ദൈവത്തിന്റെ പുസ്തകം
സർവ്വശക്തനും സർവ്വവ്യാപിയും സർവ്വജ്ഞാനിയുമായ ദൈവത്തിന് ഒരു പുസ്തകം ഉണ്ടോ? ഉണ്ടെങ്കിൽ അതെങ്ങനെ സൂക്ഷിക്കും? ഇപ്രകാരമുള്ള ചോദ്യങ്ങൾ പലപ്പോഴും ദൈവജനത്തെപ്പോലും ചിന്താക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഈ അഖിലാണ്ഡത്തെ സൃഷ്ടിച്ചത് അത്യുന്നതനായ ദൈവമാണെന്നു വിശ്വസിക്കുന്ന ഒരു ദൈവപൈതൽ തന്റെ ദൈവത്തിന് അതിനെക്കുറിച്ചൊരു പുസ്തകം സൂക്ഷിക്കുവാൻ യാതൊരു പ്രയാസവുമില്ല എന്നുകൂടി വിശ്വസിക്കണം. എന്തെന്നാൽ സർവ്വശക്തനായ ദൈവം ഒരു പുസ്തകം സൂക്ഷിക്കുന്നുവെന്ന് തിരുവചനം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. സ്വർണ്ണംകൊണ്ട് കാളക്കുട്ടിയെ വാർത്തുണ്ടാക്കിയ യിസ്രായേൽ മക്കളുടെ പാപം ക്ഷമിക്കണമേ എന്ന് ദൈവത്തോടപേക്ഷിക്കുന്ന മോശെ, ക്ഷമിക്കുവാൻ തിരുമനസ്സാകുന്നില്ലെങ്കിൽ ദൈവം എഴുതിയ ദൈവത്തിന്റെ പുസ്തകത്തിൽനിന്ന് തന്റെ പേരു മായിച്ചുകളയണമേ എന്ന് ദൈവത്തോടു പ്രാർത്ഥിക്കുന്നു. അതിനു മറുപടിയായി ദൈവം മോശെയോട്: “എന്നോടു പാപം ചെയ്തവന്റെ പേര് ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും” എന്നരുളിച്ചെയ്യുന്നു. (പുറ, 32:33). ഇതിൽനിന്ന് ദൈവത്തിന്റെ പുസ്തകത്തെക്കുറിച്ച് ആധികാരികമായി മനസ്സിലാക്കുവാൻ കഴിയുന്നു. ദൈവത്തിന്റെ പുസ്തകത്തെക്കുറിച്ച് ദാവീദിന്റെ സങ്കീർത്തനങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്: “നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ?” (56:8). “ജീവന്റെ പുസ്തകത്തിൽനിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.” (69:28). “ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.” (139:16). “യഹോവാഭക്തന്മാർക്കും അവന്റെ നാമം സ്മരിക്കുന്നവർക്കുംവേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണയുടെ പുസ്ത കം എഴുതിവച്ചിരിക്കുന്നു” (മലാ, 3:16) എന്ന പ്രവാചകന്റെ പ്രഖ്യാപനം ദൈവത്തിന്റെ പുസ്തകത്തിന്റെ സാധുത അടിവരയിട്ടുറപ്പിക്കുന്നു. ജീവന്റെ പുസ്തകം, ജീവപുസ്തകം തുടങ്ങിയ സംജ്ഞകളിൽ വെളിപാട് പുസ്തകത്തിൽ ഇതിനെക്കുറിച്ചു വിവരിച്ചിരിക്കുന്നതും നമുക്കു ദർശിക്കാം. (വെളി, 3:5, 13:8; 17:8; 20:12, 15; 21:27).