ദൈവം നരബലി ഇച്ഛിക്കുന്നുവോ?
അബ്രാഹാമിനു ദൈവത്തോടുള്ള പരമ വിശ്വസ്തതയെ പരീക്ഷിക്കുവാനായി തന്റെ ഏകജാതനായ പുത്രനെ ബലിയർപ്പിക്കുവാൻ ആബാഹാമിനോടു ദൈവം ആവശ്യപ്പെട്ടു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആദ്യ കാലത്ത് യിസ്രായേൽമക്കളുടെ ഇടയിൽ നരബലി നടന്നിരുന്നു എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ അതിനു തെളിവുകളൊന്നുമില്ല. അബ്രാഹാമിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരിക്ഷണമായിരുന്നു വാഗ്ദത്തസന്തതിയായ യിസ്ഹാക്കിനെ യാഗം കഴിക്കുവാൻ ദൈവം ആവശ്യപ്പെട്ടത്. യിസ്ഹാക്കിന് അപ്പോൾ 25 വയസ്സ് പ്രായമായിരുന്നുവെന്നു ജൊസീഫസ് പറയുന്നു. മോരിയാമലയിൽ കൊണ്ടുപോയി (ഈ മലയിലാണു പില്ക്കാലത്തു ദൈവാലയം പണിതത്) യാഗം കഴിക്കുവാനായിരുന്നു കല്പന. അബ്രാഹാം മടിച്ചില്ല. പിറ്റേദിവസം പ്രഭാതത്തിൽ തന്നെ രണ്ടുബാല്യക്കാരോടൊപ്പം യാത്രയായി. മൂന്നാമത്തെ ദിവസം അബ്രാഹാം നോക്കി ദൂരത്തുനിന്ന് ആ സ്ഥലം കണ്ടു. ഞാനും ബാലനും അവിടത്തോളം ചെന്ന് ആരാധന കഴിച്ച് മടങ്ങിവരാം എന്നു പറഞ്ഞ് ബാല്യക്കാരെ അവിടെ വിട്ടിട്ട് അബ്രാഹാം മകനുമായി നടന്നു. ഹോമയാഗത്തിന് ആട്ടിൻകുട്ടി എവിടെ എന്ന യിസ്ഹാക്കിന്റെ ചോദ്യത്തിന് ദൈവം നോക്കിക്കൊള്ളും എന്ന് അബ്രാഹാം പറഞ്ഞു. നിർദ്ദിഷ്ടസ്ഥാനത്തെത്തി അബ്രാഹാം യാഗപീഠം പണിതു യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ കിടത്തി. മകനെ അറുക്കേണ്ടതിന് കത്തി എടുത്തപ്പോൾ യഹോവയുടെ ദൂതൻ തടഞ്ഞു. കുറ്റിക്കാട്ടിൽ കെട്ടുപിണഞ്ഞു കിടന്ന ആട്ടുകൊറ്റനെ പിടിച്ച് യിസ്ഹാക്കിനു പകരം യാഗം കഴിച്ചു. അനന്തരം അബ്രാഹാം മടങ്ങിവന്ന് ബേർ-ശേബയിൽ പാർത്തു. (ഉല്പ, 22:1-19). തന്റെ വിശ്വാസം അനുസരണത്തിലൂടെ പ്രകടമാക്കിയപ്പോൾ തന്റെ ദൈവത്തിന്റെ പ്രകൃതി വ്യത്യസ്തമാണെന്നു അബ്രാഹാം മനസ്സിലാക്കുകയും ചെയ്തു.
ആദ്യജാതനെ ബലികഴിച്ചു ഉദ്ദേശിച്ച ഫലം ഉളവാക്കാമെന്ന വിശ്വാസം കനാനിലെ ജനങ്ങൾക്കുണ്ടായിരുന്നു. കഷ്ടതയുടെയും, പോംവഴിയില്ലായ്മയുടെയും സമയത്തു തങ്ങളുടെ ഏറ്റവും നല്ലതും പ്രിയപ്പെട്ടതുമായതിനെ മനുഷ്യർ ദൈവത്തിനർപ്പിക്കും. “എന്റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിനുവേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ?” (മീഖാ, 6:7). ആഹാസ് രാജാവ് സ്വന്തം പുത്രനെ അഗ്നിപ്രവേശം ചെയ്യിപ്പിച്ചു. (2രാജാ, 16:3). “തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ഇട്ടു ദഹിപ്പിക്കേണ്ടതിനു അവൻ ബെൻ-ഹിന്നോം താഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാൻ കല്പിച്ചതല്ല; എന്റെ മനസ്സിൽ തോന്നിയതുമല്ല.” (യിരെ, 7:31). പട അതികഠിനമെന്നു കണ്ടപ്പോൾ മോവാബ് രാജാവ് തന്റെ ആദ്യജാതനെ പിടിച്ചു മതിലിന്മേൽ ദഹനയാഗം കഴിച്ചു. (2രാജാ, 3:26,27). യിസ്രായേല്യർ നരബലി നടത്തിയിരുന്നു എന്നോ യഹോവ അതിനെ അനുവദിച്ചിരുന്നു എന്നോ ബൈബിൾ പറയുന്നില്ല. പ്രവാചകനായ മീഖായിലുടെ ദൈവം പറയുന്നതും ശ്രദ്ധിക്കുക: “എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്നു, അത്യുന്നതനായ ദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു? ഞാൻ ഹോമയാഗങ്ങളോടും ഒരു – വയസ്സുപ്രായമുള്ള കാളക്കിടാങ്ങളോടും കൂടെ അവന്റെ സന്നിധിയിൽ ചെല്ലേണമോ? ആയിരം ആയിരം ആട്ടു കൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിനു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ? മനുഷ്യാ നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതത്പരനായിരിക്കാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” (മീഖാ, 6:6-8).