ദൈവജനവും ശത്രുന്റെ കെണികളും
ദൈവജനത്തെയും ദൈവം തിരഞ്ഞെടുക്കുന്ന തന്റെ ദൗത്യവാഹകരെയും തകർക്കുവാൻ സാത്താൻ വിദഗ്ദ്ധമായി ഉപയുക്തമാക്കുന്ന ആയുധങ്ങളാണ് സമ്പത്തും സ്ഥാനമാനങ്ങളുമെന്ന് ബിലെയാമിന്റെ ദാരുണമായ അന്ത്യം ചൂണ്ടിക്കാണിക്കുന്നു. മോവാബ് രാജാവായ ബാലാക്ക് മോവാബ്യ സമഭൂമിയിൽ പാളയമടിച്ചിരുന്ന യിസ്രായേൽ മക്കളെ ശപിക്കുന്നതിനായി അരുളപ്പാടുകൾ ലഭിച്ചുകൊണ്ടിരുന്ന ബിലെയാമിന്റെ അടുക്കലേക്ക് തൻ്റെ പ്രഭുക്കന്മാരെ അയച്ചപ്പോൾ “നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കുകയും അരുത്; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു” (സംഖ്യാ, 22:12) എന്ന് യഹോവ അവനോടു കല്പിച്ചു. വീണ്ടും ബാലാക്ക് ആദ്യം അയച്ചവരെക്കാൾ ശ്രേഷ്ഠന്മാരായ പ്രഭുക്കന്മാരെ പുതിയ വാഗ്ദാനങ്ങളോടു കൂടെ അയച്ചപ്പോൾ ബിലെയാം ദൈവത്തിന്റെ വചനങ്ങൾ മറന്ന് അവരോടൊപ്പം യിസ്രായേൽമക്കളെ ശപിക്കുവാൻ പുറപ്പെട്ടു. എന്നാൽ ദൈവം, ശപിക്കുവാൻ അനുവദിക്കാതെ മൂന്നു പ്രാവശ്യം തന്റെ ജനത്തെ അനുഗ്രഹിക്കുവാൻ അവനെ നിർബന്ധിതനാക്കി. ബാലാക്കിന്റെ ധനവും സ്ഥാനമാനവും മോഹിച്ച ബിലെയാം, തനിക്കു ശപിക്കുവാൻ കഴിഞ്ഞില്ലെങ്കിലും യിസ്രായേൽമക്കൾ സ്വയം ശാപത്തിൽ വീഴുന്നതിനും അങ്ങനെ അവർ ദൈവകോപത്താൽ സംഹരിക്കപ്പെടുന്നതിനുമായി ബാലാക്കിനു നീചമായ തന്ത്രം ഉപദേശിച്ചുകൊടുത്തു. (സംഖ്യാ, 31:15,16). അങ്ങനെ മോവാബ്യ സ്ത്രീകളെക്കൊണ്ട് യിസായേൽമക്കളെ വശീകരിച്ചു വ്യഭിചാരം ചെയ്യിക്കുവാനും അവരുടെ ദേവന്മാരുടെ മുമ്പിൽ നമസ്കരിപ്പിക്കുവാനും ബാലാക്കിനു കഴിഞ്ഞു. ബിലെയാമിന്റെ തന്ത്രത്താൽ ശാപഗ്രസ്തരായ 24,000 പേരെ ദൈവം സംഹരിച്ചു. തുടർന്ന് യിസ്രായേൽ മക്കൾ മോവാബ്യരെ ആക്രമിച്ചപ്പോൾ ബിലെയാം അതിദാരുണമായി വാളാൽ കൊല്ലപ്പെട്ടു. (സംഖ്യാ, 31:8). ദൈവത്താൽ തിരഞ്ഞെടുക്കപ്പെടുന്നവർ ദൈവത്തെ അനുസരിക്കുന്നു എന്ന ഭാവേന സ്വാർത്ഥലാഭങ്ങൾക്കും സ്ഥാനമാനങ്ങൾക്കുമായുള്ള പരക്കംപാച്ചിലിൽ വക്രതനിറഞ്ഞ സ്വന്തം ന്യായീകരണങ്ങളിലൂടെ ദൈവഹിതം മറന്നു പ്രവർത്തിക്കുമ്പോൾ സർവശക്തനായ ദൈവം കഠിനമായി ശിക്ഷിക്കുമെന്ന് ബിലെയാമിന്റെ ദാരുണമായ അന്തം വെളിപ്പെടുത്തുന്നു (സംഖ്യാ, 31:8). പുതിയനിയമത്തിൽ ‘ബിലെയാമിൻ്റെ വഞ്ചന’ (യൂദാ, 11), ‘ബിലെയാമിൻ്റെ വഴി’ (2പത്രൊ,2:15), ‘ബിലെയാമിൻ്റെ ഉപദേശം’ (വെളി, 2:14) എന്നിവയ്ക്കെതിരെയുള്ള ശക്തമായ താക്കീത് നല്കിയിട്ടുണ്ട്. (വേദഭാഗം: സംഖ്യാപുസ്തകം 22:1-24-25; 31:8-16).