കാള (ox)
ബോസ് (bos) ഗണത്തിലുള്ള നാല്ക്കാലിയാണു കാള. കാട്ടുകാളയിൽ നിന്നാണു (bos primigenius) കാളയുടെ ഉത്പത്തി. മെസൊപ്പൊട്ടേമിയയിലെയും ഈജിപ്റ്റിലെയും കാളകളോടു ബന്ധമുള്ളവയായിരുന്നു പലസ്തീനിലെ കാളകൾ. വണ്ടിവലിക്കുക (സംഖ്യാ, 7:3; 2ശമൂ, 6:6), നിലം ഉഴുക (ആവ, 22:10; 1ശമൂ, 11:5; 1രാജാ, 19:19; ഇയ്യോ, 1:14; സദൃ, 14:4; യെശ, 30:24; ആമോ, 6:12), മെതിക്കുക (ആവ, 25:4; 1കൊരി, 9:9) എന്നിവയായിരുന്നു കാളയുടെ പ്രധാന ജോലികൾ. ന്യായപ്രമാണം കാളകളോട് അനുകമ്പ കാണിച്ചിരുന്നു. ശബ്ബത്തുവിശ്രമം കാളകൾക്കും നല്കി. (പുറ, 23:12; ആവ, 5:14). കടിഞ്ഞൂൽ നിയമത്തിന് കാളകളും വിധേയപ്പെട്ടിരുന്നു. (പുറ, 34:19; ലേവ്യ, 27:26). അവ വയലിലെ പുല്ലും വയ്ക്കോലും വേണ്ടുവോളം ഭക്ഷിച്ചു. (സംഖ്യാ, 22:4; ഇയ്യോ, 6:5; 40:15; സങ്കീ, 106:20; ദാനീ, 4:25; യെശ, 11:7). ചാണകം ഇന്ധനമായി ഉപയോഗിച്ചിരുന്നു. (യെഹെ, 4:15). കാളയുടെ മാംസം ഭക്ഷ്യയോഗ്യമായിരുന്നെങ്കിലും ഒരു സാധാരണ ഭക്ഷണപദാർത്ഥമായി ഉപയോഗിച്ചിരുന്നില്ല. (ആവ, 14:4). വിശേഷാവസരങ്ങളിൽ മാത്രമേ കാളയെ അറുത്തു മാംസം ഭക്ഷിച്ചിരുന്നുള്ളു. (1ശമൂ, 14:31-34; 1രാജാ, 1:19; സദൃ, 15:17; യെശ, 22:13; മത്താ, 22 : 4). എന്നാൽ കൊട്ടാരത്തിലെയും പ്രഭു കുടുംബങ്ങളിലെയും വിഭവങ്ങളിൽ കാളയിറച്ചി സാധാരണമായിരുന്നു. (1രാജാ, 4:23; നെഹെ, 5:18; ആമോ, 6:4). കാള യാഗമൃഗമായിരുന്നു. കാളകളുടെയും ആടുകളുടെയും ആധിക്യം ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയുടെയും സാമൂഹിക പദവിയുടെയും മാനദണ്ഡമായിരുന്നു. (ഉല്പ, 12:16; 32:5; 2ശമൂ, 12:2; ഇയ്യോ, 1:3; സഭാ, 2:7).
കുടുമ്മച്ചാത്തൻ (gier eagle)
തലയിൽ മഞ്ഞനിറത്തിലുള്ള കുടുമയുള്ള പക്ഷിയാണ് കുടുമ്മച്ചാത്തൻ (ഇരട്ടത്തലച്ചി). ‘റാഹാം’ എന്ന എബ്രായ പേരിന് വാത്സല്യപൂർവ്വം സ്നേഹിക്കുന്നത് എന്നർത്ഥം. റാഹാം വെള്ളക്കഴുകനാണ്, കുടുമ്മച്ചാത്തനല്ല. മൊട്ടത്തലയും, കറുത്ത ചിറകും, വെള്ളനിറവും ഉള്ള വെള്ളക്കഴുകൻ ചീഞ്ഞ മാംസവും വൃത്തികെട്ട പദാർത്ഥങ്ങളും ഭക്ഷിക്കുന്നു. (ലേവ്യ, 11:18; ആവ, 14:17).
കുതിര (horse)
കുതിക്കുന്നത് കുതിര. ഭാരം വഹിക്കുന്ന ജന്തുക്കളിൽ
ഏറ്റവും പ്രാധാന്യമർഹിക്കുന്നവയാണ് കുതിരകൾ. എന്നാൽ, കുതിരകളെ ഇണക്കി വളർത്തിത്തുടങ്ങിയത് കന്നുകാലികൾക്കും കഴുതകൾക്കും ശേഷമാണ്. മദ്ധ്യേഷ്യയിലെ ഗോത്രവർഗ്ഗക്കാരാണ് കുതിരയെ ആദ്യമായി ഇണക്കി വളർത്തിയതെന്നു കരുതപ്പെടുന്നു. കുതിരയെക്കുറിച്ചുള്ള ആദ്യസൂചന നമുക്കു ലഭിക്കുന്നത് ബി.സി. 1750-നു അടുപ്പിച്ച് ഹമ്മുറാബിയുടെ കാലത്തെ ബാബിലോന്യൻ ലിഖിതങ്ങളിൽ നിന്നാണ്. ഈ ശിലാഫലകങ്ങളിൽ കിഴക്കുദേശത്തിലെ കുതിര എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്. യോസേഫിന്റെ കാലത്ത് ഈജിപ്റ്റിൽ (മിസ്രയീം) കുതിരകളെ ഉപയോഗിച്ചിരുന്നു. പുറപ്പാടിൽ യിസ്രായേൽ മക്കളെ പിൻതുടരുന്നതിന് കുതിരകളെ ഉപയോഗിച്ചതായി കാണുന്നു.
കുതിര ഒറ്റക്കുളമ്പുള്ള സസ്തനിയാണ്. നിറത്തിലും പൊക്കത്തിലും കുതിരകൾക്കു തമ്മിൽ വ്യത്യാസമുണ്ട്. പൊക്കം കുറഞ്ഞവയെ പോണി എന്നു വിളിക്കുന്നു. ഇവയെയാണു ഭാരം ചുമപ്പിക്കുവാൻ അധികവും ഉപയോഗിക്കുന്നത്. കുതിരയുടെ ശരാശരി ആയുസ്സ് 15-20 വർഷമാണ്. അഞ്ചു വർഷമാകുമ്പോൾ കുതിര പ്രായപൂർത്തിയെത്തുന്നു. കനാനിൽ വസിച്ചിരുന്ന ജാതികൾക്ക് കുതിര ഉണ്ടായിരുന്നു. (യോശു, 11:4). ദാവീദ് കുതിരകളുടെ കുതിഞരമ്പ് ഒടിച്ചു. (2ശമൂ, 84). അബ്ശാലോം രഥവും കുതിരകളും വാങ്ങി. (2ശമൂ, 15:1). ശലോമോന് ധാരാളം കുതിരകൾ ഉണ്ടായിരുന്നു. അവയെ ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവിടങ്ങളിൽ സൂക്ഷിച്ചിരുന്നു. ഈ കുതിരകളെ ഇറക്കുമതി ചെയ്തത് മിസ്രയീമിൽ നിന്നായിരുന്നു. ഒരു കുതിരയുടെ വില 150 ശേക്കെൽ വെള്ളി ആയിരുന്നു. (1രാജാ, 10:28). ശലോമോനു പന്തീരായിരം കുതിരകളെങ്കിലും ഉണ്ടായിരുന്നിരിക്കണം. യിസ്രായേൽ ജനത്തിന് കുതിരയുടെ മാംസം നിഷേധിക്കപ്പെട്ടിരുന്നു. (ആവ, 14:3-8). കുതിരപ്പട സൈനികശക്തിയുടെ പ്രതീകമായിരുന്നു. തന്മൂലം, ദൈവജനം കുതിരപ്പടയെ ഭയപ്പെടാതിരിക്കുവാനുള്ള നിർദ്ദേശം പ്രവാചകന്മാർ നല്കി. (സങ്കീ, 20:7; 33:17; പുറ, 15:1).
കുരങ്ങ് (monkey)
കപി എന്ന സംസ്കൃത പദത്തിൽ നിന്നാണ് കോഫ് എന്ന എബ്രായപദം ഉണ്ടായത്. കുരങ്ങുകൾ പലസ്തീനിൽ ഉണ്ടായിരുന്നില്ല. ശലോമോൻ രാജാവു വിലയ്ക്കുവാങ്ങിയ വ്യാപാരച്ചരക്കുകളിൽ കുരങ്ങുകൾ ഉൾപ്പെട്ടിരുന്നു. (1രാജാ, 10:22; 2ദിന, 9:21). ചിലരുടെ അഭിപ്രായത്തിൽ തമിഴ്നാട്ടിൽ നിന്നാണു് ശലോമോൻ കുരങ്ങുകളെ ഇറക്കുമതി ചെയ്തത്.
കുരികിൽ (sparrow)
ചെറുപക്ഷികളെ എല്ലാം ഉൾക്കൊള്ളുന്ന ഒരു വർഗ്ഗനാമമാണ് എബ്രായയിലെ റ്റ്സിഫോർ. ഒന്നോ രണ്ടോ സ്ഥാനങ്ങളിൽ മാത്രമേ അതു കുരികിലിനെ സൂചിപ്പിക്കുന്നുള്ളു. (സങ്കീ, 84:3; 102:7). പക്ഷി, പറവ എന്നിങ്ങനെ പലേടത്തും പ്രസ്തുത എബ്രായപദത്തെ തർജ്ജമ ചെയ്തിട്ടുണ്ട്. പുതിയനിയമത്തിൽ മത്തായി 10:29; ലൂക്കൊസ് 12:6-7 എന്നിവിടങ്ങളിൽ കുരികിലിനെത്തന്നെയാണു വിവക്ഷിക്കുന്നത്. ന്യായപ്രമാണം അനുസരിച്ചു യെഹൂദനു ഭക്ഷ്യയോഗ്യമാണു കുരികിൽ. ഏറ്റവും ചെറുതും പലസ്തീനിൽ ധാരാളമായി കാണപ്പെടുന്നവയുമാണ്. വീടുകളിൽ മനുഷ്യരോടടുത്ത് ഇവ ജീവിക്കുന്നു. അതുകൊണ്ടാണു് ഇംഗ്ലീഷിൽ house sparrow എന്നു വിളിക്കുന്നത്. പലസ്തീൻ ചന്തയിൽ കുരികിലിനെ വില്പനയ്ക്ക് കൊണ്ടുവന്നിരുന്നു. ഏറ്റവും വിലകുറഞ്ഞതാണിത്; ഒരു കാശിനു രണ്ട്; രണ്ടുകാശിനു അഞ്ച്. (മത്താ, 10:29, 31; ലൂക്കൊ, 12:6-7).
കുറുക്കൻ (fox)
ശ്വാന കുടുംബത്തിൽപെട്ട മാംസഭുക്കായ ഒരു വന്യമൃഗമാണ് കുറുക്കൻ. എങ്കിലും ഇവ മിശ്രഭുക്കുകളും ആണ്. കുറുനരി, ഊളൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ജീവിയുമായി സാമ്യമുണ്ടെങ്കിലും അത് വ്യത്യസ്ത ജീവിയാണ്. കുറുക്കൻ സാധാരണ പറ്റമായാണ് സഞ്ചരിക്കുന്നത്. ന്യായാധിപന്മാർ 15:4-ൽ ശിംശോൻ പിടിച്ചതു കുറുക്കന്മാരെയാണ്. ഇവ കൃഷി നശിപ്പിക്കും. (ഉത്ത, 2:15). വളരെ സൂത്രമുള്ള ജീവിയാണു കുറുക്കൻ. യേശു ഹെരോദാവിനെ കുറുക്കൻ എന്നു വിളിച്ചു. (( ലൂക്കൊ, 13:32).
കുറുനരി (Jackal)
ശ്വാന കുടുംബത്തിൽപെട്ടതും കാഴ്ചയിൽ കുറുക്കനോട് സാമ്യമുള്ളതുമായ ജന്തുവാണ് കുറുനരി. ഇവ യൂറോപ്പിലും ദക്ഷിണ ഏഷ്യയിലും കാണപ്പെടുന്ന Golden jackal-ന്റെ ഉപവർഗ്ഗമാണ്. നരി പ്രായേണ ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നത്. കുറുനരികളെക്കുറിച് അനവധി പരാമർശങ്ങൾ പഴയനിയമത്തിലുണ്ട്. (സങ്കീ, 63:10; യെശ, 13:22; യിരെ, 9:11; 14:6; 49:33). കുറുനരികൾക്കു മാളമുണ്ടെന്ന് യേശു പ്രസ്താവിച്ചു. (മത്താ, 8:20; ലൂക്കൊ, 9:58).
കുറുപ്രാവ് (turtle dove)
വിശുദ്ധനാട്ടിൽ ഏറ്റവും പരിചിതമായിരുന്ന പക്ഷിയാണ് കുറുപാവ്. സാധുക്കൾ യാഗത്തിനർപ്പിച്ചിരുന്നതു കുറുപ്രാവിനെയാണ്. (ലേവ്യ, 5:11). മനോഹരമായ ശബ്ദത്തിൽ നിന്നാണ് കുറുപാവിനു ഈ പേരു കിട്ടിയത്. മൂന്നിനം കുറുപാവുകൾ പലസ്തീനിലുണ്ട്. ശിശുവായ യേശുവിനെ ദൈവലായത്തിൽ കൊണ്ടുപോയി ദൈവത്തിനർപ്പിച്ചപ്പോൾ, കുറുപ്രാവിനെയോ, പ്രാവിൻ കുഞ്ഞിനെയോ ആണ് യാഗം കഴിച്ചത്. (ലൂക്കൊ, 2:23-24).
കുഴിമുയൽ (coney)
തൊലിക്കട്ടിയുള്ള ചെറുമൃഗമാണ് കുഴിമുയൽ. അതിന്റെ ദന്തക്രമവും പാദങ്ങളും നീർക്കുതിരയുടേതിനു സമാനമാണ്. സീനായിലും ചാവുകടൽ പ്രദേശങ്ങളിലും ഉത്തര പലസ്തീനിലും കുഴിമുയലുകളെ കാണാം. തടിച്ച ശരീരവും ചെറിയ കാതുകളും വാലും ആണ് ഇവയ്ക്കുള്ളത്. കുഴിമുയൽ അയവിറക്കുന്നില്ല. എന്നാൽ അവയുടെ താടിയെല്ലുകളുടെ ചലനം അയവിറക്കലിനു സദൃശമാണ്. യെഹൂദനു കുഴിമുയൽ ഭക്ഷ്യയോഗ്യമല്ല. (ലേവ്യ, 11:5; ആവ, 14:7). “കുഴിമുയൽ അയവിറക്കുന്നുവെങ്കിലും കുളമ്പു പിളർന്നവയല്ലായ്കയാൽ അതു നിങ്ങൾക്കു് അശുദ്ധം.” (ലേവ്യ, 11:5). കുളമ്പു പിളർന്നിരുന്നുവെങ്കിൽ യെഹൂദനു കുഴിമുയൽ ഭക്ഷ്യയോഗ്യമാകുമായിരുന്നു. പാറകളുടെ പിളർപ്പുകളിലും രന്ധങ്ങളിലും കുഴിമുയൽ പാർക്കുന്നു. (സങ്കീ, 104:18; സദൃ, 30:24, 26). എത്രയും ചെറിയവ എങ്കിലും അത്യന്തം ജ്ഞാനമുള്ളവയായ നാലു ജന്തുക്കളിൽ ഒന്നായിട്ടാണ് സദൃശവാക്യത്തിൽ കുഴിമുയലിനെ പറയുന്നത്. (സദൃ, 30:24-27).
കുളക്കോഴി (heron)
ജലത്തിൽ തത്തിനടക്കുന്ന പക്ഷിയാണ് കുളക്കോഴി. ഏഴിനം കുളക്കോഴികൾ പലസ്തീനിൽ സുലഭമായിരുന്നു. വിലക്കപ്പെട്ട പക്ഷികളിലൊന്നാണിത്. (ലേവ്യ, 11:19; ആവ, 14:18).
കൂമൻ (great owl)
മൂങ്ങയുടെ വർഗ്ഗത്തിൽ ഏറ്റവും ശക്തിയുള്ളതും വലുതും ആണ് കൂമൻ. (ലേവ്യ, 11:17; ആവ, 14:16). എന്നാൽ എബ്രായയിലെ യാൻഷൂഫ് കൂമൻ ആണോ എന്നത് സംശയമാണ്. യെഹൂദന്മാർക്കു വിലക്കപ്പെട്ട പക്ഷികളിലൊന്നാണ് കൂമൻ.
കൊക്ക് (crane)
കൊക്കിനെക്കുറിച്ചു നാലു പരാമർശങ്ങളുണ്ട്. (ലേവ്യ,
11:19; ആവ, 14:18; യെശ, 38:14; യിരെ, 8:7). ഒടുവിലത്തെ രണ്ടു വാക്യങ്ങളിലും മീവൽ പക്ഷിയോ സദൃശമായ മറ്റേതെങ്കിലും പക്ഷിയോ ആയിരിക്കണമെന്ന് പണ്ഡിതന്മാർ ഊഹിക്കുന്നു. അതു ശരിയാണെങ്കിൽ ബൈബിളിലെ പക്ഷികളുടെ പട്ടികയിൽ നിന്നും കൊക്ക് ഒഴിവാക്കപ്പെടേണ്ടതാണ്. ചില കാലത്തു പലസ്തീനിൽ കൊക്കുകൾ കാണപ്പെടാറുണ്ട്. മഞ്ഞുകാലത്തു ദക്ഷിണദേശങ്ങളിൽ നിന്നും അവ പലസ്തീനിലേക്കു കുടിയേറിപ്പാർക്കുന്നു. പൊക്കമുള്ളവയും തത്തിതത്തി നടക്കുന്നവയുമാണ്. വെളുത്ത പെരുഞാറയ്ക്കു സദൃശമാണ് കൊക്ക്. ന്യായപ്രമാണപ്രകാരം കൊക്ക് യെഹൂദനു ഭക്ഷ്യയോഗ്യമല്ല.
കൊതുക് (fly, gnat)
ഈച്ചയെ കുറിക്കുന്ന റ്റ്സെവൂവ് എന്ന എബ്രായപമാണ് യെശ, 7:18-ൽ. യെശയ്യാവ് 51:6-ലെ കൊതുക് എന്ന പ്രയോഗം വിവാദ്രഗ്രസ്തമാണ്. വീഞ്ഞിൽ മുട്ടയിട്ടു പെരുകുന്ന ഒരുതരം കൊതുകുകളാണ് കോനോപ്സ്. (മത്താ, 23:4). വെട്ടുക്കിളിയുടെ ഗണത്തിലുള്ളവ ഒഴിച്ചുള്ള ഇഴജാതി ഒക്കെയും നിഷിദ്ധമായതു കൊണ്ടു യെഹൂദന്മാർ വീഞ്ഞു അരിച്ചാണ് ഉപയോഗിക്കുന്നത്. (ലേവ്യ, 11:22-23). ചെറിയ തെറ്റുകൾ സൂക്ഷ്മതയോടെ ഒഴിവാക്കുകയും വലിയ പാപപ്രവൃത്തികൾ ചെയ്യുകയും ചെയ്യുന്ന കപടഭക്തന്മാരായ ശാസ്ത്രിമാരെയും പരീശന്മാരെയും ഭർത്സിച്ച് ക്രിസ്തു പറഞ്ഞു; “നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളയുകയും ചെയ്യുന്നു.” (മത്താ, 23:24).
കോലാട് (goat)
അകം പൊള്ളയായ കൊമ്പുകളുള്ളതും അയവിറക്കുന്നതും ആയ മൃഗമാണ് കോലാട്. സിറിയൻ ഇനത്തിലുള്ളവയാണ് പലസ്തീനിൽ കാണപ്പെടുന്നത്. നീണ്ടു തൂങ്ങിക്കിടക്കുന്ന കാതുകളും പിന്നിലേക്കു വളഞ്ഞ കൊമ്പുകളുമാണ് ഇവയുടെ പ്രത്യേകത. കോലാടിന്റെ പൂർവ്വികനാണു് കാട്ടാട്. പ്രാചീനകാലത്തുതന്നെ മനുഷ്യൻ കാട്ടാടിനെ വളർത്തുമൃഗമായി ഇണക്കിയെടുത്തുകഴിഞ്ഞിരുന്നു. ഗോത്രപിതാക്കന്മാർ കോലാടുകളെ വളർത്തിയിരുന്നു. (ഉല്പ, 15:9). ചെമ്മരിയാടുകളോടൊപ്പം കോലാടുകളെയും സൂക്ഷിച്ചുവന്നു. മാംസത്തിനു പ്രയോജനപ്പെട്ടിരുന്നു. കോലാട്ടിൻ കുട്ടികളുടെ മാംസമായിരുന്നു ഭക്ഷണത്തിനു അധികമായി ഉപയോഗിച്ചിരുന്നത്. (ഉല്പ, 27:9; ലേവ്യ, 7:23; ആവ, 14:4). പെണ്ണാട് പാൽ നല്കും. ഇവയുടെ തോൽ തുരുത്തികൾ നിർമ്മിക്കാനും മറ്റും ഉപയോഗിച്ചിരുന്നു. (ഉല്പ, 21:14) ചിലയിനം കോലാടുകളുടെ രോമം വസ്ത്രനിർമ്മാണത്തിനു പ്രയോജനപ്പെട്ടിരുന്നു. ശരിക്കു നിയന്ത്രിക്കാത്ത സ്ഥലങ്ങളിൽ കോലാടു കൃഷിക്കു ഭീമമായ നാശം വരുത്തിയിരുന്നു. കടിഞ്ഞൂൽ നിയമത്തിന് കോലാട് വിധേയമായിരുന്നു. (സംഖ്യാ, 18:15-17). ആട്ടിൻ പറ്റത്തിന്റെ നേതൃത്വം മുട്ടാടുകൾക്കാണ്. (യിരെ, 50:8). കോലാട് യാഗമൃഗമാണ്. (ലേവ്യ, 22:27).
കോവർ കഴുത (mule)
കോവർകഴുതയെ ഭാരം ചുമക്കുന്നതിനു ഉപയോഗിക്കുന്നു. ആൺകുതിരയും പെൺകഴുതയും തമ്മിൽ ഇണചേർന്നുണ്ടാകുന്ന സന്തതിയാണ് കോവർ കഴുത. ഇമ്മാതിരി കോവർകഴുത അത്ര മെച്ചമല്ല. ആൺകഴുതയും പെൺ കുതിരയും തമ്മിൽ ഇണചേർന്നുണ്ടാകുന്ന കോവർ കഴുതയാണ് വർഗ്ഗത്തിൽ മെച്ചം. കോവർ കഴുതയ്ക്ക് സന്തത്യുൽപാദനശേഷിയില്ല. സങ്കീർത്തനം 32:9-ൽ ഇതിന്റെ സൂചന ഉണ്ട്. രണ്ടുതരം മൃഗങ്ങളെ തമ്മിൽ ഇണചേർക്കുന്നത് ന്യായപ്രമാണം വിലക്കിയിരുന്നു. (ലേവ്യ, 19:19). അതുകൊണ്ടു കോവർകഴുതകളെ വിദേശങ്ങളിൽനിന്നും വിലക്കു വാങ്ങിയിരുന്നു. (യെഹെ, 27:14). ബാബിലോന്യ പ്രവാസത്തിൽനിന്നും മടങ്ങിവന്ന യെഹൂദന്മാരുടെ മൃഗസമ്പത്ത് 736 കുതിരയും 245 കോവർ കഴുതയും 435 ഒട്ടകവും 6720 കഴുതയും ആയിരുന്നു. (എസ്രാ 2:66-67).
കോഴി (cock)
കോഴിയെക്കുറിച്ചു പുതിയനിയമത്തിൽ പലേടത്തും സുചി പ്പിച്ചിട്ടുണ്ട്. എന്നാൽ, പഴയനിയമത്തിൽ വളർത്തുകോഴിയുടെ എന്തെങ്കിലും സൂചനയുണ്ടെങ്കിൽ അതു 1രാജാക്കന്മാർ 4:23-ലാണ്. ശലോമോന്റെ ഭക്ഷണമേശയിലെ പുഷ്ടിവരുത്തിയ പക്ഷികൾ കോഴിയായിരിക്കാമെന്നാണ് കരുതപ്പെടുന്നത്. വളർത്തുകോഴികളുടെ ജന്മസ്ഥലം ഭാരതമോ ലങ്കയോ ആയിരിക്കണം. പുതിയനിയമത്തിൽ പൂവൻകോഴിയെക്കുറിച്ചും പിടക്കോഴിയെക്കുറിച്ചും പരാമർശമുണ്ട്. പത്രൊസ് കർത്താവിനെ തള്ളിപ്പറയുന്നതിനോടുള്ള ബന്ധത്തിൽ കോഴിയുടെ കൂകൽ നാം കാണുന്നു. (മത്താ, 26:34). പ്രാചീനകാലത്തു സമയം അറിയുന്നതിനു കോഴികളെ വളർത്തിയിരുന്നു. കോഴി കൂവുന്ന സമയം രാത്രിയിലെ മൂന്നാം യാമമാണ്. (മർക്കൊ, 13:15). കർത്താവ് തനിക്കു യെരൂശലേമിനോടുള്ള സ്നേഹത്തെ കോഴിയുടെ സ്നേഹത്തോടാണ് ഉപമിച്ചിരിക്കുന്നത്. (ലൂക്കൊ, 13:34; മത്താ, 23:37). കോഴിമുട്ട ആഹാരമായി ഉപയോഗിച്ചിരുന്നു. (ലൂക്കൊ 11:12). പിടക്കോഴിയെക്കുറിച്ചു ബൈബിളിൽ ലൂക്കൊസ് 13:34-ലും മത്തായി 23:37-ലും മാത്രമേ പറയുന്നുള്ളു.
ഗൃദ്ധ്രം (vulture)
ഒരിനം കഴുകൻ. യെഹൂദനു ഭക്ഷിക്കുവാൻ അനുവാദമില്ല.(ലേവ്യ, 11:13; ആവ, 14:13).
ചിലന്തി (spider)
പലസ്തീനിൽ ചിലയിനം ചിലന്തികളുണ്ട്. യെശയ്യാവ് 59:5-ലും ഇയ്യോബ് 8:14-ലും ചിലന്തിവലയെക്കുറിച്ചു പറയുന്ന തല്ലാതെ ചിലന്തിയെക്കുറിച്ചൊരു സൂചനപോലും തിരുവെഴുത്തുകളിലില്ല. ഇയ്യോബ് 27:18-ൽ പുഴു’വിനെകുറിക്കുന്ന ആഷ് ആണ് എബ്രായയിൽ.
ചീവീട് (beetle)
വെട്ടുക്കിളിയുടെ വർഗ്ഗത്തിലുള്ള ഷഡ്പദ്രപാണിയാണ് ചീവീട്. എബ്രായനു ചീവീടു ഭക്ഷിക്കുവാനനുവാദമുണ്ട്. (ലേവ്യ, 11:22).
ചുണ്ടെലി (mouse)
ചുണ്ടെലി, എലി ഇവയ്ക്കെല്ലാം എബ്രായയിൽ ഒരു വാക്കാണ് കാണുന്നത്. റൊഡെൻഷ്യ, നിരയിലെ ചെറിയ ഒരു സസ്തനിയാണ് ചുണ്ടെലി. കൂർത്ത മൂക്കും ചെറിയ ഉരുണ്ട ചെവികളും, രോമം കുറഞ്ഞതോ ഇല്ലാത്തതോ ആയ വാലും ഇവയുടെ സവിശേഷതയാണ്. ഒരു വന്യജീവിയാണെങ്കിലും മിക്കവാറും മനുഷ്യരോടൊപ്പമാണ് സഹവാസം.
എലിയുടെ വർഗ്ഗത്തിലുള്ള നാല്പതോളം ഇനം ജന്തുക്കൾ പലസ്തീനിലുണ്ട്. യെഹൂദന് എലി നിഷിദ്ധമാണ്. (ലേവ്യ, 11:29). പിന്മാറിപ്പോയ യെഹൂദന്മാർ പന്നിയിറച്ചിയോടൊപ്പം ചുണ്ടെലിയെയും ഭക്ഷിച്ചു. (യെശ, 66:17).
ചെങ്ങാലിപ്പരുന്ത് (glede)
ഒരു പ്രത്യേക ഇനം പരുന്ത്. യെഹൂദനു വിലക്കപ്പെട്ട പക്ഷികളിൽ ഒന്നാണ് ഇത്. (ആവ, 14:13).
ചെന്നായ് (wolf)
ശ്വാനകുടുംബത്തിൽപെട്ട ഒരു ഹിംസജന്തുവാണ് ചെന്നായ്. ഒറ്റയായും, ഇണയായും, പറ്റമായും ചെന്നായ് വേട്ടയാടുന്നു. ഇപ്പോൾ പലസ്തീനിൽ ചെന്നായ്ക്കളുടെ എണ്ണം വളരെ കുറവാണ്. എന്നാൽ, പുതിയനിയമ കാലത്ത് ധാരാളം ഉണ്ടായിരുന്നു. യെശയ്യാവ് 11:6; 65:25; യോഹന്നാൻ 10:12 എന്നീ മൂന്നു ഭാഗങ്ങളിലൊഴികെ ചെന്നായെക്കുറിച്ചുള്ള പരാമർശങ്ങൾ ആലങ്കാരികങ്ങളാണ്. മശീഹയുടെ വാഴ്ചയിൽ ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും. (യെശ, 11:6).
ചെമ്പരുന്ത് (ossifrage)
വിശുദ്ധനാട്ടിലെ പരുന്തുകളിൽ ഏറ്റവും വലുത്. ഇരയെ കൊന്നു ഭക്ഷിക്കുന്നു. ശവം ഭക്ഷിക്കുന്നതിനും ചെമ്പരുന്തിന് അറപ്പില്ല. ഭക്ഷ്യയോഗ്യമല്ലാത്ത പക്ഷികളിലൊന്നാണു് ഇത്. (ലേവ്യ, 11:13; ആവ, 14:12). Ossifrage എന്ന വാക്കിന് ‘എല്ലുടയ്ക്കുന്നതു’ എന്നർത്ഥം. പെറെസ് എന്ന എബ്രായപദത്തിന് പിളർക്കുക എന്നും.
ചെറുമാൻ (pygarg)
ശുദ്ധമൃഗങ്ങളുടെ പട്ടികകളിൽ ആവർത്തന പുസ്തകത്തിൽ (14:5) മാത്രമേ ‘ദീഷോൻ’ അഥവാ ചാടുന്നവൻ എന്ന എബ്രായപദമുള്ളു. സിറിയയിലെയും അറേബ്യയിലെയും മരുഭൂമികളിൽ ചെറുമാനുണ്ട്. ഉത്തമഗീതം 2:7, 9, 17; 3:5; 8:14 എന്നീ വാക്യങ്ങളിൽ ‘റ്റ്സെവീ’ എന്ന എബ്രായ പദത്തെയാണ് ചെറുമാൻ എന്നു തർജ്ജമ ചെയ്തിട്ടുള്ളത്.
ചെള്ള് (flea)
ചിറകില്ലാത്തതും ചാടാൻ കഴിവുള്ളതുമായ ഒരു ഷഡ്പദപ്രാണി. മദ്ധ്യപൂർവ്വദേശങ്ങളിൽ ചെള്ള് സർവ്വസാധാരണമാണ്. അതു മനുഷ്യർക്കും മൃഗങ്ങൾക്കും ഒരു ബാധയാണ്. ചെള്ളു കടിക്കുന്ന സ്ഥാനത്ത് നീരും ചൊറിച്ചിലും അനുഭവപ്പെടും. 1ശമൂവേൽ 24:14-ൽ ദാവീദ് സ്വയം ഒരു ചെള്ളിനോട് ഉപമിക്കുന്നു. 1ശമൂവേൽ 26:20-ൽ ചെള്ളിന്റെ പദമാണ് എബ്രായയിൽ. എന്നാൽ R.S.V മ.ബൈ. തുടങ്ങിയവ സെപ്റ്റജിന്റിനെ അനുകരിച്ചു ജീവൻ എന്നു വിവർത്തനം ചെയ്യുന്നു. സന്ദർഭം എബ്രായപാഠത്തെയാണ് അനുകൂലിക്കുന്നത്.
തവള (frog)
തവള ഒരു ഉഭയ ജീവി (Amphibian) ആണ്. മിസ്രയീമിലും പലസ്തീനിലും തവള ധാരാളമുണ്ട്. ബൈബിളിൽ ചുരുക്കം ചില സൂചനകൾ മാത്രമേ തവളയെക്കുറിച്ചുള്ളു. മിസ്രയീമിലുണ്ടായ രണ്ടാമത്തെ ബാധ തവളയായിരുന്നു. (പുറ, 8:1-15; സങ്കീ, 78:45). പുതിയനിയമത്തിൽ മൂന്നശുദ്ധാത്മാക്കളുടെ ഉപമാനമായി മാത്രം തവള ഒരിടത്തു പറയപ്പെടുന്നു. (വെളി, 16:13).
തഹശൂ (badger)
ഇംഗ്ലീഷിൽ തുരപ്പൻകരടി എന്നു വിവർത്തനം ചെയ്യുന്നു. പലസ്തീനിൽ തുരപ്പൻ കരടികൾ ധാരാളമുണ്ട്. എന്നാൽ ഇവയുടെ തോൽ സമാഗമനകൂടാരത്തിന്റെ മൂടുശീലയും (പുറ, 25:5), ചെരിപ്പും (യെഹെ, 16:10) നിർമ്മിക്കാൻ പറ്റിയതല്ല. സത്യവേദപുസ്തകത്തിൽ എബ്രായ പദംതന്നെ പരാവർത്തനം ചെയ്തുപയോഗിച്ചിരിക്കുന്നു. തിമിംഗലത്തിന്റെ വർഗ്ഗത്തിലുള്ള ഒരു സമുദ്രജീവിയാണ് തഹശൂ. നീർനായയോടും കടൽകുതിരയോടും ആകൃതി സാമ്യമുള്ള സസ്യഭുക്കാണിത്. തഹശിനു പതീനൊന്ന് അടിയോളം നീളം വരും. ഉരുണ്ട തലയും മത്സ്യത്തിനു സദൃശമായ വാലും സ്തനങ്ങളും ഇതിനുണ്ട്. ചെങ്കടലിൽ ഇവ ധാരാളമുണ്ട്. തന്മൂലം പുറപ്പാട് 25:5-ലും യെഹെസ്ക്കേൽ 16:10-ലും പറഞ്ഞിരിക്കുന്ന തഹശൂതോൽ പ്രസ്തുത സമുദമൃഗത്തിന്റെ തോലായിരിക്കണം.
തിത്തിരിപ്പക്ഷി (partridge)
തിത്തിരിപ്പക്ഷി പുറപ്പെടുവിക്കുന്ന ശബ്ദത്തിൽ നിന്നാണ് കോറേ എന്ന ഏബ്രായ പേരു ലഭിച്ചത്. പലസ്തീനിൽ രണ്ടിനം തിത്തിരിപ്പക്ഷികളുണ്ട്. ഒരിനം ഇടമലനാടുകളിലും ഉന്നത മലനാടുകളിലും സിറിയൻ മണൽക്കാടുകളിലും കാണപ്പെടുന്നു. രണ്ടാമത്തെ വർഗ്ഗം ചാവുകടലിലും യോർദ്ദാൻ താഴ്വരയിലും മാത്രമേയുള്ളു. 1ശമൂവേൽ 26:20-ൽ ദാവീദു പരാമർശിക്കുന്നത് ഇതിനെയായിരിക്കണം. മലയാളത്തിൽ കാട്ടുകോഴി എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. യിരെമ്യാവ് 17:11-ലെ ‘താനിടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപ്പക്ഷി’ എന്ന പ്രയോഗം അവ്യക്തമാണ്. ഒരുപക്ഷേ കുയിലിനെപ്പോലെ മറ്റു പക്ഷികളുടെ കൂടു മോഷ്ടിക്കുകയോ, മറ്റു പക്ഷികളുടെ കുഞ്ഞുങ്ങളെ മോഷ്ടിക്കുകയോ ആയിരിക്കും സൂചിപ്പിക്കുക. പ്രാചീനർ തിത്തിരിപ്പക്ഷി ഇപ്രകാരം ചെയ്യുമെന്നു വിശ്വസിച്ചിരുന്നെങ്കിലും അതിനു മതിയായ തെളിവില്ല.
തിമിംഗലം (whale)
സമുദ്രത്തിലെ ഭീകര സത്വങ്ങളെക്കുറിക്കുന്ന എബ്രായ പദമാണ് തന്നീൻ. (ഉല്പ, 1:21; ഇയ്യോ, 7:12; യോനാ, 1:47; യെഹെ, 32:29 എന്നീ ഭാഗങ്ങളിൽ പ്രസ്തുത പദം ഉപയോഗിച്ചിട്ടുണ്ട്. സത്യവേദപുസ്തകത്തിൽ തിമിംഗലം (ഉല്പ, 1:21), കടലാന (ഇയ്യോ, 7:12), മഹാമത്സ്യം (യോനാ, 1:17), നക്രം (യെഹെ, 32:2) എന്നിങ്ങനെ വ്യത്യസ്തമായി വിവർത്തനം ചെയിതിരിക്കുന്നു. മലയാളം ബൈബിളിൽ ജലവ്യാളി, സമുദ്രവ്യാളി എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. മത്തായി 12:40-ൽ കടലാനയെന്നു സത്യവേദപുസ്തകത്തിലും, തിമിംഗലം എന്നു മലയാളംബൈബിളിലും കാണാം. കടലാനയും തിമിംഗലവും ഒന്നല്ല. യോനാപ്രവാചകനെ വിഴുങ്ങിയ മഹാമത്സ്യം സ്പേം തിമിംഗലമായിരിക്കണം. പല്ലുള്ള തിമിംഗലങ്ങളുടെ കൂട്ടത്തിൽ വച്ചേറ്റവും വലുതാണിത്. 30 മീറ്ററോളം നീളമുള്ള തിമിംഗലങ്ങളുണ്ട്.
തുള്ളൻ (grasshopper)
തുള്ളൻ, വെട്ടുക്കിളി എന്നീ പേരുകൾ വിവേചനം കൂടാതെ മാറ്റി ൾമാറ്റി പ്രയോഗിക്കുന്നുണ്ട്. തുള്ളൻ അതിന്റെ എല്ലാ ഘട്ടങ്ങളിലും സസ്യങ്ങളെ നശിപ്പിക്കും. (ലേവ്യ, 11:22; 1രാജാ, 8:37; 2ദിന, 6:28; സങ്കീ, 78:46; 105:34; സഭാ, 12:5; യെശ, 33:4; യോവേ, 1:4; 2:25; ആമോ, 4:9). തുള്ളന്റെ സംഘം ചേർന്നു സഞ്ചരിക്കുന്ന ഘട്ടത്തെയാണ് വെട്ടുക്കിളി എന്നു വ്യവഹരിക്കുന്നത്.
തേനീച്ച (bee)
തേനീച്ചയെ കുറിക്കുന്ന നാലു ഭാഗങ്ങളുണ്ട് ബൈബിളിൽ. (ആവ, 1:44; ന്യായാ, 14:8; സങ്കീ, 118:12; യെശ, 7:18). ദെബോരാ എന്ന പേരിന്നർത്ഥം തേനീച്ച എന്നത്രേ. പലസ്തീനിലെ തേനീച്ച പൊതുവെ ചെറുതാണ്. അവ വൃക്ഷങ്ങളിലും മനുഷ്യനു ദുഷ്പ്രാപമായ പാറപ്പിളർപ്പുകളിലും കൂടുകെട്ടുന്നു. (1ശമൂ, 14:25-26; ആവ, 32:13; സങ്കീ, 81:16). തേനിനെക്കുറിച്ച് അനേകം സൂചനകൾ ബൈബിളിലുണ്ട്. പലസ്തീൻ പാലും തേനും ഒഴുകുന്ന ദേശമാണ്. തേൻ ഒരു വ്യാപാരച്ചരക്കായിരുന്നു. (യെഹെ, 27:17). മിസ്പയിൽ തേനിന്റെ സംഭാരം ഉണ്ടായിരുന്നു. (യിരെ, 41:8). തേൻകട്ട അണ്ണാക്കിനു മധുരമത്രേ. (സദൃ, 24:13). എന്നാൽ, ഏറെ തേൻ കുടിക്കുന്നതു നന്നല്ല. (സദൃ, 25:16-17). ശിംശോൻ കൊന്ന സിംഹത്തിന്റെ ഉടലിനകത്തു കുറെക്കാലം കഴിഞ്ഞശേഷം കണ്ട തേനീച്ചക്കൂട്ടവും തേനും പ്രസിദ്ധമാണ്. (ന്യായാ, 14:8). ദഹനയാഗത്തിന് തേൻ ഉപയോഗിക്കുവാൻ പാടില്ല. (ലേവ്യ, 2:11). ഉയിർത്തെഴുന്നറ്റ യേശു വറുത്തമീനും തേൻകട്ടയും കഴിച്ചതായി ലൂക്കൊസ് എഴുതിയിരികുന്നു. (24:42-43).
തേൾ (scorpion)
പലസ്തീനിൽ 12 ഇനം തേളുകളുണ്ട്. അവയിൽ ഏറ്റവും വലുതിനു 15 സെ.മീറ്ററോഓളം നീളം വരും. നാലുജോഡി കാലുകളും മുകളിലോട്ടു വളഞ്ഞു കുത്താനുപയോഗിക്കുന്ന കൊമ്പോടുകൂടിയ ദീർഘമായ വാലും തേളിനുണ്ട്. നിശാചരസ്വഭാവമുള്ള ഇവ പകൽ കല്ലുകൾക്കിടയിലോ സുഷിരങ്ങളിലോ ഒളിച്ചിരിക്കുകയും രാത്രി ഇറങ്ങി ഇരതേടുകയും ചെയ്യും. തേളിന്റെ കുത്തു ദാരുണമായി വേദന ഉളവാക്കും. (ആവ, 8:15; യെഹെ, 2:6; ലൂക്കൊ, 10:19; 11:12; വെളി, 9:3, 5, 10).
നക്രം (crocodile)
വളരെദൂരം സഞ്ചരിക്കാത്തത് എന്നത്രേ നക്രത്തിനർത്ഥം. മഹാനക്രം (ഇയ്യോ, 41:1; യെഹെ, 29:3), നക്രം (യെഹെ, 32:2) എന്നീ ഭാഗങ്ങൾ മുതലയെ പരാമർശിക്കുന്നു. നൈൽ നദിയിൽ മുതല ധാരാളം ഉണ്ട്. പഴയ നിയമകാലത്ത് കീശോൻ തോട്ടിലും മുതലയുണ്ടായിരുന്നു.
നത്ത് (owl)
അഥേനർ മുങ്ങയെ വിശിഷ്ട പക്ഷിയായി കണക്കാക്കിയിരുന്നു. ഇംഗ്ളീഷിലെ great owl എന്നതിനു കുമൻ എന്നും little owl എന്നതിനു നത്ത് എന്നും പരിഭാഷ നല്കിയിട്ടുണ്ട്. തിരുവെഴുത്തുകളിൽ ഇടയ്ക്കിടെ പരാമർശിക്കപ്പെടുന്ന നത്ത് അശുദ്ധപക്ഷിയാണ്. ഇവ ഗ്രാമങ്ങൾക്കടുത്ത് ഒലിവു വൃക്ഷങ്ങളിൽ കൂടു കെട്ടുന്നു. (ലേവ്യ, 11:17; ആവ, 14:16).
നദീഹയം (behemoth)
ബെഹേമോത് എന്ന എബ്രായപദത്തിന് മഹാമൃഗം എന്നർത്ഥം. പെഹെമ്യാവു (ജലത്തിലെ കാള) എന്ന ഈജിപ്ഷ്യൻ പദത്തിന്റെ എബ്രായ രൂപമാണ് ബെഹേമോത്. ഇയ്യോബ് 40:15-24-ലെ വിവരണം നീർക്കുതിരയ്ക്ക് പൊരുത്തപ്പെടുന്നതാണ്. തൊലിക്കട്ടിയും ഉഭയജീവികളുടെ സ്വഭാവവും ഉള്ള സസ്യഭുക്കാണ് നീർക്കുതിര. നൈൽ നദിയിലും യോർദ്ദാൻ നദിയിലും ഇവയെ കണ്ടിരുന്നു. ((ഇയ്യോ, 40:23)?
നരിച്ചീർ (bat)
പറക്കുവാൻ കഴിവുള്ള ഏക സസ്തനിയാണു നരിച്ചീർ. (ലേവ്യ, 11:19; ആവ, 14:18; യെശ, 2:20). നരിച്ചീർ ശുദ്ധിയില്ലാത്തതാണ്. എബ്രായരുടെ വിശ്വാസമനുസരിച്ചു നാലുകാൽ കൊണ്ടു നടക്കുന്ന ഇഴജാതിയത്രേ നരിച്ചീർ. (ലേവ്യ, 11:20). നരിച്ചീറിന്റെ ചിറകുകൾ തൂവലുകളില്ലാത്ത വെറും ചർമ്മമാണ്. ഇവ പാറകളുടെ ഗഹ്വരങ്ങളിലും വിള്ളലുകളിലും പാർക്കുന്നു. (യെശ, 2:19-21). പലസ്തീനിൽ പതിനഞ്ചിനം നരിച്ചീറുകളുണ്ട്.
നായീച്ച (dogfly)
മിസ്രയീമിനെ പീഡിപ്പിച്ച പത്തു ബാധകളിലൊന്നായിരുന്നു നായീച്ച. (പുറ, 8:21-22, 24, 29, 31; സങ്കീ , 105:31).
നായ് (dog)
മനുഷ്യൻ ഇണക്കിയെടുത്ത മൃഗങ്ങളിൽ ഒന്നാമത്തേതാണ് പട്ടി. എല്ലാ പട്ടികളുടെയും പൂർവ്വികൻ ചെന്നായ് ആണ്. മലിനവസ്തുക്കൾ നീക്കം ചെയ്യുവാനുള്ള ഉപകരണമായിട്ടാണ് ബൈബിൾ നാടുകളിൽ പട്ടിയെ കരുതിയിരുന്നത്. ശുദ്ധിയില്ലാത്ത മൃഗമാണ് നായ്. അതിനെ തൊടുന്നവൻ അശുദ്ധനായിത്തീരും. പട്ടണ മതിലുകൾക്കു വെളിയിൽ മലിനവസ്തുക്കളും ശവങ്ങളും ഭക്ഷിക്കുവാൻ കാത്തുകിടക്കുന്ന പട്ടിയെയാണ് എബ്രായയിലെ ‘കെലെവും’ ഗ്രീക്കിലെ ‘കുവോനും’ സൂചിപ്പിക്കുന്നത്. അന്യനാടുകളിൽ പട്ടികളെ ആദരപൂർവ്വം കരുതിവരുന്നു. കനാന്യസ്ത്രീ യേശുവിനോടു സൂചിപ്പിച്ചതു വീട്ടിൽ വളർത്തുന്ന പട്ടിക്കുട്ടിയെ ആയിരിക്കണം. (മത്താ, 15:26). സഭയുടെ സമാധാനത്തെ നശിപ്പിക്കുന്ന യെഹൂദ്യ ഉപദേഷ്ടാക്കന്മാരെ നായ്ക്കളെന്നു വിളിക്കുന്നു. പുതിയ യെരുശലേമിൽ നിന്നു നായ്ക്കളെ ഒഴിവാക്കിയിട്ടുണ്ട്. (വെളി, 22:15).;ആവർത്തനം 23:18-ൽ വേശ്യയുടെ കൂലിയും നായയുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്ക് യാതൊരു നേർച്ചയായിട്ടും കൊണ്ടുവരരുതു എന്നു കല്പിക്കുന്നു. ഈ രണ്ടുസ്ഥാനങ്ങളിലും സന്ദർഭവും ആശയവും അനുവദിക്കുന്നതനുസരിച്ച് നായ്ക്കൾ പുരുഷ വേശ്യകളായിരിക്കണം.
നീർകാക്ക (Cormorant)
ലേവ്യർ 11:17-ലും ആവർത്തനം 14:17-ലും ശുദ്ധിയില്ലാത്ത പക്ഷികളുടെ കൂട്ടത്തിൽ നീർകാക്ക കാണപ്പെടുന്നു. കറുപ്പുനിറമുള്ള വലിയ പക്ഷിയാണിത്. മത്സ്യമാണ് ഭക്ഷണം. യോർദ്ദാൻ നദിയിലും ഗലിലാക്കടലിലും പലസ്തീന്റെ തീരപ്രദേശങ്ങളിലും ധാരാളമായി ഉണ്ട്.
പരുന്ത് (hawk)
പലസ്തീനിൽ അനേകം ഇനം പരുന്തുകൾ ഉണ്ട്. അശുദ്ധപക്ഷികളിൽ അതതുവിധം പരുന്തു എന്ന് എടുത്തു പറയുന്നുണ്ട്. (ലേവ്യ, 11:14; ആവ, 14:13). പരുന്തിന് ദേശാടനസ്വഭാവമുണ്ട്. (ഇയ്യോ, 39:26). യെശയ്യാവ് 34:15; ഇയ്യോബ് 28:7 എന്നീ വാക്യങ്ങളിലും പരുന്തിനെക്കുറിച്ചുള്ള പരാമാർശമുണ്ട്.
പല്ലി (lizard)
പല്ലിയെക്കുറിച്ചുള്ള സൂചനകളൊന്നും പുതിയനിയമത്തിലില്ല. പഴയനിയമത്തിൽ ലേവ്യർ 11:30-ലും സദൃശ്യവാക്യം 30:28-ലും ‘പല്ലി’ ഉണ്ട്. നാല്പതോളം ഇനം പല്ലികൾ പലസ്തീനിൽ ഉണ്ടു. വീടുകളിലെ ചുവരുകളിലും തട്ടുകളിലും ഇവ സഞ്ചരിക്കുന്നതു കാണാം. ലേവ്യർ 11:30-ലെ ആറു പേരുകൾ പല്ലിവർഗ്ഗത്തിലുള്ള ജീവികളെ കുറിക്കുന്നു. അവ ഏവയാണെന്നു തിരിച്ചറിയുക പ്രയാസമാണ്. പല്ലി ശുദ്ധിയില്ലാത്ത ജീവിയാണ്.
പശു (cow)
പശുവിന്റെ പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ലേവ്യ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. (22 : 27-28). യഹോവയുടെ പെട്ടകം പുതിയ വണ്ടിയിലാക്കി കറവുള്ള പശുവിനെ കൊണ്ടാണ് വണ്ടി വലിപ്പിച്ചത്. (1ശമൂ, 6:7-8). യാക്കോബ് ഏശാവിനു കൊടുത്ത സമ്മാനത്തിൽ നാല്പതു പശുവും ഉൾപെട്ടിരുന്നു. (ഉല്പ, 32:15). പശുവിന്റെ പാലിൽനിന്നും വെണ്ണയും തൈരും എടുത്തിരുന്നു. (ആവ, 32:14; യെശ, 7 : 21-22). പശു, ഒട്ടകം, ആട് എന്നീ മൃഗങ്ങളുടെയെല്ലാം പാലിനെ വിവക്ഷിക്കുകയാണ് യെഹെസ്ക്കേൽ 25:4-ലെ പാൽ എന്ന പ്രയോഗം. പശുക്കളെയും പശുക്കിടാവുകളെയും യാഗം കഴിച്ചിരുന്നു. (ഉല്പ, 15:9; 1ശമൂ, 6:14; 16:2). പാളയത്തിനു പുറത്തുവെച്ച് ദഹിപ്പിച്ച ചുവന്ന പശുക്കിടാവിന്റെ ഭസ്മം ശുദ്ധീകരണ ജലത്തിലെ പ്രധാന ഘടകപദാർത്ഥമായിരുന്നു. (സംഖ്യാ, 19:2, 6, 9). ഫറവോന്റെ സ്വപ്നത്തിലെ 7 പുഷ്ടിയുള്ള പശുക്കൾ 7 വർഷത്തെ സമൃദ്ധിയെയും 7 മെലിഞ്ഞ പശുക്കൾ 7 വർഷത്തെ ക്ഷാമത്തെയും ചൂണ്ടിക്കാണിച്ചു. (ഉല്പ, 41:26-27). ശമര്യയിലെ ആഡംബരപ്രേമികളായ സ്ത്രീകളെ ‘ബാശാന്യ പശുക്കളേ’ എന്ന് ആമോസ് പ്രവാചകൻ (4:1) സംബോധന ചെയ്തു. എഫ്രയീമിനെ മരുക്കമുള്ളതും ധാന്യം മെതിക്കാൻ ഇഷ്ടമുള്ളതുമായ പശുക്കിടാവിനോട് ഉപമിക്കുന്നു. (ഹോശേ, 10:11). യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവാണ്. (ഹോശേ, 4:16). മശീഹയുടെ വാഴ്ചയിൽ പശു കരടിയോടുകൂടെ മേയും. (യെശ, 11:7).
പാമ്പ് (snake)
പലസ്തീനിൽ മുപ്പത്താറിനം പാമ്പുകളുണ്ട്. മരുഭൂമിയിലും , വനത്തിലും ചതുപ്പുനിലത്തിലും പാമ്പുകളെ കാണാം. ചില പാമ്പുകൾക്കു മുപ്പതു സെ.മീറ്ററിൽ അധികം നീളമില്ല. മറ്റു ചിലവ രണ്ടു മീറ്റർ വരെ നീങ്ങുള്ളവയാണ്. അധികം പാമ്പുകളും നിരുപദവികളാണ്. പലസ്തീനിലെ പാമ്പുകളിൽ ആറിനമാണ് ഉഗ്രവിഷമുള്ളവ. ചെറുതരം മൃഗങ്ങളെയും ഷഡ്ദ്രപ്രാണികളെയും പാമ്പു ഭക്ഷിക്കുന്നു. ഇരയെ വിഴുങ്ങുകയാണു ചെയ്യുക. ദീർഘകാലം (ഒരു വർഷത്തോളം) ഭക്ഷണം കൂടാതെ ഇവയ്ക്കു കഴിയാവുന്നതാണ്. ഇടയ്ക്കിടെ വെള്ളം ആവശ്യമാണ്. ഉരസ്സു കൊണ്ടു ഗമിച്ചു പൊടിതിന്നുന്ന ജന്തുവായി ബൈബിളിൽ പാമ്പിനെ പറയുന്നു. (ഉല്പ, 3:14; യെശ, 65:25; മീഖാ, 7:17). പ്രവൃത്തി 28:3-6-ൽ പൗലൊസ് മെലിത്താദീപിൽ അണലിയുമായി എതിർപെട്ടതായി കാണുന്നു. ഇവിടെ അണലിക്കുപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം പ്രായേണ എല്ലാ വിഷസർപ്പങ്ങളെയും കുറിക്കും.
പുള്ളിപ്പുലി (leopard)
പലസ്തീനിൽ ഇന്നുള്ള മാംസഭുക്കുകളിൽ കരടി കഴിഞ്ഞാൽ വലുതു പുള്ളിപ്പുലിയാണ്. പുള്ളിപ്പുലിയുടെ തൊലിയിൽ മനോഹരമായ പുള്ളികളുണ്ട്. (യിരെ, 13:23). ദോഷം ചെയ്യാൻ ശീലിച്ച ജനത്തിനു നന്മചെയ്യാൻ കഴിയുകയില്ലെന്നതിന് ദൃഷ്ടാന്തമായി പ്രവാചകൻ ചോദിക്കുകയാണ്; ‘പുള്ളിപ്പുലിക്കു തന്റെ പുള്ളി മാറ്റുവാൻ കഴിയുമോ?’ മാർജ്ജാര കുടുംബത്തിൽപെട്ടവയും പലസ്തീനിൽ ഉള്ളവയും ആയ രണ്ടോ മൂന്നോ ഇനം പുള്ളിയുള്ള മൃഗങ്ങളെക്കുറിക്കുവാൻ പുള്ളിപ്പുലി എന്ന പ്രയോഗം ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്. പുള്ളിപ്പുലിയെക്കുറിച്ചുള്ള ബൈബിളിലെ പരാമർശങ്ങളെല്ലാം തന്നെ ആലങ്കാരികമോ പ്രതീകാത്മകമോ ആണ്. ദാനീയേലിന്റെ ദർശനത്തിലെ പുള്ളിപ്പുലിക്കു സദൃശമായ മൃഗം ഗ്രീസിന്റെ പ്രതീകമാണ്. (7:6). പ്രസ്തുത വിചിത്രജീവിക്കു മുതുകത്തു പക്ഷിയുടെ നാലു ചിറകുകളും, നാലു തലയും ഉണ്ടായിരുന്നു. യോഹന്നാന്റെ ദർശനത്തിൽ സമുദ്ര ൾത്തിൽനിന്നു കയറിവന്ന മൃഗവും പുള്ളിപ്പുലിക്കു സദൃശമായിരുന്നു. (വെളി, 13:2).
പുള്ളിമാൻ (roebuck)
ഏറ്റവും അഴകുള്ള ഒരിനം മാനാണ് പുള്ളിമാൻ. ചുവന്ന തവിട്ടുനിറമുള്ള രോമാവരണത്തിൽ വരിവരിയായി കാണപ്പെടുന്ന വലിയ വെള്ളപ്പുള്ളികളാണ് ഈ പേരിന്നടിസ്ഥാനം. കൊമ്പുകൾക്കു മുമ്മൂന്നു ശാഖകളുണ്ട്. പുള്ളിമാൻ യെഹൂദനു ഭക്ഷിക്കുവാൻ അനുവാദമുള്ള മൃഗമാണ്. കലമാനും പുള്ളിമാനും ഒരുമിച്ചാണ് പ്രയോഗിച്ചിട്ടുള്ളത്. അയാൽ (ആവ, 12:15, 22), റ്റ്സെവീ (ആവ,14:5; 15:22) എന്നീ രണ്ടു എബ്രായ പദങ്ങളെയാണ് പുള്ളിമാൻ എന്നു പരിഭാഷ ചെയ്തിട്ടുള്ളത്.
One thought on “ജന്തുലോകം II”