ചുവന്ന പശുക്കിടാവ് (red heifer)
ശവത്താലും മറ്റും അശുദ്ധനായിതീർന്നവൻ ശുദ്ധീകരണത്തിന് ചുവന്ന പശുക്കിടാവിൻറ ഭസ്മം ഉപയോഗിച്ചിരുന്നു. (സംഖ്യാ, 19:1-22).
ഭസ്മം തയ്യാറാക്കേണ്ടവിധം: ഊനമില്ലാത്തതും നുകം വയ്ക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ പാളയത്തിനു പുറത്തുകൊണ്ടുപോയി അറുക്കും. പുരോഹിതൻ വിരൽകൊണ്ട് രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിന്റെ മുൻഭാഗത്തിനു നേരെ ഏഴുപ്രാവശ്യം തളിക്കും. പിന്നെ പശുക്കിടാവിനെ അതിന്റെ തോൽ, മാംസം, രക്തം, ചാണകം എന്നിവയോടൊപ്പം പുരോഹിതന്റെ സാന്നിദ്ധ്യത്തിൽ ചുടണം. പുരോഹിതൻ അപ്പോൾ ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ എന്നിവ പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവിൽ ഇടണം. പിന്നെ ശുദ്ധിയുള്ള ഒരുവൻ ഭസ്മം വാരി പാളയത്തിനു പുറത്തു വെടിപ്പുള്ള സ്ഥലത്തു സൂക്ഷിക്കണം. അതു യിസ്രായേൽ മക്കളുടെ ശുദ്ധീകരണ ജലത്തിനുവേണ്ടിയാണ്. ഈ ചടങ്ങുമായി ബന്ധപ്പെട്ട എല്ലാവരും വൈകുന്നേരം വരെ അശുദ്ധരായിരിക്കും.
ശുദ്ധീകരണവിധം: ശുദ്ധിയുള്ള ഒരുവൻ കുറച്ചു ഭസ്മം പാത്രത്തിലിട്ടു അതിൽ ഉറവ വെളളം ഒഴിക്കും. ഇതിൽ ഈസോപ്പുതണ്ട് മുക്കി ശുദ്ധീകരിക്കേണ്ട മനുഷ്യൻ്റെ ശരീരത്തിൽ മൂന്നാമത്തെയും ഏഴാമത്തെയും ദിവസം തളിക്കും. അതുപോലെ ശവശരീരം വച്ച കൂടാരവും ഉപകരണങ്ങളും എല്ലാം ശുദ്ധീകരണജലം കൊണ്ടു ശുദ്ധിയാക്കണം.
പാപയാഗമാണ് ചുവന്ന പശുക്കിടാവ്. (സംഖ്യാ, 19:9, 17). മരണം പാപത്തിന്റെ ഫലമാണ്. മരണത്താലുളള അശുദ്ധി മാറ്റുന്നതിനു സ്വാഭാവികമായി പാപയാഗം ആവശ്യമാണ്. യാഗമൃഗത്തിന്റെ നിറം, അവസ്ഥ, ലിംഗം എന്നിവ പൂർണ്ണവും ഉന്മേഷവും ഊർജ്ജസ്വലവുമായ ഒരു ജീവിതത്തിന് പ്രാതിനിധ്യം വഹിക്കുന്നു. ഈ ഗുണങ്ങളുള്ള പാപയാഗമൃഗം സഭയുടെ പാപം വഹിക്കാനും പാപത്തിന്റെ ശമ്പളമായ മരണം സഹിക്കാനും യോഗ്യതയുള്ളതാണ്. പാപത്തിന്റെ അനന്തരഫലത്തെ ചൂണ്ടിക്കാണിക്കാനാണ് പശുക്കിടാവിനെ പാളയത്തിനു പുറത്തുവച്ച് ദഹിപ്പിക്കുന്നത്. ചുവന്ന പശുക്കിടാവ് ക്രിസ്തുവിന്റെ യാഗത്തെ ചിത്രീകരിക്കുന്നു. ഈ ഭൂമിയിൽ വച്ച് വിശ്വാസിയുടെ നടപ്പിൽ സംഭവിക്കുന്ന എല്ലാ മാലിന്യങ്ങളിൽനിന്നും ക്രിസ്തുവിന്റെ രക്തം അവനെ കഴുകി ശുദ്ധീകരിക്കുന്നു. പശുഭസ്മം ഉറവവെളളത്തിൽ കലർത്തിയാണ് തളിക്കുന്നത്. വെളളം പരിശുദ്ധാത്മാവിനും ദൈവവചനത്തിനും നിഴലാണ്: (യോഹ, 7:37-39; എഫെ, 5:26). രക്തം ഏഴുപ്രാവശ്യം തളിക്കുന്നത് വിശ്വാസിയുടെ പാപങ്ങൾ ദൈവത്തിന്റെ മുമ്പിൽ നിന്നും എന്നേക്കുമായി മാറ്റപ്പെട്ടു കഴിഞ്ഞു എന്നതിനെ കാണിക്കുന്നു. “ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്മവും ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:12-14).