ദൈവത്തിനു പ്രയോജനമുള്ള മക്കൾ
ദൈവത്തിനുവേണ്ടി സമർപ്പിതരായി ഇറങ്ങിത്തിരിക്കുകയും ദൈവത്തിനുവേണ്ടി വൻകാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ദൈവത്തിന്റെ പ്രതിപുരുഷന്മാരുടെ മക്കൾ, തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ മറന്നു ജീവിച്ചതിന്റെ ഫലമായി ദൈവനാമം ദുഷിക്കപ്പെട്ടതും ദൈവജനത്തിന്റെ ഭാവിയെക്കുടി അതു പ്രതികൂലമായി ബാധിച്ചതും ശമൂവേലിന്റെ ഒന്നാം പുസ്തകം സാക്ഷിക്കുന്നു. ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ പുരോഹിതനായ ഏലിയുടെ പുത്രന്മാരായിരുന്നു. പക്ഷേ അവർ നീചന്മാരും യഹോവയെ ആദരിക്കാത്തവരും ആയിരുന്നു.(1ശമൂ, 2:12). ദൈവം അവരുടെ പാപത്തെക്കുറിച്ച് ഏലിയെ ബോദ്ധ്യപ്പെടുത്തിയിട്ടും തന്റെ പുത്രന്മാരെ നിയന്ത്രിക്കുവാനോ ശിക്ഷിച്ചു വളർത്തുവാനോ ഏലിക്കു കഴിഞ്ഞില്ല. അതിന്റെ പരിണതഫലം ഭയാനകമായിരുന്നു. ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ യിസായേൽമക്കൾ പരാജയപ്പെട്ടു. യുദ്ധക്കളത്തിലേക്കു കൊണ്ടുപോയ യഹോവയുടെ പെട്ടകം ഫെലിസ്ത്യർ പിടിച്ചെടുത്തു. ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു. ഈ വാർത്ത അറിഞ്ഞ 98 വയസ്സുകാരനായ ഏലി ഇരിപ്പിടത്തിൽനിന്നു വീണ് കഴുത്തൊടിഞ്ഞു മരിച്ചു. ഫീനെഹാസിന്റെ ഗർഭിണിയായ ഭാര്യ ഈ വിവരമറിഞ്ഞ് പ്രസവസമയത്തു മരണമടഞ്ഞു. അങ്ങനെ തങ്ങളുടെ ദുർമ്മാർഗ്ഗം വിട്ടുതിരിയാതിരുന്ന ഏലിയുടെ മക്കൾ നിമിത്തം ആ കുടുംബത്തോടൊപ്പം യിസ്രായേൽമക്കളും ദൈവത്തിന്റെ ശിക്ഷ അനുഭവിക്കേണ്ടതായിവന്നു. ബാല്യത്തിൽത്തന്നെ ദൈവത്തിനായി പ്രതിഷ്ഠിക്കപ്പെടുകയും പുരോഹിതനായ ഏലിയോടൊപ്പം പാർക്കുകയും ദൈവത്തിന്റെ അരുളപ്പാടുകൾ ലഭിക്കുകയും ചെയ്തിരുന്ന പ്രവാചകനും ദൈവത്തിന്റെ അഭിഷിക്തനുമായ ശമൂവേലിനും തന്റെ മക്കളെ ദൈവനാമ മഹത്ത്വത്തിനായി വളർത്തിക്കൊണ്ടുവരുവാൻ കഴിഞ്ഞിരുന്നില്ല. ശമൂവേൽ വൃദ്ധനായപ്പോൾ അവൻ തന്റെ പുത്രന്മാരായ യോവേലിനെയും അബീയാവിനെയും ന്യായാധിപന്മാരാക്കി. പക്ഷേ അവർ ദുരാഗ്രഹികളായി, ദൈവത്തെ മറന്ന് ന്യായം ത്യജിച്ചുകളഞ്ഞു. അവരുടെ ദുർമ്മാർഗ്ഗം നിമിത്തം യിസ്രായേലിലെ മൂപ്പന്മാർ ഒന്നിച്ചുകൂടി അവർക്കൊരു രാജാവിനെ വാഴിച്ചുകൊടുക്കണമെന്ന് ശമൂവേലിനെ നിർബ്ബന്ധിച്ചു. “അവർ നിന്നെയല്ല , അവരുടെ രാജാവായിരിക്കുന്നതിൽനിന്ന് എന്നെയാകുന്നു തിരസ്കരിച്ചിരിക്കുന്നത്” (1ശമൂ, 8:7) എന്നാണ് ദൈവം അവരുടെ ആവശ്യത്തെക്കുറിച്ച് പ്രതികരിച്ചത്. അതിന്റെ യഥാർത്ഥ കാരണക്കാർ ശമൂവേലിന്റെ മക്കളായിരുന്നു. നാം ദൈവജനമെന്നും ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നവരെന്നും അഭിമാനിക്കുന്നതിനു മുമ്പ് നമുക്ക് ദൈവം തന്നിരിക്കുന്ന മക്കളെ ദൈവനാമ മഹത്ത്വത്തിനായി വളർത്തുവാൻ കഴിയുന്നുണ്ടോ എന്ന് ആത്മപരിശോധന ചെയ്യണം. (വേദഭാഗം: 1ശമൂവേൽ 1:1-8:7).