ദാവീദിൻ്റെ സിംഹാസനം (Throne of David)
ഒരു നിത്യസിംഹാസനം ദാവീദിനോടുള്ള ഉടമ്പടിയിൽ വാഗ്ദത്തമായുണ്ട്. “നിന്റെ സിംഹാസനവും എന്നേക്കും ഉറച്ചിരിക്കും.” (2 ശമൂ, 7:16. ഒ.നോ: സങ്കീ, 89:36-37; യെശ, 9:7; യിരെ, 13:13; 17:25; 22:2, 4, 29; 29:16; 36:30; ലൂക്കൊ, 1:31-33). രാജാവ്, സിംഹാസനം, രാജ്യം ഇവ അഭേദ്യങ്ങളാണ്. ഒരു ദൈവാധിപത്യ രാജിതമാണ് പ്രസ്തുതം. വാഴുന്നത് ഇമ്മാനുവേൽ (ദൈവം നമ്മോടു കൂടെ) ആണ്. (യെശ, 7:14). ദൈവപുത്രനും കന്യകാജാതനുമാണ് ആ രാജാവ്. ദാവീദിന്റെ സിംഹാസനത്തിന്റെ യഥാർത്ഥ അവകാശി ഇമ്മാനുവേൽ അത്രേ. (യെശ, 11:1-5; യിരെ, 23:5; യെഹെ, 34:24). ഈ രാജ്യം സ്വഭാവത്തിൽ സ്വർഗ്ഗീയമാണ്.. അത് ഭൂമിയിൽ ദൈവരാജ്യത്തെ അവതരിപ്പിക്കും. ഈ രാജ്യം ഭൂമിയിൽ യെരൂശലേമിനെ കേന്ദ്രീകരിച്ചായിരിക്കും വ്യവസ്ഥാപിതമാകുന്നത്. മടക്കിച്ചേർക്കപ്പെട്ടതും മാനസാന്തരപ്പെട്ടതുമായ യിസ്രായേൽ ഉൾപ്പെടുന്ന മശീഹയുടെ രാജ്യം ജാതികളെയും ഉൾക്കൊള്ളും. (സങ്കീ, 72:11; 86:9; യെശ, 45:6; ദാനീ, 7:13-14; മീഖാ, 4:2; സെഖ, 8:22; ആമോ, 9:12).
യിസ്രായേൽ ഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ദാവീദിനു ഒരു പുരുഷൻ ഇല്ലാതെ വരികയില്ല. (യിരെ, 33:17). ദാവീദിന്റെ ഗൃഹം അഞ്ഞൂറു വർഷം അധികാരത്തിൽ തുടർന്നു. തുടർന്നു ഓരോ തലമുറയിലും ആ സിംഹാസനത്തിന് അവകാശിയായി ഒരുവൻ ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ കാലത്ത് സിംഹാസനത്തിന്റെ യഥാർത്ഥ അവകാശി ക്രിസ്തുവായിരുന്നു. അതിനു ശേഷം സദാകാലത്തേക്കും ദാവീദിനോടുള്ള വാഗ്ദത്തം നിറവേറ്റുന്ന നിത്യരാജാവു ക്രിസ്തുതന്നെയാണ്.