ദാവീദ്

ദാവീദ് (David)

പേരിനർത്ഥം — പ്രിയപ്പെട്ടവൻ

പേര്: ഇടയൻ, യോദ്ധാവ്, സംഗീതജ്ഞൻ, വിശ്വസ്ത സുഹൃത്ത്, സാമ്രാജ്യസ്ഥാപകൻ, പാപി, പരിശുദ്ധൻ, പരാജിതനായ പിതാവ്, മാതൃകാ രാജാവ് എന്നിങ്ങനെ വിവിധ നിലകളിൽ പ്രകാശിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ദാവീദ്. ദാവീദ് എന്ന പേരിന്റെ ധാതുവും അർത്ഥവും അവ്യക്തമാണ്. പ്രിയപ്പെട്ടവൻ, നായകൻ എന്നീ അർത്ഥങ്ങൾ പറയപ്പെടുന്നു. യിശ്ശായിയുടെ ഏറ്റവും ഇളയമകനും യിസ്രായേലിന്റെ രണ്ടാമത്തെ രാജാവുമാണ്. പഴയനിയമത്തിൽ എണ്ണൂറോളം പ്രാവശ്യം ദാവീദിന്റെ പേർ പറയപെടുന്നുണ്ട്. യേശുക്രിസ്തുവിന്റെ പേർ പോലെ തന്നെ ബൈബിളിൽ മററാരും ദാവീദ് എന്ന പേരിൽ അറിയപ്പെടുന്നില്ല. പുതിയ നിയമത്തിൽ ദാവീദിനെക്കുറിച്ചുള്ള 58 പരാമർശങ്ങൾ ഉണ്ട്. യേശുക്രിസ്തുവിന് നല്കിയിട്ടുള്ള ദാവീദു പുത്രൻ എന്ന സ്ഥാനപ്പേരും ഇതിലുൾപ്പെടും. ജഡപ്രകാരം യേശു ദാവീദിന്റെ സന്തതിയാണ്. (റോമ, 1:5). വെളിപ്പാടു പുസ്തകത്തിൽ ‘ഞാൻ ദാവീദിന്റെ വേരും വംശവും’ (22:16) എന്ന് ക്രിസ്തു സ്വയം പരിചയപ്പെടുത്തുന്നു. മത്തായി സുവിശേഷത്തിൽ അബ്രാഹാം മുതൽ ക്രിസ്തു വരെയുളള തലമുറകളെ 14 വീതം വിഭജിച്ചാണ് കൊടുത്തിട്ടുളളത്. (മത്താ, 1:17). അക്ഷര സംഖ്യാകലനം അനുസരിച്ചു പതിനാല് ദാവീദിന്റെ സംഖ്യയാണ്. ദാലത്ത്=4; വൌ=6; ദാലത്ത്=4; ദാവീദ്=14. ദാവീദിന്റെ ചരിത്രം 1ശമൂവേൽ 16-ാം അദ്ധ്യായം മുതൽ 1രാജാക്കന്മാ 2-ാം അദ്ധ്യായം വരെയും, 1ദിനവൃത്താന്തം 10 മുതൽ 29 വരെയും ആഖ്യാനം ചെയ്തിട്ടുണ്ട്. 

ശൗലിനോടുള്ള ബന്ധം: ദാവീദ് കിന്നരവായനയിൽ നിപുണനും (1ശമൂ 16 : 18 ) ശൂരനുമായിരുന്നു. പിതാവിന്റെ ആടുകളെ ആക്രമിക്കുവാൻ വന്ന കരടിയെയും സിംഹത്തെയും കൊന്നു. (1ശമൂ, 17:34-36). യോസേഫിനെപ്പോലെ സഹോദരന്മാരുടെ അസൂയയ്ക്ക് ദാവീദ് പാത്രമായി. ദൈവം നല്കിയ താലന്തുകളായിരിക്കണം ഈ അസൂയക്കു കാരണം. (1ശമൂ, 18:28). ദൈവത്തെ അനുസരിക്കാത്തതു കൊണ്ട് ദൈവം ശൗലിനെ ഉപേക്ഷിക്കുയും ദൈവാത്മാവു ശൗലിനെ വിട്ടു പോകുകയും ചെയ്തു. വിഷാദരോഗ ബാധിതനായിത്തീർന്ന ശൗൽ ഉന്മാദത്തിന്റെ വക്കോളമെത്തി. അടുത്ത രാജാവാകുവാൻ ദൈവം നിയമിച്ചു കഴിഞ്ഞ ദാവീദ് രാജാവിനെ ശുശ്രൂഷിച്ചു. ദാവീദ് ശൗലിന്റെ ആയുധവാഹകനായിത്തീർന്നു. (1ശമൂ, 16:17-21). ശൗലിനു ദുരാത്മാവു വരുമ്പോൾ ദാവീദ് കിന്നരം വായിക്കുമായിരുന്നു. ശൗലിന്റെ സ്ഥിതി ഭേദപ്പെടുമ്പോൾ ദാവീദ് മടങ്ങി യെരുശലേമിലേക്കു ചെന്ന് പിതാവിൻറ ആടുകളെ മേച്ചു. ദാവീദിന്റെ സഹോദരന്മാർ ശൗലിന്റെ സൈന്യത്തിൽ ഫെലിസ്ത്യർക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നു. ഫെലിസ്ത്യമല്ലനായ ഗൊല്യാത്തിന്റെ വെല്ലുവിളിയിൽ ശൗലിന്റെ സൈന്യത്തിനു നേരിട്ട ഭീരുത്വം ദാവീദിന് ലജ്ജാകരമായി അനുഭവപ്പെട്ടു. ഗൊല്യാത്തിനെ കൊല്ലുന്നവന് ശൗൽ തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും അവന്റെ പിതൃഭവനത്തെ കരമൊഴിവാക്കുകയും ചെയ്യും എന്നു വാഗ്ദാനം ചെയ്തു. ഒരിടയൻ്റെ ആയുധമായ കല്ലും കവിണയും ഉപയോഗിച്ച് ദാവീദ് ഗൊല്യാത്തിനെ കൊന്നു യിസായേലിലെങ്ങും പ്രസിദ്ധനായി. ഗൊല്യാത്തിനെ കൊന്നു മടങ്ങി വന്നപ്പോൾ: “ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്ത” എന്ന ഗാനപതിഗാനം പാടിയാണ് സ്ത്രീകൾ അവരെ എതിരേറ്റത്. അന്നുമുതൽ ശൗലിനു ദാവീദിനോടു കണ്ണുകടി തുടങ്ങി. (1ശമൂ, 18:9). ഏതു വിധേനയും ദാവീദിനെ നശിപ്പിക്കണമെന്നു നിശ്ചയിച്ച ശൗൽ മീഖളിനു സ്ത്രീധനമായി നൂറു ഫെലിസ്ത്യരുടെ അഗ്രചർമ്മം ആവശ്യപ്പെട്ടു. ദാവീദും അവൻ്റെ ആളുകളും ചെന്നു 200 ഫെലിസ്ത്യരെ കൊന്ന് അവരുടെ അഗ്രചർമ്മം ശൗലിന്റെ അടുക്കൽ എത്തിച്ചു. ശൗൽ തന്റെ മകളായ മീഖളിനെ ദാവീദിനു ഭാര്യയായി കൊടുത്തു. മീഖൾ ദാവീദിനെ വളരെയധികം സ്നേഹിച്ചു. ശൗൽ ദാവീദിനെ അധികം ഭയപ്പെട്ടു ദാവീദിന്റെ നിത്യശ്രതുവായി തീർന്നു. (1ശമൂ, 18:29).

ഓടിപ്പോക്ക്: തുടർന്നുള്ള വർഷങ്ങളിൽ സ്വന്തം ജീവൻ രക്ഷിക്കുവാൻ വേണ്ടി ശൗലിന്റെ ക്രോധത്തിൽ നിന്നു ഒളിച്ചോടേണ്ട സ്ഥിതിയാണ് ദാവീദിനുണ്ടായത്. ശൗൽ തന്റെ മകളായ മീഖളിനെ മറെറാരാൾക്കു വിവാഹം ചെയ്തുകൊടുത്തു. ശൗലിന്റെ മരണ ശേഷമാണ് ദാവീദിനു അവളെ മടക്കിക്കിട്ടിയത്. തൻ്റെ പ്രേഷ്ഠസ്നേഹിതനായ യോനാഥാനെ രഹസ്യമായി മാത്രമാണു് ദാവീദ് കണ്ടിരുന്നത്. ശൗലിന്റെ രണ്ടു മക്കളായ യോനാഥാനും മീഖളുമാണ് സ്വന്തം പിതാവിനെതിരെ ദാവീദിനെ സഹായിച്ചത്. നിഷ്ഠൂരനായ ശൗലിൽ നിന്നും ജീവൻ രക്ഷിക്കുവാൻ വേണ്ടി ദാവീദ് വിവിധസ്ഥാനങ്ങളിൽ ഓടിയൊളിച്ചു. രാമായിലും നോബിലും പോയി. ഒടുവിൽ ഗത്ത് രാജാവായ ആഖീശിന്റെ അടുക്കൽ അഭയം പ്രാപിച്ചു. ഗൊല്യാത്തിന്റെ ഘാതകനായതുകൊണ്ടു ഫെലിസ്ത്യരുടെ കയ്യാൽ മരിക്കാതെ ബുദ്ധിഭ്രമം നടിച്ച് ദാവീദ് അവിടെ നിന്ന് രക്ഷപ്പെട്ടു. (1ശമൂ, 21:10-15). നിയമഭ്രഷ്ടനായ ദാവീദ് അദുല്ലാംഗുഹ കേന്ദ്രമാക്കി നാനൂറുപേരുള്ള ഒരു കൂട്ടത്തെ സംഘടിപ്പിച്ചു. (1ശമൂ, 22:1,2). ഇവർ യിസായേല്യരുടെ കന്നുകാലികളെയും കൃഷികളെയും കൊള്ളക്കാരിൽ നിന്നും ആക്രമണകാരികളിൽ നിന്നും രക്ഷിക്കുകയും അവരുടെ ഔദാര്യത്തിൻമേൽ ജീവിക്കുകയും ചെയ്തു വന്നു. ദാവീദിന് എന്തെങ്കിലും സഹായം നല്കുവാൻ വിസമ്മതിച്ച നാബാലിൻ്റെ ചരിത്രം സുവിദിതമാണ്. ഭാര്യയായ അബീഗയിൽ നാബാലിനുവേണ്ടി ദാവീദിനോടു ക്ഷമായാചനം ചെയ്യുകയും ദാവീദിന്റെ ആൾക്കാർക്ക് വേണ്ടുവോളം ഭക്ഷണം നല്കുകയും ചെയ്തു. കാര്യഗൗരവം കേട്ടപ്പോൾ നാബാൽ നിർജ്ജീവനായി. നാബാലിന്റെ മരണശേഷം അബീഗയിൽ ദാവീദിന്റെ ഭാര്യമാരിൽ ഒരുവളായി. രണ്ടു പ്രാവശ്യം ശൗലിനെ ദാവീദ് നശിപ്പിക്കാതെ വിട്ടു. (1ശമൂ, 24,26 അ). അലഞ്ഞു തിരിഞ്ഞുള്ള ജീവിതം ദാവീദിനു മടുത്തു. ശൗലിന്റെ വൈരം അടങ്ങാത്ത നിലയിലുമാണ്. ഈ അവസ്ഥയിൽ 600 വീരന്മാരുമായി ദാവീദ് ഗത്തിലെ ഫെലിസ്ത്യ രാജാവായ ആഖീശിന്റെ അടുക്കലെത്തി. (1ശമൂ, 27:3,4). അതിർത്തി നഗരമായ സീക്ലാഗ് ആഖീശ് ദാവീദിനു നല്കി. ദാവീദ് സീക്ലാഗിന് അകലെയായിരുന്നപ്പോൾ അമാലേക്യർ പട്ടണം തീക്കിരയാക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും പിടിച്ചുകൊണ്ടു പോയി. ദാവീദ് അമാലേക്യരെ തോല്പിച്ച് ധാരാളം കൊള്ള പിടിച്ചെടുത്തു. ഫെലിസ്ത്യർ ശൗലിനെതിരെ യുദ്ധത്തിനു പുറപ്പെട്ടപ്പോൾ ദാവീദ് കുടെ ചെല്ലാൻ ഒരുങ്ങി. ദാവീദിന്റെ വിശ്വസ്തതയിൽ സംശയാലുക്കളായ ഫെലിസ്ത്യ പ്രഭുക്കന്മാർ വിസമ്മതിച്ചതു കൊണ്ട് ദാവീദ് മടങ്ങി. ഗിൽബോവ യുദ്ധത്തിൽ ശൗലും യോനാഥാനും മരിച്ചു (ബി.സി. 1010). അതിൻ്റെ പേരിൽ ദാവീദ് പാടിയ വിലാപം ഏറ്റവും നല്ല വിലാപകാവ്യങ്ങളിൽ ഒന്നാണ്. (2ശമൂ, 1:19-27). 

ഹെബ്രോനിലെ വാഴ്ച: ശൗൽ രാജാവിന്റെ മരണശേഷം ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടു. ദൈവഹിതം ആരാഞ്ഞശേഷം ദാവീദ് യെഹൂദയിലേക്കു മടങ്ങി. യെരുശലേമിന് 30 കി.മീറ്റർ തെക്കു പടിഞ്ഞാറുള്ള ഹെബ്രോനിൽ വാസം തുടങ്ങി. യെഹൂദാഗൃഹത്തിനു രാജാവായി അഭിഷേകം ചെയ്യപ്പെട്ട ദാവീദ് ഏഴരവർഷം ഹെബ്രോനിൽ ഭരിച്ചു. (2ശമൂ, 2:1-11). ഈ കാലയളവിൽ ആദ്യത്തെ രണ്ടുവർഷം ദാവീദിന്റെ ആളുകളും ശൗലിന്റെ ആളുകളും തമ്മിൽ ആഭ്യന്തരയുദ്ധം നടന്നു. ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനെ (ബി.സി. 1005) മഹനയീമിൽ രാജാവായി വാഴിച്ചു. ഈശ്-ബോശെത്ത് വെറും പാവയായിരുന്നു. അയാളെ രാജാവാക്കിയത് ശൗലിന്റെ സേനാപതിയായ അബ്നേർ ആയിരുന്നു. ഈശ്-ബോശെത്തും അബ്നേരും കൊല്ലപ്പെട്ടതോടുകൂടി എതിർപ്പുകൾ ഒഴിയുകയും ദാവീദ് യിസ്രായേലിനു മുഴുവൻ രാജാവായി ഹെബ്രാനിൽ വച്ച് അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. (2ശമൂ, 2:8-5:5). യെബൂസ്യരുടെ കയ്യിൽ നിന്ന് യെരൂശലേം പിടിച്ചെടുത്ത് തലസ്ഥാനം യെരുശലേമിലേക്കു മാററി. 

ആക്രമണങ്ങൾ: ദാവീദ് യെരുശലേമിൽ 33 വർഷം ഭരിച്ചു. ദാവീദിന്റെ കീഴിൽ ഒന്നായിത്തീർന്ന യിസ്രായൽ സമീപരാജ്യങ്ങൾക്കു പേടിസ്വപ്നമായി മാറി. ദാവീദിന്റെ കയ്യിൽനിന്നും നിർണ്ണായകമായ പരാജയം എവവാങ്ങിയ ഫെലിസ്ത്യർ ഭയചകിതരായി. ഫെലിസ്ത്യർ, കനാന്യർ, മോവാബ്യർ, അമ്മോന്യർ, അരാമ്യർ, ഏദോമ്യർ, അമാലേക്യർ എന്നിങ്ങനെ ശത്രുക്കളെയെല്ലാം ദാവീദ് വിധേയപ്പെടുത്തി. (2ശമൂ, 8:10; 12:26-31). മിസ്രയീമും മെസൊപ്പൊട്ടേമിയയും ദുർബലമായിരുന്നു. തന്റെ പുത്രനായ ശലോമോനു ഭരിക്കുവാൻ വിശാലമായ ഒരു സാമ്രാജ്യമാണ് ദാവീദ് നേടിയത്. ഈ സാമ്രാജ്യം തെക്ക് എസ്യോൻ-ഗേ ബെർ മുതൽ വടക്ക് ഹമ്മാത്തു വരെ വ്യാപിച്ചിരുന്നു. 

ഭരണസംവിധാനം: ദാവീദിന്റെ ഭരണനൈപുണ്യം പരാക്രമം പോലെതന്നെ പ്രശംസനീയമാണ്. ഭരണത്തിന് ഫലപ്രദമായ സംവിധാനം ഉണ്ടാക്കി. ഭാഗികമായി ഈജിപ്ഷ്യൻ മാതൃകയിലാണ് കാര്യാലയങ്ങൾ സംവിധാനം ചെയ്തത്. രാജകീയ കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്ന രായസക്കാരനും (മസ്കീർ) ശാസ്ത്രിയും (സോഫൈർ)  ആയിരുന്നു രാജ്യത്തിലെ പ്രധാന ഉദ്യോഗസ്ഥന്മാർ. സെരായാ രായസക്കാരനും യെഹോശാഫാത് മന്ത്രിയും ആയിരുന്നു. മുപ്പതു വീരന്മാരുടെ ഒരു കൗൺസിലുണ്ടായിരുന്നു. (1ദിന, 27:6). സൈന്യത്തെ പ്രയോജനകരമായി രീതിയിൽ സംഘടിപ്പിച്ചു. യോവാബ് ആയിരുന്നു സേനാപതി. (2ശമൂ, 8:16). ക്രേത്യരും പ്ലേത്യരും അടങ്ങുന്ന ഒരു പ്രത്യേക അംഗരക്ഷക സേനയും അദ്ദേഹം ക്രമീകരിച്ചു. ബെനായാവ് ആയിരുന്നു അവർക്കധിപതി. (2ശമൂ, 8:18). അദോരാം ഊഴിയവേലക്കാർക്കു മേൽവിചാരകനായിരുന്നു. സാദോക്കും അബ്യാഥാരും ആയിരുന്നു പുരോഹിതന്മാർ. (2ശമൂ, 20:25,26). രാജാവിന്റെ സ്വകാര്യ പുരോഹിതനായിരുന്നു ഈര. കൊട്ടാരവുമായി ബന്ധം പുലർത്തിയിരുന്ന പ്രവാചകന്മാരാണ് നാഥാനും ഗാദും. 

ലേവ്യപട്ടണങ്ങളെ പ്രത്യേകം നിലനിർത്തി. സങ്കേത പട്ടണങ്ങളും ഇവയിലുൾപ്പെട്ടിരുന്നു. അന്യായമായി കുറ്റാരോപണം ചെയ്യപ്പെടുന്നവന് സങ്കേതസ്ഥാനമായിട്ടാണ് സങ്കേതപട്ടണങ്ങൾ ഏർപ്പെടുത്തിയത്. ആറു സങ്കേത പട്ടണങ്ങളും നാല്പത്തെട്ടു ലേവ്യപട്ടണങ്ങളും ദാവീദിന്റെ രാഷ്ട്ര പുനഃസംഘടനയിൽ ഉൾപ്പെട്ടിരുന്നു. വളരെ വിനാശകരമായ ഗോത്രസംഘർഷങ്ങൾക്ക് ഇത് അയവു വരുത്തി. സങ്കേത പട്ടണങ്ങൾ രക്തരൂഷിതമായ മത്സരങ്ങളൊഴിവാക്കി. യോർദ്ദാൻ നദിക്ക് ഇക്കരെയും അക്കരെയും മുമ്മൂന്നു വീതമായിരുന്നു സങ്കേത നഗരങ്ങൾ. 

ദാവീദിന്റെ ഭരണത്തിൽ എടുത്തുപറയാവുന്ന മറെറാരു സവിശേഷത യെരൂശലേമിനെ ഒരു മതകേന്ദ്രമായി മാറ്റിയതാണ്. കിര്യത്ത്-യെയാരീമിൽ നിന്നും യഹോവയുടെ പെട്ടകത്തെ ദാവീദ് യെരൂശലേമിലേക്കു മാററി. പെട്ടകം കൊണ്ടുവരാനുളള ആദ്യശ്രമം പരാജയപ്പെട്ടു. പെട്ടകം മാറ്റുന്നതിനു മോശെ നല്കിയിരുന്ന ചട്ടങ്ങൾ അനുസരിക്കാത്തതായിരുന്നു കാരണം. (2ശമൂ, 6:11-15; 1ദിന, 15:13; സംഖ്യാ, 4:5,15,19). യഹോവയുടെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കൊണ്ടുവന്നത് ഉസ്സയുടെ മരണത്തിനു കാരണമായി. നാലുമാസത്തിനു ശേഷം ദാവീദ് ആഘോഷങ്ങളോടുകൂടി പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നു. (2ശമൂ, 6:12-15). ആ സമയം ഏഫോദു ധരിച്ചുകൊണ്ടു് ദാവീദ് നൃത്തം ചെയ്തു. മോശെ നിർമ്മിച്ച സമാഗമന കൂടാരത്തിന്റെ മാതൃക അനുസരിച്ചുതന്നെയാണു ദാവീദ് കുടാരം നിർമ്മിച്ചത്. മന്ദിരത്തിലെ സംഗീത ശുശ്രുഷയെ ദാവീദ് ചിട്ടപ്പെടുത്തി. ദൈവാലയ സംഗീതത്തിന്റെ സംവിധായകനും യെഹൂദസംഗീതത്തിന്റെ രക്ഷകർത്താവും ദാവീദായിരുന്നു. ദേവദാരുകൊണ്ട് നിർമ്മിച്ച തന്റെ കൊട്ടാരവും തിരശ്ശീലയ്ക്കകത്തിരുന്ന ദൈവത്തിന്റെ പെട്ടകവും തമ്മിൽ താരതമ്യപ്പെടുത്തിയശേഷം പെട്ടകത്തിനുവേണ്ടി ദൈവാലയം നിർമ്മിക്കുവാൻ ദാവീദ് ആഗ്രഹിച്ചു. ഈ ആഗ്രഹം നാഥാൻ പ്രവാചകനെ അറിയിച്ചപ്പോൾ ദൈവത്തോട് ആലോചന ചോദിക്കാതെ തന്നെ പ്രവാചകൻ “നീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തു കൊൾക; യഹോവ നിന്നോടു കൂടെ ഉണ്ട് എന്നു പറഞ്ഞു.” (2ശമൂ, 7:3). അന്നുരാത്രി നാഥാൻ പ്രവാചകനു യഹോവയുടെ അരുളപ്പാടു ലഭിച്ചു. ദാവീദ് തനിക്ക് ആലയം പണിയണ്ടെന്നും അവന്റെ പുത്രനായ ശലോമോൻ ദൈവാലയം പണിയുമെന്നും ദൈവം അറിയിച്ചു. എന്നാൽ ദാവീദിന്റെ ഗൃഹത്തെ ഉറപ്പിക്കും എന്ന വാഗ്ദത്തം യഹോവ നല്കി. അനന്തരം ദൈവാലയം പണിയുവാനാവശ്യമായ സാമഗ്രികൾ ദാവീദ് സംഭരിച്ചു.  

മെഫീബോശത്ത്: യെരുശലേമിൽ ഉറച്ചുകഴിഞ്ഞപ്പോൾ താൻ യഹോവയുടെ ദയ കാണിക്കേണ്ടതിനു ശൗലിന്റെ സന്തതികളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നു ദാവീദ് അന്വേഷിച്ചു. ശൌലിൻറ ഭൃത്യനായ സീബാ യോനാഥാന്റെ പുത്രനായ മെഫീബോശത്തിനെക്കുറിച്ചു പറഞ്ഞു. രണ്ടുകാലും മുടന്തനായിരുന്ന മെഫീബോശെത്തിനെ ദാവീദു വരുത്തി ശൌലിന്റെ കുടുംബാവകാശം മുഴുവൻ അവനു നല്കി. (ബി.സി. 995). മെഫീബോശത്ത് യെരുശലേമിൽ പാർത്തു രാജാവിന്റെ മേശയിൽ ഭക്ഷിച്ചു പോന്നു. (2ശമൂ, 9:1-13). 

ക്ഷാമം: ഈ കാലത്ത് യിസ്രായേലിൽ മൂന്നു വർഷം കഠിനക്ഷാമം ഉണ്ടായി. ക്ഷാമകാരണം ദൈവത്തോടു ചോദിച്ചപ്പോൾ ശൗൽ ഗിബെയോന്യരെ കൊന്നതാണെന്നു മറുപടി ലഭിച്ചു. അതിനു താൻ എന്തു പ്രതിശാന്തി ചെയ്യണമെന്നു ദാവീദ് ഗിബെയോന്യരോടു ചോദിച്ചു. അവർ ശൗലിന്റെ മക്കളിൽ ഏഴുപേരെ ആവശ്യപ്പെട്ടു. ശൗലിന്റെ വെപ്പാട്ടിയായ രിസ്പാ ശൗലിനു പ്രസവിച്ച രണ്ടു പുത്രന്മാരെയും ശൗലിന്റെ മകളായ മീഖൾ അദ്രീയേലിനു പ്രസവിച്ച അഞ്ചു പുത്രന്മാരെയും ദാവീദ് ഗിബെയോന്യർക്കേല്പിച്ചു കൊടുത്തു. ഗിബെയോന്യർ അവരെ കൊന്നു തൂക്കിക്കളഞ്ഞു. രിസ്പാ ചാക്കുശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്ത്തുകാലത്തിന്റെ ആരംഭം മുതൽ ആകാശത്തു നിന്നു മഴപെയ്തതു വരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടാൻ സമ്മതിക്കാതെ കാത്തു സൂക്ഷിച്ചു. ഇതറിഞ്ഞ ദാവീദ് അവരുടെ അസ്ഥികളെയും ശൗലിന്റെയും യോനാഥാന്റെയും അസ്ഥികളെയും യാബേശിൽനിന്നു വരുത്തി ബെന്യാമീൻ ദേശത്തു സേലയിലെ കുടുംബകല്ലറയിൽ അടക്കി. ഈ കാലത്തായിരിക്കണം യോനാഥാനോടുള്ള തന്റെ ഉടമ്പടി നിറവേറ്റുന്നതിനാ മെഫീബോശെത്തിനെ കൊട്ടാരത്തിലേക്കു വരുത്തിയത്. (2ശമൂ, 21:1-14). 

ബത്ത്-ശേബ: ഭൗതിക സമൃദ്ധിയുടെയും ആദ്ധ്യാത്മിക തീക്ഷ്ണതയുടെയും കാലത്താണ് ദാവീദ് ഏറ്റവും ഹീനമായ പാപത്തിൽ വീണത്. ഒരു ദിവസം സന്ധ്യയാകാറായ സമയത്ത് ദാവീദ് മാളികയിൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ അതിസുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. അന്വേഷണത്തിൽ അവൾ ഏലീയാമിന്റെ മകളും ഹിത്യനായ ഊരീയാവിൻ്റെ ഭാര്യയുമായ ബത്ത്-ശേബ എന്നറിഞ്ഞു. മറ്റൊരുവന്റെ ഭാര്യയാണെന്നു അറിഞ്ഞു കൊണ്ടുതന്നെ ദാവീദ് ബത്ത്-ശേബയെ വരുത്തി അവളുമായി ലൈംഗികബന്ധം പുലർത്തി. അവൾ ഗർഭിണിയായെന്നറിഞ്ഞ ദാവീദ് ഊരീയാവിനെ തന്ത്രപൂർവ്വം പടയുടെ മുന്നിൽ നിറുത്തി കൊല്ലിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഊരീയാവു പടയിൽ പട്ടു എന്നറിഞ്ഞപ്പോൾ ദാവീദ് ബത്ത്-ശേബയെ ഭാര്യയായി സ്വീകരിച്ചു. വ്യഭിചാരക്കുറ്റം മറച്ചുവയ്ക്കാൻ വേണ്ടി ദാവീദ് കൊലക്കുറ്റവും ചെയ്തു. ബത്ത്-ശേബയെ ഭാര്യയായി എടുത്തതുകൊണ്ടു് വാൾ ദാവീദിന്റെ ഗൃഹത്തിൽ നിന്നും വിട്ടു മാറിയില്ല. (2ശമൂ, 12:10). ഈ സംഭവത്തിനു ശേഷമാണ് ദാവീദിന്റെ മൂത്തമകനായ അമ്നോൻ താമാറിനെ മാനഭംഗപ്പെടുത്തിയതും (ബി.സി. 990) അബ്ശാലോമിന്റെ ഭത്യന്മാർ രണ്ടു വർഷത്തിനു ശേഷം അമ്നോനെ വധിച്ചതും. (ബി.സി. 988). (2ശമൂ, 11:1-13:29).  

അബ്ശാലോമിന്റെ മത്സരം: അമ്നോന്റെ വധത്തിനു ശേഷം അബ്ശാലോം ഗെശൂർ രാജാവായ തല്മായിയുടെ അടുക്കലേക്കു ഓടിപ്പോയി. അബ്ശാലോം മൂന്നുവർഷം അവിടെ താമസിച്ചു. അനന്തരം അബ്ശാലോമിനെ യെരുലേമിലേക്കു വരുത്തി (ബി.സി. 985). എന്നാൽ രണ്ടുവവഷം അവൻ രാജാവിൻറെ മുഖം കാണാതെ സ്വന്തം വീട്ടിൽ പാർത്തു. അനന്തരം യോവാബിനെ അയച്ച് യോവാബിന്റെ മദ്ധ്യസ്ഥതയിൽ അബ്ശാലോം പിതാവിൻറ അടുക്കൽ വന്ന് സാഷ്ടാംഗം നമസ്കരിച്ചു. രാജാവ് അബ്ശാലോമിനെ ചുംബിച്ചു (ബി.സി. 983). ഏറെത്താമസിയാതെ സിംഹാസനം കരസ്ഥമാക്കാനുളള ശ്രമം അബ്ശാലോം ആരംഭിച്ചു. അവൻ യിസ്രായേല്യരുടെ ഹൃദയം വശീകരിക്കുവാൻ തുടങ്ങി. ഹെബ്രോനിൽ ചെന്ന് ഒരു നേർച്ച കഴിക്കുവാൻ പിതാവിനോടു അനുവാദം വാങ്ങി. അവൻ ഹെബ്രോനിൽ ചെന്ന് രാജാവാകാൻ ഗൂഢശ്രമം നടത്തി. അവന്റെ കൂട്ടുകെട്ടിന് ശക്തി കൂടിവന്നു. ഒരു ദൂതൻ ഓടിവന്നു ദാവീദിനെ വിവരം അറിയിച്ചു. ദാവീദ് യെരുശലേമിൽ നിന്നു ഓടിപ്പോയി. പ്രവാസ കാലത്ത് ദാവീദിന്റെ തലസ്ഥാനം മഹനയീം ആയിരുന്നു. ദാവീദ് സൈന്യത്തെ മൂന്നു സൈന്യാധിപന്മാരുടെ കീഴിൽ ക്രമീകരിച്ചു. യോവാബ്, അബീശായി, ഇത്ഥായി എന്നീ മൂന്നുപേരും ദാവീദിനോടു നിരന്തരം കുറു പുലർത്തിയവരാണ്. അബ്ശാലോമിന്റെ സേനാപതി അമാസ ആയിരുന്നു. (2ശമൂ, 17:25). അവസാനയുദ്ധം എഫയീം വനത്തിലായിരുന്നു. അബ്ശാലോമിനോടു കനിവോടു പെരുമാറണമെന്ന് മൂന്നു സേനാധിപതികളോടും ദാവീദ് കല്പിച്ചിരുന്നു. യിസ്രായേൽ ജനം തോറ്റു. കോവർ കഴുതപ്പുറത്തു ഓടിച്ചു പോകുമ്പോൾ അബ്ശാലോമിന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടു. ഇതറിഞ്ഞ യോവാബ് ഓടിച്ചെന്ന് അബ്ശാലോമിനെ കൊന്നു. (2ശമൂ,18:1-33). അബ്ശാലോമിന്റെ മത്സരത്തിൽ വടക്കെ രാജ്യം ദാവീദിനോടു കൂറുപുലർത്തി. തുടർന്നു ബെന്യാമീന്യനായ ശേബയുടെ നേതൃത്വത്തിൽ ഒരു വിപ്ലവം നടന്നു. യോവാബ് അതിനെ അടിച്ചമർത്തി. അമാസയുടെ വധത്തിനു ശേഷം ദേശത്തു സമാധാനം ഉണ്ടായി. (2ശമൂ, 20:1-22). 

മൂന്നുദിവസത്തെ മഹാമാരി: ജനസംഖ്യ എടുക്കുന്നതിനു രാജാവു സേനാധിപതിയായ യോവാബിനോടു കല്പിച്ചു. ആദ്യം എതിർത്തെങ്കിലും രാജാവിന്റെ നിർബന്ധം മൂലം യോവാബ് ജനസംഖ്യയെടുത്തു. (2ശമൂ, 24:1-9; 1ദിന, 21:1-7,24). രാജാവിന്റെ കല്പന വെറുപ്പായിരുന്ന കാരണത്താൽ യോവാബ് ലേവിയെയും ബെന്യാമീനെയും എണ്ണിയില്ല. (1ദിന, 21:6). യിസ്രായേലിന്മേൽ യഹോവയുടെ കോപം വന്നതുകൊണ്ട് ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്ത പുസ്തകത്തിലെ കണക്കിൽ ചേർത്തിട്ടില്ല. (1ദിന, 27:23,24). ഇതിന്റെ ശിക്ഷയായി ഗാദ് പ്രവാചകൻ അറിയിച്ചതനുസരിച്ച് യിസ്രായേലിൽ മൂന്നു ദിവസത്തെ മഹാമാരി ഉണ്ടായി. ജനത്തിൽ എഴുപതിനായിരം പേർ മരിച്ചു. യഹോവയുടെ ദൂതൻ മഹാസംഹാരവുമായി അരവനയുടെ മെതിക്കളത്തിൽ നില്ക്കുകയായിരുന്നു. ആ സ്ഥലം അരവനയോടു വിലയ്ക്കുവാങ്ങി അവിടെ യാഗപീഠം പണിതു യാഗം കഴിച്ചു. അതോടുകൂടി ബാധ യിസ്രായേലിനെ വിട്ടുമാറി. ഈ സ്ഥലമാണ് ദൈവാലയത്തിലെ യാഗപീഠമായി മാറിയത്. (2ശമൂ, 24:10-25). 

അന്ത്യനാളുകൾ: ദാവീദിന്റെ മൂത്ത പുത്രന്മാരിൽ ഒരുവനായിരുന്നു അദോനീയാവ്. ബത്ത്-ശേബയുടെ പ്രേരണകൊണ്ട് ശലോമോൻ രാജാവായിത്തീരുമെന്ന് അദോനീയാവു മനസ്സിലാക്കി സ്വയം രാജാവായി പ്രഖ്യാപിച്ചു. നാഥാൻ പ്രവാചകന്റെയും മറ്റും ഇടപെടലിലൂടെ ദാവീദ് ശലോമോനെ രാജാവാക്കി. വൃദ്ധനായ ദാവീദിന് ശരീരബലം ക്ഷയിച്ചു. രാജാവിന്റെ കുളിർ മാറ്റുവാൻ ശൂനേംകാരിയായ അബീശഗ് എന്ന സുന്ദരിയെ കൊണ്ടു വന്നു. അവൾ രാജാവിനെ ശുശ്രൂഷിച്ചു. മരണകാലം അടുത്തപ്പോൾ ശലോമോൻ ചെയ്യേണ്ടകാര്യങ്ങൾ അവനെ ഓർപ്പിച്ചു. (1രാജാ, 2:19). ബി.സി. 970-ൽ തൻറ എഴുപതാമത്തെ വയസിൽ ദാവീദ് ആയുസ്സും ധനവും മാനവും തികഞ്ഞവനായി മരിച്ചു. ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. (1രാജാ, 2:10,11; 1ദിന, 29:27,28). ദാവീദിൻ്റെ ഭരണകാലം നാല്പതു വർഷമായിരുന്നു; ദാവീദ് യിസ്രായേലിൽ വാണ കാലം നാല്പതു സംവത്സരം. അവൻ ഹെബ്രോനിൽ ഏഴു സംവത്സരവും യെരൂശലേമിൽ മുപ്പത്തുമൂന്നു സംവത്സരവും വാണു. (1രാജാ, 2:11). പ്രവാസത്തിനു ശേഷം മടങ്ങിവന്നപ്പോഴും ദാവീദിൻ്റെ കല്ലറകൾ പ്രത്യേകം ചൂണ്ടിക്കാണിക്കാവുന്ന നിലയിൽ ഉണ്ടായിരുന്നു. (നെഹെ, 3:16). 

ദാവീദിന്റെ സ്വഭാവം പരസ്പര വൈരുദ്ധ്യങ്ങളുടെ സംയോജനമാണ്. ശൗലിന്റെ കൊട്ടാരത്തിൽ ദാവീദിന്റെ പെരുമാററം തികച്ചും യോഗ്യമായിരുന്നു. ഫെലിസ്ത്യരെ അഭയം പ്രാപിച്ച കാലത്തുപോലും ദാവീദ് ശൗലിനോടു കൂറുപുലർത്തി. തന്റെ ശത്രുവായി മാറിയ ശൗലിനെ കൊല്ലാൻ സന്ദർഭം കിട്ടിയിട്ടും ദാവീദ് അതിനൊരുമ്പെട്ടില്ല. ശൗലിൻ്റെയും യോനാഥാൻറയും മരണത്തിൽ ദാവീദ് ആത്മാർത്ഥമായി വിലപിച്ചു. യോനാഥാന്റെ പുത്രനായ മെഫീബോശത്തിനു കുടുംബാവകാശം നല്കുകയും രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കല്പിക്കുകയും ചെയ്തു. ഇവയെല്ലാം ദാവീദിന്റെ സ്വഭാവ വൈശിഷ്ട്യത്തിനു നിദർശനങ്ങളാണ്. 

ദാവീദ് ഉത്തമ ഭക്തനായിരുന്നു. ദൈവത്തോടു അരുളപ്പാടു ചോദിക്കാതെ ഒരു പ്രവൃത്തിയും ചെയ്തിരുന്നില്ല. പുരോഹിതന്മാരും പ്രവാചകന്മാരും പ്രവർത്തന രംഗങ്ങളിലെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു. ദൈവത്തിന്റെ പെട്ടകം യെരുശലേമിലേക്കു കൊണ്ടുവന്നപ്പോൾ വികാരവിവശനായ രാജാവ് ഏഫോദു ധരിച്ചു നൃത്തം ചെയ്തു. ബത്ത്-ശേബയുടെ കാര്യത്തിൽ ദാവീദ് ചെയ്ത പാപം നാഥാൻ പ്രവാചകൻ വെളിപ്പെടുത്തിയപ്പോൾ ദാവീദ് അനുതപിച്ചു. ജനസംഖ്യ എടുത്ത പാപത്തിലും ദാവീദ് യഹോവയുടെ കയ്യിൽ വീണു.

ഒരു കവിയും ഗായകനുമായിരുന്നു ദാവീദ്. ശൗലിന്റെയും യോനാഥാന്റെയും മരണത്തിൽ ഒരു വിലാപഗാനം എഴുതി. (2ശമൂ, 1:19-27). 2ശമൂവേൽ 22-ലെ ഗീതം പ്രസിദ്ധമാണ്.. ശൗലിന്റെ കൊട്ടാരത്തിൽ ദാവീദിനെ കൊണ്ടുവന്നതു തന്നെ കിന്നരവായനയിലെ നൈപുണ്യം കൊണ്ടായിരുന്നു. (1ശമൂ, 16:23). ആമോസ് പ്രവാചകൻ്റെ കാലത്തും ദാവീദ് സംഗീതത്തിന്റെ പ്രതീകമായിരുന്നു. (ആമോ, 6:5). യിസ്രായേലിന്റെ മധുരഗായകൻ (2ശമൂ, 23:1) എന്നു പ്രഖ്യാതി നേടി. സങ്കീർത്തനങ്ങളിൽ അധികവും ദാവീദിന്റെ രചനയാണ്. 73 സങ്കീർത്തനങ്ങളുടെ ശീർഷകങ്ങളിൽ ദാവീദിന്റെ പേര് ചേർത്തിട്ടുണ്ട്. ദൈവാലയസംഗീതം സംവിധാനം ചെയ്തത് ദാവീദത്രേ. ദാവീദിന്റെ സ്വഭാവത്തിലെ വൈകല്യങ്ങൾ ‘ഉന്നതന്മാരുടെ വീഴ്ച ഭയങ്കരം’ എന്ന സത്യത്തിന്റെ അനാവരണമാണ്. ഭാര്യമാരിലും വെപ്പാട്ടിമാരിലും കൂടി അസംഖ്യം പുത്രന്മാർ ദാവീദിനുണ്ടായിരുന്നു. അവരുടെ ശിക്ഷണത്തിലും പരിപാലനത്തിലും അല്പം പോലും ശ്രദ്ധിക്കുവാൻ ദാവീദിനു കഴിഞ്ഞില്ല. ദാവീദ് ഗൃഹത്തിന്റെ നിലനില്പ് ദൈവിക ഉടമ്പടിയിലും ദൈവത്തിന്റെ നിശ്ചലകൃപകളിലും മാത്രം അധിഷ്ഠിതമാണ്. 

ബത്ത്-ശേബയുടെയും ഊരീയാവിന്റെയും സംഭവത്തിൽ ദാവീദ് ചെയ്ത പാപം വളരെ നിന്ദ്യവും നീചവുമാണ്. ദൈവനാമ മഹത്വത്തിന് അശ്രാന്തം പ്രയത്നിച്ച ഒരു വ്യക്തിത്വത്തിൽ എത്ര വലിയ കളങ്കമാണ് അത് ചാർത്തി എന്നത് ദൈവജനത്തിന് ഒരു ഭയനിർദ്ദേശമാണ്. ദാവീദിൻറ പല പ്രവൃത്തികളും പുതിയനിയമ വിശ്വാസികൾക്കു അരോചകമാണ്. എങ്കിലും ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനയ്ക്ക് ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു എന്നാണാ തിരുവെഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നത്. (പ്രവൃ, 13:36). ആ കാലത്ത് ദാവീദ് ദൈവനാമ മഹത്വത്തിനായി എരിഞ്ഞു പ്രകാശിച്ച വിളക്കായിരുന്നു. യിസായേൽ രാജ്യത്തിൻ്റെ സ്ഥാപകനായി യെഹൂദജനം അഭിമാനത്തോടും സ്നേഹത്തോടും നോക്കുന്നതു ശൗലിനെയല്ല ദാവീദിനെയാണ്. രാജത്വത്തിന്റെ മാതൃകാമുദ്രയാണു അദ്ദേഹം. വരുവാനിരിക്കുന്ന മശീഹയുടെ പ്രതിരൂപം അവർ ദാവീദിൽ കണ്ടു. സകല ശത്രുക്കളിൽ നിന്നും ജനത്തെ മോചിപ്പിച്ച് ദാവീദിന്റെ സിംഹാസനത്തിൽ മശീഹ എന്നേക്കും വാഴും. ദാവീദിന്റെ സന്തതിയായാണ് ജഡപ്രകാരം മശീഹ ഭൂജാതനായത്. (റോമ, 1:5).

Leave a Reply

Your email address will not be published. Required fields are marked *