പുള്ള് (night hawk)
യെഹൂദന് ഭക്ഷ്യയോഗ്യമല്ലാത്ത ഒരു പക്ഷി. (ലേവ്യ, 11:16; ആവ, 14:15). പരുന്തിന്റെ വർഗ്ഗത്തിലുള്ള ഒരു പക്ഷിയാണ് പുള്ള്.
പുഴു (Worm)
ചെറുതും, കനം കുറഞ്ഞതും അവയവങ്ങളില്ലാത്തതും ആയ ഇഴയുന്ന മൃദുശരീരികളാണ് പുഴുക്കൾ. ബൈബിളിലെ പ്രയോഗങ്ങളിലധികവും ശലഭപ്രാണികളുടെ ലാർവയെ കുറിക്കുന്നു. യെശയ്യാവ് 51:8-ലെ സാസ് തുണികളെ നശിപ്പിക്കുന്ന പാറ്റയുടെയോ, ഇരട്ടവാലന്റെയോ ലാർവയാണ്. തോലേയാഹ് (കടിക്കുന്നതു) ഇല ഭക്ഷിക്കുന്ന ശലഭങ്ങളുടെ ലാർവയായിരിക്കണം. (ആവ, 28:39; യോനാ, 4:7). റിമ്മാഹ് (ചീഞ്ഞത്) ശവം തീനി പുഴുക്കളാണ്. (ഇയ്യോ, 25:6; യെശ, 14:11). എന്റെ ദേഹം പുഴു ഉടുത്തിരിക്കുന്നു (ഇയ്യോ, 7:5) എന്നത് ഇയ്യോബിന്റെ വ്രണംനിറഞ്ഞ അവസ്ഥയെയോ, വ്രണങ്ങളിൽ ഈച്ച നിറഞ്ഞതിനെയോ വിവക്ഷിക്കുന്നു. ക്രിസ്തു ഉപദേശിച്ചു; “പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.” (മത്താ, 6:19-20).
പൂച്ച (cat)
പലസ്തീനിൽ രണ്ടിനം കാട്ടുപൂച്ചകളുണ്ട്. മാത്രവുമല്ല, വീടുകളിൽ പൂച്ചകളെ ധാരാളമായി വളർത്തുകയും ചെയ്യുന്നുണ്ട്. പക്ഷേ അപ്പൊക്രഫയിലൊഴികെ ബൈബിളിലൊരിടത്തും പൂച്ചയെക്കുറിച്ചുള്ള സൂചനകളില്ല.
പെരിച്ചാഴി (weasel)
ഒരിനം വലിയ എലി. വലിപ്പമുള്ള ഈ വലിയ എലിക്ക് കറുപ്പെന്നു തോന്നുന്ന ഇരുണ്ട തവിട്ടുനിറവും കട്ടിയുള്ള രോമങ്ങളുമുണ്ട്. കാലുകളും വാലും കറുത്തനിറവും ശരീരത്തിന്റെ അടിവശം മറ്റുഭാഗങ്ങളേക്കാൾ അൽപ്പം മാത്രം ചാരനിറമുള്ളതും ആയതിനാൽ ശരീരമാകെ ഇരുണ്ടിരിക്കും. തുരവൻ, തുരപ്പനെലി എന്നീ പേരുകളും പെരിച്ചാഴിക്കുണ്ട്. (ലേവ്യ, 11:29).
പെരുഞാറ (stork)
കുഞ്ഞുങ്ങളോടു വളരെ അനുകമ്പയുള്ള പക്ഷി. ദയയുള്ളത് അഥവാ, അനുകമ്പയുള്ളത് എന്നത്രേ എബ്രായപദത്തിനർത്ഥം. രണ്ടിനം പെരുഞാറകളുണ്ട്; വെള്ളയും കറുപ്പും. പലസ്തീനിൽ കാണപ്പെടുന്നത് കറുത്തതാണ്. ഇതു വിശുദ്ധിയില്ലാത്ത പക്ഷിയാണ്. അവ ശൂന്യശിഷ്ടങ്ങളുടെ ഇടയിൽ കൂടു കെട്ടുന്നു. കറുത്ത പെരുഞാറകൾ വൃക്ഷങ്ങളിലും കൂടുവെക്കാറുണ്ട്. (സങ്കീ, 140:17). ദേശാടനം ചെയ്യുന്ന പക്ഷിയാണു പെരുഞാറ. വേനൽക്കാലത്ത് ആകാശത്തിൽ വളരെ ഉയർന്ന് ഉത്തരയൂറോപ്പിലേക്കു പറക്കുന്നു. (യിരെ, 8:7). പറക്കുമ്പോൾ കാറ്റിന്റെ ശബ്ദത്തിനു സമാനമായ ശബ്ദം പുറപ്പെടുവിക്കും. (സെഖ, 5:9).
പേൻ (lice)
ഉപദ്രവകാരിയാണു പേൻ . മിസ്രയീമിലെ ബാധകളിലൊന്നായിരുന്നു പേൻ (മലയാളം ബൈബിൾ ചെള്ളെന്നു വിവർത്തനം ചെയ്യുന്നു). (പുറ, 8:16-18; സങ്കീ, 105:31).പേനിന്റെ ശല്യത്തിൽനിന്നു രക്ഷ നേടുന്നതിനു മുഹമ്മദീയർ തല മുണ്ഡനം ചെയ്യുകയും ശരീരഭാഗങ്ങളിൽ മുടി വളരാതിരിക്കാനുള്ള ലേപനങ്ങൾ പുരട്ടുകയും ചെയ്യും. ഈ കീഴ്വഴക്കം ലഭിച്ചതു മിസ്രയീമിലെ (ഈജിപ്ത്) പുരോഹിതന്മാരിൽനിന്നുമാണ്.
പ്രാവ് (dove)
പലസ്തീനിൽ നാലുതരത്തിലുള്ള പ്രാവുകളുണ്ട്. അറബിയിൽ ഇവയെല്ലാം ‘ഹമാം’ എന്ന ഒരേ പേരിലറിയപ്പെടുന്നു. പ്രാവുകൾ പാറയുടെ പിളർപ്പിലോ പൊത്തുകളിലോ കൂടുവയ്ക്കുന്നു. (ഉത്ത, 2:14; യിരെ, 48:28; യെഹെ, 7:16). അവ വൃക്ഷങ്ങളിലും കൂടുകെട്ടുന്നു. പ്രാവു കപടമില്ലാത്ത പക്ഷിയാണ്. (മത്താ, 10:16). നിഷ്കളങ്കതയുടെ പ്രതീകമാണ്. ഉത്തമഗീതത്തിൽ മണവാട്ടിയെ സംബോധന ചെയ്യുന്നതു പ്രാവേ എന്നാണ്. സ്നാനസമയത്ത് ദൈവാത്മാവ് യേശുവിന്റെ മേൽ അവരോഹണം ചെയ്തും പ്രാവിന്റെ രൂപത്തിലായിരുന്നു. (മത്താ, 3:16). പ്രാവിനെ യാഗം കഴിച്ചിരുന്നു. (ഉല്പ, 15:9; ലേവ്യ, 12:6-8; ലൂക്കൊ, 2:24; മർക്കൊ, 11:15; യോഹ, 2:14, 16). പ്രാവ് സുന്ദരവും സൗമ്യവും ആണ്. (ഹോശേ, 11:11; ഉത്ത, 1:15; 4:1). പ്രാവ് വിദൂരങ്ങളിൽ പറന്നു പോകാറുണ്ട്. (സങ്കീ, 55:6-8). പലസ്തീന്റെ ചില ഭാഗങ്ങളിൽ കാട്ടുപ്രാവിനെ അധികമായി കാണാം. ഗ്രാമങ്ങളിലും പട്ടണങ്ങളിലും വളർത്തു പ്രാവുകളുമുണ്ട്. വളരെ പ്രാചീന കാലം മുതൽക്കേ പ്രാവിനെ ഇണക്കി വളർത്തിവന്നിരുന്നു. യാഗത്തിനു സ്വീകാര്യമായതുകൊണ്ടു അവ ശുദ്ധിയുള്ളവയും ഭക്ഷ്യയോഗ്യവും ആണ്.
മയിൽ (peacock)
തോകൈ എന്ന തമിഴ് വാക്കിൽനിന്നു വന്നതാണ് തുക്കി എന്ന എബ്രായപദം. പഴയനിയമത്തിൽ രണ്ടിടത്ത് മയിലിന്റെ പരാമർശമുണ്ട്. (1രാജാ, 10:22; 2ദിന, 9:21). ശലോമോൻ ഇറക്കുമതി ചെയ്ത ദന്തം, കുരങ്ങുകൾ ഇവയുടെ പേരുകൾ ഭാരതീയമാണ്. അതുപോലെതന്നെ തുക്കിയും. മയിൽ ഭാരതത്തിൽ സുലഭമായി കാണപ്പെടുന്നു.
മാൻ (deer)
ഇരട്ടക്കുളമ്പുള്ള അയവിറക്കുന്ന മൃഗങ്ങളിൽ ഒരു പ്രധാന ഇനമാണ് മാൻ. ശാഖോപശാഖകളോടുകൂടിയ കൊമ്പുകൾ ഇവയുടെ പ്രത്യേകതയാണ്. പുല്ലും പച്ചിലകളുമാണ് പ്രധാന ഭക്ഷണം. പലസ്തീനിൽ കാണപ്പെടുന്ന പ്രധാന ഇനങ്ങളാണ് കലമാൻ, പുള്ളിമാൻ, കടമാൻ, ചെറുമാൻ എന്നിവ. (ആവ, 14:35). പലസ്തീനിലെ കൃഷ്ണമൃഗങ്ങളിൽ വച്ചേറ്റവും ചെറുതാണ് കലമാൻ. എഴുപതു സെന്റീമീറ്റർ പൊക്കമേ വരൂ. ഒരിക്കൽ വംശനാശത്തെ അഭിമുഖീകരിച്ച് ഇവയെ പ്രത്യേകം സംരക്ഷിക്കയാൽ ഇന്നു യെഹൂദ്യയിലെ കുന്നുകളിലും മദ്ധ്യസമതലങ്ങളിലും മരുഭൂമിക്കു ചുറ്റുമുള്ള പ്രദേശങ്ങളിലും കാണാം. അഴകിനും വേഗതയ്ക്കും പേരു കേട്ടവയാണു കലമാനുകൾ. പെൺമാനിനെ പേടമാൻ എന്നു പറയും. നിരുപദ്രവിയായ ഈ മൃഗത്തെ ഭക്ഷിക്കുവാൻ യെഹൂദന് അനുവാദമുണ്ട്. (ആവ, 12:15; 14:35). ഭക്ഷണാർത്ഥം കലമാൻ വേട്ടയാടപ്പെട്ടിരുന്നു. എബ്രായ പെൺകുട്ടികൾക്കു പേടമാനിന്റെ പേരു സാധാരണമാണ്. (പ്രവൃ, 9:36). തബീഥ പേടമാനിന്റെ അരാമ്യരൂപവും ഡോർക്കസ് ഗ്രീക്കു രൂപവുമാണ്. മനോഹരമായ അലങ്കാര പ്രയോഗത്തിനു കവികൾ മാനുകളെ സ്വീകരിക്കാറുണ്ട്. (സദൃ, 5:19; ഉത്ത, 2:9, 17).
മീൻ (fish)
പലസ്തീനിലെ പ്രധാന തൊഴിൽ മീൻപിടിത്തമാണ്. മീൻ ഒരു പ്രധാന ഭക്ഷണപദാർത്ഥവുമാണ്. എന്നാൽ ഒരു മത്സ്യത്തിന്റെ പേരുപോലും ബൈബിളിൽ കൊടുത്തിട്ടില്ല. ഗ്രീക്കു ഭാഷയിൽ മത്സ്യങ്ങളുടെ നാനൂറിലധികം പേരുകളുണ്ട്. മീനിനെക്കുറിച്ചുള്ള പരാമർശം തിരുവെഴുത്തുകളിൽ അങ്ങിങ്ങുണ്ട്. ചിറകും ചെതുമ്പലും ഉള്ള മീനുകൾ ശുദ്ധിയുള്ളവയാണ്. (ലേവ്യ, 11:9-12; ആവ, 14:9-10). യോനാപ്രവാചകനെ വിഴുങ്ങിയ ജന്തുവിനെ മഹാമത്സ്യം എന്നു വിളിക്കുന്നു. (യോനാ 1:17). പത്രൊസ് ദ്വിദ്രഹ്മപ്പണം കണ്ടെത്തിയ മീന് വലിയ വായുള്ളതാണ്. (മത്താ, 17:27). ഗലീലാക്കടലിലെ ഒരു മത്സ്യത്തെ പത്രോസിന്റെ പേരുമായി (ക്രോമിസ് സിമോണിസ്) ബന്ധിച്ചാണ് വിളിക്കുന്നത്. ഗലീലാക്കടലിൽ ഇരുപത്തിനാലിനം മത്സ്യങ്ങളുണ്ട്. മത്സ്യം ധാരാളമുള്ള നാടാണ് ഈജിപ്റ്റ്. (സംഖ്യാ, 11:5). ഗലീലാക്കടലിലും (ലൂക്കൊ, 5:6), സോരിലും (നെഹെ, 13:16) മത്സ്യം സമൃദ്ധമാണ്. ചാവുകടലിൽ മീൻ വളരുന്നില്ല. എന്നാൽ, സഹസാബ്ദരാജ്യത്തിലെ അനുഗ്രഹങ്ങളിലൊന്നായി ചാവുകടൽ മീൻകൊണ്ടു നിറയും. (യെഹെ, 47:10. പ്രാചീനകാലത്ത് മീനിനെ ആരാധിച്ചിരുന്നു. ദാഗോൻ ഫെലിസ്ത്യരുടെ മത്സ്യദേവനാണ്.
മീവൽപ്പക്ഷി (swallow)
മീവൽപ്പക്ഷിയെന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള എബ്രായ വാക്കുകൾ പ്രസ്തുത പക്ഷിയെത്തന്നെയാണോ സൂചിപ്പിക്കുന്നതെന്നു സംശയമാണ്. പഴയനിയമത്തിലെ നാലു ഭാഗങ്ങളിൽ ‘മീവൽപ്പക്ഷി’ ഉണ്ട്. (സങ്കീ, 84:3; സദൃ, 26:2; യെശ, 38:14; യിരെ, 8:7). ‘ദെറോർ’ എന്ന എബ്രായപദത്തിന് സ്വാതന്ത്ര്യം എന്നർത്ഥം. സ്വതന്ത്രമായി സഞ്ചരിക്കുന്ന പക്ഷി എന്ന അർത്ഥത്തിലും (സങ്കീ, 84:3; സദൃ, 26:2), പറപ്പിന്റെ സൂചനയും (സദൃ, 26:2), കൂടുകെട്ടുന്നതിന്റെ പരാമർശവും (സങ്കീ, 84:3) ‘മീവൽപ്പക്ഷി’ എന്ന ധാരണയെ ഉറപ്പാക്കുന്നു.
മുയൽ (hare)
ലെപൊറിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന ചെറു സസ്തനികളാണ് മുയലുകൾ. ഏഴ് വിഭാഗങ്ങളിലായി ഇവയെ തരംതിരിച്ചിരിക്കുന്നു. നാലിനം മുയലുകൾ പലസ്തീനിലുണ്ട്. പൊതുവെ കാട്ടിൽ കണ്ട് വരുന്ന മുയലിനെ കൗതുകത്തിനായും ഇറച്ചിക്കായുമാണ് മനുഷ്യർ വളർത്തുന്നത്. ശുദ്ധിയില്ലാത്ത മൃഗങ്ങളുടെ പട്ടികയിൽ മാത്രമാണ് മുയലിനെ നാം കാണുന്നതു. (ലേവ്യ, 11:6; ആവ, 14:7).
മൂർഖൻ (asp)
ഉഗ്രവിഷമുള്ള പാമ്പുകളിൽ ഒരിനം. (ആവ, 32:33). കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് മൂർഖൻ. ഏഷ്യൻ-ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഇവയെ കണ്ട് വരുന്നത്. ഇവയ്ക്ക് വളരെ വലിയ വിഷപല്ലുകൾ ആണ് ഉള്ളത്. ആയതിനാൽ വളരെ ആഴത്തിൽ മുറിവേൽപ്പിക്കാൻ സാധിക്കും. മാത്രവുമല്ല ഇവ ഒരു ജീവി മരിക്കാൻ ആവശ്യമായ വിഷത്തിന്റെ അളവിനേക്കാൾ പത്തിരട്ടി കടിക്കുമ്പോൾ ശരീരത്തിൽ ഏൽപ്പിക്കാറുണ്ട്. ഇവ മറ്റുള്ള പാമ്പുകളേക്കാളും പെട്ടെന്ന് പ്രകോപിതരാകാറുണ്ട്.
മ്ലാവ് (fallow deer)
സാംബർ വിഭാഗത്തിൽപെട്ട മാൻ. ഇവയുടെ കൊമ്പുകൾക്ക് മുമ്മൂന്ന് ശിഖരങ്ങളുണ്ട്. ചെളിക്കുഴികളിലിറങ്ങി വിഹരിക്കുന്ന സ്വഭാവം മ്ലാവുകൾക്കുണ്ട്. യെഹൂദനു മ്ലാവിറച്ചി ഭക്ഷിക്കാനനുവാദമുണ്ട്. (1രാജാ, 4:23).
വെട്ടുക്കിളിൽ (locust)
ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ഷഡ്പദപ്രാണികളിൽ വച്ചേറ്റവും പ്രധാനമാണ് വെട്ടുക്കിളി. അമ്പത്താറോളം പരാമർശങ്ങളുണ്ട്. എട്ട് എബ്രായ പദങ്ങളും ഒരു ഗ്രീക്കു പദവും വെട്ടുക്കിളിയെ കുറിക്കുന്നതിനു തിരുവെഴുത്തുകളിൽ ഉപയോഗിച്ചിട്ടുണ്ട്. പൗരാണിക എബ്രായർക്കു വെട്ടുക്കിളി നാശകാരിയും അതേസമയം നല്ല ഭക്ഷണപദാർത്ഥവും ആയിരുന്നു. ശുദ്ധിയുള്ളവയായി കണക്കാക്കപ്പെട്ടിരുന്ന ഒരേയൊരു ഷഡ്പദപ്രാണിയതേ ഇത്. “എങ്കിലും ചിറകുള്ള ഇഴജാതിയിൽ നാലുകാൽ കൊണ്ടു നടക്കുന്ന എല്ലാറ്റിലും നിലത്തു കുതിക്കേണ്ടതിന്നു കാലിന്മേൽ തുട ഉള്ളവയെ നിങ്ങൾക്കു തിന്നാം. ഇവയിൽ അതതുവിധം വെട്ടുക്കിളി, അതതു വിധം തുള്ളൻ എന്നിവയെ നിങ്ങൾക്കു തിന്നാം.” (ലേവ്യ, 11:21-22).
വെട്ടുക്കിളികൾ പറ്റമായി സഞ്ചരിക്കുന്നു. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു പോകുന്നതിനു വെട്ടുക്കിളികൾക്കു പ്രത്യേകം വ്യവസ്ഥയും ക്രമവും ഒന്നും തന്നെയില്ല. ഏറിയ കൂറും കാറ്റിന്റെ ഗതിയാണു പ്രമാണം. ‘കിഴക്കൻ കാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു.’ (പുറ, 10:13). പെൺ വെട്ടുക്കിളി മണ്ണിനടിയിൽ ധാരാളം മുട്ട ഇടുന്നു. സാധാരണ ഷഡ്പദ പ്രാണികളെപ്പോലെ ഇവ മൂന്നു ദശകളെ (മുട്ട, പുഴു, ശലഭം) തരണം ചെയ്യുന്നില്ല. മുട്ട വിരിയുമ്പോൾ അതിനു വെട്ടുക്കിളിയുടെ രൂപം ഉണ്ടായിരിക്കും. ചിറകുകൾ കാണുകയില്ലെന്നേ ഉള്ളു. പ്രായപൂർത്തി എത്താത്തവയെ തുള്ളൻ എന്നു വിളിക്കും. വെട്ടുക്കിളികൾ സസ്യഭുക്കുകളാണ്. അവ സസ്യങ്ങൾക്കു ഭീമമായ നാശം വരുത്തുന്നു. 1889-ൽ ചെങ്കടൽ കടന്ന് ഒരു വെട്ടുക്കിളി സമൂഹം അയ്യായിരം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചതായി കണക്കാക്കിയിട്ടുണ്ട്. വെട്ടുക്കിളിബാധ ദൈവികശിക്ഷയാണ്. മിസ്രയീമിനെ പീഡിപ്പിച്ച എട്ടാമത്തെ ബാധ വെട്ടുക്കിളിയായിരുന്നു.
വേഴാമ്പൽ (pelican)
പലസ്തീനിൽ പ്രത്യേകിച്ചും ഗലീലാ തടാകത്തിനടുത്ത് കൂട്ടം കൂട്ടമായി വേഴാമ്പൽ പറക്കുന്നതു കാണാം. വേഴാമ്പലിനെയാണോ എബ്രായമൂലത്തിൽ പറഞ്ഞിട്ടുള്ളത് എന്നതിനെക്കുറിച്ചു പണ്ഡിതന്മാരുടെ ഇടയിൽ അഭിപ്രായൈക്യമില്ല . ലേവ്യർ 11:18; ആവ, 14:17; സങ്കീ, 102:6; യെശ, 34:11; സെഫ, 2:14 എന്നിവിടങ്ങളിൽ വേഴാമ്പൽ ആയിരിക്കണം പ്രസ്തുതം. കാത്തത് എന്ന എബ്രായപദത്തിനു ഛർദ്ദിക്കുന്നവൻ എന്നർത്ഥം. വേഴാമ്പൽ ശുദ്ധിയില്ലാത്ത പക്ഷിയാണ്. (ലേവ്യ, 11:18; ആവ, 14:17). വേഴാമ്പൽ ശൂന്യസ്ഥലങ്ങളിൽ കാണപ്പെടുന്നു. (സങ്കീ, 102:6; യെശ 34:11; സെഫ, 2:14). പലസ്തീനിൽ രണ്ടിനം വേഴാമ്പലുകളുണ്ട്. വേഴാമ്പലിന്റെ ചുണ്ടു നീണ്ടതാണ്. മീനാണധികവും ഭക്ഷിക്കുക. വയറു വീർത്തു കഴിയുമ്പോൾ ഏതെങ്കിലും ഏകാന്ത സ്ഥലത്തേക്കു പറന്നുപോകുന്നു. അവിടെ നെഞ്ചിനു മുകളിൽ വയറുചേർത്തുവച്ചുകൊണ്ട് മണിക്കൂറുകളോ ദിവസങ്ങളോ അതായതു വീണ്ടും വിശക്കുന്നതുവരെ ഒരേ നിലയിൽ നില്ക്കും. വിശക്കുമ്പോൾ വീണ്ടും മീൻ പിടിക്കുന്നതിന് ഇറങ്ങിത്തിരിക്കും.
സർപ്പം (serpent)
ബൈബിളിലെ സർപ്പത്തെക്കുറിച്ചുള്ള പ്രസ്താവനകൾ പലതും ചില പൗരാണിക ജീവികളെ കുറിക്കുന്നവയാണ്. ആമോസ് 9:3-ലെ സർപ്പം സമുദ്രത്തിലെ ഏതോ ഭയാനക ജീവി ആയിരിക്കണം. “വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും സന്ദർശിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും” (യെശ27:1) എന്ന വാക്യത്തിലെ സർപ്പപരാമർശങ്ങളും ഇയ്യോബ് 26:13ലെ വിദ്രുതസർപ്പവും മേൽപറഞ്ഞ മാതിരിയുള്ളവയാണ്. മൂർഖൻ asp) ഉഗ്രവിഷമുള്ള സർപ്പമാണ്. ഇന്നു പലസ്തീനിൽ ഇവ വിളമാണ്. (ആവ, 32:33; ഇയ്യോ, 20:14, 16; സങ്കീ, 58:4; 91:13; യെശ, 11:8). എബ്രായയിൽ സർപ്പത്തിന് എട്ടു വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. ഒന്നൊഴികെ മറ്റുള്ളവ തിരിച്ചറിയുവാൻ സാധിച്ചിട്ടില്ല.
മനുഷ്യനെ ദൈവത്തിൽ നിന്നകറ്റാൻ വേണ്ടി സാത്താൻ വാഹനമായി വന്ന പാമ്പ് എല്ലാ കാട്ടുജന്തുക്കളിലും വച്ചു കൗശലമേറിയതായിരുന്നു. ‘സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചു’ (2കൊരി, 11:3) എന്നു പൗലൊസ് അപ്പൊസ്തലൻ പറയുകയുണ്ടായി. തൻമൂലം ഉരസ്സുകൊണ്ടു ഗമിക്കുന്നതിനു പാമ്പു ശപിക്കപ്പെട്ടു. (ഉല്പ, 3:14). തിരുവെഴുത്തുകളിൽ പാമ്പു വഞ്ചനയുടെ പ്രതീകമാണ്. (മത്താ, 23:33). ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചിനെ പഴയ പാമ്പ് എന്നു വെളിപ്പാടിൽ വിളിക്കുന്നു. (വെളി, 12:9, 14-15; 20:2). മരുഭൂമിയിൽ യഹോവ അഗ്നിസർപ്പങ്ങളെ അയച്ചു യിസ്രായേൽ മക്കളെ ശിക്ഷിച്ചു. അവയുടെ കടി നിമിത്തം വളരെ ജനം മരിച്ചു. (സംഖ്യാ, 21:4-9). അഗ്നിസർപ്പങ്ങളുടെ കടിയിൽനിന്നും രക്ഷപ്പെടുന്നതിനായി ഒരു താമസർപ്പത്തെ നിർമ്മിച്ചു കൊടിമരത്തിൽ തൂക്കി. പ്രസ്തുത താമസർപ്പത്തെ നോക്കിയ കടിയേറ്റവർ ആരും മരിച്ചില്ല.
സിംഹം (lion)
ഒരു കാലത്തു മദ്ധ്യപൂർവ്വദേശം, പേർഷ്യ, ഗ്രീസ് എന്നിവിടങ്ങളിൽ സിംഹങ്ങളെ കണ്ടിരുന്നു. മാംസഭുക്കുകളിൽ ബൈബിൾ നാടുകളിൽ നിന്ന് അപ്രത്യക്ഷമായ ഒരേയൊരു മൃഗം സിംഹമാണ്. പലസ്തീനിലെ ഒടുവിലത്തെ സിംഹം മെഗിദ്ദോയ്ക്കടുത്തുവച്ചു എ.ഡി. 13-ാം നൂററാണ്ടിൽ കൊല്ലപ്പെട്ടു. എ.ഡി. 1900 വരെ പേർഷ്യയിൽ സിംഹം ഉണ്ടായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യം തന്നെ സിറിയ (അരാം), ഇറാക്ക് എന്നീ രാജ്യങ്ങളിൽ നിന്നും സിംഹം അപ്രത്യക്ഷമായി. എബ്രായ ബൈബിളിൽ സിംഹത്തിന് ഒൻപതോളം പേരുകൾ ഉണ്ട്. ഇവ ആൺസിംഹത്തെയും പെൺസിംഹത്തെയും സിംഹക്കുട്ടികളെയും കുറിക്കുന്നവയാണ്. ഈ പദസമുച്ചയത്തിൽ നിന്നും വേദനാടുകളിൽ സിംഹം സുലഭമായിരുന്നുവെന്ന് അനുമാനിക്കാം. ബൈബിളിലെ സിംഹപരാമർശങ്ങളിലധികവും അതിന്റെ ശക്തിയെയും രാജകീയ സ്വഭാവത്തെയും വ്യക്തമാക്കുന്ന ആലങ്കാരിക പ്രയോഗങ്ങളാണ്. കർത്താവായ യേശുക്രിസ്തു യെഹൂദയിലെ സിംഹം ആണ്. (വെളി, 5:5). യിസ്രായേലിന്റെ ആദ്യന്യായാധിപതിയായ ഒത്നീയേലിന്റെ പേരിനർത്ഥം ‘ദൈവത്തിന്റെ സിംഹം’ എന്നാണ്. സാത്താന്റെ ശക്തിയെ കുറിക്കുവാൻ പത്രൊസ് അപ്പൊസ്തലൻ സാത്താനെ അലറുന്ന സിംഹം എന്നു വിളിക്കുന്നു. (1പത്രൊ, 5:8). സിംഹങ്ങളധികവും ഗുഹകളിലോ കൂടുകളിലോ ആയിരുന്നു സൂക്ഷിക്കപ്പെട്ടുവന്നത്. ദാനീയേലിനെ സിംഹഗുഹയിലിട്ട ചരിത്രം സുവിദിതമാണല്ലോ.
One thought on “ജന്തുലോകം III”