തർശീശ് (Tarshish)
പേരിനർത്ഥം — ലോഹസംസ്കരണശാല
മെഡിറ്ററേനിയൻ സമുദ്രത്തിന്റെ പശ്ചിമഭാഗത്തുള്ള തുറമുഖ പട്ടണം. സ്പെയിനിലെ താർത്തെസ്സൂസ് (TarteSsus) ആണെന്നു കരുതപ്പെടുന്നു. അശ്ശൂരിലെ നീനെവേയിലേക്കു പോകുവാൻ യഹോവ കല്പിച്ചപ്പോൾ, യോനാ ഒളിച്ചു തർശീശിലേക്കുള്ള കപ്പൽ കയറി. തർശീശുമായുള്ള കച്ചവടത്തിനു ശലോമോൻ ഉപയോഗിച്ച വലിയ കപ്പലുകളാണ് തർശീശ് കപ്പലുകൾ. “രാജാവിനു സമുദ്രത്തിൽ ഹീരാമിന്റെ കപ്പലുകളോടുകൂടെ തർശീശ് കപ്പലുകൾ ഉണ്ടായിരുന്നു; തർശീശ് കപ്പലുകൾ മൂന്നു സംവത്സരത്തിൽ ഒരിക്കൽ പൊന്ന്, വെള്ളി, ആനക്കൊമ്പു, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു.” (1രാജാ, 10:22). തർശീശ് ഒരു വലിയ വ്യാപാര കേന്ദ്രമായിരുന്നു. (യിരെ, 10:9; യെഹെ, 27:3, 12). വെള്ളി, ഇരുമ്പ്, വെള്ളീയം, കാരീയം എന്നിവ അവിടെ സമൃദ്ധമായിരുന്നു. “തർശീശ് സകലവിധ സമ്പത്തിന്റെയും പെരുപ്പം നിമിത്തം നിന്റെ വ്യാപാരിയായിരുന്നു; വെളളി, ഇരുമ്പു, വെള്ളീയം, കാരീയം എന്നിവ അവർ നിന്റെ ചരക്കിനു പകരം തന്നു.” (യെഹെ, 27:12). ഭാവികമായ സോരിന്റെ നാശത്തിൽ തർശീശ് കപ്പലുകൾ മുറയിടുമെന്നു യെശയ്യാവ് പ്രവചിച്ചു. (23:1, 10, 14). യഹോവയുടെ മഹത്ത്വം വിളംബരം ചെയ്വാൻ തർശീശിലേക്കു രക്ഷിക്കപ്പെട്ടവരെ അയക്കും. (യെശ, 66:19). വിദൂരങ്ങളിൽ നിന്നു സീയോന്റെ മക്കളെ തർശീശു കപ്പലുകൾ കൊണ്ടുവരും. (യെശ, 60:9).