തേരഹിൻ്റെ ആയുഷ്കാലം
അബ്രാഹാമിൻ്റെ അപ്പനായ തേരഹിൻ്റെ ആയുഷ്കാലം 205 സംവത്സരം ആയിരുന്നുവെന്ന് ബൈബിളിലുണ്ട്. “തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവെച്ചു മരിച്ചു.” (ഉല്പ, 11:32). അബ്രാം ജനിക്കുമ്പോൾ തേരഹിന് 70 വയസ്സായിരുന്നു എന്നും കാണാം: “തേരഹിന്നു എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു.” (ഉല്പ, 11:26). ഹാരാനിൽ വെച്ചാണ് തേരഹ് മരിക്കുന്നത്. (11:32). ഹാരാനിൽനിന്ന് യഹോവയുടെ കല്പനപ്രകാരം കനാനിലേക്ക് യാത്ര പുറപ്പെടുമ്പോൾ അബ്രാഹാമിന് 75 വയസ്സായിരുന്നു. (12:4). ഇവിടെ അബ്രാഹാമിൻ്റെ അപ്പനായ തേരഹ് മരിക്കുന്ന സമയത്തുള്ള പ്രായത്തിൽ ഗണിതശസ്ത്രപരമായ ഒരു പ്രശ്നമുണ്ട്. 205 വയസ്സിലാണ് തേരഹ് മരിച്ചതെങ്കിൽ, ഹാരാനിൽനിന്ന് പുറപ്പെടുമ്പോൾ അബ്രാഹാമിൻ്റെ പ്രായം 135 ആയിരിക്കണം. അല്ലെങ്കിൽ, തേരഹ് മരിക്കുന്നത് 145-ാം വയസ്സിലാകണം. അബ്രാഹാം ഹാരാനിൽ നിന്ന് പുറപ്പെടുമ്പോഴുള്ള പ്രായം 75 വയസ്സെന്നുള്ളത് (12:4) കൃത്യമാണെന്നതിന് തുടന്നുള്ള വേദഭാഗങ്ങളും തെളിവു നല്കുന്നു: ഹാഗാർ അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അവന് 86 വയസ്സായിരുന്നു. (16:16). യഹോവ മൂന്നാം പ്രാവശ്യം അബ്രാഹാമിനു പ്രത്യക്ഷനാകുമ്പോൾ അവന് 99 വയസ്സായിരുന്നു. (17:1). 99-ാം വയസ്സിൽ തന്നെയാണ് അബ്രാഹാം പരിച്ഛേദനയേറ്റതും. (17:24). “തന്റെ മകനായ യിസ്ഹാൿ ജനിച്ചപ്പോൾ അബ്രാഹാമിന്നു 100 വയസ്സായിരുന്നു.” (ഉല്പ, 21:5). ഇതിൽനിന്ന് അബ്രാഹാമിൻ്റെ പ്രായം കൃത്യമാണെന്ന് മനസ്സിലാക്കാം. വ്യത്യാസമുള്ളത് തേരഹിൻ്റെ പ്രായത്തിലാണ്.
ഗണിതശാസ്ത്ര സംബന്ധമായ ഈ പ്രശ്നത്തിൻ്റെ ഒരു പരിഹാരമാർഗ്ഗം ഇങ്ങനെയാണ്: “മൂത്ത പുത്രനുണ്ടായി അറുപതു വർഷങ്ങൾക്കു ശേഷമാണ് ഇളയ പുത്രനായി അബ്രാഹാം ജനിച്ചതെന്നും, തന്റെ പ്രാധാന്യം കൊണ്ട് (മനശ്ശെയ്ക്കു മുമ്പ് എഫ്രയിം ആദ്യജാതനായതുപോലെ) പട്ടികയിൽ ആദ്യസ്ഥാനം നൽകിയിരിക്കുകയാണെന്നും അനുമാനിക്കുന്നു.” ഈ പരിഹാരപ്രകാരം അബ്രാഹാം ജനിക്കുമ്പോൾ തേരഹിന് പ്രായം 130 ആണ്.
ഈ പ്രശ്നപരിഹാരം രണ്ടു കാര്യങ്ങൾകൊണ്ട് നീതിയുക്തമല്ല: ഒന്ന്; മനശ്ശെയെ യോസേഫിന്റെ ആദ്യജാതൻ അഥവാ, മൂത്തപുത്രൻ എന്ന് പറഞ്ഞശേഷമാണ് (ഉല്പ, 42:51; 46:20), യാക്കോബ് അവരെ കൈകൾ പിണച്ചുവെച്ച് അനുഗ്രഹിക്കുകവഴി (ഉല്പ, 48:13,14), ദൈവം എഫ്രയീമിനെ തൻ്റെ ആദ്യജാതൻ (യിരെ, 31:9; 31:20) എന്ന് പറഞ്ഞിരിക്കുന്നത്. എന്നാൽ, തേരഹിൻ്റെ മക്കളെക്കുറിച്ചുള്ള രണ്ട് പട്ടിക മാത്രമാണുള്ളത്. അതിൽ രണ്ടിലും അബ്രാഹാമിനെ ആദ്യസ്ഥാനം അഥവാ, മൂത്ത പുത്രനായാണ് പറഞ്ഞിരിക്കുന്നത്. (ഉല്പ, 11:26; 11:27). രണ്ട്; യിസ്ഹാക്കിൻ്റെ ജനനം ഒരത്ഭുമാണെന്ന് ബൈബിളിൽനിന്ന് മനസ്സിലാക്കാം. സാറാ മച്ചിയായിരുന്നത് (ഉല്പ, 11:30) മാത്രമല്ല അത്ഭുതത്തിനു കാരണം. അവർ രണ്ടുപേരും വൃദ്ധരും ഒരു കാരണവശാലും മക്കൾ ജനിക്കാൻ സാദ്ധ്യതയില്ലാത്തവരും ആയിരുന്നു. അബ്രാഹാം കവിണ്ണുവീണ് ചിരിച്ചതും (ഉല്പ, 17:17), സാറായി ഉള്ളുകൊണ്ടു ചിരിച്ചതും (ഉല്പ, 18:11,12) അതേ കാരണത്താലാണ്. തൻ്റെ അപ്പൻ തന്നെ 130-ാം വയസ്സിലാണ് ജനിപ്പിച്ചതെങ്കിൽ, അബ്രാഹാമിൻ്റെ 100-ാം വയസ്സിൽ ജനിക്കുന്ന യിസ്ഹാക്കിൻ്റെ ജനനം എങ്ങനെ അത്ഭുതമാകും? നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്ന് ചോദിച്ചുകൊണ്ട് അബ്രാഹാം എന്തിനാണ് കവിണ്ണുവീണു ചിരിച്ചത്? (ഉല്പത്തി 17:17).
അപ്പോൾ, തേരഹ് 70-ാം വയസ്സിൽത്തന്നെയാണ് അബ്രാഹാമിനെ ജനിപ്പിച്ചതെന്ന് സ്പഷ്ടം. പ്രശ്നം തേരഹിൻ്റെ ആയുഷ്കാലമാണ്. “തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവെച്ചു മരിച്ചു.” (ഉല്പ, 11:32). ഇവിടെ 205 വർഷമെന്നത് എബ്രായ ബൈബിളിൻ്റെ പകർപ്പെഴുത്തിൽ വന്ന പിശകായിരിക്കും. യഥാർത്ഥത്തിൽ തേരഹ് മരിക്കുമ്പോൾ അവന് 145 വയസ്സാണ്. ശമര്യൻ പഞ്ചഗ്രന്ഥത്തിൽ ഇതിന് തെളിവുണ്ട്: (SPE) “And the days of Terah were hundred and forty five years: and Terah died in Haran.” (Genesis 11:32). തേരഹിന്റെ ആയുഷ്കാലം നൂറ്റിനാല്പത്തഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവെച്ചു മരിച്ചു.
One thought on “തേരഹിൻ്റെ ആയുഷ്കാലം”