ഈ ന്യായവിധിയും എഴുതിയ ദൈവത്തിന്റെ പുത്രനും തന്റെ വിരലുകൾകൊണ്ടു നിലത്തെഴുതിയതായി തിരുവചനം സാക്ഷിക്കുന്നു. (യോഹ, 8:6,8?. ആ എഴുത്ത് പാപിനിയായ ഒരു സ്ത്രീയെ മരണത്തിൽ നിന്നു വിമോചിപ്പിച്ച, പാപിയോടുള്ള സ്നേഹത്തിന്റെ പ്രതികരണമായിരുന്നു.