ജ്ഞാനസാഹിത്യം (Wisdom Literature)
എബ്രായ മതസംസ്കാരത്തിൽ നിന്നുടലെടുത്ത ഒരു വിഭാഗം രചനകൾ ജ്ഞാനസാഹിത്യം എന്ന പേരിൽ അറിയപ്പെട്ടു. കാനോനിക തിരുവെഴുത്തുകളിലെ സദൃശവാക്യങ്ങൾ, ഇയ്യോബ്. സഭാപ്രസംഗി. ചില സങ്കീർത്തനങ്ങൾ (19, 37, 104, 107, 147, 148) എന്നിവയും അകാനോനിക ഗ്രന്ഥങ്ങളിലെ പ്രഭാഷകൻ, ശലോമോന്റെ വിജ്ഞാനം തുടങ്ങിയവയും ജ്ഞാനസാഹിത്യ സഞ്ചയത്തിൽ ഉൾപ്പെടുന്നു. വിവേകികളുടെയും ജ്ഞാനികളുടെയും തലമുറകളിലൂടെയുള്ള നിരീക്ഷണങ്ങളും നീതിമൊഴികളും ഈ പുസ്തകങ്ങളിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത് എബ്രായരുടെ ധാർമ്മിക പാരമ്പര്യത്തെ പാലൂട്ടി വളർത്തി.
പഴഞ്ചൊല്ലുകൾ: പഴഞ്ചൊല്ലുകൾ എല്ലാ ജനതകൾക്കും എല്ലാകാലത്തും ഉണ്ട്. യിസ്രായേലിലും പൗരാണിക കാലം മുതൽക്കേ ഇമ്മാതിരി പഴഞ്ചൊല്ലുകൾ കാണാം. യഥാ മാതാ തഥാ പുതി (യെഹെ, 16:44), ദുഷ്ടത ദുഷ്ടനിൽ നിന്നു പുറപ്പെടുന്നു (1ശമൂ, 24:13), വൈദ്യാ നിന്നെത്തന്നേ സൗഖ്യമാക്കുക (ലൂക്കൊ, 4:23) തുടങ്ങിയ പഴഞ്ചൊല്ലുകൾ യിസ്രായേലിൽ സുപരിചിതമായിരുന്നു. തലമുറകൾ കൈമാറിയ ആഴമേറിയ സത്യങ്ങളാണവ.
സദൃശവാക്യങ്ങൾ: ജ്ഞാനസാഹിത്യത്തിൽ ഏറ്റവും പഴക്കമുള്ളതും ദീർഘതരവും ആയ രചനയാണ് സദൃശവാക്യങ്ങൾ. ശലോമോനു മുമ്പുളള ജ്ഞാനികളുടെ വാക്യങ്ങൾ ഇതിൽ സമാഹരിക്കപ്പെട്ടിട്ടുണ്ട്. “ഇവയും ശലോമോന്റെ സദൃശവാക്യങ്ങൾ; യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ ആളുകൾ അവയെ ശേഖരിച്ചിരിക്കുന്നു.” (സദൃ, 25:1). യുവാക്കന്മാർക്കു ജീവിതവിജയം നേടാനും, എല്ലാ കെണിയും അപകടങ്ങളും ഒഴിഞ്ഞു മാറാനും ഉദ്ദേശിക്കപ്പെട്ടതാണിത്. ലോകത്തിന്റെ നൈതികക്രമം മനസ്സിലാക്കുകയും ആ ക്രമത്തോടനുരൂപപ്പെട്ടു അതിന്റെ ഗുണങ്ങൾ സ്വായത്തമാക്കുകയും ചെയ്യേണ്ടതാണ്. മനുഷ്യൻ വിവേകപൂർവ്വം പെരുമാറണം. ജീവിതത്തിൽ അർഹമായതു അവനു ലഭിക്കും. ജ്ഞാനത്തിന്റെ ഗുണങ്ങൾ ഇന്ദ്രിയ നിഗ്രഹത്തിൻറ മൂല്യം, നല്ല ഭാര്യയുടെ മേന്മ, മനുഷ്യ പ്രകൃതിയെക്കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണങ്ങൾ, മനോഹരമായ അലങ്കാരപ്രയോഗങ്ങൾ എന്നിവ സദൃശവാക്യങ്ങളിലുണ്ട്.
ഇയ്യോബ്: ജ്ഞാനസാഹിത്യത്തിലെ ഉത്തമവും ഉദാത്തവുമായ കൃതിയാണ് ഇയ്യോബ്. കാവ്യാത്മകത്വം, ഗാംഭീര്യം, ഓജസ്സ്, അഗാധത എന്നിവയിൽ അതിന്റെ സ്ഥാനം അദ്വിതീയമാണ്. ലോകസാഹിത്യത്തിൽത്തന്നെ ഉത്തമസ്ഥാനം അലങ്കരിക്കുന്ന വിശിഷ്ടകൃതിയാണത്.സംവാദ രൂപത്തിലാണ് രചന. പ്രധാന കഥാപാത്രം ഇയ്യോബാണ്. ഇയ്യോബിനോടൊപ്പം സംഭാഷണത്തിൽ പങ്കുകൊളളുന്ന മൂന്നു സുഹൃത്തുക്കളുണ്ട്. അവർ മൂന്നുപേരും പൗരസ്ത്യരാണ്. സെപ്റ്റജിന്റിൽ ഇവർ മൂന്നുപേരും രാജാക്കന്മാരാണെന്നു പറഞ്ഞിരിക്കുന്നു. ഓരോരുത്തരുടെയും ചിന്ത ഓരോ പ്രഭാഷണമായി മാറുന്നു. ഇതിലെ അന്തിമവാക്ക് ദൈവത്തിന്റേതാണ്. ദൈവിക കരുതലിനെ ഗ്രന്ഥകാരൻ നിഷേധിക്കുന്നില്ല. ദൈവിക നീതിയെക്കുറിച്ചുള്ള സാധാരണ ഗണിതത്തെയാണ് അദ്ദേഹം നിഷേധിക്കുന്നത്. ഇയ്യോബിൻ്റെ മുന്നു സുഹൃത്തുക്കളുടെയും പ്രഭാഷണങ്ങൾ ദൈവിക നീതിയെക്കുറിച്ചുള്ള സാമാന്യധാരണ വ്യക്തമാക്കുന്നു.
സഭാപ്രസംഗി: സഭാപ്രസംഗി ശലോമോൻ എഴുതി എന്നാണ് ആന്തരികമായ തെളിവുകൾ കാണിക്കുന്നത്. നീതിമാൻ പ്രതിഫലം പ്രാപിക്കാതെയും ദുഷ്ടൻ ശിക്ഷ കൂടാതെയും കടന്നുപോകുന്നു എന്ന വ്യാജോപദേശത്തെ ഖണ്ഡിക്കുകയാണ് ഈ ഗ്രന്ഥം. ഇതിനെ ബൈബിൾ കാനോനിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും എതിരഭിപ്രായമാണ് ഉണ്ടായിരുന്നത്. സ്വഗത വൈരുദ്ധ്യങ്ങളുള്ള ഈ ഗ്രന്ഥം ദൈവിക വെളിപ്പാടല്ലെന്നും ഒരു മനുഷ്യന്റെ അഭിപ്രായം മാത്രമാണെന്നും വാദിക്കപ്പെട്ടു. പരീക്ഷണ വിധേയമാകാത്ത ഒന്നിനെയും താൻ വിശ്വസിച്ചിട്ടില്ലെന്നാണ് സഭാപ്രസംഗി പറയുന്നത്. മാനദണ്ഡങ്ങൾ ഒന്നും കണക്കാക്കാതെ കൺമുമ്പിൽ കണ്ടവയെ മാത്രം സിദ്ധാന്തവത്ക്കരിക്കുകയാണ് സഭാപ്രസംഗി. ജീവിതത്തിലെ അല്പനാളുകളിൽ മനുഷ്യൻ ചെയ്യേണ്ടതെന്താണെന്നു കണ്ടുപിടിക്കുകയായിരുന്നു. ജ്ഞാനവും ഭ്രാന്തും ഭോഷത്വവും മനസ്സിലാക്കുവാൻ ശ്രമിച്ചിട്ട് എല്ലാം മായയും വൃഥാ പ്രയത്നവും എന്നു മനസ്സിലാക്കി. (1:14). ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ലെന്നു അറിഞ്ഞു. (3:12). എല്ലാറ്റിലും മിതത്വം എന്ന നിഗമനത്തിൽ സഭാപ്രസംഗി എത്തിച്ചേർന്നു. (7:16-18). ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തും എന്ന ബോധം സഭാപ്രസംഗിയുടെ ചിന്തയ്ക്കു കടിഞ്ഞാണിടുന്നു. ചില സങ്കീർത്തനങ്ങളും ജ്ഞാനസാഹിത്യത്തിന്റെ സ്വഭാവം പ്രദർശിപ്പിക്കുന്നുണ്ട്. ദൈവം നീതിമാനു പ്രതിഫലവും ദുഷ്ടനു ശിക്ഷയും നല്കുന്നു എന്നു സങ്കീർത്തനങ്ങൾ വ്യക്തമാക്കുന്നു. (സങ്കീ, 1, 34, 37). എഴുപത്തിമൂന്നാം സങ്കീർത്തനം ഇയ്യോബിന്റെ പുസ്തകത്തിനു സാധർമ്മ്യം വഹിക്കുന്നു.
One thought on “ജ്ഞാനസാഹിത്യം”