തടുക്കുന്നവൻ (restrains)
“അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപ്പോക മാത്രം വേണം.” (2തെസ്സ, 2:7). തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപ്പോയശേഷം അധർമ്മമൂർത്തി പ്രത്യക്ഷപ്പെടുകയും കർത്താവിന്റെ നാൾ ആരംഭിക്കുകയും ചെയ്യും. ‘തടുക്കുന്നവൻ’ ആര് അഥവാ എന്താണ്?.
I. റോമാസാമ്രാജ്യം: പൌലൊസിന്റെ വീക്ഷണത്തിലുണ്ടായിരുന്നതു റോമാസാമ്രാജ്യമാണ്; പക്ഷേ അതു തുറന്നു പറയുവാൻ മടിച്ചു ‘തടുക്കുന്നവൻ’ എന്നു പറഞ്ഞു. റോമാസാമ്രാജ്യം മുഴുവൻ നിലനിന്ന വ്യവസ്ഥിതമായ നിയമവും നീതിയും അധർമ്മത്തെയും അധർമ്മ മൂർത്തിയെയും നിയന്ത്രിച്ചു. അലക്സാണ്ടർ, റീസ് തുടങ്ങിയവരുടെ അഭിപ്രായം ഇതാണ്.
II. മാനുഷിക സർക്കാരും നിയമവും: മുമ്പു പറഞ്ഞതിനോടു ബന്ധപ്പെട്ട വാദഗതി. “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവു മില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. (റോമ, 13:1). ഇതിൽ നിന്നും സർക്കാരുകളും നിയമ വ്യവസ്ഥകളുമാണ് തടുക്കുന്നവൻ എന്നു വ്യാഖ്യാനിക്കുന്നു.
III. സാത്താൻ: അധർമ്മമൂർത്തിയുടെ പ്രത്യക്ഷതയെ തടഞ്ഞു നിറുത്തുന്നത് സാത്താനാണ്. ഈ വാദത്തിനു മറുപടി ക്രിസ്തുവിന്റെ വാക്കുകൾ തന്നെയാണ്. “ഒരു വീടു തന്നിൽ തന്നെ ഛിദിച്ചു എങ്കിൽ ആ വീടിനു നിലനില്പാൻ കഴിയുകയില്ല. സാത്താൻ തന്നോടുതന്നെ എതിർത്തു ഛിദിച്ചു എങ്കിൽ അവനു നിലനില്ക്കാൻ കഴിവില്ല; അവന്റെ അവസാനം വന്നു.” (മർക്കൊ, 3:25,26). മാത്രവുമല്ല, തടുക്കുന്നവൻ മാറ്റപ്പെടുന്നതോടുകൂടി സാത്താന്യ പ്രവർത്തനം രൂക്ഷമാവുകയാണ്, കുറയുകയല്ല.
IV. സഭ: വിശ്വാസികൾ ഉപ്പും വെളിച്ചവുമാണ്. വർത്തമാനകാലത്ത് അധർമ്മത്തിൻ്റെ പൂർണ്ണമായ പ്രത്യക്ഷതയെ തടയുന്ന ഒരു മാധ്യമമായി ദൈവം സഭയെ ഉപയോഗിക്കുന്നു. എന്നാൽ ശക്തിയോടെ തടയുന്നവൻ വിശ്വാസിയല്ല; വിശ്വാസിയെ ശക്തീകരിക്കുന്ന പരിശുദ്ധാത്മാവത്രേ. (യോഹ, 16:7; 1കൊരി, 6:19). പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യത്തിലല്ലാതെ സഭയ്ക്കോ, സർക്കാരുകൾക്കോ സാത്താന്റെ ശക്തിയെയോ പരിപാടികളെയോ ചെറുക്കാനാവില്ല.
V. പരിശുദ്ധാത്മാവ്: തടുക്കുന്നവൻ പരിശുദ്ധാത്മാവെന്നതിന്റെ തെളിവുകൾ:
1. തടുക്കുന്നവനെ കുറിച്ചുള്ള വിവരണം പരിശുദ്ധാത്മാവിനു മാത്രമേ ചേരുകയുള്ളു.
2. അധർമ്മമൂർത്തി ആളത്തമാണ് (Personality). അവന്റെ പ്രവർത്തന മണ്ഡലത്തിൽ ആത്മീയലോകം ഉൾക്കൊള്ളുന്നു. അതിനാൽ തടുക്കുന്നവനും ഒരാളത്തവും ആത്മീയ സത്തയുമായിരിക്കണം.
3. നിവർത്തിക്കേണ്ടതെല്ലാം പൂർത്തീകരിക്കേണ്ടതിന് തടുക്കുന്നവൻ അധർമ്മ മൂർത്തിയെക്കാളും, അധർമ്മമൂർത്തിയെ ബലപ്പെടുത്തുന്ന സാത്താനെക്കാളും ശക്തനായിരിക്കണം. ഈ യുഗം മുഴുവൻ അധർമ്മം തടുത്തു നിറുത്തുന്നതിന് തടുക്കുന്നവൻ നിത്യനായിരിക്കണം. പാപത്തിന്റെ കൂത്തരങ്ങ് ലോകം മുഴുവനാണ്. അതിനാൽ തടുക്കുന്നവൻ ദിക്കാലാതിവർത്തി ആയിരിക്കണം.
4. ഇതു പരിശുദ്ധാത്മാവിന്റെ യുഗമാണ്. സഭായുഗം പരിശുദ്ധാത്മാവിൻ്റെ അവരോഹണത്തോടുകൂടി ആരംഭിച്ചു; പരിശുദ്ധാത്മാവ് മാറുന്നതോടുകൂടി അവസാനിക്കും. പഴയ നിയമകാലത്ത് പരിശുദ്ധാത്മാവ് ഭൂമിയിൽ വസിക്കാതിരുന്നിട്ടും അധർമ്മത്തെ തടയത്തക്കവണ്ണം സ്വാധീനം ചെലുത്തിയിരുന്നു.
തടുക്കുന്നവൻ പരിശുദ്ധാന്മാവ് ആണെന്ന് തെളിയിക്കുന്ന വാക്യം വല്ലതും
തരാൻ കഴിയുമോ ?
ബൈബിൾ വിജ്ഞാനം എന്ന ഈ പ്രസിദ്ധീകരണത്തിലൂടെ എനിക്ക് വളരെ ആത്മിക അറിവുകൾ നേടാൻ കർത്താവ് സഹായിക്കുന്നു. ഇതിന്റെ പിന്നണിയിൽ പ്രവൃത്തിക്കുന്ന ഏവരെയും വലിയവനായ ദൈവം അനുഗ്രഹിക്കുമാറാകട്ടെ
ക്രിസ്തുവിൽ സഹോദരൻ Jaison