ദൈവത്തിൻ്റെ മാറ്റമില്ലാത്ത വചനമായ ബൈബിളിൻ്റെ മൗലിക ഉപദേശം ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം എന്നതാണ്. എന്നാൽ ദൈവം ഏകനല്ല; ത്രിത്വമാണെന്ന് വലിയൊരു വിഭാഗം ആളുകൾ വിശ്വസിക്കുന്നു. അവരുടെ ദൈവശാസ്ത്രത്തിൽ ത്രിത്വോപദേശത്തിനു അഞ്ച് അടിസ്ഥാന പ്രമേയങ്ങളുണ്ട്. ഈ അഞ്ച് പ്രമേയങ്ങൾക്ക് ബൈബിളുമായി എന്തെങ്കിലും ബന്ധമുണ്ടോ? അല്ലെങ്കിൽ, എത്രത്തോളം ബന്ധമുണ്ട് എന്നാണ് നാം പരിശോധിക്കുന്നത്. പ്രമേയങ്ങൾ ഇവയാണ്:
1. ദൈവം ഏകനാണ്.
2. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണ്.
3. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളാണ്.
4. ത്രിത്വത്തിലെ വിഭിന്ന ആളത്തങ്ങൾ നിത്യമാണ്.
5. ത്രിത്വത്തിലെ ആളത്വങ്ങൾക്കു തമ്മിൽ സത്താസമത്വം ഉണ്ട്. (ദൈവം ത്രിയേകത്വം, വ്യവസ്ഥിത ദൈവശാസ്ത്രം, പേജ് 148-154). ഇനി നമുക്ക് ഓരോന്നും വിശദമായി പരിശോധിക്കാം:
ഒന്നാമത്തെ പ്രമേയം: ദൈവം ഏകനാണ്.
ദൈവത്തിൻ്റെ ഏകത്വം വിവക്ഷിക്കുന്നത്, ദൈവം ഏകനാണെന്നും ദൈവത്തിൻ്റെ പ്രകൃതി അവിഭക്തവും (undivided), അഭാജ്യവും (indivisible) ആണെന്നും അത്രേ. പഴയനിയമവും പുതിയനിയമവും ഒന്നുപോലെ വെളിപ്പെടുത്തുന്ന സത്യമാണിത്. ദൈവശാസ്ത്രത്തിൻ്റെ ഈ ഒന്നാമത്തെ പ്രമേയം കൃത്യമാണ്. അതിന് ഉപോല്‍ബലകമായി ബൈബിളിലെ പന്ത്രണ്ട് വാക്യങ്ങൾ അവർതന്നെ കൊടുത്തിട്ടുണ്ട്:
1. യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല. (ആവ, 4:35)
2. ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ല. (ആവ, 4:39)
3. യിസ്രായേലേ; കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു, യഹോവ ഏകൻ തന്നേ. (ആവ, 6:4).
4. യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്ന് ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിനു. (1രാജാ, 8:59.
5. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു. (യെശ, 45:5).
6. യഹോവയിൽ യിസ്രായേൽ സന്തതിയെല്ലാം നീതീകരിക്കപ്പെട്ടു; പുകഴും. (യെശ, 45:25).
7. ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. (യോഹ, 17:3).
8. പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:6).
9. കർത്താവ് ഒരുവൻ, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്. (എഫെ, 4:5).
10. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ. (1തിമൊ, 2:5.
11. ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം, പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു. (യാക്കോ, 2:19.
12. നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനു തന്നേ. (യൂദാ, 1:25).
ഈ ഒന്നാമത്തെ പ്രമേയത്തിനു ഹൃദയസ്പർശിയായ ഒരു ഉപസംഹാരവുമുണ്ട്. ദൈവം ഒരു ദൈവം എന്നല്ല; ഏകദൈവം എന്നത്രേ. അതിനാൽ, ദൈവം നിസ്തുല്യനാണ്. (പുറ, 15:11; സെഖ, 14:9). അനന്തവും സമ്പൂർണ്ണവുമായ സത്ത ഒന്നേ ആകാവൂ. ഒന്നിലധികം സത്തയെക്കുറിച്ചുള്ള ധാരണ സ്വഗതവിരുദ്ധവും അയുക്തികവും ആണ്. ദൈവത്തിന്റെ പ്രകൃതിയെക്കുറിച്ച് ആവർത്തനം 6:4-ൽ വ്യക്തമാക്കിയിട്ടുണ്ട്: യിസ്രായേലേ കേൾക്ക, യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. ദൈവത്തെ വിഭജിക്കാൻ സാദ്ധ്യമല്ല. മനുഷ്യനു ഭൗതികവും അഭൗതികവുമായ അംശങ്ങളുണ്ട്. എന്നാൽ, ദൈവം ആത്മാവാകുന്നു. ഇതുവരെയുള്ള ഭാഗം ദൈവം ഒരുത്തൻ മാത്രമാണെന്ന് വചനം കൊണ്ടും വാക്കുകൊണ്ടും അസന്ദിഗ്ധമായി തെളിയിച്ചുകൊണ്ട് ദൈവശാസ്ത്രം ബൈബിളിനോട് നൂറു ശതമാനം നീതി പുലർത്തിയിട്ടുണ്ട്. ദൈവത്തെക്കുറിച്ച് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഒന്നാം പ്രമേയത്തിൽ അവർ പറഞ്ഞിട്ടുണ്ട്: 1. ദൈവം ഏകനാണ്. 2. ദൈവത്തിൻ്റെ പ്രകൃതി അവിഭക്തമാണ് അഥവാ, വിഭജിക്കാൻ ആവാത്തതാണ്. 3. ദൈവത്തിൻ്റെ പ്രകൃതി അഭാജ്യമാണ് അഥവാ, പകുത്തുകൂടാത്തതാണ്. (രണ്ടും മൂന്നും പ്രയോഗങ്ങൾ പര്യായങ്ങളാണ്). 4. ദൈവം ഒരു ദൈവം എന്നല്ല; ഏകദൈവം എന്നത്രേ. അതിനാൽ, ദൈവം നിസ്തുല്യനാണ്. അതായത്, ദൈവത്തിനു തുല്യനായി മറ്റാരുമില്ല. 5. ദൈവികസത്ത ഏകമാകയാൽ വിഭജിക്കാൻ കഴിയില്ല. അഥവാ, ദൈവത്തിൻ്റെ സാരാംശത്തെ വിഭജിക്കാൻ കഴിയില്ല. എത്ര മനോഹരമായ വ്യാഖ്യാനമാണ്. ഇനി, താഴോട്ട് പോകുമ്പോൾ അറിയാം; വ്യാഖ്യാനത്തിൻ്റെ ഗുണം.
ഒന്നാം പ്രമേയത്തിൽ ദൈവശാസ്ത്രം പറയുന്ന ഈ സത്യം, എല്ലാ ത്രിത്വപണ്ഡിതന്മാരും അംഗീകരിക്കുന്നു എന്നാണ് വെയ്പ്. താഴോട്ട് ചെല്ലുമ്പോൾ അതെത്രമാത്രം ശരിയാണെന്ന് മനസ്സിലാക്കാം. താഴോട്ടൊന്നും അധികം പോകണ്ട. ഒന്നാം പ്രമേയത്തിൻ്റെ ഒടുവിൽ ഒരു കുഞ്ഞുകാര്യം പറഞ്ഞിട്ടുണ്ട്: “ഏകത്വം എന്നത് ഏകകം അല്ലാത്തതു കൊണ്ട്, ഏകത്വം ത്രിത്വത്തിന്റെ ആശയത്തിനു വിരുദ്ധമല്ല. ദൈവത്തിന്റെ ഏകത്വം ആളത്ത സവിശേഷതകളെ ദൈവിക ഭാവത്തിൽ നിലനില്ക്കുവാൻ അനുവദിക്കുന്നു. ദൈവിക സത്തയ്ക്കുള്ളിലുള്ള സത്തയെ ത്രിത്വത്തിന്റെ മൂന്നു ആളത്തങ്ങളും വേർപെടുത്തുന്നു.”
ഒന്നാമത് അവർ പറയുന്നു: ഏകത്വം എന്നത് ഏകകം അല്ലാത്തതുകൊണ്ട് ഏകത്വം ത്രിത്വത്തിന്റെ ആശയത്തിനു വിരുദ്ധമല്ലെന്നാണ്. ദൈവം ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, ഏകസത്യദൈവം എന്നൊക്കെ അല്ലാതെ, ദൈവം ഏകത്വമാണെന്ന് ബൈബിളിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല. ഏകത്വം എന്നാൽ; ഏകത, ഒന്നാണെന്ന അവസ്ഥ, ഒന്നെന്ന സ്ഥിതി, ഒരുമ, ഒരുമിപ്പ്, ഐക്യം എന്നൊക്കെയാണ്. അതായത്, രണ്ടോ അതിലധികമോ ഭാഗങ്ങൾ അടങ്ങിയതാണെങ്കിലും ഏകീകൃതമോ, പൂർണ്ണമോ ആയ വസ്തുത അഥവാ, അവസ്ഥയാണ് ഏകത്വം. അല്ലെങ്കിൽ, പല ഭാഗങ്ങൾ ചേർന്ന് ഒന്നായിരിക്കുന്ന അവസ്ഥക്കാണ് ഏകത്വം എന്ന് പറയുന്നത്. ഏകൻ അഥവാ, ഒരുത്തൻ മാത്രമായ ദൈവത്തെ, ഏകത്വമെന്ന് വ്യാജമായി പറഞ്ഞിട്ട് അത് ത്രിത്വത്തിന്റെ ആശയത്തിന് വിരുദ്ധമല്ല എന്നാണ് ദൈവശാസ്ത്രം പറയുന്നത്. ഇതാണ്, വെടക്കാക്കി തനിക്കാക്കുന്ന പണി. രണ്ടാമത് പറയുന്നു: ദൈവിക സത്തയ്ക്കുള്ളിലുള്ള സത്തയെ ത്രിത്വത്തിന്റെ മൂന്ന് ആളത്തങ്ങളും വേർപെടുത്തുന്നു. എന്താണ് ഈ സത്തയ്ക്കുള്ളിലെ സത്ത? സത്തയെന്നാൽ; കഴമ്പ്, ഉണ്മ, നിലനില്പ്പ്, പൊരുൾ, പ്രകൃതി, സാരാംശം എന്നൊക്കെയാണ്. സത്തയും സാരാംശവും ഒന്നാണ്. അപ്പോൾ, സത്തയ്ക്കുള്ളിലെ സത്ത അഥവാ, സാരാംശത്തിനുള്ളിലെ സാരാംശം എന്ന് പറഞ്ഞാൽ എന്താണ്? സത്തയ്ക്കുള്ളിലെ സത്തയെ മൂന്നാളത്തങ്ങളും വേർപെടുത്തുന്നു എന്ന് പറഞ്ഞാൽ എന്താണർത്ഥം? ഇതു വല്ലതും ബൈബിളിൽ ഉള്ളതാണോ? ഏകദൈവത്തെ ദുർവ്യാഖ്യാനത്താൽ വെടക്കാക്കി, ദുരുപദേശം ഉണ്ടാക്കുക അത്രേയുള്ളു. അതായത്, ദൈവം ഏകനാണെന്ന ഒന്നാമത്തെ പ്രമേയത്തിൻ്റെ തുടക്കം ബൈബിളിനോട് നീതിപുലർത്തുന്നതാണ് എന്ന് പറയാമെങ്കിലും, അതിൻ്റെ ഒടുവിൽ അവർതന്നെ വിഷം കലക്കി വെച്ചിരിക്കയാൽ ഒന്നാമത്തെ പ്രമേയംതന്നെ ബൈബിൾ വിരുദ്ധമാണെന്ന് പറയേണ്ടിവരും.
രണ്ടാമത്തെപ്രമേയം: പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണ്.
1. പിതാവ് ദൈവമാണ്. പിതാവിന്റെ ദൈവത്വത്തെക്കുറിച്ച് അധികം സംശയത്തിനു ഇടയില്ല. പഴയനിയമത്തിലും പുതിയനിയമത്തിലും വേണ്ടുവോളം തെളിവുകളുണ്ട്. പിതാവായ ഏക ദൈവമേ നമുക്കുള്ളൂ എന്ന് പൗലൊസ് വ്യക്തമായി വെളിപ്പെടുത്തുന്നു. (1കൊരി, 8:6). പിതാവ്, ദൈവം എന്നീ പേരുകളെ ക്രിസ്തു പരസ്പരം മാറ്റി പ്രയോഗിക്കുന്നുണ്ട്. (മത്താ, 626-30-ൽ “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവെന്നു” ഇരുത്താറാം വാക്യത്തിലും, സമാന്തരമായി “വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു” എന്ന് മുപ്പതാം വാക്യത്തിലും പറയുന്നു. തുടർന്ന് “സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങൾക്ക് ആവശ്യം” എന്ന് അറിയുന്നുവല്ലോ എന്ന് മുപ്പത്തിരണ്ടാം വാക്യത്തിലും പറയുന്നു. യേശു, ദൈവം എന്നു പറഞ്ഞിട്ടുള്ള പല സ്ഥാനങ്ങളിലും പിതാവാണ് തന്റെ മനസ്സിൽ നിറഞ്ഞുനിന്നത്. (മത്താ, 19:26; 27:46; മർക്കൊ, 12:17; 24:27). ഇതൊക്കെയാണ് പിതാവിനെക്കുറിച്ചുള്ള ദൈവശാസ്ത്രത്തിൻ്റെ തെളിവുകൾ.
2.യേശു ദൈവമാണ്. യേശുവിന്റെ ദൈവത്വത്തെക്കുറിച്ചുള്ള പ്രത്യക്ഷപരാമർശങ്ങൾ അധികവും പുതിയനിയമത്തിലാണ്. പഴയനിയമത്തിലും ചില സൂചനകളുണ്ട്. പക്ഷേ, അവ പ്രവാചക പുസ്തകങ്ങളിലാണ്. വരാനിരിക്കുന്ന മശീഹയെക്കുറിച്ച് യെശയ്യാവ് പ്രവചിച്ചു. “നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവനു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും.” (യെശ, 6:9). മശീഹയെ പ്രവാചകൻ വീരനാം ദൈവം എന്നു വിളിക്കുന്നു. “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളണം എന്നു വിചാരിക്കാതെ” എന്ന് പൗലൊസ് എഴുതി. (ഫിലി, 2:6). ഇവിടെ രൂപം എന്നതിനു ഗ്രീക്കിൽ മോർഫി എന്നാണ്. ദൈവത്തിന്റെ സകല സാരാംശവും ഉൾക്കൊള്ളുന്നു എന്നാണ് ആ പ്രയോഗത്തിന്റെ ധ്വനി. എബ്രായ ലേഖനത്തിൽ ആദ്യത്തെ മൂന്നു വാക്യങ്ങളിൽ ക്രിസ്തുവിന്റെ ദൈവത്വത്തെ സ്പഷ്ടമായി ചിത്രീകരിച്ചിരിക്കുന്നു. പുത്രൻ അവനെ സകലത്തിനും അവകാശിയാക്കി എന്നും; അവൻ മുഖാന്തരം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നും പറഞ്ഞശേഷം, ക്രിസ്തുവിൻ്റെ ആളത്തത്തെ, അവൻ അവന്റെ തേജസ്സിന്റെ പ്രഭയും; തത്വത്തിന്റെ മുദ്രയും; സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ട്, പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്ത് ഇരിക്കയും ചെയ്തു എന്ന് പറഞ്ഞിരിക്കുന്നു. (എബ്രാ,1:1-3). ക്രിസ്തു ദൈവത്തിന്റെ ആളത്തത്തിന്റെ സാക്ഷാൽ പ്രതിരൂപം അഥവാ, മുദ്ര ആണ്. ക്രിസ്തുവിന്റെയും ദൈവത്തിന്റെയും സത്താസമത്വം സംശയത്തിന് ഇട നല്കാതെ ഈ പ്രയോഗം വ്യക്തമാക്കുന്നു. തുടർന്ന്, എട്ടാം വാക്യത്തിൽ പിതാവായ ദൈവം പുത്രനെ ദൈവം എന്നു വിളിക്കുന്നതായി സങ്കീർത്തനം 45:6-ൽ നിന്നും ഉദ്ധരിക്കുന്നു. “ദൈവമേ നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.” തുടർന്ന്, പത്താം വാക്യത്തിൽ ക്രിസ്തുവിനെ ദൈവം, കർത്താവേ എന്നു വിളിക്കുന്നത് തെളിയിക്കുവാൻ സങ്കീർത്തനം 102:25 ഉദ്ധരിക്കുന്നു. യോഹന്നാൻ 1:-ൽ വചനം “ദൈവമായിരുന്നു” എന്ന് പ്രത്യക്ഷമായി പറഞ്ഞിട്ടുണ്ട്. ഈ വാക്യത്തിൽ, വചനത്തിന്റെ നിത്യാസ്തിക്യവും ദൈവിക ആളത്തവും അതായത്, ദൈവത്തോടുള്ള സമത്വവും, വചനത്തിനു ദൈവത്തോടുള്ള അഭേദവും വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 20:28; റോമ, 9ൻ്റെ5; തീത്തൊ, 2:12, 1യോഹ, 5:20). ഇതൊക്കെയാണ് പുത്രൻ ദൈവം ആണെന്നതിൻ്റെ തെളിവുകൾ.
3. പരിശുദ്ധാത്മാവ് ദൈവമാണ്. ക്രിസ്തുവിൻ്റെ ദൈവത്വത്തെ കുറിച്ചുള്ള ഉപദേശം സാന്ദ്രമായ ശേഷമാണ് പരിശുദ്ധാത്മാവിനെ കുറിച്ചുള്ള ഉപദേശം സമർത്ഥിക്കപ്പെട്ടത്. അതായത്, കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൽ വെച്ച് എ.ഡി. 381-ൽ പരിശുദ്ധാത്മാവിൻ്റെ ദൈവത്വം അസന്ദിഗ്ധമായി അവതരിപ്പിച്ചു. കർത്താവും ജീവിപ്പിക്കുന്നവനും പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നവനും പിതാവിനോടു കൂടെ വന്ദിക്കപ്പെടുന്നവനും പ്രവാചകരെക്കൊണ്ട് പറയിച്ചവനുമായ പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പിതാവിൻ്റെയും പുത്രൻ്റെയും ദൈവത്വത്തെക്കുറിച്ച് ഉള്ളിടത്തോളം പരിശുദ്ധാത്മാവിൻ്റെ ദൈവത്വത്തെ കുറിച്ചില്ല. എങ്കിലും, ചില പ്രത്യക്ഷ പരാമർശങ്ങൾ ലഭിക്കുന്നുണ്ട്. (പ്രവൃ, 5:3-4; 1കൊരി, 3:16-17; 6:19-20; 2കൊരി, 3:18; പ്രവൃ, 28:25-27). ഇതൊക്കെയാണ് രണ്ടാം പ്രമേയത്തിൻ്റെ ദൈവശാസ്ത്ര നിഗമനങ്ങൾ,.
ഇനി നമുക്ക് ബൈബിൾ എന്ത് പറയുന്നുവെന്ന് നോക്കാം: പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണെന്ന് ബൈബിൾ പറയുന്നുണ്ടോ? പറയുന്നില്ലെന്ന് മാത്രമല്ല, പിതാവാണ് ഏകസത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം; എന്നാണ് ക്രിസ്തു പറയുന്നത്. (യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളു എന്നാണ് അപ്പൊസ്തലന്മാർ പറയുന്നത്. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). അപ്പോൾ, പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണെന്ന് പറയുന്ന ത്രിത്വ ദൈവശാസ്ത്രമാണോ, ബൈബിളാണോ വിശ്വസിക്കേണ്ടത്?നമുക്ക് വിശദമായി നോക്കാം: ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം യഹോവ അഥവാ, പിതാവ് മാത്രമാണെന്നും പഴയപുതിയനിയമങ്ങൾ ഒരുപോലെ പറയുന്നു: “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു; എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്.” (പുറ, 20-2-3; യെശ, 43-10; 44:8; 45:5). “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു.” (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5). “ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു.” (യോഹ, 5:44; 17:3). “ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു.” (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). യഹോവ അഥവാ, പിതാവ് മാത്രമാണ് ദൈവമെന്ന് യഹോവയും പഴയനിയമ ഭക്തന്മാരും ക്രിസ്തുവും അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിരിക്കെ; പുത്രനും പരിശുദ്ധാത്മാവും കൂടി ദൈവമാണെന്ന്; ദൈവശാസ്ത്രത്തിൽ പറഞ്ഞാൽ എങ്ങനെയിരിക്കും?
ഇനിയും പ്രധാനപ്പെട്ട ഒരു തെളിവുണ്ട്: പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കാൻ ബാദ്, ബദാദ് എന്ന എബ്രായ പദം 20 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (ആവ, 32:12; 2രാജാ, 19:15;19; സങ്കീ, 4:8). എന്നാൽ, തൽസ്ഥാനത്ത് പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ അഥവാ, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ 20 പ്രാവശ്യവും മോണോസ് ആണ് കാണുന്നത്. ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഇരുപതു പ്രാവശ്യം പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ദൈവം മോണോസ് ആണെന്ന് പുതിയനിയമത്തിൽ ക്രിസ്തുവും അപ്പൊസ്തലന്മാരും പതിമൂന്ന് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അഞ്ചുപ്രാവശ്യം ക്രിസ്തുവും, എട്ടുപ്രാവശ്യം അപ്പൊസ്തലന്മാരും മോണോസ് പ്രയോഗിച്ചിട്ടുണ്ട്. ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; 17:3; 1തിമൊ, 1:17; യൂദാ, 1:24). അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ച ബൈബിളിൽ ഇരുപതു പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായകൊണ്ട് പതിമൂന്ന് പ്രാവശ്യവും ദൈവം യാഖീദ് അഥവാ, മോണോസ് ആണെന്ന് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. ഈ ബൈബിൾ സത്യങ്ങളൊന്നും ട്രിനിറ്റിക്ക് അറിയാത്തതു കൊണ്ടാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തികളാണെന്നും, മൂന്നുപേരും ദൈവമാണെന്നും ദൈവശാസ്ത്രം പഠിപ്പിക്കുന്നത്. തന്മൂലം, ദൈവശാസ്ത്രത്തിൻ്റെ പഠിപ്പിക്കലുകൾ ബൈബിളുമായി യാതൊരു ബന്ധവും ഇല്ലാത്തതാണെന്ന് മനസ്സിലാക്കാം.
മൂന്നാമത്തെ പ്രമേയം; പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളാണ്.
ദൈവിക ആളത്തങ്ങൾ വിഭിന്നങ്ങളാണെന്ന് പറയുമ്പോൾ പിതാവ് പുത്രനോ പരിശുദ്ധാത്മാവോ അല്ലെന്നും, പുത്രൻ പിതാവോ പരിശുദ്ധാത്മാവോ അല്ലെന്നും, പരിശുദ്ധാത്മാവ് പുത്രനോ പിതാവോ അല്ലെന്നും വ്യക്തമാക്കുന്നു. പരിശുദ്ധാത്മാവ് പിതാവിൽ നിന്നും പുത്രനിൽനിന്നും വ്യത്യസ്തനാണെന്ന് ക്രിസ്തു തന്നെ വെളിപ്പെടുത്തി. പിതാവും പുത്രനും പരിശുദ്ധാത്മാവിനെ അയക്കുന്നതായി പറഞ്ഞിട്ടുണ്ട്. (യോഹ, 14:16; 17:26; 15:26). “നിങ്ങൾ മക്കൾ ആകകൊണ്ട്; അബ്ബാപിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.” (ഗലാ, 4:6). യേശുവിന്റെ സ്നാനസമയത്ത് ദൈവം സ്വർഗ്ഗത്തിൽ നിന്ന് സംസാരിക്കുന്നു; യേശു സ്നാനപ്പെടുന്നു; പരിശുദ്ധാത്മാവ് പ്രാവ് എന്ന പോലെ ഇറങ്ങിവരുന്നു. (മത്താ, 3:16-17). പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനപ്പെടുത്തുവാനാണ് ക്രിസ്തു ശിഷ്യന്മാർക്ക് നിയോഗം നൽകിയത്. (മത്താ, 28:19). അപ്പൊസ്തലിക ആശീർവ്വാദത്തിൽ ദൈവത്തിന്റെ സ്നേഹവും ക്രിസ്തുവിന്റെ കൃപയും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും വേർപെടുത്തി പറഞ്ഞിട്ടുണ്ട്. യോഹന്നാൻ 1:1-ൽ “വചനം ദൈവത്തോടുകൂടെ ആയിരുന്നു” എന്നു പറഞ്ഞിട്ടുണ്ട്. വചനം അഥവാ, ക്രിസ്തുവും ദൈവവും വിഭിന്ന ആളത്തങ്ങൾ ആണെന്ന് സൂചിപ്പിക്കുന്നു. മാത്രവുമല്ല, യോഹന്നാൻ 17:24-ൽ ലോകസ്ഥാപനത്തിനു മുമ്പ് പിതാവിന്റെ സമീപത്തിൽ ക്രിസ്തുവിനുണ്ടായിരുന്ന സ്ഥാനവും പിതാവിനു പുത്രനോടുള്ള സ്നേഹവും ഇരുവരും വ്യത്യസ്തരാണെന്നു തെളിയിക്കുന്നു. “നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്ക് പിതാവിന്റെ അടുക്കൽ ഉണ്ട്.” (1യോഹ, 2:1). മാത്രവുമല്ല, ദൈവത്തോട് അടുക്കുന്നവർക്ക് വേണ്ടി പക്ഷവാദം ചെയ്യുവാൻ അവൻ സദാ ജീവിക്കുന്നു. (എബ്രാ, 7:25). ഇതൊക്കെയാണ് മൂന്നാം പ്രമേയത്തിൻ്റെ ദൈവശാസ്ത്ര നിഗമനങ്ങൾ.
ഏകദൈവത്തെക്കുറിച്ച് ഒന്നാം പ്രമേയത്തിൽ അഞ്ചുകാര്യങ്ങൾ പറഞ്ഞിരുന്നു. 1. ദൈവം ഏകനാണ്. 2. ദൈവത്തിൻ്റെ പ്രകൃതി അവിഭക്തമാണ് അഥവാ, വിഭജിക്കാൻ ആവാത്തതാണ്. 3. ദൈവത്തിൻ്റെ പ്രകൃതി അഭാജ്യമാണ് അഥവാ, പകുത്തുകൂടാത്തതാണ്. 4. ദൈവം ഒരു ദൈവം എന്നല്ല. ഏകദൈവം എന്നത്രേ. അതിനാൽ, ദൈവം നിസ്തുല്യനാണ്. അതായത്, ദൈവത്തിനു തുല്യനായി മറ്റാരുമില്ല. 5. ദൈവികസത്ത ഏകമാകയാൽ വിഭജിക്കാൻ കഴിയില്ല. പിന്നെങ്ങനെയാണ് ദൈവം മൂന്ന് വ്യത്യസ്ത ആളത്തങ്ങളായത്? ഇവരുടെ വ്യാഖ്യാനപ്രകാരതന്നെ, പിതാവ് പൂർണ്ണ ദൈവമാണ്; പുത്രൻ പൂർണ്ണ ദൈവമാണ്; പരിശുദ്ധാത്മാവ് പൂർണ്ണദൈവമാണ്. മൂവരും നിത്യരും, സർവ്വജ്ഞരും, സർവ്വവ്യാപകത്വം ഉള്ളവരും, സർവ്വശക്തരുമാണ്. ഒപ്പം മൂവരും വ്യത്യസ്തരുമാണ്. നിത്യത്വവും സർവ്വശക്തിയുമൊന്നും വിഭജിക്കാൻ കഴിയില്ലെന്നും; വിഭജിക്കപ്പെട്ടാൽ മൂവരും ദൈവങ്ങൾ അല്ലാതായി മാറുമെന്നും പറയുന്നു. സാരാംശം വിഭജിക്കപ്പെടാതെ, മൂന്നുപേരും വ്യത്യസ്തരും പുർണ്ണദൈവവും ആകുന്നത് എങ്ങനെയാണ്? അതായത്, ദൈവശാസ്ത്രത്തിൻ്റെ വ്യാഖ്യാനപ്രകാരം, ഒന്നെങ്കിൽ, മൂന്നുപേരും പൂർണ്ണദൈവമല്ല, അല്ലെങ്കിൽ, മൂന്നുപേരും വ്യത്യസ്ത ദൈവങ്ങളാണ്. അപ്പോൾ, ട്രിനിറ്റി മൂന്ന് ദൈവങ്ങളുള്ള ബഹുദൈവവിശ്വാസമാകും. രണ്ടായാലും ദുരുപദേശമാണ്,.
ദൈവം ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, ഏകസത്യദൈവം; എന്നിങ്ങനെ 130 പ്രാവശ്യം അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. എന്നാൽ, ദൈവം മൂന്ന് ആളത്തമാണെന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. ആളത്തം എന്നുപറഞ്ഞാൽ എന്താണ്? ബൈബിളിലെന്നല്ല. നിഘണ്ടുവിൽപ്പോലും ഇല്ലാത്ത പദമാണ് ആളത്തം. ട്രിനിറ്റിയെന്ന ബൈബിൾ വിരുദ്ധ ഉപദേശം നിവ്വചിക്കാൻ എടുക്കുന്ന; അവതാരം;, ആളത്തം, ത്രിത്വം, ത്രിത്വത്തിൽ ഒന്നാമൻ, ത്രിത്വത്തിൽ രണ്ടാമൻ, ത്രിത്വത്തിൽ മൂന്നാമൻ, ത്രിയേകത്വം, ദൈവത്തിൻ്റെ ഇരുപ്രകൃതി, ദൈവത്തിൻ്റെ ബഹുത്വം, നിത്യപുത്രൻ, സാരാംശത്തിലൊന്ന് തുടങ്ങിയ ഒരു പദവും ബൈബിളുമായി യാതൊരു ബന്ധവും ഉള്ളതല്ല. ആളത്തം, ഇരുപ്രകൃതി, ത്രിയേകത്വം, സാരാംശത്തിലൊന്ന് തുടങ്ങിയ പദങ്ങൾ നിഘണ്ടുവിൽപ്പോലും ഉള്ളതല്ല. തന്മൂലം, ട്രിനിറ്റിയെന്ന ഉപദേശത്തിൻ്റെ വൈകല്യം എത്രമാത്രമാണെന്ന് ഊഹിക്കാവുന്നതേയുള്ളു.
ഏകദൈവമേയുള്ളു; ഏകദൈവമല്ലാതെ ദൈവമില്ലെന്ന് അസന്ദിഗ്ധമായി ബൈബിൾ പ്രഖ്യാപിക്കുന്ന കാര്യം, ഒന്നാം പ്രമേയത്തിൽ ദൈവശാസ്ത്രം അംഗീകരിച്ചതാണ്. എന്നിട്ട് രണ്ടാം പ്രമേയത്തിൽ; പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണെന്ന് പറഞ്ഞു. മൂന്നാം പ്രമേയത്തിൽ പറയുന്നു, പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളാണ്. ആളത്തം എന്നപദം നിഘണ്ടുവിൽ ഉള്ളതല്ലെന്ന് നാം കണ്ടതാണ്. ത്രിത്വപണ്ഡിതന്മാർ ആളെ ചുറ്റിക്കാൻ വേണ്ടിയാണ് ആളത്തമെന്ന പദം ഉപയോഗിക്കുന്നത്. ആളും വ്യക്തിയും ഒന്നാണ്. ആൾ അഥവാ വ്യക്തിയുടെ വൈശിഷ്ട്യം അഥവാ, വ്യക്തിയുടെ സ്വഭാവ സവിശേഷതകളുടെ ആകെത്തുകയാണ് വ്യക്തിത്വം എന്ന് പറയുന്നത്. വ്യക്തി (person) വ്യക്തിത്വം (personality) എന്നപോലെ, ആൾ, ആളത്തം എന്ന് വേണമെങ്കിൽ മനസ്സിലാക്കാം. അതായത്, വ്യക്തിയുടെ വ്യക്തിത്വം എന്നപോലെ, ആളിൻ്റെ ആളത്തം അഥവാ, പേഴ്സൻ്റെ പേഴ്സണാലിറ്റി എന്ന് മനസ്സിലാക്കാം എന്നേയുള്ളു. അല്ലാതെ, അതിന് തെളിവൊന്നുമില്ല,. അതിൽ ദൈവശാസ്ത്രത്തിൻ്റെ തട്ടിപ്പെന്താണെന്ന് ചോദിച്ചാൽ; ആളത്തം എന്ന നിഘണ്ടുവിൽപ്പോലും ഇല്ലാത്ത പദത്തെ, ചിലപ്പോൾ, വ്യക്തിയായിട്ടും, ചിലപ്പോൾ, വ്യക്തിത്വമായിട്ടും, മറ്റുചിലപ്പോൾ രൂപമായിട്ടും ദൈവശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നതു കാണാം. ദൈവശാസ്ത്രത്തിലെ തെളിവ് നോക്കുക: “ദൈവം ഏകനാണെന്നും ആ ഏകനിൽ മൂന്ന് ആളത്തങ്ങൾ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് ഉൾക്കൊള്ളുന്നു എന്നും എന്നാൽ ആവ മൂന്നു വിഭിന്ന വ്യക്തികളല്ലെന്നും ത്രിത്വം വ്യക്തമാക്കുന്നു. ദൈവികസത്ത സ്ഥിതിചെയ്യുന്ന മൂന്നു രൂപങ്ങൾ മാത്രമാണത്. ദൈവിക സത്തയ്ക്കുള്ളിലെ ആളത്തപരമായ മൂന്നു വ്യത്യാസങ്ങൾ മാത്രം.” (ത്രിയേകത്വം എന്ന ഉപദേശം, പേജ് 148, വ്യവസ്ഥിത ദൈവശാസ്ത്രം). ഇവിടെ, വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്: പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് വിഭിന്ന വ്യക്തികളല്ല. അതായത്, ആളത്തം എന്നാൽ വ്യക്തിയല്ല. അതിനാൽ, ആളത്തവും വ്യക്തിയും രണ്ടായിട്ടാണ് പറഞ്ഞിരിക്കുന്നത്. ആളത്തം രൂപമാണെന്ന് പറഞ്ഞിട്ടുമുണ്ട്. അടുത്തത് നോക്കാം: “പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളാണ്.” (ദൈവം ത്രിയേകത്വം, പേജ് 152, വ്യവസ്ഥിത ദൈവശാസ്ത്രം). ആദ്യം പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല; മൂന്ന് രൂപങ്ങൾ ആണെന്ന് പറഞ്ഞു. അതായത്, ആളത്തം എന്നാൽ മൂന്നു രൂപം മാത്രമാണെന്ന് പറഞ്ഞു. ഇപ്പോൾ പറയുന്നു; പിതാവ് പുത്രൻ പരിശുദ്ധാത്മാവ് വിഭിന്ന ആളത്തങ്ങളാണ്. അതായത്, ആളത്തം എന്നാൽ, വ്യക്തിയല്ല; രൂപമാണെന്ന് വ്യക്തമാക്കുന്നു. അടുത്തപേജിൽ: ആളത്തം എന്താണെന്ന് നിർവചിക്കാൻ, ആളത്തം എന്ന തലക്കെട്ടിൽ, person അഥാവാ, വ്യക്തി എന്ന് ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നു. (ആളത്തം, പേജ് 156, വ്യവസ്ഥിത ദൈവശാസ്ത്രം). ആദ്യം പറഞ്ഞു: പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് വ്യത്യസ്ത വ്യക്തികളല്ല. വ്യത്യതസ്ത രൂപങ്ങളാണ്. പിന്നെപ്പറഞ്ഞു: വ്യത്യസ്ത ആളത്തങ്ങളാണ്. ഒടുവിൽ പറയുന്നു: ആളത്തം വ്യക്തിയാണ്. ദൈവം മൂന്ന് വ്യക്തിത്വമാണെന്ന് കരുതുന്ന അനേകം പണ്ഡിതന്മാരുണ്ട്. അതായത്, ത്രിത്വമെന്ന ബൈബിൾവിരുദ്ധ ഉപദേശം ഉണ്ടാക്കിയിട്ട് ഇന്നേക്ക് ആയിരത്തി എഴുന്നൂറ് വർഷമായിട്ടും, ദൈവത്തിൽ ഉണ്ടെന്ന് ട്രിനിറ്റി വ്യാജമായി പറയുന്ന മൂന്നുപേർ; വ്യക്തിയാണോ, വ്യക്തിത്വമാണോ, രൂപമാണോ, മായയാണോ, മായാവിയാണോ എന്ന് വ്യക്തമായി പറയാൻ ഈ ഉപദേശക്കാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നൂറു പേരോട് ചോദിച്ചാൽ നൂറുത്തരമാണ് കിട്ടുന്നത്. അതിനാൽ, ബൈബിൾ വിരുദ്ധ ഉപദേശമാണ് ട്രിനിറ്റിയെന്ന് മനസ്സിലാക്കാം.
നാലാമത്തെ പ്രമേയം: ത്രിത്വത്തിലെ വിഭിന്ന ആളത്തങ്ങൾ നിത്യമാണ്.
പിതാവിനോടുകൂടെ നിത്യത മുതൽ ക്രിസ്തുവിന്റെ അസ്തിത്വം സൂചിപ്പിക്കുന്ന ബൈബിൾ ഭാഗങ്ങളാണ്, യോഹ, 1:1; 17:5,24; ഫിലി, 2:6. പരിശുദ്ധാത്മാവിന്റെ നിത്യാസ്തിക്യത്തെ ചൂണ്ടിക്കാണിക്കുന്ന വാക്യങ്ങളാണ്, ഉല്പ, 1;2; എബ്രാ, 9:14. പരിശുദ്ധാത്മാവിനെ നിത്യാത്മാവെന്ന് നാമകരണം ചെയ്യുന്നു. പിതാവിനും പുത്രനും തമ്മിലുള്ള നിത്യബന്ധത്തിന്റെ സ്വഭാവത്തെ, ജനിപ്പിക്കൽ എന്നാണ് പറയുന്നത്. നിത്യജനനം നിത്യമായ പുറപ്പാടിനെ അഥവാ, നിസ്സരണത്തെ കാണിക്കുന്നു. “നീയോ; ബേത്ത്ലേഹേം എഫ്രാത്തേ; നീ യെഹൂദാ സഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിനു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്ക് നിന്നിൽ നിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.” (മീഖാ, 5:2). ഈ നിത്യമായ ബഹിർഗമനത്തെക്കുറിച്ച് ദൈവം പറയുകയാണ്: “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). ഇന്ന് ദൈവത്തിന്റെ നിത്യമായ ഇന്നാണ്. യേശു പ്രസ്താവിച്ചു: “പിതാവിനു തന്നിൽത്തന്ന ജീവനുള്ളതുപോലെ അവൻ പുത്രനും തന്നിൽത്തന്നെ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.” (യോഹ, 5:26). പിതാവും പുത്രനും തമ്മിലുള്ള ജീവന്റെ നിത്യമായ വിനിമയമാണ് ഇവിടെ വിഷയം. ക്രിസ്തു തന്റെ നിത്യത്വം സ്വന്തം വാക്കുകളിലൂടെ വെളിപ്പെടുത്തി. ക്രിസ്തു യോഹന്നാൻ സ്നാപകനു മുമ്പേ ഉണ്ട്. (യോഹ, 1:15). അബ്രാഹാമിനു മുമ്പേ ഉണ്ട്. (യോഹ, 8:58). ലോകം ഉണ്ടാകും മുമ്പേ അവനുണ്ട്. (യോഹ, 17:5;24). എന്നാൽ അവൻ സർവ്വസൃഷ്ടിക്കും ആദ്യജാതനാണ്. (കൊലൊ, 1:15). ആദിയിൽ അവൻ ഉണ്ട്. (യോഹ, 1:1). പരിശുദ്ധാത്മാവിനു പിതാവിനോടും പുത്രനോടും ഉള്ള നിത്യമായ ബന്ധത്തിന്റെ സ്വഭാവം പുറപ്പാട് എന്നാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. പുത്രനോടുള്ള ബന്ധത്തിൽ ഉപയോഗിച്ചിട്ടുള്ള ജനനം എന്ന അതേ ആശയം തന്നെയാണ് പുറപ്പാട് എന്നതിനും. ഒരു വ്യത്യാസം മാത്രം, പരിശുദ്ധാത്മാവ് പുറപ്പെടുന്നതു പിതാവിൽ നിന്നും പുത്രനിൽ നിന്നുമാണ്. (യോഹ, 14:6; 15:26; പ്രവൃ, 2:33; എബ്രാ, 9:14). ഈ സത്യം നിഖ്യാ വിശ്വാസപ്രമാണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. “കർത്താവും ജീവിപ്പിക്കുന്നവനും, പിതാവിൽ നിന്നും പുത്രനിൽനിന്നും പുറപ്പെടുന്നവനും, പിതാവിനോടും പുത്രനോടും കൂടെ വന്ദിക്കപ്പെടുന്നവനും, പ്രവാചകരെക്കൊണ്ടു പറയിച്ചവനുമായ പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു.” ഇതൊക്കെയാണ് നാലാം പ്രമേയത്തിൻ്റെ ദൈവശാസ്ത്ര നിഗമനങ്ങൾ,.
ഇതിൽ, പുത്രനെക്കുറിച്ച് പറയുന്ന എല്ലാ കാര്യങ്ങളും അബദ്ധമാണ്.ഒന്നാമത്: പുത്രൻ നിത്യനാണെന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. രണ്ടാമത്: പുത്രൻ സർവ്വകാലങ്ങൾകുമുമ്പെ പിതാവിൽനിന്ന് ജനിച്ചു എന്ന നിഖ്യാ സുനഹദോസിൻ്റെ പഠിപ്പിക്കലാണ് ട്രിനിറ്റി വിശ്വസിക്കുന്നത്. അതിനൊന്നും ബൈബിളിൽ യാതൊരു തെളിവുമില്ല,. പിതാവിൽനിന്ന് ജനിച്ചവനായ പുത്രൾ എങ്ങനെയാണ്, പിതാവിനോട് സമനായ ദൈവം ആകുന്നത്? രണ്ടാം സങ്കീർത്തനം ഏഴാം വാക്യത്തിൽ ദൈവം ജനിപ്പിച്ച പുത്രൻ യഥാർത്ഥത്തിൽ ക്രിസ്തുവല്ല. എന്നാൽ, ആത്മികമായി അത് ക്രിസ്തുവിലൂടെ യഥാർത്ഥ സന്തതിക്ക് നിവൃത്തിയാകുകയാണ് ചെയ്തത്. പൗലൊസ് അത് വ്യക്തമാക്കിയിട്ടുണ്ട്. (പ്രവൃ, 13:32-33.. മൂന്നാമത്: യോഹന്നാൻ 1:1-ൽ പറയുന്നത്, യഥാർത്ഥത്തിൽ ക്രിസ്തുവിനെ കുറിച്ചല്ല. ദൈവത്തിൻ്റെ വചനത്തെ കുറിച്ച് അഥവാ, വായിലെ വചനത്തെക്കുറിച്ചാണ്. (യെശ, 55:15; 45:23; 59:23; 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72). തൻ്റെ വായിലെ വചനത്താലാണ് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത്. (സങ്കീ, 33:6). ആ വചനം ജഡമായിത്തീർന്ന കാര്യമാണ് യോഹന്നാൻ പറയുന്നത്. (യോഹ, 1:14). വചനം ജഡമായത് അഥവാ, മനുഷ്യനായത് ഒന്നാം വാക്യത്തിലല്ല; പതിനാലാം വാക്യത്തിലാണ്. ദൈവത്തിൻ്റെ വചനം ജഡമായപ്പോഴാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യനായത്. അവൻ വളർന്ന് വലുതായി മുപ്പത് വയസ്സുള്ളപ്പോഴാണ്, ദൂതൻ്റെ പ്രവചനങ്ങളുടെ നിവൃത്തിയായിട്ട്, ക്രിസ്തുവും ദൈവപുത്രനും ആയത്. (ലൂക്കൊ, 1:32,35; 3:22; പ്രവൃ, 10:38). എ.ഡി. ഇരുപത്തൊൻപതിൽ മാത്രം ദൈവപുത്രൻ ആയവൻ, നിത്യപുത്രൻ ആകുന്നത് എങ്ങനെയാണ്?നാലാമത്: പരിശുദ്ധാത്മാവ് പുറപ്പെടുന്നത് പിതാവിൽ നിന്നും പുത്രനിൽ നിന്നുമാണെന്ന ദുരുപദേശം ബൈബിളിൻ്റെയല്ല; കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൻ്റെയാണ്. പരിശുദ്ധാത്മാവ് ആരാണെന്നുപോലും ദൈവശാസ്ത്രം രചിച്ച പണ്ഡിതന്മാർക്ക് അറിയില്ലെ എന്നതാണ് വസ്തുത.
അഞ്ചാമത്തെ പ്രമേയം: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും തമ്മിൽ സത്താസമത്വം ഉണ്ട്.
ഈ സമത്വം പിതാവ് ഒന്നാമൻ, പുത്രൻ രണ്ടാമൻ, പരിശുദ്ധാത്മാവ് മൂന്നാമൻ എന്ന ക്രമത്തെ ഒഴിവാക്കുന്നില്ല. ഈ ക്രമീകരണം ക്രമത്തെ സംബന്ധിക്കുന്നത് മാത്രമാണ്. അത് പദവിയിലോ, മഹത്തത്തിലോ, ശക്തിയിലോ, നിത്യാസ്തിക്യത്തിലോ ഉള്ള വ്യത്യാസത്തെ വിവക്ഷിക്കുന്നില്ല. പിതാവിനു വിധേയരാണെങ്കിലും പരിശുദ്ധാത്മാവും പുത്രനും തുല്യരാണ്. വിധേയത്വമാകട്ടെ സ്വേച്ഛയാ ഉള്ളതാണ്, നിർബന്ധപൂർവ്വം ഉള്ളതല്ല. “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായി, തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി; തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവൻ ആയിത്തീർന്നു.” (ഫിലി, 2:6-8). ദൈവത്തിന്റെ പിതൃത്വം നിത്യത മുതല്ക്കുള്ളതാണ്. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും പേർ വരുവാൻ കാരണമായത് ദൈവത്തിന്റെ പിതൃത്വമാണ്. അതുനിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു. (എഫെ, 3:14-15). വീണ്ടും ജനനം പ്രാപിക്കുന്നവർ ദൈവമക്കളും ദൈവകുടുംബത്തിലെ അംഗങ്ങളുമാണ്. (യോഹ, 3:12; ഗലാ, 4:5-6). അവർ ദൈവത്തിൽ നിന്നത്രേ ജനിച്ചത്. (യോഹ, 1:13). പുത്രൻ ഏകജാതനാണ്. ഈ ഏകജാതത്വം നിസ്തുല്യമാണ്. അത് ഒരിക്കലും ഉത്ഭവത്തെ സൂചിപ്പിക്കുന്നില്ല. ദൈവത്തെ സ്വന്തം പിതാവെന്ന് വിളിച്ച്, പിതാവിനു തുല്യനാക്കിയതു കൊണ്ടാണ് യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചത്. (യോഹ, 5:18). ദൈവപ്രകൃതിയിലെ ആഴങ്ങൾ അറിയുന്ന ഒരേയൊരു വ്യക്തിയായിട്ടാണ് ആത്മാവിനെ വെളിപ്പെടുത്തിയിരിക്കുന്നത്. “നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവ് സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.” (1കൊരി, 2:10). ഇതൊക്കെയാണ് അഞ്ചാം പ്രമേയത്തിൻ്റെ ദൈവശാസ്ത്ര നിഗമനങ്ങൾ.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും തമ്മിൽ സത്താസമത്വം ഉണ്ടത്രേ. ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നുണ്ടോ? സത്ത അഥവാ, സാരാംശം എന്താണെന്ന് മുകളിൽ പറഞ്ഞായിരുന്നു. നിത്യത്വം, സർവ്വജ്ഞാനം, സർവ്വവ്യാപകത്വം, സർവ്വശക്തി ഇതാണ് സത്ത. സത്താസമത്വം എന്നാൽ, സാരാംശത്തിൽ അവർ തുല്യരാണ്. അപ്പോൾത്തന്നെ വ്യത്യസ്തരുമാണ്. പിതാവല്ല പുത്രൻ, പുത്രനല്ല പരിശുദ്ധാത്മാവ്, പരിശുദ്ധാത്മാവല്ല പിതാവ്. മൂന്നാം പ്രമേയത്തിൽ ഇവർ മറ്റൊരു കാര്യംകൂടി പറഞ്ഞു. സാരാംശം വിഭജിക്കപ്പെടാൻ പാടില്ല. വിഭജിക്കപ്പെട്ടാൽ; ഓരോരുത്തരും ദൈവമല്ലാതാകും. അഞ്ചാം പ്രമേയത്തിൽ പറയുന്നു. സാരാംശത്തിൽ തുല്യരാണ്, അപ്പോൾത്തന്നെ വ്യത്യസ്തരുമാണ്. അതായത്, പിതാവിൻ്റെ നിത്യത്വം, സർവ്വജ്ഞാനം, സർവ്വവ്യാപകത്വം, സർവ്വശക്തി തുടങ്ങയവയല്ല പുത്രനുള്ളത്. പുത്രൻ്റെയല്ല പരിശുദ്ധാത്മാവിനുള്ളത്. തന്മുലം, സാരാംശം വിഭജിക്കപ്പെട്ട് മൂവരും ദൈവം അല്ലാതായി. പ്രത്യുത, മൂവർക്കും സ്വതന്ത്രവും വ്യത്യസ്തവുമായ സാരാംശമാണ് ഉള്ളതെങ്കിൽ, മൂവരും വ്യത്യസ്ത ദൈവങ്ങളായി. രണ്ടായാലും ദുരുപദേശമാണ്.
അടുത്തത്, പിതാവ് പുത്രൻ പരിശുദ്ധാത്മാവ് സമത്വമുള്ള മൂന്ന് ദൈവമോ, വ്യക്തികളോ ആണെന്ന് ബൈബിൾ പഠിപ്പിക്കുന്നുണ്ടോ? ഇല്ല. “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നാണ് ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിക്കുന്നത്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). പിന്നെ, ഏത് വകയിലാണ് പുത്രനു പിതാവിനോട് സമത്വമുള്ളത്? പുത്രൻ പറയുന്നത് കേൾക്കുക: “ആ നാളും നാഴികയും സംബന്ധിച്ചോ, പിതാവല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മർക്കൊ, 13ൻ്റെ32). “എന്നെ നല്ലവൻ എന്നു പറയുന്നതു എന്ത്? ദൈവം ഒരുവനല്ലാതെ നല്ലവനില്ല.” മർക്കൊസ് 10ൻ്റെ18. “പിതാവ് ചെയ്തു കാണുന്നത് അല്ലാതെ പുത്രനു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.” (യോഹ, 5:19). “എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു, ഞാൻ എന്റെ ഇഷ്ടം അല്ല എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നത്.'” (യോഹ, 5:30). “പിതാവ് എനിക്ക് ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.” (യോഹ, 8:28). “ഞാൻ ഇന്നത് സംസാരിക്കേണം എന്ന് കല്പന തന്നിരിക്കുന്നു.” (യോഹ, 12:49). “എന്റെ പിതാവ് എല്ലാവരിലും വലിയവൻ.” (യോഹ, 10:29). “പിതാവു എന്നെക്കാൾ വലിയവൻ.” (യോഹ, 14:28). മാത്രമല്ല, പിതാവ് തന്റെ ദൈവമാണെന്ന് പുത്രനും, പിതാവ് പുത്രൻ്റെ ദൈവമാണെന്ന് അപ്പൊസ്തലന്മാരും പറയുന്നു. (യോഹ, 20:17; 2കൊരി, 11:31; എഫെ, 1:3,17). ഈ പുത്രനു പിതാവിനോട് സമത്വമുണ്ടെന്ന് പറയുന്ന ദൈവശാസ്ത്രം ദൈവികമാണോ? ദൈവത്തോട് സമത്വമുള്ള പുത്രൻ്റെ ദൈവമാരാണ്? അപ്പോൾ, മൊത്തത്തിൽ എത്ര ദൈവങ്ങളുണ്ട്? തന്മൂലം, ബൈബിളുമായി ഒരു ബന്ധവുമുള്ള പുസ്തകമല്ല ദൈവശാസ്ത്രമെന്ന് മനസ്സിലാക്കാം.
അടുത്തൊരു കാര്യം പറയുന്നത്: പിതാവിനു വിധേയരാണെങ്കിലും പരിശുദ്ധാത്മാവും പുത്രനും തുല്യരാണ്. എന്തൊരു അബദ്ധമാണ് പറയുന്നത്? ബൈബിൾ വെളിപ്പെടുത്തുന്ന പുത്രൻ പാപമറിയാത്ത മനുഷ്യനും പരിശുദ്ധാത്മാവ് ദൈവവും ആണ്. ദൈവവും മനുഷ്യനും എങ്ങനെ തുല്യരാകും? പുത്രൻ പരിശുദ്ധാത്മാവിനെക്കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം: “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നത്, സകലപാപവും; ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല,. ആരെങ്കിലും മനുഷ്യപുത്രനു നേരെ ഒരു വാക്കു പറഞ്ഞാൽ അത് അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിനു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ,12:31-32; മർക്കൊ, 3:28-29; ലൂക്കൊ, 12:10). പുത്രനോടുള്ള ദൂഷണം ക്ഷമിക്കും പരിശുദ്ധാത്മാവിനോടുള്ളത് ക്ഷമിക്കില്ലെങ്കിൽ, പുത്രനും പരിശുദ്ധാത്മാവും തുല്യരാണോ? ആത്മാവിനോട് വ്യാജംകാണിച്ച അനന്യാസും സഫീരയും പട്ടുപോയത്; ഇതിനോട് ചേർത്ത് ചിന്തിക്കുക. (പ്രവൃ, 5:1-10),. അപ്പോൾ, ബൈബിൾ തുറന്നുപോലും നോക്കാതെയാണോ ദൈവശാസ്ത്രം ഉണ്ടാക്കിയത്? താൻ ദൈവാത്മാവിനാൽ ഭൂതങ്ങളെ പുറത്താക്കുന്നു എന്നാണ് പുത്രൻ പറഞ്ഞത്. (മത്താ, 12:28). ദൈവാത്മാവിനാൽ അത്ഭുതങ്ങളെ പ്രവർത്തിച്ചവൻ ദൈവാത്മാവിനോട് തുല്യനാണോ? ചുരുക്കത്തിൽ, പുത്രൻ ആരാണെന്നോ, പരിശുദ്ധാത്മാവ് ആരാണെന്നോ ദൈവശാസ്ത്രം ഉണ്ടാക്കിയ പണ്ഡിതന്മാർക്ക് അറിയില്ല. ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ട് അവർ മൂഢരായിപ്പോയി. (റോമ, 1:22).
ഇനി, ഇവരുടെ ആളത്തത്തിൻ്റെയും, സാരാംശത്തിൻ്റെയും നിർവ്വചനംകൂടി നോക്കാം. ആളത്തം: “ഒരേ വർഗ്ഗത്തിൽ തന്നെയുള്ള ഒന്നിൽനിന്നും മറ്റൊന്നിനെ വിവേചിക്കുന്നത് എന്താണോ അതാണ് ആളത്തം. അതാണ് വിവേചന തത്വം. ഉദാഹരണം, വാഴപ്പഴവും മാമ്പഴവും. രണ്ടും പഴമാണ്. എന്നാൽ അവയെ വിവേചിക്കുന്നത്, ഒന്ന്; വാഴപ്പഴവും, മറ്റേത്; മാമ്പഴവുമാണ്. ത്രിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണ്. ത്രിത്വത്തെ വിവേചിക്കുന്നത്, പിതാവ് പിതാവാണ്; പുത്രനോ പരിശുദ്ധാത്മാവോ അല്ല. പുത്രൻ പുത്രനാണ്; പിതാവോ പരിശുദ്ധാത്മാവോ അല്ല. പരിശുദ്ധാത്മാവ് പരിശുദ്ധാത്മാവാണ്: പിതാവോ പുത്രനോ അല്ല.”
ദൈവശാസ്ത്രത്തിൻ്റെ ഈ വിവേചന തത്വപ്രകാരം, ഒരേ വർഗ്ഗത്തിലുള്ള അഥവാ, ദൈവവർഗ്ഗത്തിലുള്ള മൂന്ന് ആളത്തങ്ങൾ അഥവാ, വ്യക്തികളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. ഏകനായ അഥവാ, ഒരുത്തൻ മാത്രമായ ദൈവത്തെ, ദൈവത്തെ, ഒരു വർഗ്ഗം എന്ന് പറയുന്നതിൽപരം അബദ്ധമെന്താണ്? മനുഷ്യവർഗ്ഗം, മൃഗവർഗ്ഗം, പക്ഷിവർഗ്ഗം, പഴവർഗ്ഗം, കിഴങ്ങുവർഗ്ഗം എന്നിവയെപ്പോലെ ദൈവവർഗ്ഗത്തിലെ അംഗങ്ങൾ ആണോ, പിതാവും പുത്രനും പരിശുദ്ധാത്മാവും? ദൈവവർഗ്ഗത്തിലെ വ്യത്യസ്ത ആളത്തങ്ങളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന് പറയുകയും ദൈവം ഏകനാണെന്ന് പറയുകയും ചെയ്താൽ എങ്ങനെ ശരിയാകും? നിങ്ങൾ യഥാർത്ഥത്തിൽ ബഹുദൈവ വിശ്വാസികളാണ്. ഇവരുടെ നിർവ്വചന പ്രകാരം, മനുഷ്യവർഗ്ഗത്തെ മുഴുവനും ഏക മനുഷ്യനെന്ന് വിളിക്കാമല്ലോ? ഉദാഹരണം: പത്രൊസും, ഈസ്കര്യോത്താ യൂദായും, പൗലോസും. ഇവരുടെ ഏകത്വം എന്നു പറയുന്നത്. ഇവർ ഒരേ വർഗ്ഗത്തിൽ അഥവാ, മനുഷ്യവർഗ്ഗത്തിൽ പെട്ടവരാണ്. വിവേചനതത്വ പ്രകാരം, പത്രൊസ് പത്രൊസാണ്; യൂദായുമല്ല പൗലൊസുമല്ല. യൂദാ യൂദായാണ്; പത്രൊസുമല്ല പൗലൊസുമല്ല. പൗലൊസ് പൗലോസാണ്; പത്രൊസുമല്ല യൂദായുമല്ല. ഇനിയുമുണ്ട് ഇവരുടെ ആളത്തത്തിൻ്റെ സവിശേഷതകൾ. പത്രൊസ്, യേശുവിനെ തള്ളിപ്പറഞ്ഞുവെങ്കിലും, യഥാസ്ഥാനപ്പെട്ടശേഷം അവനുവേണ്ടി വളരെ അദ്ധ്വാനിക്കുകയും ഒടുവിൽ അവൻ്റെ നാമത്തിനുവേണ്ടി മരിക്കുകയും ചെയ്തു. യൂദാ, യേശുവിൻ്റെ കൂടെനടന്ന് സകല നന്മയും അനുഭവിച്ചശേഷം അവനെ ഒറ്റിക്കൊടുത്ത് മാനസാന്തരപ്പെടാതെ സ്വയം നാശത്തിലേക്ക് കടന്നുപോയി. പൗലൊസ്, ക്രിസ്തുശിഷ്യന്മാർക്ക് വളരെ ദോഷം ചെയ്തവനെങ്കിലും, യേശുവിനാൽ പിടിക്കപ്പെട്ടപ്പോൾ, അവൻ്റെ നാമത്തിനുവേണ്ടി അനേകം കഷ്ടങ്ങൾ സഹിക്കുകയും, അവനുവേണ്ടി പ്രാണാത്യാഗം ചെയ്തവനുമാണ്. ദൈവശാസ്ത്രത്തിൻ്റെ നിർവ്വചന പ്രകാരം, പത്രൊസും യൂദായും പൗലൊസും ഒരേ മനുഷ്യവർഗ്ഗത്തിൽപ്പെട്ടവർ ആയിരിക്കുമ്പോൾത്തന്നെ, എങ്ങനെ വ്യത്യസ്ത വ്യക്തികൾ ആയിരിക്കുന്നുവോ, അങ്ങനെതന്നെയാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് വ്യത്യസ്ത ആളത്തങ്ങൾ അഥവാ, വ്യക്തികൾ ആയിരിക്കുന്നത് എന്നാണ്, ദൈവശാസ്ത്രം പറയുന്നത്. ഇത് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവമാണോ? മൂന്ന് വ്യത്യസ്ത ആളത്തങ്ങൾക്ക് അഥവാ, വ്യക്തികൾക്ക് ഒരു ദൈവം ആയിരിക്കാൻ കഴിയുമെങ്കിൽ, പത്രോസും പൗലൊസും യൂദായും മാത്രമല്ല, ലോകത്തിലെ സകല മനുഷ്യരെയും ചേർത്ത്, ഒരു മനുഷ്യൻ എന്നേ പറയാൻ കഴിയൂ. അതായത്, ത്രിമൂർത്തി ബഹുദൈവ വിശ്വാസത്തെ ഏക ദൈവവിശ്വാസമാക്കാൻ പറ്റില്ല.
സാരാംശം: “ഒരു വർഗ്ഗത്തെ മറ്റൊരു വർഗ്ഗത്തിൽനിന്ന് വിവേചിക്കുന്നത് എന്താണോ അതാണ് സാരാംശം. ഉദാഹരണം, മാമ്പഴവും പ്രാവും. ഇവയിൽ ഒന്നു പഴവും മറ്റേതു പക്ഷിയുമാണ്.” ദൈവത്തിൻ്റെ സാരാംശം എന്ന് പറയുന്നത്; നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം തുടങ്ങിയവയാണ്. ദൈവശാസ്ത്രം സാരാംശത്തെ നിർവ്വചിക്കുമ്പോഴും ദൈവം ഏകനല്ല ഒരു വർഗ്ഗമാണ്. പിതൃപുത്രാത്മാവിലെ സാരാംശം കാണുക: “ത്രിയേകത്വം എന്ന ഉപദേശത്തിൽ കാതലായി നിൽക്കുന്നത് സാരാംശമാണ്. ആളത്തങ്ങളിലെ മൂന്നുപേർക്കും സമ്പൂർണ്ണമായ സാരാംശമുണ്ട്. പിതാവ് സർവ്വവ്യാപിയാണ്, പുത്രൻ സർവ്വവ്യാപിയാണ്, പരിശുദ്ധാത്മാവ് സർവ്വവ്യാപിതാണ്. ഒരേയൊരു സർവ്വവ്യാപകത്വമാണ് പിതാവിനും പുത്രനും പരിശുദ്ധാത്മാവും ഉള്ളത്. പിതാവ് സർവ്വശക്തൻ, പുത്രൻ സർവ്വശക്തൻ, പരിശുദ്ധാത്മാവ് സർവ്വശക്തൻ. മൂന്ന് ആളത്തങ്ങൾക്കും ഉള്ളത് ഒരേയൊരു സർവ്വശക്തിയാണ്. സർവ്വശക്തി മൂന്നുപേർക്കും പ്രത്യേകം വിഭജിക്കപ്പെട്ടാൽ, മൂന്നുപേരും മൂന്ന് ദൈവങ്ങളായി മാറും. മാത്രമല്ല, സർവ്വശക്തൻ സർവ്വശക്തൻ അല്ലാതായി മാറും. സർവ്വശക്തി ഒന്നേയുള്ളൂ, അത് സമ്പൂർണ്ണമാണ്. സർവ്വശക്തി പിതാവിനു അതിൻ്റെ സമ്പൂർണ്ണതയിൽ ഉണ്ട്. അതേ സമ്പൂർണ്ണമായ സർവ്വശക്തി; അതേ കാലത്തിലും വിധത്തിലും പുത്രനും പരിശുദ്ധാത്മാവിനും ഉണ്ട്.” ആളത്തവും സാരാംശവും, പേജ് 154, വ്യവസ്ഥിത ദൈവശാസ്ത്രം,.
ദൈവശാസ്ത്രത്തിൻ്റെ വഞ്ചന മനസ്സിലായോ? ദൈവത്തിൻ്റെ സാരാംശം എന്ന് പറയുന്നത്, നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം ആണന്ന് അവർ പറയുന്നു. അത് വിഭജിക്കാൻ പാടില്ല. വിഭജിച്ചാൽ, നിത്യൻ നിത്യനല്ലാതായി മാറും. സർവ്വജ്ഞാനി സർവ്വജ്ഞാനി അല്ലാതായി മാറും. സർവ്വശക്തൻ സർവ്വശക്തൻ അല്ലാതായി മാറും. സർവ്വവ്യാപി സർവ്വവ്യാപി അല്ലാതായി മാറും. അതായത്, ദൈവത്തിൻ്റെ സാരാംശം എന്ന് അവർ പറയുന്നത് ഈ നാലു ഗുണങ്ങളാണ്. സാരാംശം വിഭജിക്കപ്പെട്ടാൽ മൂന്ന് വ്യത്യസ്ഥ ദൈവങ്ങളായി മാറുമെന്നും അവർ പറയുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളാണ് എന്നതാണ് മൂന്നാം പ്രമയത്തിൻ്റെ വിഷയം. പിതാവല്ല പുത്രൻ, പുത്രനല്ല പരിശുദ്ധാത്മാവ്, പരിശുദ്ധാത്മാവല്ല പിതാവ്. മൂന്നുപേർക്കും നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം തുടങ്ങിയ ഗുണങ്ങൾ അതിൻ്റെ പൂർണ്ണ അളവിൽ ഉണ്ടുതാനും. അതായത്, സാരാംശമായ നാലു ഗുണങ്ങൾ വിഭജിക്കപ്പെടാൻ പാടില്ലെങ്കിൽ, പിതാവും പുത്രനും പരിശുദ്ധാത്മാവും എങ്ങനെ വിഭജിക്കപ്പെട്ടു? സാരാംശം വിഭജിക്കപ്പെടാൻ പാടില്ലെങ്കിൽ, അവർ എങ്ങനെ വ്യത്യസ്തരായി? പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്തരാണെങ്കിൽ, അവരുടെ നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം തുടങ്ങിയ ഗുണങ്ങളും വ്യത്യസ്തമാകുമല്ലോ? സാരാംശം വ്യത്യസ്തമാകാതെ, പിതാവും പുത്രനും പരിശുദ്ധാത്മാവും എങ്ങനെ വ്യത്യസ്തരാകും? വിഭജിക്കാൻ കഴിയില്ലെന്ന് ദൈവശാസ്ത്രം പറയുന്ന സാരാംശം അഥവാ, നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം തുടങ്ങിയ ഗുണങ്ങൾ, പിതാവിനുള്ളത് തന്നെയാണ് പുത്രനും പരിശുദ്ധാത്മാവിനും ഉള്ളതെങ്കിൽ, ഇവർ വ്യത്യസ്തരാകുന്നത് ഏത് ഗുണങ്ങളിലാണ്? സാരാംശം വിഭജിക്കപ്പെടാതെ, പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്തരായാൽ, അവർ സ്വതന്ത്രമായി നിത്യരോ, സർവ്വജ്ഞനോ, സർവ്വശക്തനോ അല്ലാതാകും. ഇനി, ത്രിത്വത്തിലെ വ്യത്യസ്തരായ ഓരോരുത്തരും സർവ്വശക്തരും വ്യത്യസ്തരുമായാൽ, മൂന്ന് ദൈവങ്ങളാണ് ആകുന്നത്. അപ്പോൾ മൊത്തത്തിൽ, പരസ്പരവിരുദ്ധമായ ഒരു പുസ്തകമാണ് ദൈവശാസ്ത്രം എന്ന് മനസ്സിലാക്കാം.
നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം തുടങ്ങിയ ഗുണങ്ങൾ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഒരുപോലെ ഉണ്ടെന്നാണ് ദൈവശാസ്ത്രം പറയുന്നത്. അതേക്കുറിച്ച് ബൈബിൾ എന്ത് പറയുന്നുവെന്ന് നോക്കാം: സർവ്വശക്തൻ എന്ന പ്രയോഗം 48 പ്രാവശ്യം പഴയനിയമത്തിലും, പത്തുപ്രാവശ്യം പുതിയനിയമത്തിലും ഉണ്ട്. എന്നാൽ, സർവ്വശക്തിയുള്ള ദൈവം എന്നല്ലാതെ, സർവ്വശക്തിയുള്ള പിതാവെന്നോ, സർവ്വശക്തിയുള്ള പുത്രനെന്നോ, സർവ്വശക്തിയുള്ള പരിശുദ്ധാത്മാവെന്നോ ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. ഉദാ: (ഉല്പ, 17:1; 2കൊരി, 6:17). എന്നാൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാരും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 5:21; റോമ, 16:26; 1തിമൊ, 1:17; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). തന്മൂലം, പിതാവായ ഏകദൈവം മാത്രമാണ് സർവ്വശക്തനെന്ന് മനസ്സിലാക്കാം. ഇനി, സർവ്വജ്ഞാനി അഥവാ, ജ്ഞാന സമ്പൂർണ്ണൻ എന്ന് ദൈവത്തെ മാത്രം കുറിക്കുന്ന പ്രയോഗമാണ്. (ഇയ്യോ, 37:16). അതും, പിതാവായ ഏകദൈവത്തെ മാത്രം കുറിക്കുന്നതാണ്. സർവ്വവ്യാപി അഥവാ, ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവൻ എന്ന പ്രയോഗവും പിതാവായ ദൈവത്തെ മാത്രം കുറിക്കുന്നതാണ്. (യിരെ, 23:23-24). നിത്യൻ എന്ന പ്രയോഗവും ദൈവത്തെ മാത്രം കുറിക്കുന്നതാണ്. (യെശ, 40:28). നിത്യപുത്രനെന്ന ഒരു പ്രയോഗം ബൈബിളിൽ എവിടെയുമില്ല. എന്നാൽ, നിത്യാത്മാവ് എന്നൊരു പ്രയോഗം എബ്രായരിൽ കാണാം. (9:14). അത് ആത്മാവായ ദൈവത്തെ കുറിക്കുന്ന പ്രയോഗം തന്നെയാണ്. “ദൈവം ആത്മാവാകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കണം.” (യോഹ, 4:24). തന്മൂലം, ട്രിനിറ്റിയുടെ ദൈവശാസ്ത്രം പഠിപ്പിക്കുന്ന അഞ്ച് അടിസ്ഥാന പ്രമേയങ്ങളിൽ, നാലെണ്ണവും; പരമ അബദ്ധമാണെന്ന് മനസ്സിലാക്കാം.
ട്രിനിറ്റിയുടെ ദൈവശാസ്ത്രം പഠിപ്പിക്കുന്ന അഞ്ച് അടിസ്ഥാന പ്രമേയങ്ങളിൽ ഒന്നാമത്തെ പ്രമേയം ഒഴികെ, ബാക്കിയെല്ലാം ബൈബിൾ വിരുദ്ധമാണെന്ന് നാം കണ്ടു. ദൈവം ഒരുത്തൻ മാത്രമാണെന്നും, ആ ദൈവം പിതാവ് മാത്രമാണെന്നും നാം കണ്ടതാണ്. ഇനി, അറിയാനുള്ളത്; പരിശുദ്ധാത്മാവ് ആരാണ് എന്നാണ്? പരിശുദ്ധാത്മാവ് ആരാണെന്ന് ചോദിച്ചാൽ; ദൈവം തന്നെയാണ്. അഥവാ, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ഏക ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. ചില തെളിവുകൾ തരാം. 1. താൻ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യഹോവയും, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പഴയനിയമ ഭക്തന്മാരും, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാരും പറയുന്നു. (പുറ, 20:2-3; യെശ, 44:6,8; 2രാജാ, 19:15,19; നെഹെ, 9:6; യോഹ, 5:44; ലൂക്കൊ, 5:21; റോമ, 16:16; 1തിമൊഥെ, 1:17). പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നു വിഭിന്നനായ ദൈവമോ, വ്യക്തിയോ ആണെങ്കിൽ; യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് എങ്ങനെ പറയും? പറഞ്ഞാൽ, പരിശുദ്ധാത്മാവ് ദൈവമല്ലാതായി മാറും. അത് ആത്മാവിനെതിരെയുള്ള ദൂഷണമായി മാറും. പരിശുദ്ധാത്മാവിന് എതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും ക്ഷമിക്കപ്പെടുന്ന പാപമല്ല. (മത്താ, 12:32). 2. പിതാവാണ് ഏക സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവമെന്നും, അവനെമാത്രം ആരാധിക്കണമെന്നും, അവൻ മാത്രമാണ് സകലവും അറിയുന്നതെന്നും ക്രിസ്തു പറയുന്നു. (മത്താ, 4:10; 24:36; ലൂക്കൊ, 4:8; യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാർ പറയുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ ആയിരുന്നെങ്കിൽ പിതാവ് മാത്രമാണ് സത്യദൈവമെന്നും, അവനെ മാത്രം ആരാധിക്കണമെന്നും, അവൻ മാത്രമാണ് സകലവും അറിയുന്നതെന്നും ക്രിസ്തു പറയുമായിരുന്നോ? പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാർ പറയുമായിരുന്നോ? ക്രിസ്തുവിനെക്കാളും അപ്പൊസ്തലന്മാരെക്കാളും ഞ്ഞാനികളാണോ ത്രിത്വപണ്ഡിതന്മാർ? പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ ക്രിസ്തുവിൻ്റെയും അപ്പൊസ്തലന്മാരുടെയും വാക്കിനാൽത്തന്നെ പരിശുദ്ധാത്മാവ് ദൈവമല്ലാതായി മാറും. ഇങ്ങനെയൊക്കെ ബൈബിളിൽ ഉള്ളതുകൊണ്ടാണ്, പരിശുദ്ധാത്മാവ് ആരാണെന്ന് അറിയാത്ത മറ്റുചിലർ, പരിശുദ്ധാത്മാവ് കേവലം ശക്തിയാണെന്ന് പറയുന്നത്. 3. സ്നാനസമയത്ത് പരിശുദ്ധാത്മാവാണ് ദേഹരൂപത്തിൽ യേശുവിൻ്റെമേൽ ആവസിച്ചത്. “പരിശുദ്ധാത്മാവ് ദേഹരൂപത്തിൽ പ്രാവ് എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കൊ, 3:22). എന്നാൽ, പിതാവാണ് തൻ്റെകൂടെ വസിക്കുന്നതെന്ന് ക്രിസ്തു ആവർത്തിച്ചു പറയുന്നതായി കാണാം: “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16). അടുത്തവാക്യം. “പിതാവ് എന്നോടുകൂടെ ഉള്ളതുചൊണ്ട് ഞാൻ ഏകനല്ല.” (യോഹ,16:32). ഈ വേദഭാഗത്തൊക്കെ, പിതാവായ ഏകദൈവം തന്നോടുകൂടെ വസിക്കുന്നതുകൊണ്ട്, താൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല എന്നാണ് ഏകമനുഷ്യനായ യേശുക്രിസ്തു പറയുന്നത്. യോഹന്നാൻ 8ൻ്റെ40, റോമർ 5ൻ്റെ15. പരിശുദ്ധാത്മാവ് തൻ്റെമേൽ ആവസിച്ചു, പിതാവാണ് തന്നോടുകൂടെ ഉള്ളതെന്ന് ക്രിസ്തു പറയുന്നു. ട്രിനിറ്റി പഠിപ്പിക്കുന്നതുപോലെ പരിശുദ്ധാത്മാവ് ദൈവപിതാവിൽനിന്ന് വ്യത്യസ്തനായിരുന്നെങ്കിൽ, പരിശുദ്ധാത്മാവ് തൻ്റെകൂടെ ഉള്ളതുകൊണ്ട് താൻ ഏകനല്ല, എന്നല്ലേ പറയേണ്ടത്? അപ്പോൾ, ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ, ദൈവപിതാവും പരിശുദ്ധാത്മാവും ഭിന്നരല്ലെന്ന് തെളിയുന്നു. 4. പിതാവായ ദൈവം, പിതാവായ ഏകദൈവം, ദൈവവും പിതാവുമായവൻ എന്നിങ്ങനെ യോഹന്നാൻ 6:27-മുതൽ വെളിപ്പാട് 1:6-വരെ, 42 പ്രാവശ്യം കാണാൻ കഴിയും. എന്നാൽ, പിതാവായ ദൈവമെന്നല്ലാതെ, പരിശുദ്ധാത്മാവായ ദൈവം എന്നൊരു പ്രയോഗം ബൈബിളിൽ കാണാൻ കഴിയില്ല. അടുത്തത്, സ്വർഗ്ഗസ്ഥൻ, സ്വർഗ്ഗസ്ഥനായ പിതാവ്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്നിത്യാദി പ്രയോഗങ്ങൾ മത്തായി 5:16-മുതൽ, ലൂക്കോസ് 11-13-വരെ ഇരുപത്തഞ്ചുപ്രാവശ്യം കാണാൻ കഴിയും. എന്നാൽ, സ്വർഗ്ഗസ്ഥനായ പിതാവെന്നല്ലാതെ, സ്വർഗ്ഗസ്ഥനായ പരിശുദ്ധാത്മാവെന്ന പ്രയോഗം ഒരിക്കൽപ്പോലും കാണാൻ കഴിയില്ല. എന്തെന്നാൽ, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയോ, ദൈവമോ അല്ല; ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, പരിശുദ്ധാത്മാവ് പിതാവിനോടു തുല്യനായ മറ്റൊരു ദൈവമോ, വ്യക്തിയോ ആയിരുന്നെങ്കിൽ, പിതാവായ ദൈവം, സ്വർഗ്ഗസ്ഥനായ പിതാവ് എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നപോലെ, പരിശുദ്ധാത്മാവിനെയും വിശേഷിപ്പിക്കുമായിരുന്നു. സൽഗുണപൂർണ്ണനെന്നും പിതാവിനെ മാത്രമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. (മത്താ, 5:48). ഏകദൈവം ദൃശ്യമായിട്ടും അദൃശ്യമായിട്ടും പ്രത്യക്ഷനാകുമ്പോൾ വേറെ വേറെ ദൈവങ്ങളാകുന്നത് എങ്ങനെയാണ്? അതായത്, ട്രിനിറ്റിയെന്ന ഉപദേശം, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളുടെയും ദൈവശാസ്ത്രത്തിൻ്റെയും ഉല്പന്നമാണ്. അല്ലാതെ, ബൈബിളുമായി എന്തെങ്കിലും ബന്ധമുള്ള ഉപദേശമല്ല. ഇതുപോലെ അനേകം തെളിവുകളുണ്ട്. പരിശുദ്ധാത്മാവിനെ കുറിച്ച് ബൈബിളിലെ മുഴുവൻ തെളിവുകളും കാണാൻ, പരിശുദ്ധാത്മാവ് എന്ന ലേഖനമോ, വീഡിയോയോ കാണുക.
ദൈവം ഒരുത്തൻ മാത്രമാണെന്നും, ആ ദൈവം പിതാവ് മാത്രമാണെന്നും, പരിശുദ്ധാത്മാവ് ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണെന്നും നാം കണ്ടു. ഇനി അറിയാനുള്ളത്, ക്രിസ്തു ആരാണ്? ദൈവമാണോ? അല്ല. യഹോവയ്ക്കോ, പഴയനിയമ ഭക്തന്മാർക്കോ, അപ്പൊസ്തലന്മാർക്കോ ക്രിസ്തു ദൈവമാണെന്ന് അറിയില്ലായിരുന്നു. തന്മൂലം, താൻ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യഹോവയും പഴയനിയമ ഭക്തന്മാരും പറയുന്നു. എന്തിനേറെ പറയുന്നു; താൻ ദൈവമാണെന്ന് ക്രിസ്തുവിനുപോലും അറിയില്ലായിരുന്നു. തന്മൂലം, താൻ ദൈവമല്ല. മനുഷ്യനാണെന്ന് പുത്രനും, പുത്രൻ ദൈവമല്ല. മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യം പറഞ്ഞിരിക്കുന്നതായി കാണാം: പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറഞ്ഞത്. (യോഹ, 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു ദൈവമുണ്ട് എന്നൊക്കെയും പുത്രൻ പറഞ്ഞു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും പുത്രൻ പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). പുത്രൻ മനുഷ്യനാണെന്നും, പുത്രനൊരു പിതാവും ദൈവവും ഉണ്ടെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; 1കൊരി, 15:21; 1തിമൊ, 2:6; റോമ, 5:15; 2കൊരി, 1:3; എഫെ, 1:1,17). പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതായത്, ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെക്കണ്ട യോഹന്നാൻ സ്നാപകനും, യെഹൂദന്മാരും, ശമര്യാസ്ത്രീയും, പിറവിക്കുരുടനും, പരീശന്മാരും, മഹാപുരോഹിതന്മാരും, കയ്യാഫാവും, പീലാത്തോസും, ശതാധിപനും, ന്യായാധിപസംഘവും ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യോഹ, 1:30; 4:29; 8:40; 9:11,16; 10:33; 11:50; ലൂക്കോ, 23:4; മർക്കോ, 15:39; പ്രവൃ, 2:23; 5:28). പിന്നെങ്ങനെയാണ്, പുത്രൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവമാകുന്നത്? ത്രിത്വമെന്ന ഉപദേശംപോലും പേഗൻ; മതങ്ങളിൽ നിന്ന് കടം കൊണ്ടതാണ്,.
ഏകമനുഷ്യനായ യേശുക്രിസ്തുവിനെ അറിയാത്തതാണ് ട്രിനിറ്റിയുടെ പ്രശ്നം. ഏകമനുഷ്യൻ എന്നാണ് പൗലൊസ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്. “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല. ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). യേശുക്രിസ്തുവെന്ന ഏകമനുഷ്യൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. അതായത്, കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെ അഥവാ, വിശുദ്ധപ്രജയെ ആണ്. (ലൂക്കൊ, 2:36; 2കൊരി, 5:21). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40;52). അവനു ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ യോർദ്ദാനിൽവെച്ച്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്. (ലൂക്കൊ, 3:22; 4:18-21; പ്രവൃ, 10:38). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിട്ട്, ഇവൻ എൻ്റെ പ്രിയപുത്രൻ എന്ന് ദൈവപിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്തപ്പോഴാണ് അവൻ ദൈവപുത്രനായത്. (ലൂക്കൊ, 1:32,35; 3:22). ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമായി മാറുന്നത്. ഭാവിയിൽ സംഭവിപ്പാനുള്ളതാണ് പ്രവചനം. (ദാനീ, 2:28). അനന്തരം, മൂന്നര വർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് മനുഷ്യനാണ്. (യോഹ, 8:40). ക്രൂശിൽ മരിച്ചത് ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ്. (1തിമൊ, 2:6; എബ്രാ., 2:9). മൂന്നാം ദിവസം ദൈവം ഉയിർപ്പിച്ചത് മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 10:40; 1കൊരി, 15:21). അതായത്, ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യനായിരുന്നു. (1പത്രൊ, 2:24; മത്താ, 26:38) ലൂക്കൊ, 23:46). അവൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്. (ലൂക്കൊ, 23:46; എബ്രാ, 9:14). മൂന്നാം ദിവസം അവനെ ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ ക്രിസ്തുവും കർത്താവും ആക്കിവെച്ചത് ദൈവമാണ്. (പ്രവൃ, 2:36; 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂ ഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). അതായത്, യേശുവെന്ന മനുഷ്യൻ കന്യകയായ മറിയയുടെ ഉദരത്തിൽ ഉല്പാദിതമായവൻ അഥവാ, രൂപപ്പെട്ടവനാണ്. അല്ലാതെ, സ്വർഗ്ഗത്തിൽനിന്നു വന്ന് രൂപാന്തരപ്പെട്ടതല്ല. (മത്താ, 1:20; ലൂക്കൊ, 2:21). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. പഴയനിയമത്തിൽ ക്രിസ്തുവിനെക്കുറിച്ച് ഉണ്ടായിരുന്നത് പ്രവചനങ്ങളാണ്. അത് നിവൃത്തിയായത് കാലസമ്പൂർണ്ണതയിലെ ജനനം മുതലാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). തന്മൂലം, യേശുവെന്ന ദൈവപുത്രൻ ജനിച്ചത് ട്രിനിറ്റിയുടെ വിശ്വാസംപോലെ, സർവ്വലോകങ്ങൾക്ക് മുമ്പേയുമല്ല. കന്യകയായ മറിയയുടെ ഉദരത്തിലൂടെയുമല്ല. എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. ദൈവപുത്രനെ ട്രിനിറ്റിക്ക് ഇതുവരെ അറിയില്ല; അതിനാൽ, ദൈവപിതാവിനെയും ട്രിനിറ്റി അറിയുന്നില്ല. (യോഹ, 8:19).
അപ്പോൾ, ഒരു ചോദ്യം വരും. ക്രിസ്തു കേവലം മനുഷ്യനോ? അല്ല. നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ദൈവം മരണ രഹിതനാണെന്നും;ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ് മരണം വരിച്ചതെന്നും അക്ഷരംപ്രതി ബൈബിളിൽ പറഞ്ഞിരിക്കുന്നു. (1തിമൊ, 2:6; 6:16; എബ്രാ, 2:9). എന്നാൽ, മനുഷ്യനായി അന്ത്യകാലത്ത് വെളിപ്പെട്ടവൻ ആരായിരുന്നു എന്നതാണ് ചോദ്യം.
“രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ, സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്, മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, മാനിഫെസ്റ്റ് ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20; ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ; മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണ്. (മലാ, 3:6; യാക്കോ, 1:17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35; 2;21, റോമർ 9:5, മീഖാ 5ൻ്റെ2;3. അതെങ്ങനെ സാധിക്കും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).
ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിക്കേണ്ട തിമൊഥെയൊസാണ്. അടുത്തഭാഗം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, “യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യെശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും. (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി, 2:6-8; 1തിമൊ, 3:14:16; എബ്രാ, 2:14-15. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).
അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തൊരു സ്ട്രോംങായ തെളിവ് തരാം: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).
അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ് യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2:6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32,37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ് താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16,; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് ‘ഞങ്ങൾ’ എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). അതായത്, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവു” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). “ഞാനും പിതാവും ഒന്നാകുന്നു” എന്നു പറഞ്ഞത്. (യോഹ, 10:30). “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം, “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.
ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം, ഏകൻ ആണ്. ത്രിത്വം എന്ന പ്രയോഗമോ, ആശയമോ ബൈബിളിലില്ല. ഇന്നുകാണുന്ന ത്രിത്വം എന്ന ഉപദേശം നാലാം നൂറ്റാണ്ടിൽ മാത്രം ഉണ്ടായതാണ്. ട്രിനിറ്റിയെന്ന ബൈബിൾ വിരുദ്ധ ഉപദേശത്തെ സംബന്ധിച്ച യഥാർത്ഥ വസ്തുത ദൈവശാസ്ത്രത്തിൽത്തന്നെ പറഞ്ഞിട്ടുണ്ട്. സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി. എ.ഡി. 325-ൽ നിഖ്യാസുനഹദോസ് പുത്രനു പിതാവിനോടുള്ള സത്താസമത്വവും, എ.ഡി. 381-ലെ കോൺസ്റ്റാൻഡിനോപ്പിൾ സുനഹദോസ് പരിശുദ്ധാത്മാവിൻ്റെ ദൈവത്വവും അംഗീകരിച്ചു. പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും, പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു. (ദൈവം ത്രിയേകത്വം, വ്യവസ്ഥിതദൈവശാസ്ത്രം, പേജ് 147). ആദ്യഭാഗത്ത് പറയുന്നത് ശ്രദ്ധിക്കണം; സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി. രൂപപ്പെടുത്താൻ തുടങ്ങി എന്നു പറഞ്ഞാൽ; പുതുതായൊന്ന് ഉണ്ടാക്കുവാൻ അഥവാ, മെനയുവാൻ തുടങ്ങി എന്നാണ് അർത്ഥം. ഉണ്ടായിരുന്ന ഉപദേശത്തെ പരിഷ്കരിച്ചുവെന്നോ, സ്ഥിരീകരിച്ചുവെന്നോ, എടുത്തുപറഞ്ഞുവെന്നോ അല്ല പറയുന്നത്. ഇല്ലാത്ത ഒരുപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങി എന്നാണ്. മുമ്പേ ഉണ്ടായിരുന്ന ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങേണ്ട ആവശ്യമില്ലല്ലോ? അടുത്തഭാഗം; പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും, പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു. ബൈബിളിൽ ട്രിനിറ്റിയെന്ന ഉപദേശം ഉണ്ടായിരുന്നെങ്കിൽ അത് ഔദ്യോഗികം തന്നെ ആയിരിക്കുമല്ലോ. പിന്നെ, സുനഹദോസ് എന്തിനാണ് ട്രിനിറ്റിയെ ഔദ്യോഗികമായി അംഗീകരിക്കുന്നത്? അതായത്, നാലാം നൂറ്റാണ്ടിനുമുമ്പ് അങ്ങനെയൊരു ഉപദേശം സഭയ്ക്കകത്ത് ഉണ്ടായിരുന്നില്ല. പുതുതായി ഒരു ഉപദേശം ഉണ്ടാക്കിയശേഷം അതിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സഭയോടു ചേർക്കുകയായിരുന്നു.
ഇന്ന് ഉപയോഗിക്കുന്ന ബഹുദൈവവിശ്വാസമായ ത്രിത്വം കൂടാതെ, പല ഉപദേശങ്ങൾ അതിനുമുമ്പെ ഉണ്ടായിരുന്നു. ട്രയാസ് എന്ന ഗ്രീക്കുപദം ആദ്യം ഉപയോഗിച്ചത്; അന്ത്യൊക്യയിലെ ബിഷപ്പായിരുന്ന തെയോഫിലസ് ആണ്. മൂന്നുപേർ അടങ്ങുന്ന ഒരു സംഘം എന്നാണ് ട്രയാസിൻ്റെ അർത്ഥം. എന്നാൽ, ത്രിത്വം എന്ന ഉപദേശം രൂപപ്പെടുത്താൻ ആ പദം ആദ്യമുപയോഗിച്ചത് എ.ഡി. 155-220 കാലത്ത് ജീവിച്ചിരുന്ന തെർത്തുല്യൻ ആയിരുന്നു. അദ്ദേഹത്തിൻ്റെ സിദ്ധാന്തം, പുത്രനെ പിതാവ് കീഴ്പ്പെടുത്തി എന്നായിരുന്നു. അടുത്തയാൾ; എ.ഡി. 185-253 കാലത്ത് ജീവിച്ചിരുന്ന അലക്സാണ്ട്രിയയിലെ ഒറിജൻ ആയിരുന്നു. പുള്ളിയുടെ ഉപദേശം, പുത്രൻ പിതാവിനു താഴെയാണെന്നും, പരിശുദ്ധാത്മാവ് പുത്രനും താഴെയാണെന്നും ആയിരുന്നു. ദൈവം ത്രിയേകത്വം, വ്യവസ്ഥിത ദൈവശാസ്ത്രം, പേജ് 147). ഒന്നിൽ പിഴച്ചാൽ മൂന്നെന്നാണല്ലോ. ഈ രണ്ട് ഉപദേശങ്ങൾ കഴിഞ്ഞാണ് ബഹുദൈവ ദുരുപദേശമായ ത്രിത്വം ഉണ്ടായത്.
സഭയെക്കുറിച്ച് പൗലൊസിൻ്റെ ഒരു ആശങ്കയുണ്ടായിരുന്നു: “ഞാൻ നിങ്ങളെക്കുറിച്ച് ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏക പുരുഷനു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിക്കാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായി പ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.” (2കൊരി, 11:2-3). പൗലൊസിൻ്റെ ഭയം അസ്ഥാനത്തായിരുന്നില്ല. താൻ കൊരിന്ത്യർക്ക് ലേഖനം എഴുതുന്നത് ഒന്നാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തിലാണ്. അതിനും രണ്ടര നൂറ്റാണ്ട് കഴിഞ്ഞപ്പോൾ ഉപായിയായ സർപ്പം കോൺസ്റ്റൻ്റയിൻ ചക്രവർത്തിയിലൂടെ പണിതുടങ്ങി. എ.ഡി. 325-ൽ നിഖ്യായിൽ ചക്രവർത്തി വിളിച്ചുചേർത്ത സുനഹദോസ് ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനെ ദൈവത്തോട് സമത്വമുള്ള മറ്റൊരു വ്യക്തിയും ദൈവവും ആക്കി. എ.ഡി. മുന്നൂറ്റി എൺപത്തൊന്നിൽ ഏക ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടായ പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്ന് വിഭിന്നനായ മറ്റൊരു വ്യക്തിയും ദൈവവും ആക്കി. അങ്ങനെ, ഉപായിയായ സർപ്പം ജയിച്ചു; സഭ തോറ്റു. ഏകസത്യദൈവത്തിൽ വിശ്വസിച്ചിരുന്നവർ നാലാം നൂറ്റാണ്ടുമുതൽ ത്രിമൂർത്തി ബഹുദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങി. പൗലോസ് അപ്പൊസ്തലൻ്റെ ആശങ്കപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു ദൈവസഭ വഷളായി. അതായത്, ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും, ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലോട്ട് ആനയിക്കാനുമായി, ഉപായിയായ സർപ്പം; സഭയിൽ നുഴയിച്ചുകയറ്റിയ ദുരുപദേശത്തിൻ്റെ ഭാഗമാണ് ത്രിത്വവിശ്വാസം. “അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യു” എന്ന് സങ്കീർത്തനക്കാരൻ ചോദിക്കുന്നു. (11:3). അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തും ചെയ്യും. അതിൻ്റെ തെളിവാണ് ഏകസത്യദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവിനെക്കുറിച്ചുള്ള ചരിത്ര വസ്തുതകൾ എല്ലാം പാടേ വിസ്മരിച്ചുകൊണ്ട് പണ്ഡിതശിരോമണികൾ എഴുതിവെച്ച ദൈവശാസ്ത്രം എന്ന അബദ്ധശാസ്ത്രം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.