ജീവപുസ്തകം

ജീവപുസ്തകം (The Book of Life)

പ്രാചീനകാലത്ത് വംശാവലി രേഖകൾ സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. (നെഹെ, 7:5, 64; 12:22, 23). വിവിധ ആവശ്യങ്ങൾക്കായി പൗരന്മാരുടെ സംഖ്യയും എടുത്തിരുന്നു. (യിരെ, 22:30; യെഹെ, 13:9). ഇതുപോലൊരു പുസ്തകം ദൈവവും സൂക്ഷിക്കുന്നതായി ബൈബിളിൽ പറയുന്നു. എല്ലാ മനുഷ്യരുടെയും പേർ അതിലുണ്ട്. “ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.” (സങ്കീ, 139:16). ജീവപുസ്തകത്തിൽ നിന്നും പേർ നീക്കപ്പെടുന്നത് അകാലമരണത്തിനു കാരണമാണ്. “എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിൻ്റെ പുസ്തകത്തിൽ നിന്നു എന്റെ പേർ മായിച്ചു കളയേണമേ. യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവൻ്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽ നിന്നു മായിച്ചുകളയും.” (പുറ, 32:32,33). “ജീവന്റെ പുസ്തകത്തിൽ നിന്നും അവരെ മായിച്ചു കളയേണമേ; നീതിമാന്മാരോടു കൂടെ അവരെ എഴുതരുതേ.” (സങ്കീ, 69:28). 

പുതിയനിയമത്തിൽ നിത്യജീവനെ അവകാശമാക്കുന്ന നീതിമാന്മാരുടെ പേരുകൾ ഉൾക്കൊള്ളുന്നതാണ് ജീവപുസ്തകം. (ഫിലി, 4:3; വെളി, 3:5). ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകം എന്നു അതിനെ വിളിക്കുന്നു. (വെളി, 13:8; 21:27). തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ ലോകസ്ഥാപനം മുതൽ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നു എന്നു ക്രിസ്തു പറഞ്ഞതിന്റെ ആശയവും ഇതാണ്. (ലൂക്കൊ, 10:20). ജീവപുസ്തകത്തിൽ പേർ ഇല്ലാതിരിക്കുന്നതു രണ്ടാം മരണമാണ്. (വെളി, 20:15). അന്ത്യന്യായവിധിയിൽ ജീവപുസ്തകത്തിൽ പേരെഴുതി കാണാത്തവരെ തീപ്പൊയ്കയിൽ തള്ളിയിടും. (വെളി, 20:12, 15). കഷ്ടകാലത്തിനു ശേഷം പുസ്തകത്തിൽ പേരെഴുതി കാണുന്ന ഏവനും രക്ഷ പാപിക്കും. (ദാനീ, 12:1). “യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേർ എഴുതിയിരിക്കുന്ന ഏവനും” എന്നതിനു ‘ജീവനോടെ ശേഷിക്കുന്ന ഏവനും’ എന്ന അർത്ഥമേ ഉള്ളൂ. എന്നാൽ തർഗും ഇതിനെ നിത്യജീവൻ എന്നു വ്യാഖ്യാനിക്കുന്നു.

One thought on “ജീവപുസ്തകം”

Leave a Reply

Your email address will not be published. Required fields are marked *