ദാവീദുപുത്രൻ (Son of David)
ദാവീദിൻ്റെസന്തതി എന്നത് പഴയനിയമത്തിൽ അഭിഷിക്തനായ നിത്യരാജാവിൻ്റെ അഥവാ യിസ്രായേലിൻ്റെ പദവിയാണ്. (2ശമൂ, 8:13,16; 1ശമൂ, 17:11,12,14; സങ്കീ, 89:29,36,37; ദാനീ, 7:27). എന്നാൽ ആ പദവി അവർക്ക് സാക്ഷാത്കരിക്കപ്പെടുന്നത് ഭാവിമശീഹയിലൂടെയാണ്. അതിനാൽ യിസ്രായേൽ അഥവാ മശീഹ/ക്രിസ്തു ദാവീദിൻ്റെ സന്തതിയെന്ന് വിളിക്കപ്പെടുമ്പോൾത്തന്നെ; അവൻ ദാവീദിൻ്റെ കർത്താവാണെന്ന് 110-ാം സങ്കീർത്തനത്തിലൂടെ യേശുക്രിസ്തു യെഹൂദന്മാരോട് വ്യക്തമാക്കി: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നതു എങ്ങനെ? “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. “ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു. അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല.” (മത്താ 22:42-45; മർക്കൊ, 12:35-37; ലൂക്കൊ, 20:41-44). യേശുവിൻ്റെ ഈ ചോദ്യം ശ്രദ്ധേയമാണ്: “എന്നെക്കുറിച്ചു എന്തു തോന്നുന്നു എന്നല്ല ചോദ്യം; ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു” എന്നാണ്. യേശു ശിഷ്യന്മാരോടും ശമര്യരോടുമല്ലാതെ യെഹൂദന്മാരോട് താൻ ക്രിസ്തുവാണെന്ന് പറഞ്ഞിരുന്നില്ല. പരീശന്മാരും ശാസ്ത്രിമാരും ക്രിസ്തുവായി അവനെ അംഗീകരിച്ചിരുന്നുമില്ല. അവർക്ക് അറിയാവുന്ന ക്രിസ്തു പഴയനിയമത്തിലെ ദാവീദിൻ്റെ സന്തതിയായ ക്രിസ്തു അഥവാ യിസ്രായേലാണ്. അതിനാലാണവർ ദാവീദുപുത്രൻ എന്നുത്തരം പറഞ്ഞത്. പഴയനിയമപ്രകാരം ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കേണ്ട നിത്യരാജാവായ മശീഹ അഥവാ യിസ്രായേൽ ദാവീദിൻ്റെ പുത്രനാണ്. എന്നാൽ ആത്മീയമായി അത് ഭാവിമശീഹയായ യഹോവയിലാണ് നിവൃത്തിയാകുന്നത്. ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാത്തതിനെ സാധിപ്പാനാണ് യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ജഡം സംബന്ധിച്ചാണ് യേശുക്രിസ്തു ദാവീദുപുത്രൻ ആയിരിക്കുന്നത്. (റോമ, 1:5). പഴയനിയമത്തിൽ സ്വന്തജനമായ യിസ്രായേലിന് ദൈവം കൊടുത്തിരുന്ന എല്ലാ പദവികളും പുതിയ നിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നത് കാണാം. പുതിയനിയമത്തിൻ ദാവീദുപുത്രനെന്ന പ്രയോഗം പതിനഞ്ച് പ്രാവശ്യമുണ്ട്. (മത്താ, 1:1; 9:27; 12:23; 15:22; 20:30; 20:31; 21:9; 21:15; 22:42; മർക്കൊ, 10:47; 10:48; 12:35; ലൂക്കൊ, 18:38; 18:39; 20:41). (വാഗ്ദത്തസന്തതി (2) എന്ന ലേഖനവും; യിസ്രായേലിൻ്റെ പദവികൾ എന്ന ലേഖനവും കാണുക)
നിത്യദൈവവും (ഉല്പ, 21:33; ആവ, 32:40; സങ്കീ, 90:2; യെശ, 40:28; വിലാ, 5:19) നിത്യരാജാവും (സങ്കീ, 145:13; യിരെ, 10:10) യുഗാന്ത്യരാജാവും (യെശ, 24:23; 33:22; 44:6; 53:7; യിരെ, 3:17; മീഖാ, 4:7; (ലൂക്കോ, 1:33. ഒ.നോ: യോഹ, 1:49-51; എബ്രാ, 1:8) യഹോവ അഥവാ യേശുക്രിസ്തുവാണ്. എന്നാൽ പൂർവ്വപിതാക്കന്മാരുടെയും (ഉല്പ, 22:17,18; 26:5; 28:13,14) ദാവീദിൻ്റെയും (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89;28,33-35; 132:10-12; യെശ, 55:3; 61:8,9; യിരെ, 32:40; യിരെ, 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15) വാഗ്ദത്ത സന്തതിയായ രാജാവും വിശേഷാൽ ദൈവത്തിൻ്റെ സന്തതിയുമായ (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7; 2:12; ഹോശേ, 11:1) ഭൂമിയിലെ നിത്യരാജാവ് യിസ്രായേലാണ്. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 2:6,12; 89:29,36,37; യെശ, 40:23; 41:2; 49:7; 60:3,10,16; 62:2; ദാനീ, 7:14,21,27). എന്നാൽ യിസ്രായേലിനു ദൈവം യഥാസ്ഥാനത്താക്കി കൊടുക്കാനുള്ള നിത്യരാജ്യത്തിൽ സ്വർഗ്ഗീയരാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും രാജപ്രതിനിധിയായി ഭരണം നടത്തുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24-28; ഹോശേ, 3:5; ആമോ, 9:11,12)