ചെങ്കടൽ

ചെങ്കടൽ (Red Sea)  

വടക്കുകിഴക്കെ ആഫ്രിക്കയെ അറേബ്യൻ ഉപദ്വീപിൽ നിന്നു വേർപെടുത്തുന്ന ഉൾക്കടലാണ് ചെങ്കടൽ. ‘എറുത്ര തലാസ്സ’ എന്ന ഗ്രീക്കു പ്രയോഗത്തിന്റെ തർജ്ജമയാണ് ചെങ്കടൽ (Red Sea). ഈ പേരിന്റെ ഉൽപത്തിയെക്കുറിച്ചു പല അനുമാനങ്ങൾ നിലവിലുണ്ട്. 1. ഏഷ്യാ മൈനറിലെ അയോനിയൻ (Ionian) പട്ടണങ്ങളിലൊന്നായ എറിത്രെയ് ഭരിച്ചിരുന്ന എറിത്രാസിൽ നിന്നാണ് ഈ പേർ ലഭിച്ചത്. 2. ചുവന്ന പവിഴത്തിൽനിന്നും ചെങ്കടൽ എന്ന പേർ ലഭിച്ചു. 3. കിഴക്കൻ തീരത്തിലെ ഏദോമ്യ, അറേബ്യൻ മലകളുടെ നിറത്തിൽനിന്നും ചെങ്കടൽ എന്ന പേർ വന്നു. എബായപേരായ ‘യാംസുഫി’ന് ഞാങ്ങണക്കടൽ എന്നർത്ഥം. അനന്തരം യാംസുഫ് അക്കാബ ഉൾക്കടലിന്റെയും സൂയസ് ഉൾക്കടലിൻ്റെയും (സംഖ്യാ, 33:10,11) പേരായി മാറി. ചെങ്കടലിനു ചില സവിശേഷതകളുണ്ട്. ചെങ്കടലിൽ ഒഴുകി എത്തുന്ന മഹാനദികളൊന്നും ഇല്ല. കാലാവസ്ഥ ഉഷ്ണവും വരണ്തുമാണ്. ബാഷ്പീകരണത്തിന്റെ ആധിക്യം കൊണ്ട് ജലം ലവണമയമാണ്. ജലം തെളിവുള്ളതും പച്ചനിറവുമാണ്. വർദ്ധിച്ച താപനിലയും നൈർമ്മല്യവും നിമിത്തം എല്ലാതരത്തിലുമുള്ള സമുദ്രജീവികൾ ചെങ്കടലിൽ സമൃദ്ധമായുണ്ട്. 2250 കിലോമീററർ നീളവും ശരാശരി 290 കിലോമീററർ വീതിയും 610 മീററർ ആഴവുമുണ്ട്. ഏഡൻ ഉൾക്കടൽ മുതൽ സൂയസ് ഉൾക്കടൽ വരെ അത് നീണ്ടു കിടക്കുന്നു. സൂയസ് കനാൽ ചെങ്കടലിനെയും മെഡിറററേനിയൻ സമുദ്രത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു. ചെങ്കടലിന്റെ വടക്കുഭാഗം രണ്ടുശാഖകളായി പിരിയുന്നു. പടിഞ്ഞാറു 320 കിലോമീററർ നീളമുള്ള സൂയസ് ഉൾക്കടൽ അറേബ്യയെ ഈജിപ്റ്റിൽനിന്നും വേർപെടുത്തിക്കൊണ്ട് സൂയസ് കനാലിൽ എത്തുന്നു. കിഴക്ക് 160 കിലോമീററർ ദൈർഘ്യമുള്ള അക്കാബ ഉൾക്കടൽ സീനായി ഉപദ്വീപിനെ അറേബ്യയിൽനിന്നും വേർതിരിക്കുന്നു. മിസ്രയീമിലെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കപ്പെട്ട യിസ്രായേല്യർക്ക് ചെങ്കടൽ കടക്കേണ്ടി വന്നു. വിഭജിക്കപ്പെട്ട ചെങ്കടലിലൂടെ പാദംപോലും നനയാതെ യിസ്രായേൽമക്കൾ ചെങ്കടൽ കടന്നു. ഫറവോനും സൈന്യവും ചെങ്കടലിൽ മുങ്ങി നശിച്ചു: (പുറ, 14:21-15:22; ആവ, 11:4; യോശു, 2:10; 4:24; 24:6; നെഹെ, 9:9; സങ്കീ, 106:7, 9, 22; 136:13, 15). യിസ്രായേൽജനം ചെങ്കടൽ കടന്നശേഷം മോശെ പാടിയ സങ്കീർത്തനം പ്രസിദ്ധമാണ്. (പുറ, 15). ശലോമോൻ്റെ വാഴ്ചയോടനുബന്ധിച്ചും ചെങ്കടൽ പ്രദേശങ്ങൾക്കു പ്രാധാന്യമുണ്ട്. (1രാജാ, 9:26,27; 10:11,12). ശലോമോൻ കപ്പലുകൾ പണിതത് ചെങ്കടല്ക്കരയിൽ ഏലാത്തിനു സമീപത്തുള്ള എസ്യോൻ-ഗേബെരിൽ വച്ചായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *