ജീവവൃക്ഷം (Tree of life)
ജീവവൃക്ഷത്തെക്കുറിച്ചു ഉല്പത്തിയിൽ മൂന്നും (2:9; 3:22; 3:24), സദൃശവാക്യങ്ങളിൽ നാലും (3:18; 11:30; 13:12; 15:4), വെളിപ്പാടിൽ മൂന്നും (2:7; 22:2; 22:19) പരാമർശങ്ങളുണ്ട്. ഏദെൻ തോട്ടത്തിലെ അത്ഭുതകരങ്ങളായ രണ്ടു വൃക്ഷങ്ങളായിരുന്നു ജീവവൃക്ഷവും നന്മ തിന്മകളെക്കുറിച്ചുളള അറിവിന്റെ വൃക്ഷവും. (ഉല്പ, 2:9). നന്മതിന്മകളെക്കുറിച്ചുളള അറിവിന്റെ വൃക്ഷഫലം ഭക്ഷിച്ചതോടുകൂടി മനുഷ്യൻ പാപത്തിൽ വീഴുകയും തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. മനുഷ്യനെ തോട്ടത്തിൽനിന്ന് പുറത്താക്കിയതു ജീവവൃക്ഷത്തിന്റെ ഫലം പറിച്ചുതിന്നു അമർത്ത്യത നേടാതിരിക്കാൻ വേണ്ടിയായിരുന്നു. (3:22). മനുഷ്യന് ജീവവൃക്ഷ ഫലം പ്രാപ്യമായിരുന്നു എങ്കിൽ നേരത്തെതന്നെ അത് ഭക്ഷിച്ച് അമർത്ത്യനായിക്കൂടേ എന്ന പ്രശ്നം അവശേഷിക്കുന്നു.
ജീവവൃക്ഷം, അതിന്റെ ഫലം, ഇല എന്നിവയെക്കുറിച്ച് ബൈബിളിൽ പറയുന്നു. ആദാമോ ഹവ്വയോ അതു ഭക്ഷിച്ചില്ല. ഭക്ഷിക്കാവുന്നതും അതിലൂടെ മരണം കൂടാതെയിരിക്കാവുന്നതുമായ ജീവവൃക്ഷത്തിന്റെ ഫലത്തെക്കാൾ ഹവ്വ കാമ്യമായി കണ്ടത് വിലക്കപ്പെട്ട വൃക്ഷഫലമായിരുന്നു. ഇതുപോലുള്ള വൃക്ഷങ്ങൾ സഹസ്രാബ്ദഭൂമിയിലും ഉണ്ടായിരിക്കുമെന്നു യെഹെസ്ക്കേൽ പ്രവചിച്ചിട്ടുണ്ട്. (47:7, 12). പുതിയ ഭൂമിയിൽ നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം വളരുന്നു. പന്ത്രണ്ടു മാസവും പന്ത്രണ്ടുവിധം ഫലം കായ്ക്കുമെന്നാണ് കാണുന്നത്. വൃക്ഷത്തിന്റെ ഇല ജാതികൾക്ക് രോഗശാന്തി നല്കും. (വെളി, 22:1-2). എഫെസൊസ് സഭയ്ക്കുള്ള ദൂതിൽ ജയിക്കുന്നവന് ദൈവത്തിന്റെ പറുദീസയിലുളള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും എന്നാണു വാഗ്ദാനം. (വെളി, 2:7). ദൈവത്തിന്റെ പറുദീസ മൂന്നാം സ്വർഗ്ഗമാണ്. (2കൊരി, 12:2-3). അവിടെയുള്ള ജീവവൃക്ഷത്തിന്റെ ഫലമാണ് ഇവിടെ വാഗ്ദാനം ചെയ്തിരിക്കുന്നത്. സദൃശവാക്യങ്ങളിൽ വിവേകത്തെയും (3:18), ഇച്ഛാനിവൃത്തിയെയും (13:12), നാവിന്റെ ശാന്തതയെയും (15:4) ജീവവൃക്ഷമായി പറയുന്നു. നീതിമാന് ജീവവൃക്ഷം പ്രതിഫലമാണ്. (സദൃ, 11:30).
One thought on “ജീവവൃക്ഷം”